തിരഞ്ഞെടുപ്പ് To advertise here, കേരളാ-കർണാടക എക്സൈസ് സംഘം സംയുക്തമായാണ് പരിശോധന നടത്തിയത് ഇരിട്ടി : തിരഞ്ഞെടുപ്പ് സുരക്ഷയുടെ ഭാഗമായി തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശപ്രകാരം കേരളാ കർണാടക അതിർത്തിയായ കൂട്ടുപുഴയിൽ ഇരു സംസ്ഥാനങ്ങളിൽനിന്നുമുള്ള എക്സൈസ് സംഘം സംയുക്ത പരിശോധന ആരംഭിച്ചു. തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്നവിധം മദ്യവും മയക്കുമരുന്നും അതിർത്തികടന്ന് ജില്ലയിലേക്കെത്തുന്നത് തടയാനാണ് പരിശോധന. അതിർത്തി ചെക്ക്പോസ്റ്റിൽ നിലവിലുള്ള പരിശോധനയ്ക്ക് പുറമെയാണ് ഇപ്പോഴത്തെ പരിശോധന. വരുംദിവസങ്ങളിലും പരിശോധന തുടരും. മാക്കൂട്ടം ചുരം ഇറങ്ങിവരുന്ന എല്ലാ യാത്രാവാഹനങ്ങളും ചരക്കുവാഹനങ്ങളും സംഘം പരിശോധിക്കുന്നുണ്ട്. ജില്ലയിൽ വൻതോതിൽ മദ്യവും മയക്കുമരുന്നും നിരോധിത പുകയില ഉത്പന്നങ്ങളും എത്തുന്നത് മാക്കൂട്ടം ചുരംപാത വഴിയാണ്. കഴിഞ്ഞദിവസം പോലീസിന്റെ പ്രത്യേക സംഘം അതിർത്തിയിലെ പോലീസ് ചെക്ക് പോസ്റ്റിനൊപ്പം ചേർന്ന് കൂട്ടുപുഴയിൽ നടത്തിയ രാത്രികാല പരിശോധനയ്ക്കിടെ വീരാജ്‌പേട്ടയിൽനിന്ന് കാറിൽ കടത്തിയ 26 ചാക്ക് നിരോധിത പുകയില ഉത്പന്നം പിടിച്ചിരുന്നു. പുകയില ഉത്പന്നങ്ങൾ കടത്തിയ തിമിഴ്‌നാട് സ്വദേശിയുടെ ഉളിക്കൽ വട്ട്യംതോടിലുള്ള വാടകവീട്ടീൽനിന്ന് ഒൻപത് ചാക്ക് പുകയില ഉത്പന്നങ്ങൾകൂടി കണ്ടെത്തിയിരുന്നു. അതിർത്തിയിൽ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കൂടുതൽ പോലീസ്, എക്സൈസ് സംഘങ്ങൾ എത്തുന്നതിന് മുൻപ് പരമാവധി കടത്തിക്കൊണ്ടുവരികയായിരുന്നു ലക്ഷ്യം. കർണ്ണാടകത്തിൽനിന്ന് വരുന്ന ചരക്കുവാഹനങ്ങളിലും യാത്രാവാഹനങ്ങളിലും ലഹരിവസ്തുക്കൾ കടത്താനുള്ള സാധ്യതയുണ്ടെന്ന മുന്നറിയിപ്പുകളും ഉണ്ടായിരുന്നു. തിരഞ്ഞെടുപ്പുകാലത്ത് മദ്യത്തിന്റെ ഉപയോഗം കൂടൂതലാണ്. കർണാടകമദ്യം ഈ ആവശ്യത്തിനായി എത്തിക്കാനുള്ള സാധ്യതയും മുന്നിൽക്കണ്ടുകൊണ്ടുള്ള പരിശോധനയാണ് നടക്കുന്നത്. ഇരിട്ടി എക്സൈസ് സർക്കിളിന്റെ നേതൃത്വത്തിൽ ആരംഭിച്ച സംയുക്ത പരിശോധന വരുംദിവസങ്ങളിൽ പെരുമ്പാടിയിലേക്കും വ്യാപിപ്പിക്കും. കർണാടക എക്സൈസ് വീരാജ്‌പേട്ട ഡിവിഷൻ ഡിവൈ.എസ്.പി. പി. ചന്ത്രപ്പ, സി.ഐ. എ. മഞ്ജുള, സബ് ഇൻസ്‌പെക്ടർ കെ. സോമഗൗഡ, എം.ആർ. പ്രമോദ്, ഇരിട്ടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി. ഷറഫുദ്ദീൻ, എ.എസ്.ഐ. ബഷീർ പിലാട്ട്, കൂട്ടുപുഴ ചെക്ക്പോസ്റ്റ് ഇൻസ്പെക്ടർ എൽദോസ് ജോർജ്, എക്സൈസ് ഓഫീസർമാരയ ബെൻഹർ, റെനിഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. രാവിലെ തുടങ്ങിയ പരിശോധന ഉച്ചവരെ നീണ്ടു. കൊടുംവെയിലും ചൂടും പരിശോധകസംഘത്തിന് വലിയ പരീക്ഷണമായി മാറി.
