ഷിബു ബേബിജോൺ പത്രിക നൽകി To advertise here, കൊല്ലം: ചവറ നിയോജകമണ്ഡലത്തിലെ യു.ഡി.എഫ്.സ്ഥാനാർഥി ഷിബു ബേബിജോൺ നാമനിർദേശപത്രിക സമർപ്പിച്ചു. ഉച്ചയ്ക്ക് 12-ന് ആർ.എസ്.പി. ജില്ലാ കമ്മിറ്റി ഓഫീസിൽനിന്ന് പ്രവർത്തകരോടൊപ്പം പ്രകടനമായി കളക്ടറേറ്റിൽ എത്തി വരണാധികാരിയായ സബ് കളക്ടർ അഖിൽ വി. മേനോന് പത്രിക നൽകി. രാവിലെ പന്മന ആശ്രമം, തേവലക്കര യത്തീംഖാന, കോയിവിള വിജയൻ സ്മൃതികുടീരം, നീണ്ടകര ബേബിജോൺ സ്മൃതിമണ്ഡപം എന്നിവിടങ്ങൾ സന്ദർശിച്ച് പുഷ്പാർച്ചന നടത്തിയശേഷമാണ് പത്രിക സമർപ്പിച്ചത്. ചികിത്സ ലഭിക്കാതെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മരിച്ച പന്മന സ്വദേശി വേണുവിന്റെ ഭാര്യ സിന്ധു നാമനിർദേശപത്രിക പിന്താങ്ങി. ഇതുൾപ്പെടെ നാല് സെറ്റ് പത്രിക സമർപ്പിച്ചു. ചവറയിലെ ഓട്ടോറിക്ഷാത്തൊഴിലാളികൾ ബേബിജോൺ സ്മൃതിമണ്ഡപത്തിലെത്തി സ്ഥാനാർഥിക്ക് കെട്ടിെവക്കാനുള്ള തുക കൈമാറി. വിഷ്ണുമോഹനും ഉല്ലാസ് കോവൂരും നാളെ പത്രിക സമർപ്പിക്കും യു.ഡി.എഫിന്റെ ഇരവിപുരത്തെ സ്ഥാനാർഥി വിഷ്ണു മോഹനും കുന്നത്തൂർ മണ്ഡലം സ്ഥാനാർഥി ഉല്ലാസ് കോവൂരും തിങ്കളാഴ്ച പത്രിക സമർപ്പിക്കും. വിഷ്ണു മോഹൻ രാവിലെ 11-ന് കളക്ടറേറ്റിലും ഉല്ലാസ് കോവൂർ ഉച്ചയ്ക്ക് 12-ന് ശാസ്താംകോട്ട തഹസിൽദാർ മുൻപാകെയുമാണ് പത്രിക സമർപ്പിക്കുക. കുണ്ടറയിൽ വിഷ്ണുനാഥ് പത്രിക നൽകി കുണ്ടറ: നിയോജകമണ്ഡലത്തിലെ യു.ഡി.എഫ്.സ്ഥാനാർഥി പി.സി. വിഷ്ണുനാഥ് നാമനിർദേശപത്രിക നൽകി. വരണാധികാരിയായ റവന്യൂ റിക്കവറി ഡെപ്യൂട്ടി കളക്ടർ വി. ജയമോഹനു മുൻപാകെയാണ് പത്രിക നൽകിയത്. ഡി.സി.സി.പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ്, കെ.പി.സി.സി. ജനറൽ സെക്രട്ടറിമാരായ ഷാനവാസ് ഖാൻ, പി. ജെർമിയാസ്, ആർ.എസ്.പി. കേന്ദ്ര കമ്മിറ്റി അംഗം ടി.സി. വിജയൻ, യു.ഡി.എഫ്. നിയോജകമണ്ഡലം ചെയർമാൻ കുരീപ്പള്ളി സലിം, ഫൈസൽ കുളപ്പാടം, കെ.ആർ.വി. സഹജൻ, കെ. ബാബുരാജൻ, രഘു പാണ്ഡവപുരം, കായിക്കര നവാബ്, കല്ലട ഗിരീഷ്, വി.