അ ട്ടപ്പാടിയുടെ മണ്ണിൽ ചെറുധാന്യങ്ങളുടെ പൊൻകതിരുകൾ വിരിയുകയാണ്. ഒരുകാലത്ത് ആദിവാസി സമൂഹത്തിന്റെ ഭക്ഷ്യസുരക്ഷയും ആരോഗ്യവും ഉറപ്പാക്കിയിരുന്ന മില്ലറ്റ് കൃഷി, ആധുനികതയുടെ കടന്നുകയറ്റത്തിൽ നിറം മങ്ങിപ്പോയിരുന്നു. ഇത് തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് ഡൽഹിയിലെ തിരക്കുകളിൽനിന്ന് അട്ടപ്പാടിയുടെ ശാന്തതയിലേക്ക് കുടിയേറിയ ശരത് നാരായണൻ. രാജ്യതലസ്ഥാനത്തെ കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ചാണ് ശരത് അട്ടപ്പാടിയിൽ മില്ലറ്റ് (ചെറുധാന്യം) കൃഷി നടത്തുന്നത്. അതുവഴി അപ്രത്യക്ഷമായിക്കൊണ്ടിരുന്ന തനത് വിത്തുകളെ വീണ്ടെടുക്കാനാണ് ശരത്തിന്റെ ശ്രമം. To advertise here, കൃഷി എന്നതിലുപരി, ഒരു സംസ്കാരത്തെയും ജീവിതരീതിയെയും തിരിച്ചുപിടിക്കാനുള്ള ശ്രമമാണ് ശരത് നടത്തുന്നത്. ഒഡിഷയിലെ കൊറാപ്പൂട്ടിൽനിന്ന് എം.എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷന്റെയും ‘മില്ലറ്റ് ക്യൂൻ’ റായ്മതി ഗുരിയ (Raimati Ghiuria)യുടെയും സഹായത്തോടെ അപൂർവവിത്തുകൾ ശേഖരിച്ചാണ് ശരത്തിന്റെ കാർഷിക പരീക്ഷണം. റാഗി, കമ്പ്, മണിച്ചോളം, മക്കാചോളം കുതിരവാലി, തിന, വരഗ്, രാജ്ഗിര തുടങ്ങിയ ചെറുധാന്യങ്ങളാണ് ശരത് കൃഷി ചെയ്യുന്നത്. ഇത് വിജയമായതോടെ വരും സീസണിൽ കൃഷി വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഈ കർഷകൻ. മില്ലറ്റുകളെക്കുറിച്ചും അവയുടെ കൃഷിരീതിയെക്കുറിച്ചും ശരത് മാതൃഭൂമി ഡോട്ട് കോമുമായി സംസാരിക്കുന്നു. മില്ലറ്റിന്റെ കൃഷിലോകത്തേക്ക് അട്ടപ്പാടിയിലെ ആദിവാസി ഊരുകൾ സന്ദർശിച്ചതിലൂടെ കിട്ടിയ അറിവുകളാണ് ശരത് നാരായണന് മില്ലറ്റ് കൃഷി ആരംഭിക്കാൻ പ്രചോദനമായത്. ‘ അട്ടപ്പാടിയിൽ വർഷങ്ങൾക്കു മുമ്പ് തന്നെ മില്ലറ്റുകൾ വ്യാപകമായിരുന്നു. 