കോൺഗ്രസ് തലനാരിഴയ്ക്ക് രക്ഷപ്പെടുമ്പോൾ | വഴിപോക്കൻ

കോൺഗ്രസ് തലനാരിഴയ്ക്ക് രക്ഷപ്പെടുമ്പോൾ | വഴിപോക്കൻ

M
MathrubhumiSource Link
വഴിപോക്കന്‍ Last Updated: 21 Mar 2026, 05:04 pm IST അവസാന നിമിഷത്തിൽ ഉണർന്നെഴുന്നേൽക്കാൻ ഹൈക്കമാൻഡിന് കഴിഞ്ഞതുകൊണ്ടുമാത്രമാണ് ഇന്നിപ്പോൾ കളത്തിൽ കോൺഗ്രസ് വീണ്ടും നിറയുന്നത്. കെഎസ്സിനോട് ഒരു തരത്തിലുമുള്ള വിട്ടുവിഴ്ചയുമില്ല എന്ന തീരുമാനം ഹൈക്കമാൻറിനെക്കൊണ്ട് ആരാണ് എടുപ്പിച്ചതെങ്കിലും അവർക്കിരിക്കട്ടെ ഒരു കുതിരപ്പവൻ! പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. | Photo: Mathrubhumi വി ജയത്തിന്റെ വായിൽനിന്നും പരാജയം എങ്ങിനെയാണ് പിടിച്ചെടുക്കേണ്ടതെന്ന് കോൺഗ്രസിന് ആരും പറഞ്ഞുകൊടുക്കേണ്ട കാര്യമില്ല. 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന ഇന്ത്യാമുന്നണി വിജയം ഉറപ്പിച്ചതായിരുന്നു. പ്രതിസന്ധിയിൽനിന്നും പ്രതിസന്ധിയിലേക്കുള്ള യാത്രയിലായിരുന്നു മോദി സർക്കാർ. രൂക്ഷമായ തൊഴിലില്ലായ്മയ്ക്കും സാമ്പത്തിക മുരടിപ്പിനും മറുമരുന്നില്ലാതെ മോദിസർക്കാർ നട്ടം തിരിഞ്ഞ കാലം. അയോദ്ധ്യയും ഹിന്ദുത്വയുമെന്ന ഒറ്റമൂലി ഫലിക്കാതെ വന്നേക്കുമെന്ന് ആർഎസ്എസ്സിന് ഉൾവിളിയുണ്ടായിരുന്നു. എന്നിട്ടും മൂന്നാം വട്ടവും മോദി പ്രധാനമന്ത്രി പദത്തിലേക്കെത്തി. തൊട്ട് തലേവർഷം നടന്ന കർണാടക തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വൻ വിജയം നേടിയതോടെ അമിത ആത്മവിശ്വാസത്തിലേക്ക് കോൺഗ്രസ് വീണതാണ് മുഖ്യമായും ബിജെപിയെ 2024-ൽ തുണച്ചത്. To advertise here, അതുവരെ ഇന്ത്യാമുന്നണിയുടെ കെട്ടുറപ്പിനെ സഹായിച്ച ഒരു ഘടകം കോൺഗ്രസിന്റെ ഉൾക്കൊള്ളൽ സമീപനമായിരുന്നു. സഖ്യകക്ഷികൾക്ക് കൊടുക്കാവുന്നത്ര ഇടം കൊടുത്തുകൊണ്ടാണ് കോൺഗ്രസ് ഇന്ത്യാമുന്നണിയെ ഒന്നിച്ചു നിർത്തിയത്. മമതയും സ്റ്റാലിനും പവാറും ഉദ്ധവും നിതീഷും ഉൾപ്പെട്ട ഈ സഖ്യം ബിജെപിക്ക് ശരിക്കും തലവേദനയായി. പക്ഷേ, കർണാടകം പിടിച്ചതോടെ കോൺഗ്രസിലെ ഉപജാപക സംഘം സടകുടഞ്ഞെഴുന്നേറ്റു. ഇന്ത്യ സഖ്യത്തിന്റെ കൺവീനറാകുമെന്ന് ഉറപ്പിക്കപ്പെട്ട നിതീഷ് കുമാറിനെ എങ്ങിനെ ഒതുക്കാം എന്നായി കോൺഗ്രസിന്റെ ചിന്ത. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വിജയം ഉറപ്പാണെന്നും അതുകൊണ്ടുതന്നെ രാഹുൽ ഗാന്ധിയെ ഇന്ത്യ മുന്നണിയുടെ തലപ്പത്ത് പ്രതിഷ്ഠിക്കണമെന്നും ജയ്‌റാം രമേഷും കെ.