ടി. സിബി, സാം വർഗീസ്, യു. വാഹീദ, ഷരീഫ് ചന്ദനത്തോപ്പ്, അരുൺ അലക്സ് തുടങ്ങിയവർ സ്ഥാനാർഥിക്കൊപ്പമുണ്ടായിരുന്നു. കെ.എൻ. ബാലഗോപാൽ പത്രിക സമർപ്പിച്ചു കൊട്ടാരക്കര: ധനമന്ത്രി കെ.എൻ. ബാലഗോപാൽ കൊട്ടാരക്കരയിൽ ഇടതുമുന്നണി സ്ഥാനാർഥിയായി നാമനിർദേശപത്രിക സമർപ്പിച്ചു. ഉപവരണാധികാരിയായ കൊട്ടാരക്കര തഹസിൽദാർ മുൻപാകെയാണ് പത്രിക നൽകിയത്. പാർട്ടി ഓഫീസിൽനിന്ന് പ്രകടനമായെത്തിയാണ് സിവിൽ സ്റ്റേഷനിലെ താലൂക്ക് ഓഫീസിൽ പത്രിക നൽകിയത്. രാവിലെ കോട്ടാത്തല സുരേന്ദ്രന്റെ രക്തസാക്ഷിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയ ബാലഗോപാൽ മണ്ഡലത്തിലെ രക്തസാക്ഷി കുടുംബങ്ങളായ അബ്ദുൽ മജീദ്, തങ്ങൾകുഞ്ഞ്, കെ. ശ്രീരാജ് എന്നിവരുടെയും മുൻ എം.എൽ.എ. ബി. രാഘവന്റെയും വീടുകളും സന്ദർശിച്ചശേഷമാണ് ഏരിയ കമ്മിറ്റി ഓഫീസിലേക്കെത്തിയത്. നേതാക്കളായ കെ.ആർ. ചന്ദ്രമോഹൻ, എസ്. രാജേന്ദ്രൻ, എ. മന്മഥൻ, ജോർജ് മാത്യു, പി.എ. എബ്രഹാം, ജി. സുന്ദരേശൻ, വി. സുമാലാൽ, എസ്.ആർ. അരുൺ ബാബു, എ. ഷാജു തുടങ്ങിയവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു. പത്രിക നൽകി എൻ. പ്രതാപ്കുമാർ കൊല്ലം മണ്ഡലം എൻ.ഡി.എ.സ്ഥാനാർഥി ഡോ. എൻ. പ്രതാപ്കുമാർ പത്രിക സമർപ്പിച്ചു. കൊല്ലം ആനന്ദവല്ലീശ്വരം ക്ഷേത്രസന്നിധിയിൽനിന്ന് തുടങ്ങിയ പ്രകടനത്തോടെയാണ് പത്രിക സമർപ്പണത്തിന് എത്തിയത്. വരണാധികാരി ചീഫ് അഗ്രികൾച്ചറൽ ഓഫീസർ ഡീനാ എബ്രഹാം മുൻപാകെയാണ് പത്രിക സമർപ്പിച്ചത്. പ്രതാപ്കുമാറിന്റെ ഭാര്യയും സേവാഭാരതി ജില്ലാ വൈസ് പ്രസിഡന്റുമായ ഡോ. മഞ്ജു പ്രതാപ്, ബി.ജെ.പി. സംസ്ഥാന വക്താവ് റിട്ട. കേണൽ എസ്. ഡിന്നി, പ്രാന്തീയ സദ്ഭാവന പ്രമുഖ് മുരളി, കൊല്ലം വെസ്റ്റ് ജില്ലാ പ്രസിഡന്റ് എസ്. പ്രശാന്ത്, മഹിളാമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് സ്മിതാ മേനോൻ, കൊല്ലം മണ്ഡലം പ്രസിഡന്റ് എസ്. സൂരജ്, ബി.ജെ.പി. ജില്ലാ സെക്രട്ടറി ഹരീഷ് തെക്കേടം, ജില്ലാ കമ്മിറ്റി അംഗം ഗിരിജാ മനോഹർ, പ്രണവ് താമരക്കുളം എന്നിവർ ഒപ്പമുണ്ടായിരുന്നു. മൂന്ന് മണ്ഡലങ്ങളിൽക്കൂടി എൻ.