കോന്നി: മൂന്നാംതവണ വിജയിച്ചപ്പോൾ കോന്നി നിയോജകമണ്ഡലത്തിൽ എൽ.ഡി.എഫ്. സ്ഥാനാർഥി കെ.യു. ജനീഷ്‌കുമാറിന്റെ ഭൂരിപക്ഷം 1838 ആയി കുറഞ്ഞെങ്കിലും മണ്ഡലം നിലനിർത്താൻ കഴിഞ്ഞത് ഇടതുപക്ഷത്തിന് ആശ്വാസമായി. To advertise here, കെ.യു. ജനീഷ്‌കുമാറിന് 60,380 വോട്ടും യു.ഡി.എഫിലെ സതീഷ് കൊച്ചുപറമ്പിലിന് 58,542 വോട്ടും എൻ.ഡി.എയുടെ ബി.ഡി.ജെ.എസ് സ്ഥാനാർഥി 15,278 വോട്ടുമാണ് നേടിയത്. 2019 ഒക്ടോബറിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ കെ.യു. ജനീഷ്‌കുമാറിന്റെ ഭൂരിപക്ഷം 8560 വോട്ടായിരുന്നു. യു.ഡി.എഫിലെ പി. മോഹൻരാജിനെയാണ് അന്ന് പരാജയപ്പെടുത്തിയത്. 2021-ലെ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിലെ റോബിൻ പീറ്ററിനെ പരാജയപ്പെടുത്തുമ്പോൾ കെ.യു. ജനീഷ്‌കുമാറിന്റെ ഭൂരിപക്ഷം 8508 വോട്ടായിരുന്നു. തുടർച്ചയായി മൂന്നുതവണയും കോന്നി മണ്ഡലം ഇടതുപക്ഷത്തിനൊപ്പം നിലനിർത്താൻ ജനീഷ്‌കുമാറിന് കഴിഞ്ഞുവെന്നുള്ളതാണ് പ്രധാന നേട്ടം. കഴിഞ്ഞ ആറരവർഷം ഭരണമുന്നണി എം.എൽ.എ. ആയി പ്രവർത്തിച്ചപ്പോൾ നിയോജകമണ്ഡലത്തിൽ നടത്തിയ വികസന കാര്യങ്ങൾ വോട്ടാക്കിമാറ്റാൻ കഴിഞ്ഞിട്ടുണ്ട്. എം.എൽ.എ. എന്ന നിലയിൽ സജീവ സാന്നിധ്യവും വോട്ടർമാരെ സ്വാധീനിക്കാൻ കഴിഞ്ഞു. 11 പഞ്ചായത്തുകളിൽ മലയാലപ്പുഴ, ചിറ്റാർ, സീതത്തോട്, കലഞ്ഞൂർ, ഏനാദിമംഗലം പഞ്ചായത്തുകളിൽ ലഭിച്ച മുൻതൂക്കമാണ് ജനീഷ്‌കുമാറിന്റെ വിജയത്തിന് കാരണം. സംസ്ഥാനത്തുടനീളം എൽ.ഡി.എഫ്. വിരുദ്ധതരംഗം ആഞ്ഞടിച്ചപ്പോഴും കോന്നി മണ്ഡലത്തെ കാൽക്കീഴിൽ നിർത്താൻ കഴിഞ്ഞത് എം.എൽ.എ. എന്നനിലയിലുള്ള ജനകീയ പ്രവർത്തനങ്ങളാണ് കാരണം. ന്യൂനപക്ഷ- ഭൂരിപക്ഷ വോട്ടുകളിൽ സ്വാധീനം ചെലുത്താനും ജനീഷ്‌കുമാറിന് കഴിഞ്ഞു. കാരണങ്ങൾ എം.എൽ.എ. എന്ന നിലയിലുള്ള പ്രവർത്തനമികവ്. എല്ലാവരെയും ചേർത്തുനിർത്തിയുള്ള ശൈലി. മണ്ഡലത്തിലെ വലിയ പഞ്ചായത്തുകളിൽ മുൻതൂക്കം. യുവാക്കൾക്കിടയിലെ സ്വീകാര്യത.