സി. വേണുഗോപാലും അടങ്ങുന്ന രാഹുൽ ബ്രിഗേഡ് തീരുമാനിച്ചു. ഒതുക്കപ്പെടുകയാണെന്നുള്ള തിരിച്ചറിവിൽ നിതിഷ് മറുകണ്ടം ചാടി. അന്ന് നീതീഷിനെ കൂടെ നിർത്താൻ അല്ലറ ചില്ലറ വിട്ടുവീഴ്ചകൾ ചെയ്തിരുന്നെങ്കിൽ മോദി ചിലപ്പോൾ കാശിക്ക് പോകേണ്ടി വരുമായിരുന്നു. മറക്കരുത് ഹരിയാണയും മഹാരാഷ്ട്രയും അതേ വർഷം തന്നെ നടന്ന ഹരിയാണ, മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പുകളിലും കോൺഗ്രസ് വിജയത്തിന്റെ വായിൽനിന്നും പരാജയം പിടിച്ചെടുത്തു. രണ്ടിടത്തും അമിതമായ ആത്മവിശ്വാസമായിരുന്നു മുഖ്യകാരണം. വോട്ടിങ്ങിലുണ്ടായ ക്രമക്കേടുകൾ രണ്ടിടത്തും പ്രശ്‌നമായെങ്കിലും കോൺഗ്രസിന്റെ ഭാഗത്തുനിന്നുണ്ടായ അനവധാനതയും അലംഭാവവും കാണാതിരിക്കേണ്ട കാര്യമില്ല. 1992-ൽ ബ്രിട്ടനിൽ സമാനമായ രീതിയിലാണ് ലേബർ പാർട്ടി പരാജയം പിടിച്ചു വാങ്ങിയത്. 13 കൊല്ലത്തെ ഭരണം തീർത്ത കെടുകാര്യസ്ഥതയും സാമ്പത്തിക തകർച്ചയും കൺസർവേറ്റിവ് പാർട്ടിക്ക് തിരിച്ചടിയാകേണ്ടതായിരുന്നു. പക്ഷേ, അമിതമായ ആത്മവിശ്വാസം ലേബർ പാർട്ടിയെ ഒരിക്കൽ കൂടി പ്രതിപക്ഷമാക്കി. ആത്മവിശ്വാസം അമിതമാവുന്ന സമാന അവസ്ഥയിലേക്കാണ് കോൺഗ്രസ് കേരളത്തിലും നീങ്ങിക്കൊണ്ടിരുന്നത്. പിണറായി വിജയൻ സർക്കാരിനെതിരെ സമൂഹത്തിന്റെ അടിത്തട്ടിലുള്ള ജനവികാരം പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ദൃശ്യമായിരുന്നു. പാർട്ടി നേതാക്കളുടെ ബന്ധുമിത്രാദികൾക്ക് സീറ്റ് നൽകാനുള്ള തീരുമാനവും അഴിമതിക്കാരെ സംരക്ഷിക്കുന്നതിനുള്ള നീക്കവും സിപിഎമ്മിൽ ഇതുവരെ കാണാത്ത രീതിയിലുള്ള പൊട്ടിത്തെറികൾക്ക് കാരണമായി. പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണനും തളിപ്പറമ്പിൽ ടി.കെ. ഗോവിന്ദനും ഉയർത്തിയ കലാപം സമാനതകളില്ലാത്തതായിരുന്നു. ആലപ്പുഴയിൽ ജി. സുധാകരൻ പാർട്ടി വിട്ടതും സിപിഎമ്മിനെ തളർത്തി. മൊത്തത്തിൽ സിപിഎം പ്രതിസന്ധികളിൽ നിന്നും പ്രതിസന്ധികളിലേക്ക് വീഴുന്ന കാഴ്ച. അഞ്ചാംപത്തികളുടെ കളി ആത്മവിശ്വാസത്തിന്റെ ഈ അധിക്യതയിലാണ് കെ. സുധാകരൻ ഉണർന്നത്. യുഡിഎഫ് വിജയിച്ചാൽ താൻ വെറും എംപിയായി തുടരുന്നതിൽ ഒരർത്ഥവുമില്ലെന്ന് കെ.എസ്സിന് ഉൾവിളിയുണ്ടായി. നൂറ്റിപ്പത്ത് ശതമാനവും കണ്ണൂർ നിയമസഭാ മണ്ഡലത്തിൽ സ്ഥാനാർഥിയാവുമെന്ന കെ.