ഡി.എ. സ്ഥാനാർഥികളെത്തി പത്തനാപുരം : പത്തനാപുരം നിയോജകമണ്ഡലത്തിലെ എൻ.ഡി.എ. സ്ഥാനാർഥിയായി മുൻ സൈനികൻ അനിൽപിള്ള(53)യെ നിശ്ചയിച്ചു. വ്യോമസേനയിലെ എൻജിനിയറിങ് വിഭാഗം ഉദ്യോഗസ്ഥനാണ്. ട്വന്റി 20 പാർട്ടി പ്രതിനിധിയായ അദ്ദേഹം കൊല്ലം ചന്ദനത്തോപ്പ് സ്വദേശിയാണ്. നാഷണൽ എക്സ്-സർവീസ്‌മെൻ കോഡിനേഷൻ കമ്മിറ്റി വൈസ് ചെയർമാനാണ്. മാനേജ്‌മെന്റ് വിദഗ്ധൻ, ഹ്യൂമൻ റിസോഴ്‌സ്-മാനേജ്‌മെന്റ് ഗവേഷകൻ, കോളമിസ്റ്റ്, മോട്ടിവേഷൻ കോച്ച്, മനുഷ്യാവകാശപ്രവർത്തകൻ എന്നീനിലകളിലും അറിയപ്പെടുന്നു. ഭാര്യ: അനുജ അനിൽ, മക്കൾ: അമ്മു, ചിമ്മു. ചടയമംഗലം-ആർ.എസ്. അരുൺരാജ് ചടയമംഗലത്ത് എൻ.ഡി.എ.സ്ഥാനാർഥിയായി ആർ.എസ്. അരുൺരാജ് മത്സരിക്കും. ചടയമംഗലം സ്വദേശിയായ അരുൺരാജ് കെ.പി.സി.സി. നിർവാഹകസമിതി മുൻ അംഗമാണ്. രണ്ടുതവണ യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറിയായിരുന്നു. കോൺഗ്രസ് പ്രവർത്തകനായിരുന്ന ആർ.എസ്. അരുൺരാജ് വെള്ളിയാഴ്ചയാണ് ബി.ജെ.പി.യിൽ ചേർന്നത്. ചടയമംഗലം അരുണോദയത്തിൽ പരേതനായ വി.എൻ. രാമചന്ദ്രൻനായരുടെയും കെ. ശാന്തമ്മയുടെയും മകനാണ്. ഭാര്യ: ആർ.ജെ. സംഗീത. മകൻ: ഋഷികേശ് അരുൺ. പുനലൂർ-രഘുനാഥ് കമുകുംചേരി പുനലൂർ : നിയോജകമണ്ഡലത്തിൽ എൻ.ഡി.എ. സീറ്റ് ട്വന്റി 20-ക്ക്. അഭിഭാഷകനായ രഘുനാഥ് കമുകുംചേരിയാണ് സ്ഥാനാർഥി. 1999 മുതൽ പുനലൂരിലെ കോടതികളിൽ അഭിഭാഷകനാണ് രഘുനാഥ്. കേന്ദ്രസർക്കാർ നോട്ടറിയാണ്. എം.എ., എൽഎൽ.ബി. ബിരുദധാരിയായ രഘുനാഥ് പുനലൂർ ശ്രീനാരായണാ കോളേജിൽ ഇംഗ്ലീഷ് വിഭാഗം അതിഥി അധ്യാപകനായിരുന്നു. നേരത്തേ ജില്ലാപഞ്ചായത്തിലേക്ക് പത്തനാപുരം ഡിവിഷനിൽനിന്ന് ബി.ജെ.പി. സ്ഥാനാർഥിയായി മത്സരിച്ചിരുന്നു. നിയമസഭയിലേക്ക് ആദ്യമത്സരമാണ്. ഭാര്യ: ജിഷാ വാസുദേവ് (മാനേജർ, അന്നാ ആയുർവേദിക്സ് ആൻഡ് ബയോമെഡിസിൻസ്). മക്കൾ: സൂര്യഗായത്രി, സൂര്യനാരായണൻ.

കൊല്ലത്തെ വിവിധ മണ്ഡലങ്ങളിലെ പത്രികാസമർപ്പണം ഉഷാറാക്കി സ്ഥാനാർഥികൾ
M
MathrubhumiSource Link
about 2 months ago