പുല്ലാട് : വേനൽ കടുത്തതോടെ കുടിവെള്ളക്ഷാമം രൂക്ഷമായി. കോയിപ്രം പഞ്ചായത്തിൽ കുടിവെള്ളം ടാങ്കറിൽ വിതരണം ചെയ്യുന്നുണ്ടെങ്കിലും ആവശ്യത്തിന് തികയുന്നില്ലെന്ന് നാട്ടുകാർ. To advertise here, തോട്ടപ്പുഴശ്ശേരി പഞ്ചായത്തിൽ ഇതുവരെ കുടിവെള്ള വിതരണം തുടങ്ങിയിട്ടില്ല. വരും ദിവസങ്ങളിൽ കമ്മിറ്റി കൂടി തീരുമാനിക്കുമെന്നാണ് ഭരണസമിതി പറയുന്നത്. ഒന്നരമാസം മുമ്പാണ് കോയിപ്രം പഞ്ചായത്തിൽ കുടിവെള്ള വിതരണം തുടങ്ങിയത്. 5000 ലിറ്ററിന്റെ ടാങ്കിൽ കുടിവെള്ളം എത്തിച്ചാണ് ഓരോ വാർഡുകളിലും വിതരണം ചെയ്യുന്നത്. ടാങ്കറിൽ വെള്ളം എത്തിക്കുന്നുണ്ടെങ്കിലും അത് റോഡ് വശത്തെ താമസക്കാർക്ക് മാത്രമാണ് കിട്ടുന്നത് എന്ന പരാതി വ്യാപകമാണ്. ഉൾപ്രദേശങ്ങളിൽ വീതി കുറഞ്ഞ വഴിയിലൂടെ വലിയ ടാങ്കർ ലോറികൾ ഓടിക്കാൻ സാധിക്കില്ല. പ്രധാന റോഡിൽ പാത്രവുമായി നിന്നാൽ മാത്രമേ കുടിവെള്ളം ശേഖരിക്കാൻ പറ്റു. രോഗികളും പ്രായമായവരും ഇതുമൂലം വെള്ളം സംഭരിക്കാൻ ബുദ്ധിമുട്ടുന്നുണ്ട്. ചെറിയ പിക്കപ്പ് വാനുകളിൽ ഉൾപ്രദേശങ്ങളിൽ ഉൾപ്പെടെ കുടിവെള്ളം വിതരണം ചെയ്യണമെന്നാണ് ഇവരുടെ ആവശ്യം. പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ പൈപ്പ് വെള്ളമാണ് പ്രധാന ആശ്രയം. പൈപ്പുകളിലെത്തുന്ന കുടിവെള്ളം ലൈൻ പൈപ്പിൽനിന്ന് കിണറുകളിലേക്ക് ചിലർ ഹോസിട്ട് എത്തിക്കുന്നത് ലൈനിന്റെ അവസാനഭാഗത്തുള്ളവർക്ക് വെള്ളം കിട്ടാത്ത അവസ്ഥയുണ്ടാക്കുകയും ചെയ്യുന്നു. തിരഞ്ഞെടുപ്പിന് മുമ്പ് ആഴ്ചയിൽ രണ്ടുദിവസം എത്തിയിരുന്ന വെള്ളം പിന്നീട് ഒന്നായി കുറഞ്ഞതോടെ മിക്ക ആഴ്ചകളിലും കുടിവെള്ളം വിലയ്ക്ക് വാങ്ങേണ്ട സ്ഥിതിയായി. ഇന്ന് വരുമെന്നു പറഞ്ഞാൽ നാളെ വന്നാലായി കോയിപ്രത്ത് 18 വാർഡുകളിലും കുടിവെള്ളം വിതരണം ചെയ്യുന്നുണ്ടെന്നാണ് അധികൃതർ പറയുന്നത്. അതാത് വാർഡുകളിലെ മെമ്പർമാരാണ് എത്ര വീടുകൾക്ക് കുടിവെള്ളം ആവശ്യമുണ്ടെന്ന് റിപ്പോർട്ട് ചെയ്യുന്നത്. കുടിവെള്ളം വിതരണം ചെയ്യാൻ കരാർ എടുത്തവർ ജല അതോറിറ്റിയുടെ പത്തനംതിട്ടയിലുള്ള പ്രധാന ടാങ്കിൽ നിന്നാണ് വെള്ളം ശേഖരിക്കുന്നത്. വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ രാവിലെ കുടിവെള്ളം എത്തുമെന്നുള്ള അറിയിപ്പ് കിട്ടി കാത്തിരുന്നാലും വെറുതെയെന്ന് നാട്ടുകാർ പറയുന്നു. ചിലപ്പോൾ കുടിവെള്ളത്തിന് രണ്ടുദിവസം കാത്തിരിക്കേണ്ടതായി വരുന്നു. അടുത്താഴ്ച മുതൽ കുടിവെള്ള വിതരണം കാര്യക്ഷമമാക്കുമെന്നും കുടിവെള്ളക്ഷാമം രൂക്ഷമായ 12 വാർഡുകളിൽ ആഴ്ചയിൽ രണ്ടുദിവസം വെള്ളം എത്തിക്കാനുള്ള സംവിധാനം ഒരുക്കുമെന്നും വികസനകാര്യ സമിതി അധ്യക്ഷൻ സി.എസ്. വിജയകുമാർ പറഞ്ഞു. Published: 18 Apr 2026, 01:30 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
