കൊല്ലം : വടയാറ്റുകോട്ട റോഡിലെ വസ്ത്രവ്യാപാരസ്ഥാപനത്തിലുണ്ടായ വൻ തീപ്പിടിത്തത്തിൽ കോടികളുടെ നഷ്ടം. തിങ്കളാഴ്ച പുലർച്ചെ രണ്ടരയോടെയാണ് ‘റൊമാൻസ്’ എന്ന സ്ഥാപനത്തിന്റെ കെട്ടിടത്തിൽനിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടത്. രണ്ടുനിലകളിലായി പ്രവർത്തിച്ചിരുന്ന തുണിക്കട പൂർണമായും കത്തിനശിച്ചു. മൂന്നരക്കോടി രൂപയുടെ നഷ്ടമുണ്ടായതായി വിലയിരുത്തുന്നു. To advertise here, ഷോട് സർക്കിറ്റാകാം തീപ്പിടിത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. താഴെയും മുകളിലുമായി സൂക്ഷിച്ചിരുന്ന വസ്ത്രങ്ങൾ, ഫർണിച്ചർ, എയർ കണ്ടീഷണറുകൾ, ഫാനുകൾ, കംപ്യൂട്ടറുകൾ എന്നിവയുൾപ്പെടെ മുഴുവൻ സാധനങ്ങളും കത്തിനശിച്ചു. താഴത്തെനിലയിലുണ്ടായ തീ മുകളിലേക്കും വ്യാപിക്കുകയായിരുന്നു. മയ്യനാട് സ്വദേശിയായ ബുഹമ്മ സഖറിയയുടെയും കുടുംബാംഗങ്ങളുടെയും പേരിലുള്ളതാണ് രണ്ടുനില കെട്ടിടം. മങ്ങാട് സ്വദേശിയായ ഷെമിമിയുടെ ഉടമസ്ഥതയിലായിരുന്നു ഇവിടെ പ്രവർത്തിച്ചിരുന്ന വസ്ത്രവ്യാപാരസ്ഥാപനം. കൊല്ലം, ചാമക്കട, ചവറ, കുണ്ടറ, കൊട്ടാരക്കര, പരവൂർ, കരുനാഗപ്പള്ളി എന്നിവിടങ്ങളിലെ ഏഴ് അഗ്നിരക്ഷാസേനാ യൂണിറ്റുകൾ എത്തിയാണ് തീ കെടുത്തിയത്. ഏകദേശം 10 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ ഉച്ചയ്ക്ക് 12-നാണ് തീ പൂർണമായി അണച്ചത്. കെട്ടിടത്തിൽ ആവശ്യമായ സുരക്ഷാസംവിധാനങ്ങൾ ഉണ്ടായിരുന്നില്ലെന്ന് ഫയർഫോഴ്‌സ് അധികൃതർ പറഞ്ഞു. ജില്ലാ ഫയർ ഓഫീസർ രാംകുമാർ, ചാമക്കട ഫയർ ഓഫീസർ ഡി. ഉല്ലാസ്, കൊട്ടാരക്കര ഫയർ ഓഫീസർ ജി. ഗിരീഷ്‌കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.

കൊല്ലത്ത് വസ്ത്രവ്യാപാരശാലയിൽ തീപ്പിടിത്തം; മൂന്നരക്കോടി രൂപയുടെ നഷ്ടം
M
MathrubhumiSource Link
about 2 hours ago