BoolokamBoolokam
കോഴിക്കോട് അടപടലം തൂക്കി; അവിശ്വസനീയ തിരിച്ചുവരവ്, കാൽനൂറ്റാണ്ടിനുശേഷം കോൺഗ്രസിന് എംഎൽഎമാർ

കോഴിക്കോട് അടപടലം തൂക്കി; അവിശ്വസനീയ തിരിച്ചുവരവ്, കാൽനൂറ്റാണ്ടിനുശേഷം കോൺഗ്രസിന് എംഎൽഎമാർ

M
MathrubhumiSource Link
കൊച്ചി: ഇടതുഭരണത്തെ കടപുഴക്കിയുള്ള തേരോട്ടത്തിൽ സംസ്ഥാനത്തെ പല ജില്ലകളിലും യുഡിഎഫ് നടത്തിയത് ചരിത്രമുന്നേറ്റം. നൂറ് സീറ്റും കടന്ന് യുഡിഎഫ് ഭരണം ഉറപ്പിച്ചുകഴിഞ്ഞു. കഴിഞ്ഞ 25 വർഷത്തിലേറെയായി എംഎൽഎമാരില്ലാത്ത കോഴിക്കോട്ടുൾപ്പെടെ മികച്ച മുന്നേറ്റമാണ് യുഡിഎഫിന് നേതൃത്വം നൽകുന്ന കോൺഗ്രസ് കാഴ്ചവെച്ചത്. To advertise here, 2001-ന് ശേഷം കോഴിക്കോട് ജില്ലയിൽ കോൺഗ്രസിന് എംഎൽഎമാരുണ്ടായിരുന്നില്ല. കൊയിലാണ്ടിയിൽ പി. ശങ്കരനും ഇപ്പോൾ കോഴിക്കോട് നോർത്ത് ആയി മാറിയ കോഴിക്കോട് ഒന്നിൽ എ. സുജനപാലുമാണ് ജില്ലയിൽനിന്ന് അവസാനം വിജയിച്ച രണ്ട് കോൺഗ്രസ് എംഎൽഎമാർ. ഇവർക്ക് ശേഷം കോൺഗ്രസിന് സ്ഥാനാർഥികളെ ജയിപ്പിക്കാൻ സാധിച്ചില്ലെന്ന് മാത്രമല്ല, മുന്നണിയുടെ പ്രകടനവും വിരലിലെണ്ണാവുന്ന പ്രതിനിധികളിൽ ഒതുങ്ങിയിരുന്നു. തുടർച്ചയായി നാലു തവണയായി എംകെ.രാഘവൻ കോൺഗ്രസ് ടിക്കറ്റിൽ വിജയിക്കുമ്പോഴാണിത്. കഴിഞ്ഞ നിയമസഭയിൽ യുഡിഎഫ് പിന്തുണച്ച ആർഎംപിയുടെ കെ.കെ. രമയും ലീഗിന്റെ എം.കെ. മുനീറുമായിരുന്നു ജില്ലയിൽനിന്നുള്ള ‘മുന്നണി’ എംഎൽഎമാർ. രമ വടകരയിൽനിന്നും മുനീർ കൊടുവള്ളിയിൽനിന്നുമായിരുന്നു ജയിച്ചത്. യുഡിഎഫ് പിന്തുണയിൽ ജയിച്ചെങ്കിലും പ്രത്യേക ബ്ലോക്ക് ആയിട്ടായിരുന്നു രമ സഭയിൽ ഇരുന്നത്. ഇത്തവണ കോഴിക്കോട് ജില്ലയിൽനിന്ന് കോൺഗ്രസിന് അഞ്ച് എംഎൽഎമാരെ വിജയിപ്പിച്ചെടുക്കാൻ സാധിച്ചു. ഇടതുകോട്ടയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ബാലുശ്ശേരിയിൽ കെഎസ്‌യു ജില്ലാ പ്രസിഡന്റ് വി.ടി. സൂരജിന്റേത് അട്ടിമറി വിജയമാണ്. സിനിമാ താരമായിരുന്ന ധർമജൻ ബോൾഗാട്ടിയെപ്പോലും കോൺഗ്രസ് പരീക്ഷിച്ച മണ്ഡലത്തിൽ തുടക്കക്കാരനായ സൂരജിന്റേത് 16,000-ത്തിലേറെ വോട്ടുകൾക്ക് മിന്നുംവിജയമാണ്. എലത്തൂരിലാണ് മറ്റൊരു അട്ടിമറി. നിലവിലെ മന്ത്രി എ.കെ. ശശീന്ദ്രനെ കെപിസിസി വൈസ് പ്രസിഡന്റുകൂടിയായ വിദ്യാ ബാലകൃഷ്ണൻ 12,000-ത്തിലേറെ വോട്ടുകൾക്ക് തറപറ്റിച്ചു. 1967 മുതൽ കമ്മ്യൂണിസ്റ്റ് സ്ഥാനാർഥികളെ മാത്രം ജയിപ്പിച്ച നാദാപുരത്ത് കെ.എം. അഭിജിത്തിനേയും കൊയിലാണ്ടിയിൽ ഡിസിസി പ്രസിഡന്റുകൂടിയായ കെ. പ്രവീൺ കുമാറിനേയും കോഴിക്കോട് നോർത്തിൽ കെ. ജയന്തിനേയും വിജയിപ്പിച്ചെടുക്കാൻ കോൺഗ്രസിനായി. ഇതിന് പുറമേയാണ് ലീഗ് സ്ഥാനാർഥികളുടെ വിജയം. പാറക്കൽ അബ്ദുള്ള സ്വന്തം തട്ടകമായ കുറ്റ്യാടി തിരികെ പിടിച്ചു. കൈവിട്ടുപോയ കോഴിക്കോട് സൗത്ത് അഡ്വ. ഫൈസൽ ബാബുവിലൂടേയും പിടിച്ചെടുക്കാൻ യുഡിഎഫിന് കഴിഞ്ഞു. തുടർച്ചയായി മൂന്ന് തവണ പിടിഎ റഹീം ജയിച്ചുവന്ന കുന്ദമംഗലത്ത് എം.എ. റസാഖ് മാസ്റ്ററും കൊടുവള്ളിയിൽ പി.കെ. ഫിറോസും തിരുവമ്പാടിയിൽ സി.കെ. കാസിമും വിജയിച്ചു. പേരാമ്പ്രയിൽ ഫാത്തിമ തഹ്‌ലിയ പരാജയപ്പെടുത്തിയത് എൽഡിഎഫ് കൺവീനറെയാണെന്നത് വിജയത്തിന്റെ തിളക്കം വർധിപ്പിക്കുന്നു. വടകര രമയിലൂടെ തന്നെ നിലനിർത്തി. കഴിഞ്ഞതവണ 13-ൽ പതിനൊന്നും നേടിയ എൽഡിഎഫിന് ഇത്തവണ ബേപ്പൂർ മാത്രമാണ് കോഴിക്കോട് ജില്ലയിൽ നിലനിർത്താനായത്. ഇവിടെ പി.വി. അൻവറിനോട് നിലവിലെ മന്ത്രി പി.എ. മുഹമ്മദ് റിയാസ് 7487 വോട്ടുകൾക്കാണ് വിജയിച്ചത്. ഇടതിന്റെ ശക്തമായ കോട്ടയെന്ന് അറിയപ്പെടുന്ന മണ്ഡലത്തിൽ കഴിഞ്ഞതവണ 30,000-ത്തിന് അടുത്തായിരുന്നു റിയാസിന്റെ ഭൂരിപക്ഷം.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!