20 വർഷം മുൻപ് ആദ്യമായി സന്ദർശനത്തിന് എത്തുമ്പോൾ ഇവിടെ മില്ലറ്റ് കൃഷി വ്യാപകമായിരുന്നു. ആദിവാസികളുടെ പ്രധാന ഭക്ഷണം മില്ലറ്റായിരുന്നു. അവർ റേഷൻ കടകളെ ആശ്രയിച്ചിരുന്നില്ല എന്നാണ് പഴയ മൂപ്പന്മാർ പറയുന്നത്. സ്വന്തമായി കൃഷി ചെയ്ത് വർഷങ്ങളോളം സൂക്ഷിച്ചുവെക്കുന്ന ധാന്യങ്ങളാണ് അവരുടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കിയിരുന്നത്. അന്ന് മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി തുടങ്ങിയിട്ടില്ലാത്ത കാലം. മറ്റ് ജോലികളില്ലാതിരുന്ന അവർ മില്ലറ്റ് വ്യാപകമായി കൃഷി ചെയ്തിരുന്നു. പിന്നീട് ക്രമേണ ഇതിന്റെ അളവ് കുറഞ്ഞു വന്നു.’ ശരത് വിശദീകരിച്ചു. ഡൽഹിയിൽ മാധ്യമരംഗത്ത് എച്ച്.ആർ മാനേജരായി പ്രവർത്തിച്ചിരുന്ന ശരത്തിന്റെ യാത്രകളോടും പ്രകൃതിയോടുമുള്ള താൽപ്പര്യമാണ് അദ്ദേഹത്തെ അട്ടപ്പാടിയിൽ എത്തിച്ചത്. ‘ഡൽഹിയിൽ ജോലി ചെയ്തിരുന്ന കാലത്താണ് അട്ടപ്പാടിയിൽ സ്ഥിരതാമസമാക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നതും സ്ഥലം വാങ്ങുന്നതും. ചുറ്റും വനവും ഇത്രയേറെ കെട്ടിട നിർമാണങ്ങളും ഇല്ലാതിരുന്നതിനാൽ വേനൽക്കാലത്ത് പോലും അട്ടപ്പാടിയിൽ നല്ല തണുപ്പായിരുന്നു. പിന്നീട് പത്തുവർഷം മുൻപ് ഞാൻ അവിടെ സ്ഥിരതാമസത്തിന് എത്തുമ്പോഴേക്കും ചിത്രം പാടെ മാറിയിരുന്നു. ടൗണിനോട് ചേർന്ന് താമസിക്കുന്ന ആദിവാസികൾ കൃഷി ഏതാണ്ട് ഉപേക്ഷിച്ച മട്ടിലായിരുന്നു. പുതുതലമുറയ്ക്ക് വിദ്യാഭ്യാസവും ജോലിയും ലഭിച്ചു തുടങ്ങിയതും റേഷൻ സംവിധാനങ്ങൾ സജീവമായതുമെല്ലാം അവരുടെ തനത് കൃഷിരീതികളെ പിന്നോട്ടടിച്ചു. തനത് കൃഷികളായ തുവര, അട്ടപ്പാടി കടുക്, മുതിര, എള്ള് എന്നിവയിൽ നിന്ന് പിൻവാങ്ങി. ഇതിൽ 'അട്ടപ്പാടി കടുക്' എന്ന വിശേഷപ്പെട്ട ഇനം ഏതാണ്ട് ഇല്ലാതായ അവസ്ഥയിലാണ്.’ അട്ടപ്പാടി ഒരു വരൾച്ചാബാധിത മേഖലയായതിനാൽ മഴയെ ആശ്രയിച്ചാണ് കൃഷി നടന്നിരുന്നത്. ‘ജലസേചന സൗകര്യം കുറഞ്ഞ, മഴയെ മാത്രം ആശ്രയിക്കുന്ന അട്ടപ്പാടിയിലെ ഭൂമിയിൽ വന്യമൃഗങ്ങളുടെ ശല്യം കൂടിയായതോടെ പലരും കൃഷി പൂർണമായും ഉപേക്ഷിച്ചു. മയിലുകൾ വ്യാപകമായി വിള നശിപ്പിക്കുന്നതും കർഷകരെ കൃഷിയിൽനിന്ന് പിന്നോട്ടടിപ്പിച്ചു. ജലസേചന സൗകര്യങ്ങൾ കുറവായതും അധ്വാനം കൂടുതലായതും കാരണം വിദൂര ഊരുകളിൽ മാത്രമാണ് പേരിനെങ്കിലും കൃഷി അവശേഷിച്ചത്. അങ്ങനെ തനത് വിത്തുകൾ അട്ടപ്പാടിയിൽ നിന്ന് പൂർണമായും അപ്രത്യക്ഷമാകുന്ന അവസ്ഥയായി. നഞ്ചിയമ്മയെപ്പോലെയുള്ളവർ ഇന്നും ഇത്തരം തനത് ഭക്ഷണങ്ങളുടെ പ്രാധാന്യം പറയാറുണ്ട്. അവരുടെ വീടിന് പിന്നിൽ 'രാജ്ഗിര' (പൊരിച്ചീര) പോലുള്ളവ അവർ ഇപ്പോഴും കൃഷി ചെയ്യുന്നു.’ ശരത് നാരായണന്റെ കൃഷിയിടം | Photo: Special arrangement/Sarath Narayanan മില്ലറ്റ് മിഷനും പുതിയ തുടക്കവും മില്ലറ്റ് മിഷന്റെ അട്ടപ്പാടിയിലെ പ്രവർത്തനങ്ങളാണ് മില്ലറ്റ് കൃഷിയ്ക്ക് പ്രദേശത്ത് വീണ്ടും പ്രചാരം നൽകിയത്. മില്ലറ്റ് മിഷന്റെ സന്ദർശനമാണ് ശരതിനേയും ഇതിലേക്ക് കൂടുതൽ ആകർഷിച്ചത്. ‘ അട്ടപ്പാടിയിൽ മില്ലറ്റ് മിഷൻ എത്തിയെങ്കിലും വിത്തുകളുടെ ദൗർലഭ്യം വലിയ പ്രതിസന്ധിയായിരുന്നു. കർണാടകയിൽ നിന്നൊക്കെ ഹൈബ്രിഡ് വിത്തുകൾ എത്തിച്ചാണ് കൃഷി തുടങ്ങിയത്. പലപ്പോഴും സർക്കാർ പദ്ധതികൾ ഫയലുകളിൽ ഒതുങ്ങിപ്പോകുന്ന കാഴ്ചയാണ് കണ്ടത്. അട്ടപ്പാടിയിൽ ലഭ്യമായ വിത്തുകൾ ഉപയോഗിച്ചാണ് തുടക്കത്തിൽ കൃഷി ചെയ്തിരുന്നത്. തനത് വിത്തുകൾ ഉപയോഗിച്ച് കൃഷി ചെയ്യണം എന്നായിരുന്നു ആഗ്രഹം. അത്തരം വിത്തുകൾ ഇവിടെ ലഭ്യമാകാത്തതിനാൽ മറ്റ് മാർഗങ്ങൾ അന്വേഷിക്കുകയായിരുന്നു.’- തുടക്കകാലത്തെക്കുറിച്ച് ശരത് ഓർത്തെടുത്തു. ഈ സമയത്താണ് ഒഡിഷയിലെ കൊറാപ്പൂട്ടിൽ നിന്നുള്ള റായ്മതി ഗുരിയയെക്കുറിച്ച് ശരത് അറിയുന്നത്. മില്ലറ്റ് കൃഷിയിൽ ശ്രദ്ധപതിപ്പിച്ച റായ്മതി അവരുടെ ഗ്രാമത്തിൽ സർക്കാർ സഹായത്തോടെ ഒരു ഫാം സ്കൂൾ നടത്തുന്നുണ്ട്. അവരുടെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത് എം.എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷനാണ്. അവരുടെ സഹകരണത്തോടെ മില്ലറ്റ് കൃഷിയെക്കുറിച്ചും മില്ലറ്റ് കൊണ്ട് ഉണ്ടാക്കാവുന്ന മൂല്യവർധിത ഉൽപ്പന്നനിർമാണവുമൊക്കെ പരിശീലിപ്പിക്കുന്നുണ്ട്. വാർത്ത അറിഞ്ഞതോടെ അവരുമായി ബന്ധപ്പെടാൻ ശ്രമിച്ചു. മാധ്യമരംഗത്ത് ജോലി ചെയ്തിരുന്ന പരിചയം വെച്ച് അവിടെയുള്ള ഒരു മാധ്യമപ്രവർത്തകനിലൂടെ അവരുടെ നമ്പർ സംഘടിപ്പിച്ചു. തുടർന്ന് വിത്തറിവുകൾ തേടി റായ്മതിയുടെ നാടായ ഒഡിഷയിലെ കൊറാപ്പൂട്ടിലേക്ക് യാത്ര നടത്തി. ‘കൊറാപ്പൂട്ടിലെ കാഴ്ചകൾ അതിശയകരമായിരുന്നു. അവിടെ കിലോമീറ്ററുകളോളം മില്ലറ്റ് കൃഷി ചെയ്തിരിക്കുന്നു. അത് വാങ്ങാൻ സർക്കാർ തന്നെ കൃത്യമായ സംവിധാനമൊരുക്കുന്നുണ്ട്. പൊതുവിതരണ കേന്ദ്രങ്ങൾ വഴി അരിയ്ക്ക് പുറമെ റാഗിയും കുതിരവാലിയും വിതരണം ചെയ്യുന്നതിലൂടെ കർഷകർക്ക് മികച്ച വരുമാനം ഉറപ്പാക്കാൻ അവിടെ സാധിക്കുന്നു. ഇത് കർഷകർക്ക് വലിയ പ്രോത്സാഹനമാണ്. കൊറാപ്പൂട്ടിലെ എം.എസ്. സ്വാമിനാഥൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞരുടെ പിന്തുണയും എനിക്ക് ലഭിച്ചു. എം.എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷന്റെ സഹായത്തോടെ ഞാൻ അവിടുത്തെ കൃഷിരീതികൾ പഠിക്കുകയും റായ്മതിയുടെ പക്കൽ നിന്നും വിത്തുകൾ ശേഖരിക്കുകയും ചെയ്തു. അവരുടെ വീട്ടിൽ പോകാനും മില്ലറ്റ് ഉൽപ്പന്നങ്ങളുടെ പരിശീലനത്തിൽ പങ്കെടുക്കാനും എംഎസ്എസ്ആർഎഫ് (MSSRF) എല്ലാ സൗകര്യങ്ങളും ചെയ്തുതന്നു.’- കൊറാപ്പൂട്ടിലെ അനുഭവങ്ങൾ ശരത് പങ്കുവെച്ചു. കൃഷിരീതി, ഇനങ്ങൾ കൊറാപ്പൂട്ടിൽ നിന്ന് ശേഖരിച്ച വിത്തുകളുമായി ശരത് അട്ടപ്പാടിയിൽ തിരിച്ചെത്തി. തുടർന്ന് കഴിഞ്ഞ വർഷം സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിലാണ് (തുലാം മഴ കിട്ടുന്ന സമയം) കൃഷി ആരംഭിച്ചത്. ‘ അഗളിയിലുള്ള 25 സെന്റ് സ്ഥലത്തായിരുന്നു പരീക്ഷണം. അവിടെ ഒരു ആദിവാസി സഹോദരിയുടെ സഹായത്തോടെ വിവിധ വിത്തുകൾ പരീക്ഷണാടിസ്ഥാനത്തിൽ കൃഷി