എസ്സിന്റെ പ്രഖ്യാപനം എല്ലാ അർത്ഥത്തിലും കോൺഗ്രസ് നേതൃത്വത്തിനെതിരെയുള്ള പടപ്പുറപ്പാടായിരുന്നു. പുതുയുഗയാത്രയിലൂടെ വി.ഡി. സതീശൻ ഉയർത്തിക്കൊണ്ടുവന്ന ഓളം ഒറ്റയടിക്ക് 'കണ്ണൂർ സിംഹം' റദ്ദ് ചെയ്യുന്ന ദൃശ്യമായിരുന്നു അത്. അഞ്ചുവർഷം മുമ്പ് ഇടത് മുന്നണിയോട് തുടർച്ചയായി രണ്ടാം വട്ടം തോറ്റപ്പോൾ തുടങ്ങേണ്ടിയിരുന്ന തിരഞ്ഞെടുപ്പ് തന്ത്രങ്ങളിൽ കോൺഗ്രസ് എത്രമാത്രം പിന്നിലാണെന്ന് വ്യക്തമായ നിമിഷം. ലോക്‌സഭയിൽ മോദി സർക്കാരിനോട് ഏറ്റുമുട്ടാൻ 99 എംപിമാരേ കോൺഗ്രസിനുള്ളു. അപ്പോഴാണ് കെ.എസ്സും അടൂർ പ്രകാശും മന്ത്രിക്കസേര ലക്ഷ്യമിട്ട് എം.പി. സീറ്റുകൾ വലിച്ചെറിയാൻ തയ്യാറെടുത്തത്. പരസ്യമായ അച്ചടക്കലംഘനത്തിൽ കുറഞ്ഞ ഒന്നുമല്ലിതെന്ന് ഹൈക്കമാൻഡിന് ആരെങ്കിലും പറഞ്ഞുകൊടുക്കേണ്ട കാര്യമുണ്ടോ? നിയമസഭയിലേക്ക് മത്സരിക്കുന്നതിനുള്ള നാമനിർദേശ പത്രിക കൊടുക്കേണ്ട അവസാന ദിവസം മാർച്ച് 23 ആണ്. അങ്ങിനെ സമയമില്ലാ നേരത്ത് കോൺഗ്രസിനെ മുൾമുനയിലാക്കാൻ ഈ എംപിമാർക്ക് ധൈര്യമുണ്ടായെങ്കിൽ ഉത്തരം പറയേണ്ട ഒരാൾ പാർട്ടിയുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയായ കെ.സി. വേണുഗോപാലാണ്. വിജയത്തിന്റെ വായിൽനിന്ന് പരാജയം പിടിച്ചെടുക്കാൻ ഈ എംപിമാർക്ക് അവസരം ലഭിച്ചിരുന്നെങ്കിൽ കെ.സിക്ക് പിന്നെ ആ സ്ഥാനത്തിരിക്കാൻ അർഹതയുണ്ടാവുമായിരുന്നില്ല. തലനാരിഴയ്ക്കാണ് കോൺഗ്രസ് ഇപ്പോൾ രക്ഷപ്പെട്ടിരിക്കുന്നത്. കണ്ണൂർ സിംഹമായാലും അടൂരിലെ പുലിയായാലും പാർട്ടിക്ക് മുകളിൽ കളിച്ചാൽ ഇരുത്തേണ്ടിടത്തിരുത്തുമെന്ന് അവസാന നിമിഷമെങ്കിലും തീരുമാനമെടുക്കാൻ ഹൈക്കമാൻഡിനായത് കൊണ്ടുള്ള രക്ഷപ്പെടൽ. കെ.എസ്സിനേയും അടൂർ പ്രകാശിനേയും അടക്കിയിരുത്താൻ ഇത്രയും സമയമെടുത്തു എന്നത് പാർട്ടി നേതൃത്വത്തിന്റെ പരാജയമാണെന്ന കാര്യത്തിൽ സംശയമില്ല. കണ്ണൂരും കോന്നിയും മാത്രമല്ല കേരളത്തിലെ 140 മണ്ഡലങ്ങളിലും അനിശ്ചിതത്വമുണ്ടാക്കുന്നതിനാണ് കെ.എസ്സും അടൂർ പ്രകാശും തുനിഞ്ഞിറങ്ങിയത്. കെ.