പൈപ്പിടാൻ പൊളിച്ചിട്ട് മൂന്നരക്കൊല്ലം To advertise here, ആലപ്പുഴ : മെറ്റൽ ഇളകിത്തെറിച്ച കൈതവനപ്പള്ളി കുരിശടി റോഡിലൂടെ (ചർച്ച് ലെയിൻ) നാട്ടുകാർ യാത്രചെയ്യാൻ തുടങ്ങിയിട്ടു മൂന്നരക്കൊല്ലമായി. പൈപ്പിടാൻ പൊളിച്ച റോഡിന്റെ പുനർനിർമാണം പാതിവഴിയിലുപേക്ഷിച്ച് കരാറുകാരൻ കടന്നതോടെയാണ് നടുവൊടിക്കുന്ന ദുരിതയാത്രയുടെ തുടക്കം. നഗരസഭയിൽ പുതിയ ഭരണസമിതി അധികാരമേറ്റതോടെ റോഡിന്റെ തലവരമാറുമോ എന്ന പ്രതീക്ഷയിലാണ് ജനം. സനാതനം വാർഡിലെ കൈതവന പള്ളിയുടെ കുരിശടിക്കു സമീപത്തുകൂടി കിഴക്കോട്ടുള്ള ചർച്ച് ലെയിൻ റോഡാണ് വർഷങ്ങളായി തകർന്നുകിടക്കുന്നത്. പക്കി ജങ്ഷനിലെ കബഡി കോർട്ടിനു സമീപത്തുകൂടി എ.സി. റോഡുവരെ ആശ്രയിക്കാവുന്നതാണ് ഈ റോഡ്. മുൻപ് കൈതവന വാർഡിൽ ഉൾപ്പെട്ടിരുന്ന റോഡ് വാർഡ് പുനർനിർണയത്തിൽ സനാതനം വാർഡിലായി. തദ്ദേശതിരഞ്ഞെടുപ്പിൽ വളരെയധികം ചർച്ച ചെയ്യപ്പെട്ടതാണ് ഈ റോഡിലെ യാത്രാദുരിതം. ആലപ്പുഴ നഗരസഭയ്ക്കു കീഴിലുള്ള റോഡ് അമൃത് പദ്ധതിയിൽ കുടിവെള്ള പൈപ്പ് സ്ഥാപിക്കുന്നതിനായിട്ടാണ് മൂന്നരക്കൊല്ലം മുൻപ് പൊളിച്ചത്. പിന്നീടു റോഡുപണി ഏറ്റെടുത്ത കരാറുകാരൻ കുറെ ഭാഗങ്ങളിലായി മെറ്റൽവിരിച്ചതല്ലാതെ മറ്റുപണികൾ ചെയ്തിരുന്നില്ല. ഇതാണ് ജനത്തിന് ദുരിതമായത്. മെറ്റൽ ഇളകിത്തെറിച്ചതിനാൽ ഇരുചക്രവാഹനങ്ങൾക്കുപോലും പോകാനായിരുന്നില്ല. പള്ളിയിലേക്കും ജങ്ഷനിലേക്കുമെല്ലാം ബുദ്ധിമുട്ടിയാണ് പ്രദേശവാസികൾ നടന്നെത്തുന്നത്. ചിലർ ഇരുചക്രവാഹനങ്ങളിൽനിന്നു മറിഞ്ഞുവീണിട്ടുണ്ട്. രോഗികളായവരെ ആശുപത്രിയിലെത്തിക്കുന്നതിനായി ഓട്ടോറിക്ഷ പോലുമെത്തിയിരുന്നില്ല. ഇവിടെ നിലവിലുള്ള ഓടയ്ക്ക് താഴ്ചയില്ലാത്തതിനാൽ മഴക്കാലമായാൽ വെള്ളംനിറഞ്ഞ് റോഡിലേക്കൊഴുകും. അപ്പോൾ നടക്കാനും സാധിക്കില്ല. റോഡ് തകർന്നു കിടക്കുന്നതിനെതിരേ പലതവണ കളക്ടർക്കും നഗരസഭാധ്യക്ഷയ്ക്കുമെല്ലാം പ്രദേശവാസികളും റെസിഡെന്റ്‌സ് അസോസിയേഷനുമെല്ലാം പരാതി നൽകിയിരുന്നു.റോഡുനിർമാണത്തിന് പ്രഥമപരിഗണനഈ റോഡുനിർമാണത്തിനാണ് പ്രഥമ പരിഗണന. നിലവിലുള്ള പഴയ കരാറുകാരനെ കരിമ്പട്ടികയിൽപ്പെടുത്തുന്ന നടപടികൾ പുരോഗമിക്കുകയാണ്. തിരഞ്ഞെടുപ്പു വിജ്ഞാപനം കഴിഞ്ഞാൽ റോഡിന്റെ റീ-ടെൻഡർ വിജ്ഞാപനം ഇറക്കാനാകും. മഴക്കാലത്തിനുമുൻപ് റോഡുനവീകരണം നടത്താനാണ് ശ്രമം ഒ.പി. ഷാജി കൗൺസിലർ, സനാതനം വാർഡ്.നടപടിപ്രഹസനം തിരഞ്ഞെടുപ്പ് സമയത്ത് റോഡിന്റെ പേരിൽ വലിയ ബഹളമാണ് ഒരുവിഭാഗം സാമൂഹിക മാധ്യമങ്ങളിലടക്കം ഉന്നയിച്ചത്. അതിനുശേഷം ഇവരുടെ അനക്കമില്ല. റോഡിനായി ഒരുനടപടികളും തിരഞ്ഞെടുപ്പിന് ശേഷമില്ല. സജേഷ് ചാക്കുപറമ്പ് മുൻകൗൺസിലർ, കൈതവന വാർഡ്
