ചൂടുപിടിച്ച് ഡീലും വികസനവും To advertise here, കോഴിക്കോട് : പുറത്ത് മീനവെയിൽ ചുട്ടുപൊള്ളുമ്പോൾ കോഴിക്കോടിന്റെ പോരാട്ടച്ചൂടിന്റെ മാപിനിയായി മാതൃഭൂമി ഇലക്‌ഷൻ ബസിന്റെ പര്യടനം. രാവിലെ ബേപ്പൂർ മണ്ഡലത്തിലെ ഫറോക്കിൽ ചാലിയാറിന്റെ തീരത്തുനിന്ന് തുടങ്ങിയ രാഷ്ട്രീയവും വികസനവും നിറഞ്ഞുനിന്ന യാത്ര പല മണ്ഡലങ്ങൾ ചുറ്റി വടകര കോട്ടക്കുന്നിലെ ചർച്ചയോടെയാണ് സമാപിച്ചത്. പത്തുകൊല്ലത്തെ ഭരണത്തിനെതിരേ ഒന്നും പറയാനില്ലാതെ വന്നപ്പോൾ പുതിയ അജൻഡ കൊണ്ടുവന്ന് വിവാദം സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്നായിരുന്നു ഡീൽ ആരോപണത്തിൽ ബേപ്പൂരിലെ എൽ.ഡി.എഫ്. സ്ഥാനാർഥി പി.എ. മുഹമ്മദ് റിയാസിന്റെ പ്രതികരണം. ഈ വിവാദം എൽ.ഡി.എഫിനാണ് ഗുണമെന്നും റിയാസ് പറയുന്നു. തിരഞ്ഞെടുപ്പ് രാഷ്ട്രീയം വ്യക്തികൾ തമ്മിലുള്ള കളരിപ്പയറ്റല്ല. അത് ആശയസംവാദമാണ്. എന്താണ് ചെയ്തത്, എന്താണ് ചെയ്യാൻ കഴിയുക അതാണ് പ്രധാനമെന്നുമാണ് റിയാസിന്റെ അഭിപ്രായം. പിണറായിസത്തിനെതിരേകൂടിയുള്ള പോരാട്ടമാണെന്ന് യു.ഡി.എഫ്. സ്ഥാനാർഥി പി.വി. അൻവർ ആവർത്തിച്ചു. പിണറായി വിജയനു വന്ന മാറ്റങ്ങൾ കുടുംബാധിപത്യത്തിലേക്കുംപോയി. പാർട്ടിയും സർക്കാരും നാടുമെല്ലാം താൻതന്നെയാണ് എന്നാണ് പിണറായി കരുതുന്നത്. ശബരിമല അയ്യപ്പന്റെ സ്വർണംകട്ട വിഷയത്തിൽ ബി.ജെ.പി. പ്രവർത്തകർ ഉൾപ്പെടെ എല്ലാ വിശ്വാസസമൂഹത്തിന്റെയും വോട്ടുകൾ യു.ഡി.എഫിനു കിട്ടുമെന്നും അൻവർ പറഞ്ഞു. ബേപ്പൂർ ഇടതുകോട്ടയല്ലെന്നും സുരക്ഷിതകേന്ദ്രങ്ങളിലും അടിപതറിയിട്ടുണ്ടെന്നും എൻ.ഡി.എ. സ്ഥാനാർഥി കെ.പി. പ്രകാശ്ബാബു ഓർമ്മിപ്പിച്ചു. ബേപ്പൂരിൽ ഫ്ളെക്സിലും അനൗൺസ്‌മെന്റുകളിലും മാത്രമാണ് വികസനം, നിലമ്പൂരിൽ എം.എൽ.എ.യായിരുന്നപ്പോൾ അൻവർ അവിടെ എന്തുചെയ്തു. അഞ്ചുകൊല്ലം മന്ത്രിയായ മുഹമ്മദ് റിയാസ് ബേപ്പൂരിനോട് നീതിചെയ്തോ എന്നീ ചോദ്യങ്ങളും പ്രകാശ് ബാബു ഉന്നയിച്ചു. റിയാസുമായിട്ടാണ് മത്സരമെന്നും പ്രകാശ് ബാബു പറഞ്ഞു. ആശയപരമായി ജമാഅത്തെ ഇസ്‌ലാമിയുമായി മുസ്‌ലിംലീഗിന് യോജിക്കാൻ കഴിയില്ലെന്ന അഭിപ്രായം മാതൃഭൂമി ഇലക്‌ഷൻ ബസ് യാത്രയിലും ഡോ. എം.കെ. മുനീർ ആവർത്തിച്ചു. രണ്ടുപേരുടെയും ആശയങ്ങൾ ചേർന്നുപോവുന്നതല്ല. ജമാഅത്തെ ഇസ്‌ലാമി മതേതരപ്രസ്ഥാനമായി മാറിയെങ്കിൽ സന്തോഷമുണ്ട്. മാറ്റം വരുത്തിയിട്ടുണ്ടെങ്കിൽ അവരാണ് സമൂഹത്തെ ബോധ്യപ്പെടുത്തേണ്ടത്. ഏറെക്കാലമായി അവരെക്കുറിച്ചുള്ള ധാരണ മറിച്ചാണെന്നും മുനീർ പറഞ്ഞു. ലീഗിൽ സ്ഥാനാർഥികളെ തീരുമാനിക്കുന്ന സമിതികളിൽ വനിതകളുണ്ടാവണമെന്നും അവിടെ വനിതകൾക്കുവേണ്ടി ശബ്ദമുയരണമെന്നും വനിതാലീഗ് ദേശീയ സെക്രട്ടറി നൂർബിന റഷീദ്. മാറ്റങ്ങൾ ഉൾക്കൊണ്ടേ മതിയാവൂ. പോസ്റ്ററിൽ ഫോട്ടോവെക്കാൻ കഴിയാത്ത കാലമുണ്ടായിരുന്നു. അതിൽനിന്ന് ഏറെ മാറി. സ്ത്രീപ്രതിനിധി വരാൻ ഇനിയെത്ര കാലമെടുക്കുമെന്നും അവർ ചോദിച്ചു. സാമൂഹികമാധ്യമങ്ങളിലെ ഓളങ്ങൾക്ക് പിന്നാലെയല്ല പോവേണ്ടത്. ഇന്റർസോൺ കലോത്സവമല്ല. നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പാണെന്നും നൂർബിന പറഞ്ഞു. തൃശ്ശൂരിൽ മത്സരിക്കാനായിരുന്നു താത്‌പര്യമെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് ഇലക്‌ഷൻ ബസ് യാത്രയിൽ മനസ്സു തുറന്നു. പാർട്ടിനേതൃത്വം ചോദിച്ചപ്പോൾ അക്കാര്യം പറഞ്ഞിരുന്നു. പത്മജ വേണുഗോപാൽ വന്നതുകൊണ്ട് അവർക്ക് മാറിക്കൊടുത്തു. പത്മജയ്ക്കാണ് അവിടെ വിജയസാധ്യത കൂടുതൽ. ആറൻമുളയിൽ മത്സരിക്കാൻ പാർട്ടി പറഞ്ഞിരുന്നെങ്കിലും വേറെ ഒരു മണ്ഡലത്തിൽ മത്സരത്തിന് താൻ തയ്യാറായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വെർബൽ റേപ്പിന് സമാനമായ സൈബറാക്രമണമാണ് താൻ പേരാമ്പ്രയിൽ സ്ഥാനാർഥിയായതുമുതൽ ഏറ്റുവാങ്ങുന്നതെന്ന് യു.ഡി.എഫ്. സ്ഥാനാർഥി ഫാത്തിമ തഹ്‌ലിയ പറഞ്ഞു. അതിനെതിരേ നിയമനടപടി സ്വീകരിക്കും. താൻ യു.ഡി.എഫിന്റെ നോമിനിയാണ്. തനിക്ക് നാട്ടകാരുടെ സർട്ടിഫിക്കറ്റ് മതിയെന്ന് ജമാഅത്തെ ഇസ്‌ലാമിയുടെ നോമിനിയാണെന്ന ആരോപണത്തിന് മറുപടിയായി തഹ്‌ലിയ പറഞ്ഞു. രാഷ്ട്രീയത്തിൽ പ്രവർത്തനം ആരംഭിച്ച അന്നുമുതൽ സൈബർ ബുള്ളിങ് നേരിടുന്നയാളാണെന്നും അവർ വിശദീകരിച്ചു. കേരളത്തിന്റെ വിധി മാറ്റിയെഴുതുന്നത് ടി.പി. ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വ ദിനത്തിലായിരിക്കുമെന്ന് വടകരയിലെ യു.ഡി.എഫ്. സ്ഥാനാർഥി കെ.കെ. രമ പറഞ്ഞു. ഇത് കേരളത്തിന്റെ ഒരു മധുരപ്രതികാരമായിരിക്കും. 2008-ൽ സി.പി.എമ്മിൽനിന്ന് പുറത്തുവന്ന് ആർ.എം.പി. രൂപവത്കരിക്കുന്ന സമയത്തുവരെ പാർട്ടികകത്തെ പ്രശ്നങ്ങൾ പറയാൻ ആർക്കും ധൈര്യമുണ്ടാകുമായിരുന്നില്ല. ഇന്ന് ഒരുപാടുപേർ പുറത്തേക്കുവരുന്നു. ഇതിന് ധൈര്യം പകർന്നത് ഒഞ്ചിയത്തെ ആർ.എം.പി. രാഷ്ട്രീയത്തിന്റെ നിലനിൽപ്പാണ്. വടകര ഇത്തവണ എൽ.ഡി.എഫ്. തിരിച്ചുപിടിക്കുമെന്നതിൽ സംശയമില്ലെന്ന് എൽ.ഡി.എഫ്. സ്ഥാനാർഥി എം.കെ. ഭാസ്കരൻ പറഞ്ഞു. കഴിഞ്ഞവർഷം ഒരു കൈത്തെറ്റ് പോലെ സംഭവിച്ചതാണ് വടകരയിലെ യു.ഡി.എഫ്- ആർ.എം.പി.ഐ. ജയം. ഇവിടെ ഇടതുപക്ഷസംവിധാനത്തിന്റെ ശക്തി ചോർന്നിട്ടില്ല. അത് വോട്ടർമാർ ഇത്തവണ തിരിച്ചറിയുന്നുണ്ട്. സംസ്ഥാനത്ത് ഇടതുഭരണം തുടരുമെന്നും ഭാസ്കരൻ അഭിപ്രായപ്പെട്ടു.

കോഴിക്കോടിന്റെ രാഷ്ട്രീയമനസ്സുതൊട്ട് മാതൃഭൂമി ഇലക്‌ഷൻ ബസ്
M
MathrubhumiSource Link
about 1 month ago