എസ്സിന്റെയും അടൂർ പ്രകാശിന്റെയും നീക്കത്തിന് പിന്നിൽ ആരൊക്കെയുണ്ടായിരുന്നെന്ന് കണ്ടെത്താൻ ഹൈക്കമാൻഡിന് അധികം സമയം വേണ്ടി വരില്ല. നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ ഈ അഞ്ചാംപത്തികളെ നിർത്തേണ്ടിടത്ത് നിർത്താൻ ഹൈക്കമാൻഡിനാവണം. മണ്ഡല പുനർനിർണയം ആത്മവിശ്വാസം നല്ലതാണ്. പക്ഷേ, അമിതമായാൽ കാണേണ്ടത് കാണാനും കേൾക്കേണ്ടത് കേൾക്കാനും കഴിയില്ല. 1991-ൽ നായനാർക്കും ഇടത് മുന്നണിക്കും സംഭവിച്ചത് അതാണ്. വിജയം ഉറപ്പാണെന്ന വിശ്വാസത്തിൽ ഒരു കൊല്ലം മുമ്പേ തിരഞ്ഞെടുപ്പിന് തയ്യാറാവുകയായിരുന്നു അന്ന് ഇടത് മുന്നണി. പക്ഷേ, രാജീവ് ഗാന്ധിവധം ഇടതു മുന്നണിയുടെ കണക്കുകൂട്ടലുകൾ പാടെ തെറ്റിച്ചു. 93 സീറ്റുകൾ സ്വന്തമാക്കി കരുണാകരനും യുഡിഎഫും അധികാരത്തിലെത്തി. 51 സീറ്റുകൾ കൊണ്ട് ഇടത് മുന്നണിക്ക് തൃപ്തിപ്പെടേണ്ടി വന്നു. 2008-ലെ മണ്ഡല പുനർനിർണ്ണയത്തിന് ശേഷം കേരളത്തിൽ ചുരുങ്ങിയത് 50 നിയമസഭ സീറ്റുകളിലെങ്കിലും വിജയം ഉറപ്പാണെന്നാണ് ഇടത് മുന്നണി കണക്ക് കൂട്ടുന്നത്. 2011-ലെയും 16-ലെയും 21-ലെയും തിരഞ്ഞെടുപ്പ് ഫലങ്ങളുടെ പുറത്തുള്ള വിലയിരുത്തലാണിത്. അതായത് 21 സീറ്റുകളിൽ കിണഞ്ഞുപരിശ്രമിച്ചാൽ മൂന്നാംവട്ടവും ഭരണം നിലനിർത്താനാവും എന്ന ചിന്തയാണ് പിണറായിയേയും കൂട്ടരേയും നയിക്കുന്നത്. ജനകീയരായ സ്ഥാനാർഥികളെ നിർത്തിയും പണത്തിന് പണവും ആളിനാളെയും ഇറക്കിയും ഈ ലക്ഷ്യത്തിലെത്താനാവുമെന്നും ഇടത് മുന്നണിയുടെ വാർ റൂം വിദഗ്ദർ കരുതുന്നു. യുദ്ധം വഷളായാൽ പിണറായി സർക്കാരിനെതിരെ ജനങ്ങൾക്കിടയിലുള്ള വികാരമാണ് യുഡിഎഫിന്റെ മുഖ്യ മൂലധനം. പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഫലം അതിനുള്ള സാക്ഷ്യപത്രമാണെന്നും യുഡിഎഫ് കരുതുന്നു. ക്രിസ്ത്യൻ - മുസ്ലിം വോട്ടുകളുടെ ക്രോഡീകരണവും തങ്ങൾക്കനുകൂലമാവുമെന്നും യുഡിഎഫ് കണക്ക് കൂട്ടുന്നു. പക്ഷേ, രാജീവ് ഗാന്ധി വധം പോലെ അപ്രതീക്ഷിതമായി എന്തങ്കിലും സംഭവവികാസമുണ്ടായാൽ ഇത്തരം കണക്കുകൂട്ടലുകൾ തകരും. ഉദാഹരണത്തിന് ഇറാനെതിരെ അമേരിക്കയും ഇസ്രായേലും നടത്തുന്ന യുദ്ധം വഷളായാൽ കേരളത്തിലെ തിരഞ്ഞെടുപ്പ് ഫലം മാറി മറിയാൻ വലിയ താമസമുണ്ടാവില്ല . എണ്ണ ക്ഷാമവും പാചക വാതക ക്ഷാമവും ഗുരുതരമായാൽ ജനങ്ങളുടെ ജീവിതം താറുമാറാവും. നിത്യേനയുള്ള ജീവിതം അനിശ്ചിതത്വത്തിലാവുന്നതോടെ പിണറായി സർക്കാരിനോടുള്ള എതിർപ്പ് ജനം മറന്നുപോകാം. എങ്ങിനെയെങ്കിലും അതിജീവിക്കണം എന്ന ചിന്തയ്ക്ക് മുന്നിൽ സ്ഥിരതയും നിശ്ചയദാർഢ്യവുമുള്ള ഒരു നേതാവും ആ നേതാവ് നയിക്കുന്ന സർക്കാരും