: അംബാസഡർ കാറിന്റെ മുകളിലെ ലഗേജ് കാരിയറിൽ ഒന്ന് മുന്നോട്ടു നോക്കിയും ഒന്ന് പിന്നോട്ട് നോക്കിയും ഉറപ്പിച്ച കോളാമ്പി സ്പീക്കറുകൾ അരങ്ങുവാണിരുന്ന തിരഞ്ഞെടുപ്പുകാലം. 1980-കളാണ്. കൂട്ടത്തിൽ നീളം കൂടുതലുള്ളതിന് വൻ ഡിമാൻഡ്. To advertise here, പഞ്ചായത്ത് തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ വകയായി രാവിലെ എട്ടിന് ഇറങ്ങും. ആദ്യം സ്വന്തം പഞ്ചായത്തിൽ ഒരു റൗണ്ട് അനൗൺസ്മെന്റ്. അതുകഴിഞ്ഞാൽ അടുത്ത പഞ്ചായത്തുകളിലേക്ക് വാഹനം നീങ്ങും. മറ്റു പഞ്ചായത്തുകളിൽനിന്ന് വരുന്ന വാഹനത്തിലുള്ളവർക്ക് ലോക്കൽ ഭാരവാഹികളുടെ വക നാരങ്ങാവെള്ളം, ചായ, വട, ഉണ്ണിയപ്പം, മീൻ പൊരിച്ചതുൾപ്പെടെ ഊണ് എന്നിങ്ങനെ സമയാസമയങ്ങളിൽ സത്കാരം. അങ്ങനെ എല്ലാ സ്ഥാനാർഥികളുടെയും വാഹനങ്ങൾ ഇടവിടാതെ മണ്ഡലത്തെ ശബ്ദമുഖരിതമാക്കി നിർത്തും. ചില സ്ഥാനാർഥികൾ കേന്ദ്രീകൃതമായ പ്രവർത്തനം നടത്തും. എല്ലാ വാഹനങ്ങളും പ്രവർത്തകരും ഒരിടത്തു ഒത്തുചേരും. പ്രഭാത ഭക്ഷണം മുതൽ രാത്രി ഭക്ഷണം വരെ അവിടെത്തന്നെ ആയിരിക്കും. കല്യാണം നടക്കുന്നപോലെ എന്നും അറുനൂറും ഏഴുനൂറും പേർക്ക് സദ്യ. ദിവസവും മറിയുന്ന പതിനായിരങ്ങൾ. അതിനിടെ എതിർസ്ഥാനാർഥിയുടെ വോട്ടു മറിക്കാൻ നിർത്തിയിരിക്കുന്ന വിമതന്റെ ചെലവ് വാങ്ങിക്കാൻ തലയിൽ തോർത്തുമുണ്ടിട്ട് വരുന്ന ഏജന്റ്. മദ്യത്തിന്റെ വീര്യത്തിൽ സ്ഥാനാർഥിയും ചിഹ്നവും മാറി എതിർസ്ഥാനാർഥിക്കു വോട്ടു ചോദിക്കുന്ന അനൗൺസർ. മണ്ഡലത്തിന്റെ അതിർത്തി അറിയാതെ വേറെ മണ്ഡലത്തിൽ പോയി വോട്ടു ചോദിക്കുന്നതിന്റെ തമാശ. കാറിലെ ബാറ്ററിയിൽ പ്രവർത്തിക്കുന്ന കോളാമ്പികളെ കടത്തിവെട്ടി ജീപ്പിന് പിന്നിൽ ജനറേറ്റർ വച്ചുകെട്ടി വലിയ സൗണ്ട് ബോക്സ് വച്ചു തെളിഞ്ഞ ക്ലാരിറ്റിയിൽ അനാൺസ്‌മെന്റ് വാഹനം ഇടയ്ക്കു വരുമ്പോൾ ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമയിൽ നിന്നും കളർ സിനിമയിലേക്ക് മാറിയതിന്റെ പ്രതീതിയാണ്. അന്ന് മണ്ഡലത്തിൽ ആകെ ഒന്നോ രണ്ടോ പോർട്ടബിൾ ജനറേറ്റർ മാത്രം. പിന്നെ വരുന്നത് മാറ്റഡോർ വാനിലെ പാരഡി ഗാനമേള സംഘം ആണ്. ലൈവ് ഓർക്കസ്ട്ര. ഹാർമോണിയം, തബല, ഗഞ്ചിറ, ഇലത്താളം, ചെണ്ട ഒക്കെ അടിച്ചു തകർക്കും. കൂടുതൽ പാട്ടുകളും എതിർസ്ഥാനാർഥിയെ പരിഹസിക്കുന്നത് ആയിരിക്കും. യഥാർഥ ഉത്സവം തിരഞ്ഞെടുപ്പ് ദിവസം ആണ്. വോട്ടാർമാരെ ബൂത്തിൽ എത്തിക്കാൻ തലങ്ങും വിലങ്ങും ഓടുന്ന കാറുകൾ. നോട്ടുകൾക്ക് ഒരു പഞ്ഞവും ഇല്ല. ഉച്ചയ്ക്ക് മുൻപ് കിട്ടേണ്ട വോട്ടുകൾ പെട്ടിയിൽ വീഴ്ത്തണം അതാണ് ടാർഗറ്റ്. ഉച്ച കഴിഞ്ഞാൽ വോട്ടു ചെയ്യാൻ വരാത്തവരുടെ വോട്ടും വേണം അതിനു നേരായ വഴി അല്ലെങ്കിൽ കുറുക്കു വഴി പയറ്റും. വരുന്ന അനൗൺസ്മെന്റ് വാഹനങ്ങളുടെ എണ്ണവും പെരുപ്പവും നോക്കി ജയപരാജയങ്ങൾ ഊഹിച്ചിരുന്ന കാലമായിരുന്നു അത്.