ചെയ്തു. റാഗി, കമ്പ്, മണിച്ചോളം, മക്കാചോളം കുതിരവാലി, തിന, വരഗ്, രാജ്ഗിര എന്നിങ്ങനെയുള്ള ഇനങ്ങൾ കൃഷി ചെയ്തു. നല്ല റിസൾട്ട് ആണ് ലഭിച്ചത്. നിലവിൽ ഈ ധാന്യമെല്ലാം വിത്തായി തന്നെ സൂക്ഷിച്ചിരിക്കുകയാണ്. ഈ വിത്തുകൾ താൽപ്പര്യമുള്ള ആദിവാസി കർഷകർക്ക് സൗജന്യമായി നൽകി വരുന്നു. സെപ്റ്റംബറിൽ അടുത്ത സീസൺ തുടങ്ങുമ്പോൾ കൂടുതൽ പേർ ഇത് കൃഷി ചെയ്യുമെന്നാണ് പ്രതീക്ഷ.’- അദ്ദേഹം പ്രത്യാശ പങ്കുവെച്ചു. ആളുകൾ മില്ലറ്റ് വ്യാപകമായി കൃഷി ചെയ്യുകയും അത് സ്വന്തം ആവശ്യത്തിന് ഉപയോഗിക്കുകയും വേണമെന്നതാണ് ഈ കർഷകന്റെ ആഗ്രഹം. ‘ വരും സീസണുകളിൽ കൂടുതൽ ആളുകൾ ഈ കൃഷിയിലേക്ക് കടന്നുവരുമെന്നാണ് പ്രതീക്ഷ. അവർക്ക് സ്വന്തം ആവശ്യത്തിനുള്ള ഭക്ഷണം ഇതിലൂടെ കണ്ടെത്താം. അധികം വരുന്ന ഉൽപ്പന്നങ്ങൾ കർഷകരിൽ നിന്ന് നേരിട്ട് സംഭരിച്ച്, നല്ല വില ഉറപ്പാക്കി വിപണിയിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് ഞാൻ. അട്ടപ്പാടിയിലെ മണ്ണും കാലാവസ്ഥയും മില്ലറ്റ് കൃഷിക്ക് ഏറെ അനുയോജ്യമാണ്. വിത്തുകൾ നഷ്ടപ്പെടാതെ സംരക്ഷിച്ചാൽ അട്ടപ്പാടിയെ പഴയപോലെ മില്ലറ്റുകളുടെ നാടാക്കി മാറ്റാൻ നമുക്ക് സാധിക്കും. ഇതിലൂടെ ഒരു മികച്ച വരുമാനമാർഗവും ആരോഗ്യകരമായ ഭക്ഷണരീതിയും തിരിച്ചു കൊണ്ടുവരാൻ സാധിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. വരും തലമുറയ്ക്കായി മില്ലറ്റ് സൂപ്പ് പോലെയുള്ള മൂല്യവർധിത ഉൽപ്പന്നങ്ങൾ കൂടി പ്രചാരത്തിൽ കൊണ്ടുവരാനാണ് ഇപ്പോൾ ലക്ഷ്യമിടുന്നത്.’– ശരത് പ്രതീക്ഷ പങ്കുവെച്ചു. കൃഷി അറിവുകൾ മില്ലറ്റ് കൃഷിയ്ക്ക് മറ്റ് കൃഷികളെപ്പൊലെ അധികം അധ്വാനം ആവശ്യമില്ലെന്നാണ് ശരത്തിന്റെ പക്ഷം. ജലസേചനവും വളരെ കുറവ് മതിയാകും. ‘അട്ടപ്പാടിയിലെ കൃഷി പൂർണമായും മഴയെ മാത്രം ആശ്രയിച്ചുള്ളതാണ്. എന്റെ കൃഷിയിടത്തിൽ ജലസേചന സൗകര്യമുള്ളതുകൊണ്ട് വിത്ത് ഉൽപ്പാദിപ്പിക്കുവാനായി തുടർച്ചയായി കൃഷി ചെയ്യാൻ കഴിയും. മില്ലറ്റ് കൃഷിയുടെ ഏറ്റവും വലിയ ശത്രുക്കൾ കാട്ടുപന്നി, മയിൽ, പക്ഷികൾ ഇവയാണ്. മില്ലെറ്റിൽ കതിരു വന്ന് പാൽപ്പരുവമാകുമ്പോഴുള്ള ഗന്ധം പന്നിയെ ആകർഷിക്കുന്നതാണ്. അവ കൂട്ടത്തോടെ എത്തി തിന്നും. എന്റെ അനുഭവത്തിൽ ഏറ്റവും കൂടുതൽ നശിപ്പിച്ചത് കുതിരവാലിയും റാഗിയുമാണ്. മില്ലറ്റ് വിളവായശേഷം പക്ഷികളുടെയും മയിലിന്റെയും ശല്യമുണ്ട്. കുതിരവാലിയും തിനയും റാഗിയുമൊക്കെ മയിലിനെയും കിളികളെയും കൃഷിയിടത്തേക്ക് ആകർഷിക്കുന്നു. പരമ്പരാഗത മാർഗങ്ങളായ പാട്ട കൊട്ടിയും പടക്കം പൊട്ടിച്ചുമാണ് ഇവയെ തുരത്തുന്നത്. മില്ലറ്റ് കൃഷിയിലെ ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യവും ഇത് തന്നെയാണ്.’ മില്ലറ്റ് കൃഷിയിലെ കൂടുതൽ അധ്വാനം ആവശ്യമായത് അതിന്റെ വിളവെടുപ്പിനാണെന്നാണ് ശരത് അനുഭവത്തിൽ നിന്ന് പറയുന്നത്. ‘വിളവെടുപ്പിനും സംസ്കരണത്തിനും കൂടുതൽ അധ്വാനം ആവശ്യമുണ്ട്. എങ്കിലും മില്ലറ്റ് ലാഭകരമായ കൃഷിയാണ്. മില്ലെറ്റിനെക്കുറിച്ചുള്ള അവബോധം വർധിച്ചു വരുന്നതിനാൽ ഇതിന്റെ വിപണനം പ്രയാസമില്ല. ജൈവരീതിയിൽ കൃഷി ചെയ്യുന്ന ചെറുധാന്യങ്ങൾക്ക് ആവശ്യക്കാരുണ്ട്. ഞാൻ കൃഷി ചെയ്യുന്നതോടൊപ്പം മറ്റ് കർഷകരിൽ നിന്നും ശേഖരിക്കുന്ന ചെറുധാന്യങ്ങൾ മാർക്കറ്റ് ചെയ്യുന്നുണ്ട്. അയൽ സംസ്ഥാനങ്ങളിൽ ഉള്ള മലയാളികൾ ഉൾപ്പടെയുള്ളവർക്ക് ചെറുധാന്യങ്ങൾ അയച്ച് നൽകാറുണ്ട്. ഇടനിലക്കാരില്ലാതെ നേരിട്ട് വിപണനം ചെയ്യുന്നതിനാൽ എന്നെ സംബന്ധിച്ചിടത്തോളം നല്ല ലാഭമുള്ളതാണ് ചെറുധാന്യങ്ങളുടെ കൃഷി.’- ശരത് തന്റെ കൃഷി അറിവുകൾ പങ്കുവെച്ചു. കർണാടകയിലെ ഒരു ചോളപ്പാടം | Photo: P P Binoj/Mathrubhumi ശരത് നാരായണൻ കൃഷി ചെയ്ത ചെറുധാന്യങ്ങൾ മക്കച്ചോളം (Maize/Corn): ലോകത്ത് ഏറ്റവും കൂടുതൽ കൃഷി ചെയ്യപ്പെടുന്ന ധാന്യവിളകളിൽ ഒന്നാണ് മക്കച്ചോളം. ഒരു ഉഷ്ണമേഖലാ വിളയാണ്. പക്ഷേ, മറ്റ് ചെറുധാന്യങ്ങളെ അപേക്ഷിച്ച് മക്കച്ചോളത്തിന് അല്പം