ന്യൂസ് ഡെസ്ക് Last Updated: 23 April 2026, 08:16 AM IST പ്രതീകാത്മക ചിത്രം | ഫോട്ടോ: സാജന്‍ വി. നമ്പ്യാര്‍/ മാതൃഭൂമി കോഴിക്കോട്: സഹിച്ചുമടുത്തവരാണ് കോഴിക്കോട്ടുനിന്ന് വടക്കോട്ടുള്ള സായാഹ്നയാത്രക്കാർ. വർഷങ്ങളായി നേരിടുന്ന പ്രശ്‌നത്തിന് ജൂണിൽ പുറത്തിറങ്ങുന്ന പുതിയ റെയിൽവേ ടൈംടേബിളിലെങ്കിലും പരിഹാരമുണ്ടാവുമെന്ന പ്രതീക്ഷയിലാണവർ. വൈകീട്ട് 6.30-ന് ശേഷം നാലുമണിക്കൂർ നേരത്തേക്ക് സാധാരണ ട്രെയിൻ ഒന്നുപോലും കണ്ണൂരിലേക്കില്ല. ഇതുമൂലം സ്ഥിരയാത്രക്കാരും ഉദ്യോഗാർഥികളും വിദ്യാർഥികളും ദുരിതത്തിലായിരിക്കുന്നു. To advertise here, വൈകുന്നേരം 6.30-ന് കോയമ്പത്തൂർ-കണ്ണൂർ പ്രതിദിന എക്‌സ്പ്രസിനുശേഷം 10.25-നുള്ള ആലപ്പുഴ-കണ്ണൂർ എക്‌സിക്യുട്ടീവ് എക്‌സ്പ്രസ് മാത്രമാണ് കണ്ണൂർക്കുള്ളത്. 9.25-ന് വന്ദേഭാരത് ഉണ്ടെങ്കിലും സാധാരണയാത്രക്കാർക്ക് പ്രാപ്യമല്ല. എക്‌സിക്യുട്ടീവിനുശേഷവും രാത്രി വണ്ടികൾ കുറവാണ്. 12.20-ന് ദിവസവും ഏതെങ്കിലുമൊരു ദീർഘദൂരവണ്ടിയുണ്ടാവും. കണ്ണൂരിനപ്പുറത്തേക്കുള്ള യാത്രക്കാർക്ക് ഈ വണ്ടിയോ 1.30-ന്റെ വെസ്റ്റ്‌കോസ്റ്റ് എക്‌സ്പ്രസോ മാത്രമാണ് ആശ്രയം. അവർക്ക് 6.05-ന് നേത്രാവതി പോയിക്കഴിഞ്ഞാൽ 12.20 വരെ കാത്തിരിക്കണം. 6.30 മുതൽ 9.30 വരെ മെയിന്റനൻസ് ടൈമാണെന്നാണ് റെയിൽവേ ഇക്കാര്യത്തിൽ പറയുന്ന ന്യായം. പക്ഷേ, നിർമാണപ്രവൃത്തികൾ കഴിയാറായിട്ടും ഈ സമയമത്രയും യാത്രക്കാരെ വലയ്ക്കുന്നതിന് ന്യായീകരണമില്ല. പുതിയ റെയിൽവേ ടൈംടേബിളിൽ ഈ സമയത്ത് ഒന്നോ രണ്ടോ വണ്ടികൾ ഉൾപ്പെടുത്തുന്നത് എളുപ്പം സാധ്യമാണ്. അങ്ങനെ ഓടിക്കുന്നത് റെയിൽവേയ്ക്ക് ലാഭകരമാവുമെന്നതും ധാരാളം യാത്രക്കാരുണ്ടാവുമെന്നതും തീർച്ചയാണ്. ഗോവ-മംഗളൂരു വന്ദേഭാരത് കോഴിക്കോട്ടേക്ക് നീട്ടുന്നത് മറ്റൊരു സാധ്യതയായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഈ വണ്ടി ഇപ്പോൾ ലാഭകരമായല്ല സർവീസ് നടത്തുന്നത്. യാത്രക്കാരുടെ എണ്ണം വണ്ടിയുടെ ശേഷിയുടെ 30 ശതമാനം മാത്രമാണ്. ഈ വണ്ടി കോഴിക്കോടുവരെ നീട്ടിയാൽ യാത്രക്കാരുടെ എണ്ണം വർധിക്കുകയും ലാഭകരമാവുകയും ചെയ്യും. മലബാറിൽനിന്നുള്ള യാത്രക്കാർക്ക് വളരെയേറെ പ്രയോജനകരവുമാവും. യാത്രക്കാരുടെയും ജനപ്രതിനിധികളുടെയും ദീർഘകാല ആവശ്യം പരിഗണിച്ച് ബെംഗളൂരു വണ്ടി കോഴിക്കോടിന് നീട്ടിയതിന് നല്ല സ്വീകാര്യത ലഭിച്ചുവരുന്നുണ്ട്. മലബാറിൽ കൂടുതൽ വണ്ടികൾ ഓടിയാൽ നല്ല തിരക്കുണ്ടാവുമെന്നതിനും റെയിൽവേയ്ക്ക് ലാഭകരമാവുമെന്നതിനും ഉദാഹരണമാണിത്. ഷൊർണൂർ-കണ്ണൂർ മെമു പരിഹാരമാവും ഷൊർണൂർ-കണ്ണൂർ മെമു ഓടിയാൽ വൈകീട്ട് യാത്രക്കാരുടെ നരകയാതനയ്ക്ക് പരിഹാരമാവും. രാവിലെ ആ റൂട്ടിൽ മെമു ഓടുന്നുണ്ട്. പാലക്കാട് ഡിവിഷനിൽ ഒൻപത് മെമു ട്രെയിനുകൾ ഓടുമ്പോൾ അതിൽ ഈ ഒരെണ്ണംമാത്രമേ കോഴിക്കോട് വഴിയുള്ളൂ. ഇതുപോലെ വൈകുന്നേരം ഏഴുമണിക്കുശേഷം ഒരു മെമു ഓടുന്നത് പ്രയോജനകരമാണ്. കോഴിക്കോട്-കണ്ണൂർ മെമുവിനും നല്ല സാധ്യതയുണ്ട്. Content Highlights: Severe lack of train services between Kozhikode and Kannur from 6:30 PM to 10:25 PM., Proposed extension of Goa-Mangaluru Vande Bharat to Kozhikode to improve profitability., Demand for a new Shoranur-Kannur MEMU service to alleviate evening congestion., Expectations set for the upcoming 2026 railway timetable to address long-standing commuter grievances. Published: 23 Apr 2026, 08:16 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

കോഴിക്കോട്ടുനിന്ന് വൈകീട്ട് വടക്കോട്ടൊരു ട്രെയിനുണ്ടായിരുന്നെങ്കിൽ… പുതിയ ടൈംടേബിളിൽ പ്രതീക്ഷ
M
MathrubhumiSource Link
17 days ago