പൊള്ളുന്ന ചൂടിനെ അതിജീവിക്കാൻ എയർ കണ്ടീഷണറുകളിൽ അഭയം തേടുന്നവരേറെയാണ്. മുഴുവൻ സമയവും എ.സിയിൽ ഇരുന്ന് ശരീരം തണുപ്പിക്കാമെന്നാണ് കരുതുന്നതെങ്കിൽ അത് ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുക. ഏറെനേരം എയർ കണ്ടീഷൻ ചെയ്ത മുറിയിൽ കഴിയുമ്പോൾ ആരോഗ്യകാര്യങ്ങളിൽ കരുതൽ ആവശ്യമാണ്. To advertise here, എ.സിയുടെ തണുപ്പ് തുടർച്ചയായി എൽക്കുന്നത് ശരീരത്തിലെ ജലാംശം വലിച്ചെടുത്ത് ചർമം വരണ്ടു പോവുന്നതിന് കാരണമാവും. ഇത് ത്വക്ക് രോഗങ്ങൾ ഉണ്ടാക്കും. സോറിയാസിസ് പോലുള്ള രോഗങ്ങൾ ഉള്ളവരിൽ തൊലി ചെതുമ്പൽ പോലെ ഇളകും. ചൊറിച്ചിൽ വർധിക്കുകയും ചെയ്യും. ധാരാളം വെള്ളം കുടിക്കുക, എയർ കണ്ടീഷൻ നേരിട്ട് ഏൽക്കുന്ന സാഹചര്യങ്ങളിൽനിന്നു മാറിനിൽക്കുക എന്നിങ്ങനെയുള്ള മുൻകരുതലുകൾ മാത്രമാണ് ഇത്തരം പ്രശ്‌നങ്ങൾക്ക് പരിഹാരമായിട്ടുള്ളത്. എ.സി. മുറിയിൽ കഴിയുന്നവർ കൃത്യമായ ഇടവേളകളിൽ വെള്ളം കുടിക്കണം. ഇത് നിർജലീകരണം ഒഴിവാക്കാൻ സഹായിക്കും. ചർമവരൾച്ച തടയാനുമാകും. വെള്ളം കുടിക്കാൻ ദാഹം തോന്നുന്നതുവരെ കാത്തിരിക്കരുത്. എ.സി. മുറിയിൽ മിക്കപ്പോഴും ദാഹം തോന്നണമെന്നില്ല. എയർ കണ്ടീഷണറിന്റെ തൊട്ടടുത്തിരുന്ന് തണുത്ത കാറ്റ് നേരിട്ട് ഏൽക്കുന്നത് ഒഴിവാക്കുക. കംപ്യൂട്ടറിന് മുന്നിലിരുന്ന് ദീർഘസമയം ജോലി ചെയ്യുന്നവരിൽ സ്‌ക്രീനിൽനിന്നുള്ള ചൂടും കൂടി ഏൽക്കുമ്പോൾ മുഖത്തേയും കണ്ണിലേയും വരൾച്ച വർധിക്കാൻ ഇടയുണ്ട്. ഇത് ഒഴിവാക്കാൻ കണ്ണുകൾ ശുദ്ധജലത്തിൽ കഴുകണം. കണ്ണിന് വല്ലാതെ വരൾച്ച അനുഭവപ്പെടുന്നുണ്ടെങ്കിൽ ഇത് നിയന്ത്രിക്കാനുള്ള ഐ ഡ്രോപ്പുകൾ ഉപയോഗിക്കണം. മുഖവും ചർമവും വരണ്ടുപോവുന്നതിനും പരിഹാരം കാണണം. എ.സി. ഉപയോഗിക്കുമ്പോൾ മുറിയിലെ താപനില അനുയോജ്യമായ തരത്തിൽ ക്രമീകരിക്കുക. കടുത്ത തണുപ്പ് ഒഴിവാക്കുക. എ.സി. മുറിയിൽ പേപ്പറുകളും മറ്റും കൂട്ടിയിടരുത്. ഇതിൽ പൊടിപിടിച്ച് ആരോഗ്യപ്രശ്‌നങ്ങൾ കൂടാൻ ഇടയുണ്ട്. എ.സിയുടെ ഫിൽട്ടറുകൾ ആറുമാസത്തിലൊരിക്കൽ വൃത്തിയാക്കണം. പൊടി തങ്ങിനിന്ന് ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകുന്നത് ഒഴിവാക്കാനാകും. ജലദോഷം, ശ്വാസകോശവുമായി ബന്ധപ്പെട്ട പലതരം രോഗങ്ങൾ എന്നിവ എ.