കൂടുതൽ ജലസേചനം ആവശ്യമാണ്. നല്ല സൂര്യപ്രകാശവും ചൂടുമുള്ള കാലാവസ്ഥയിൽ ഇത് വേഗത്തിൽ വളരുന്നു. മഴയെ ആശ്രയിച്ചും ജലസേചന സൗകര്യമുള്ളിടത്ത് വേനൽക്കാലത്തും ഇത് കൃഷി ചെയ്യാം. നീർവാർച്ചയുള്ള വളക്കൂറുള്ള മണ്ണാണ് ഏറ്റവും അനുയോജ്യം. വെള്ളക്കെട്ട് ഉണ്ടായാൽ ചെടി പെട്ടെന്ന് നശിച്ചുപോകും. നടീൽ കഴിഞ്ഞ് 90 മുതൽ 110 ദിവസത്തിനുള്ളിൽ ചോളക്കതിരുകൾ വിളവെടുക്കാം. ഇതിന്റെ തണ്ടും ഇലകളും പശുക്കൾക്കും മറ്റും പോഷകസമൃദ്ധമായ തീറ്റയായി ഉപയോഗിക്കാം. മണിച്ചോളം (Sorghum/Jowar): ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ധാന്യവിളകളിലൊന്നാണ് മണിച്ചോളം. ഉഷ്ണമേഖലാ കാലാവസ്ഥയിൽ നന്നായി വളരുന്നു. കുറഞ്ഞ മഴ ലഭിക്കുന്ന പ്രദേശങ്ങളിലും ഇത് മികച്ച വിളവ് നൽകും. വരൾച്ചയെ പ്രതിരോധിക്കാനുള്ള ഇതിന്റെ സവിശേഷമായ കഴിവ് കാരണം ഇതിനെ ‘ഒട്ടകവിള’ എന്ന് വിളിക്കാറുണ്ട്. കളിമണ്ണ് കലർന്ന മണ്ണാണ് ഉത്തമം. വിതച്ച് 3-4 മാസത്തിനുള്ളിൽ വിളവെടുക്കാം. ഇതിന്റെ തണ്ട് കന്നുകാലികൾക്ക് മികച്ച തീറ്റയായി ഉപയോഗിക്കുന്നു. ചോളത്തേക്കാൾ കൂടുതൽ പ്രോട്ടീൻ ഇതിലുണ്ട്. റാഗി (Finger Millet /മുത്താറി): പോഷകങ്ങളുടെ കാര്യത്തിൽ 'സൂപ്പർ ഫുഡ്' എന്ന് വിളിക്കാവുന്ന ഒന്നാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ അനുയോജ്യം. കുന്നിൻ ചെരിവുകളിലും തരിശുഭൂമികളിലും വളരും. ഞാറു പാകി പറിച്ചുനടുന്നതാണ് (Transplanting) കൂടുതൽ വിളവ് ലഭിക്കാൻ നല്ലത്. ഇനമനുസരിച്ച് 3 മുതൽ 5 മാസം കൊണ്ട് വിളവെടുക്കാം. കീടബാധ വളരെ കുറഞ്ഞ ഒരു വിളയാണിത്. വിളവെടുത്തു കഴിഞ്ഞാൽ വർഷങ്ങളോളം കേടുകൂടാതെ സൂക്ഷിക്കാൻ കഴിയുന്ന ധാന്യമാണിത്. അതുകൊണ്ട് പണ്ടുകാലത്ത് ക്ഷാമത്തെ പ്രതിരോധിക്കാൻ റാഗി കരുതിവച്ചിരുന്നു. തിന (Foxtail Millet): ലോകത്തിലെ ഏറ്റവും പഴക്കമേറിയ കൃഷിവിളകളിൽ ഒന്നാണ് തിന. ഏത് പ്രതികൂല സാഹചര്യത്തിലും വളരാനുള്ള കഴിവും കുറഞ്ഞ കാലയളവിനുള്ളിൽ വിളവെടുക്കാം എന്നതും ഇതിനെ കർഷകർക്ക് പ്രിയപ്പെട്ടതാക്കുന്നു. നല്ല സൂര്യപ്രകാശമുള്ള ഉഷ്ണമേഖലാ പ്രദേശങ്ങളിൽ തിന നന്നായി വളരുന്നു. വളരെ കുറഞ്ഞ കാലയളവിനുള്ളിൽ വിളവെടുക്കാം. 