പുതുപ്പരിയാരം : ഒന്നരമാസമായി രാപകലില്ലാതെ കാവലിലാണ് പുതുപ്പരിയാരം പഞ്ചായത്തിലെ കരിങ്കണ്ണി പാടശേഖരത്തിലെ കർഷകർ. വന്യമൃഗങ്ങളോട് പടപൊരുതി നേടിയ നെല്ല് ചാക്കിലാക്കിയിട്ടും സംഭരിക്കാത്തതിനാൽ കാവലിരിക്കേണ്ട ഗതികേടിലാണിവർ. To advertise here, മാർച്ച് മൂന്നിന് കൊയ്തു കഴിഞ്ഞതാണ്. ഇതുവരെ നെല്ല് പരിശോധനയ്ക്ക് പോലും ഉദ്യോഗസ്ഥർ എത്തിയിട്ടില്ലെന്നാണ് കർഷകർ പറയുന്നത്. വീട്ടിൽനിന്ന് ദൂരെയുള്ള പാടത്തുനിന്ന് കൊയ്ത നെല്ല് സമീപത്തുതന്നെ സൂക്ഷിക്കുകയാണ് പതിവ്. ഇത്തവണ സംഭരണം വൈകിയതോടെ കുരങ്ങ്, മലയണ്ണാൻ തുടങ്ങിയവ പതിവായി ചാക്ക് പൊളിച്ച് നശിപ്പിക്കാനെത്തുന്നുണ്ട്. കരിങ്കണ്ണി പാടശേഖരത്തിൽ കയ്യറ കൃഷ്ണൻകുട്ടി, രാധാകൃഷ്ണൻ എന്നിവരുടെ മാത്രം 15 ടണ്ണിലധികം നെല്ലാണ് ഇത്തരത്തിൽ പാടത്തിനരികിൽ സൂക്ഷിച്ചിരിക്കുന്നത്. വന്യമൃഗങ്ങളിൽനിന്ന് നെല്ല് സംരക്ഷിക്കാൻ പെടാപ്പാടാണെന്ന് കർഷകർ പറഞ്ഞു. ഇവരുടേത് വനാതിർത്തിയോട് ചേർന്നുള്ള നെൽപാടങ്ങളായതിനാൽ വിളവിറക്കുന്നതുമുതൽ ആനയെയും, പന്നിയെയും, മയിലിനെയും, കുറുക്കനെയുമെല്ലാം തുരത്തിയാണ് വിള സംരക്ഷിക്കുന്നത്. വിളവ് കൊയ്‌തെടുത്താലും തങ്ങളുടെ ഗതികേട് തീരുന്നില്ലെന്ന് കർഷകർ പറയുന്നു. വേനൽമഴ പെയ്യുമോയെന്നതും ആശങ്കയുണ്ടാക്കുന്നുണ്ട്. മഴ പെയ്താൽ നെല്ല് നനയാതെ സൂക്ഷിക്കാൻ പാടുപെടണം. കരിങ്കണി പാടശേഖരത്തിലെ വാളേക്കാട് സതീഷ്, നൊച്ചിപ്പുള്ളി പാടശേഖരത്തിൽ ദേവദാസ് തുടങ്ങി നിരവധി കർഷകരുടെ നെല്ലും സംഭരിക്കാതെ കിടക്കുന്നുണ്ട്. പലകർഷകരും പാട്ടത്തിന് കൃഷിയെടുത്തും ബാങ്ക് വായ്പ വാങ്ങിയും സ്വർണം പണയപ്പെടുത്തിയുമാണ് കൃഷി ചെയ്തിരിക്കുന്നത്. പാട്ടത്തുക കൊടുക്കാനും വായ്പ തിരിച്ചടയ്ക്കാനും ഇനി എന്തുചെയ്യേണ്ടിവരുമെന്ന് ആശങ്കയിലുമാണിവർ. നെല്ല് പരിശോധനപോലും നടക്കാത്തതിനാൽ സ്വകാര്യ മില്ലുകാർക്ക് കിട്ടിയ വിലയ്ക്ക് നെല്ല് വിറ്റ കർഷകരും പുതുപ്പരിയാരം പഞ്ചായത്തിലുണ്ട്. Published: 21 Apr 2026, 03:24 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

കൊയ്തു കഴിഞ്ഞിട്ട് ഒന്നരമാസമായിട്ടും സംഭരിച്ചില്ല; നെല്ല് സൂക്ഷിക്കാൻ പെടാപ്പാടുപെട്ട് കർഷകർ
M
MathrubhumiSource Link
19 days ago