രണ്ടുകോടി രൂപ ചെലവിൽ കേരള സ്പോർട്സ് ഫൗണ്ടേഷനാണ് നവീകരണച്ചുമതല To advertise here, കൊട്ടാരക്കര : എല്ലാവിധ കായികപരിശീലനത്തിനും മത്സരങ്ങൾക്കും ഉപയോഗിക്കാവുന്നതരത്തിൽ കൊട്ടാരക്കര ബോയ്‌സ് ഹൈസ്കൂൾ സ്റ്റേഡിയം നവീകരിക്കുന്നു. 2024-25-ലെ സംസ്ഥാന സർക്കാർ ബജറ്റിൽ അനുവദിച്ച രണ്ടുകോടി രൂപ ചെലവിലാണ് നവീകരണം. കേരള സ്പോർട്സ് ഫൗണ്ടേഷനാണ് നിർമാണച്ചുമതല. പവിലിയൻ, ഇരിപ്പിടങ്ങളോടുകൂടിയ ഗാലറി, ഉയരവിളക്കുകൾ, ചുറ്റും ഇരുമ്പുവേലി എന്നിവയാണ് നിർമിക്കുന്നത്. നിലവിലുള്ള ഗ്രൗണ്ട് പൂർണമായി നിരപ്പാക്കി മുകളിൽ ചെമ്മണ്ണിട്ട് ഉറപ്പിച്ച മൺ കോർട്ടായി സ്റ്റേഡിയം മാറ്റും. ഫുട്‌ബോൾ, ക്രിക്കറ്റ്, വോളിബോൾ തുടങ്ങി ഏതുപരിശീലനത്തിനും ഉപയോഗിക്കാൻ കഴിയും. നൂറു മീറ്റർ നീളത്തിലാണ് ഗാലറി നിർമിക്കുന്നത്. സ്റ്റേഡിയത്തിനു ചുറ്റും ചെറിയ ഉയരവിളക്കുകൾ സ്ഥാപിക്കും. ചുറ്റുവേലിയുണ്ടെങ്കിലും പുതിയ ഇരുമ്പുവല സ്ഥാപിക്കും. പ്രവേശനകവാടം കോൺക്രീറ്റ് ബ്ലോക്ക് പാകി അഗ്നിരക്ഷാ വാഹനങ്ങൾ ഉൾപ്പെടെ കയറുന്നനിലയിലാക്കും. നിർമാണങ്ങൾ പുരോഗമിക്കുന്നു. മേയ് അവസാനത്തോടെ പൂർത്തിയാകുമെന്ന് അധികൃതർ പറയുന്നു. സമഗ്ര കൊട്ടാരക്കരയുടെ ഭാഗമായാണ് സ്റ്റേഡിയം നവീകരണത്തിനും പദ്ധതിയൊരുക്കിയത്. എല്ലാ പഞ്ചായത്തുകളിലും മിനി സ്റ്റേഡിയങ്ങൾ നിർമിക്കുന്നതിനൊപ്പം താലൂക്കാസ്ഥാനമായ കൊട്ടാരക്കരയിൽ ബി.എച്ച്.എസ്. സ്റ്റേഡിയം നവീകരിക്കുന്നതും പദ്ധതിയിൽ ഉൾപ്പെടുത്തുകയായിരുന്നു. ജില്ലാ സ്കൂൾ കായികമേളയും പോലീസ് കായികമേളയും സംസ്ഥാനതല ഗുസ്തിമത്സരവും ഉൾപ്പെടെ പ്രധാന മേളകൾക്കെല്ലാം വേദിയാകുന്ന ഇടമാണ് ബോയിസ് സ്കൂൾ സ്റ്റേഡിയം. പലപ്പോഴായി സ്റ്റേഡിയം നവീകരണത്തിനായി കോടികൾ ചെലവിട്ടിട്ടുമുണ്ട്. ഗ്രൗണ്ട് നിരപ്പാക്കലും ഓടനിർമാണവും നടത്തിയെങ്കിലും മഴപെയ്താൽ ഗ്രൗണ്ടിന്റെ പകുതിഭാഗവും വെള്ളത്തിലാകുന്ന അവസ്ഥയ്ക്ക് മാറ്റമുണ്ടായിരുന്നില്ല. കഴിഞ്ഞ സ്കൂൾ കായികമേളയും മഴ പെയ്തതോടെ അലങ്കോലമായിരുന്നു.

കൊട്ടാരക്കര ബോയ്‌സ് ഹൈസ്കൂൾ സ്റ്റേഡിയം നവീകരണം തുടങ്ങി
M
MathrubhumiSource Link
19 days ago