സിയുടെ ക്രമാതീതമായ ഉപയോഗം വിളിച്ചു വരുത്തും. വിട്ടുമാറാത്ത ജലദോഷം, തൊണ്ടവേദന, തൊണ്ടയടപ്പ് തുടങ്ങിയ പ്രശ്‌നങ്ങൾ ഉണ്ടായിക്കൊണ്ടേയിരിക്കുന്നതും അമിതമായ എ.സി. ഉപയോഗത്തിന്റെ ആരോഗ്യപ്രശ്‌നങ്ങളായി കണ്ടു വരുന്നുണ്ട്. എ.സിയുടെ ഫിൽറ്റർ കൃത്യമായ ഇടവേളകളിൽ ക്ലീൻ ചെയ്യണം. വാതിലുകളും ജനാലകളും തുറന്ന് വെച്ച് അകത്തേക്ക് ശുദ്ധവായു പ്രവേശിപ്പിക്കണം. ഫിൽറ്റർ മാറ്റാതിരുന്നതാൽ അലർജി ഉണ്ടാക്കുന്ന കണങ്ങൾ മുറിക്കുള്ളിൽനിന്നു പുറത്തുപോവാതെ വരും. ധാരാളം പേർ ഒരുമിച്ച് ജോലി ചെയ്യുന്ന ഓഫീസിൽ ഏതെങ്കിലും ഒരാൾക്ക് അണുബാധ ഉണ്ടായാൽ അത് വളരെ പെട്ടെന്ന് മറ്റുള്ളവരിലേക്കും പടരും. വാതരോഗങ്ങൾ അലട്ടുന്നവർ എ.സിയുടെ ഉപയോഗം നിയന്ത്രിച്ചില്ലെങ്കിൽ അസുഖത്തിന്റെ തീവ്രതയും പരിണിതഫലങ്ങളും രൂക്ഷമാവും. തണുപ്പേറ്റാൽ സന്ധിവാതം വർധിക്കും. ആമവാതം പോലുള്ള രോഗങ്ങൾ തീവ്രമാകും. സന്ധികൾ മടക്കാനും നിവർത്താനുള്ള ബുദ്ധിമുട്ടും തണുപ്പേൽക്കുന്നതിലൂടെ വർധിക്കുന്നതിനു പുറമേ പേശികളുടെ വേദനയും തരിപ്പും വർധിക്കാനും ഇടയാക്കും. എ.സിയിൽനിന്നും ഒഴിഞ്ഞു നിൽക്കാൻ സാധിക്കില്ലെങ്കിൽ തണുപ്പ് കുറച്ച് (21-25സെൽഷ്യസ്) നിലനിർത്തുക മാത്രമേ ഇതിന് പരിഹാരമായി ചെയ്യാനുള്ളൂ. പരിധി കടന്നാൽ എന്തും അപകടകരമാണെന്നത് പോലെ എ.സിയും നിയന്ത്രിച്ച് ഉപയോഗിച്ചില്ലെങ്കിൽ അത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾക്ക് വഴിതുറക്കുമെന്നതിൽ സംശയമില്ല. Content Highlights: Prolonged AC exposure leads to skin dryness and worsens conditions like psoriasis., Constant hydration is essential as AC environments reduce natural thirst signals., Direct exposure to cold air exacerbates joint pain and rheumatic conditions Published: 23 Apr 2026, 12:35 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

കൊടുംചൂടിൽ എ.സി. ആശ്വാസമാകും; ഉപയോഗം കരുതലോടെയല്ലെങ്കിൽ ആരോഗ്യപ്രശ്നങ്ങൾ പിന്നാലെ
M
MathrubhumiSource Link
17 days ago