ജനങ്ങൾക്ക് ആകർഷകമാവും. കോവിഡ്, പ്രളയ കാലങ്ങളിൽ ജനം പിണറായി സർക്കാരിൽ അഭയവും ആശ്രയവും കണ്ടെത്തിയത് മറക്കരുത്. അടുക്കളകൾ അടച്ചിടേണ്ടി വരുന്ന ഘട്ടത്തിൽ കമ്മ്യൂണിറ്റി കിച്ചനുകൾ തുറന്ന് ജനങ്ങൾക്ക് സാന്ത്വനമേകാൻ പിണറായി സർക്കാരിന് രണ്ട് വട്ടം ആലോചിക്കേണ്ടി വരില്ല. അന്നന്നത്തെ അപ്പം പിണറായി സർക്കാർ നൽകുന്ന അവസ്ഥയുണ്ടായാൽ അവസാനമില്ലാത്ത ദുസ്വപ്നങ്ങളാവും കോൺഗ്രസിനെ കാത്തിരിക്കുക. ഒരർത്ഥത്തിൽ ഇറാൻ യുദ്ധം വഷളാവാതെ നോക്കേണ്ടത് കേരളത്തിൽ യുഡിഎഫിന്റെ കൂടി ബാദ്ധ്യതയാണ്. തിരഞ്ഞെടുപ്പ് ഇത്രയും പെട്ടെന്നാക്കിയതിൽ തിരഞ്ഞെടുപ്പ് കമ്മിഷന് യുഡിഎഫ് നന്ദിയും പറയണം. അവസാന നിമിഷത്തിൽ ഉണർന്നെഴുന്നേൽക്കാൻ ഹൈക്കമാൻഡിന് കഴിഞ്ഞതുകൊണ്ടുമാത്രമാണ് ഇന്നിപ്പോൾ കളത്തിൽ കോൺഗ്രസ് വീണ്ടും നിറയുന്നത്. കെഎസ്സിനോട് ഒരു തരത്തിലുമുള്ള വിട്ടുവിഴ്ചയുമില്ല എന്ന തീരുമാനം ഹൈക്കമാൻഡിനെക്കൊണ്ട് ആരാണ് എടുപ്പിച്ചതെങ്കിലും അവർക്കിരിക്കട്ടെ ഒരു കുതിരപ്പവൻ! വഴിയിൽ കേട്ടത്: എന്തുകൊണ്ട് പേൾഹാർബറിനെക്കുറിച്ച് പറഞ്ഞില്ലെന്ന ട്രംപിന്റെ ചോദ്യത്തിന് മുന്നിൽ ജപ്പാൻ പ്രധാനമന്ത്രി അസ്വസ്ഥയായെന്ന് റിപ്പോർട്ട്. ഇവിടെയാണ് മോദിജിയെ കണ്ടു പഠിക്കേണ്ടത്. ഒരു നിവൃത്തിയുണ്ടെങ്കിൽ ട്രംപിന്റെ മുമ്പിൽ ചെന്നുപെടാതിരിക്കാൻ മോദിജി എടുക്കുന്ന മുൻകരുതലാണ് മുൻകരുതൽ! Content Highlights: The Congress party narrowly avoided a self-inflicted crisis due to timely high-command intervention., Internal dissent from senior leaders like K. Sudhakaran and Adoor Prakash threatened the party's electoral stability., Lessons from the 2024 Lok Sabha elections and assembly losses in Haryana and Maharashtra underscore the need for unity., External geopolitical factors like the Iran war could shift voter sentiment in Kerala, potentially benefiting the incumbent government., Strategic discipline is essential for the UDF to capitalize on anti-incumbency against the LDF. Published: 21 Mar 2026, 04:50 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കോൺഗ്രസ് തലനാരിഴയ്ക്ക് രക്ഷപ്പെടുമ്പോൾ | വഴിപോക്കൻ — Mathru… | Boolokam