നവീകരണപ്രവൃത്തി തുടങ്ങിയിട്ട് അഞ്ചുമാസം To advertise here, പെരുമണ്ണ : കോട്ടായിത്താഴം- പൂവാട്ടുപറമ്പ് റോഡ് നവീകരണപ്രവൃത്തി ഇഴഞ്ഞുനീങ്ങുന്നത് ദുരിതമാകുന്നു. ഇക്കഴിഞ്ഞ നവംബറിൽ തുടങ്ങിയ, റോഡിന്റെ കോട്ടായിത്താഴം മുതൽ തയ്യിൽത്താഴം വരെയുള്ള 750 മീറ്ററോളം വരുന്ന ഭാഗത്തെ നവീകരണപ്രവൃത്തി അഞ്ചുമാസം പിന്നിട്ടിട്ടും പൂർത്തിയായിട്ടില്ല. റോഡിന്റെ ഇരുഭാഗവും കെട്ടി ഉയർത്തലും, പുളിക്കൽത്താഴത്ത് റോഡിന് കുറുകെയുള്ള കലുങ്കുനിർമാണവുമാണ് ഇപ്പോൾ നടക്കുന്നത്. ഇതോടെ ഈ റോഡിൽ കാൽനടയാത്രപ്പോലും ഏറെ ദുഷ്കരമായ സ്ഥിതിയാണ്. വെട്ടിപ്പൊളിച്ചിട്ട റോഡിലൂടെ ഏറെ പ്രയാസപ്പെട്ടാണ് ഇപ്പോൾ വാഹനങ്ങൾ കടന്നുപോകുന്നത്. ജെ.സി.ബി., റോഡ്റോളർ അടക്കമുള്ളവ ഉപയോഗിച്ചുള്ള പ്രവൃത്തികൂടി നടക്കുന്നതോടെ ഏതുസമയവും ഇവിടെ ഗതാഗത തടസ്സവുമാണ്. റോഡിലെ പൊടിപടലങ്ങൾ സമീപവാസികളെയും വ്യാപാരികളെയും യാത്രക്കാരെയും നിത്യരോഗികളെയും ഏറെ ബുദ്ധിമുട്ടിലാക്കുന്നുമുണ്ട്. പുളിക്കൽത്താഴത്ത് റോഡിന്റെ ഒരുഭാഗത്തെ കലുങ്കുനിർമാണം പൂത്തിയായതോടെ വെള്ളിയാഴ്ചമുതലാണ് ഇതുവഴി ബസ് ഓടിത്തുടങ്ങിയത്. കലുങ്കുപണി തുടങ്ങിയതോടെ തയ്യിൽത്താഴംവരെമാത്രമേ ബസ് യാത്ര ഉണ്ടായിരുന്നുള്ളൂ. തയ്യിൽത്താഴത്ത് ബസ്സിറങ്ങി കോട്ടായിത്താഴം വരെയുള്ള 750 മീറ്ററോളം പ്രവൃത്തി നടക്കുന്ന റോഡിലൂടെ നടന്നുപോകേണ്ട സ്ഥിതിയായിരുന്നു ഉണ്ടായിരുന്നത്. മറുഭാഗത്തെ കലുങ്ക് നിർമാണം ഇപ്പോൾ തുടങ്ങിയിട്ടേയുള്ളൂ. ഇത് പൂർത്തിയാകാൻ ഇനിയും സമയമെടുക്കും. കലുങ്ക് നിർമാണം പൂർണമായും കഴിഞ്ഞെങ്കിൽമാത്രമേ ഇരുഭാഗവും കെട്ടി ഉയർത്തിയുള്ള ടാറിങ് പ്രവൃത്തി കഴിഞ്ഞ് റോഡ് പൂർണമായും ഗതാഗതയോഗ്യമാവുകയുള്ളൂ. വാഹനത്തിരക്കേറെയുള്ള മാങ്കാവ്-കണ്ണിപറമ്പ് റോഡിൽനിന്ന് മാവൂർ റോഡിലേക്കെത്തുന്ന പ്രധാന പൊതുമരാമത്ത് വകുപ്പ് റോഡിലാണ് ഈ ദുർഗതി. പൊതുമരാമത്ത് വകുപ്പിന്റെയും കരാറുകാരന്റെയും അനാസ്ഥയാണ് റോഡിന്റെ ഇപ്പോഴത്തെ ഈ അവസ്ഥയ്ക്ക് കാരണമെന്ന് നാട്ടുകാർ പറയുന്നു. നവീകരണപ്രവൃത്തി പൂർത്തിയാക്കി റോഡ് എത്രയുംപെട്ടെന്ന് ഗതാഗതയോഗ്യമാക്കണമെന്നും അവർ ആവശ്യപ്പെടുന്നു. Published: 14 Mar 2026, 04:00 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

കോട്ടായിത്താഴം-പൂവാട്ടുപറമ്പ് റോഡിൽ ദുരിതയാത്ര
M
MathrubhumiSource Link
about 2 months ago