60 മുതൽ 90 ദിവസത്തിനുള്ളിൽ ഇത് വിളവെടുക്കാൻ പാകമാകും. വെള്ളക്കെട്ടുള്ള മണ്ണ് ഇതിന് അനുയോജ്യമല്ല. പക്ഷികൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണമാണിത്. ഇതിന്റെ വൈക്കോൽ പശുക്കൾക്ക് നൽകാൻ വളരെ നല്ലതാണ്. കുതിരവാലി (Barnyard Millet): ചെറുധാന്യങ്ങളിൽ ഏറ്റവും വേഗത്തിൽ വളരുന്നതും കഠിനമായ കാലാവസ്ഥകളെ അതിജീവിക്കാൻ കഴിവുള്ളതുമായ ഒന്നാണ് കുതിരവാലി. വിതച്ച് വെറും 6 ആഴ്ചകൾ (ഏകദേശം 45 ദിവസം) കൊണ്ട് തന്നെ ഇത് കാലിത്തീറ്റയ്ക്കായി പാകമാകും. ധാന്യത്തിനായി ഏകദേശം 75 മുതൽ 90 ദിവസം വരെ മതിയാകും. മഴയെ മാത്രം ആശ്രയിച്ച് കൃഷി ചെയ്യാവുന്നതാണ്. വയലുകളിലെ വരമ്പുകളിലും ഇത് കൃഷി ചെയ്യാറുണ്ട്. അമിതമായ മഴയോ വരൾച്ചയോ അതിജീവിക്കാൻ ഇതിന് പ്രത്യേക കരുത്തുണ്ട്. പൊരിച്ചീര (Amaranth/Rajgira): ഒരേ സമയം ഇലക്കറിയായും ധാന്യമായും ഉപയോഗിക്കാൻ കഴിയുന്ന വിളയാണിത്. നല്ല സൂര്യപ്രകാശവും നീർവാർച്ചയുമുള്ള മണ്ണാണ് പ്രധാനം. അധികം ഈർപ്പമുള്ള മണ്ണിൽ ഇതിന്റെ വേരുകൾ പെട്ടെന്ന് ചീയാൻ സാധ്യതയുണ്ട്. വിത്തുകൾ നേരിട്ട് മണ്ണിൽ വിതറാം. വളരെ ചെറിയ വിത്തുകളായതിനാൽ മണലുമായി കലർത്തി വിതറുന്നത് തുല്യമായി മുളയ്ക്കാൻ സഹായിക്കും. മറ്റ് ധാന്യങ്ങളെ അപേക്ഷിച്ച് വരൾച്ചയെ അതിജീവിക്കാൻ ഇതിന് പ്രത്യേക കഴിവുണ്ട്. കുറഞ്ഞ വെള്ളത്തിൽ കൂടുതൽ വേഗത്തിൽ വളരാൻ ഇതിന് സാധിക്കും. ഇതിന്റെ ഇലകളും പൂക്കളും വിത്തുകളും ഒരുപോലെ ഉപയോഗയോഗ്യമാണ്. കമ്പ് (Pearl Millet/Bajra): ഏറ്റവും കടുപ്പമേറിയ സാഹചര്യങ്ങളെപ്പോലും അതിജീവിച്ച് വളരുന്ന ഒരു പോഷകസമൃദ്ധമായ ധാന്യമാണ്. മണൽ കലർന്ന മണ്ണിൽ പോലും ഇത് നന്നായി വളരും. മണ്ണിലെ ലവണാംശത്തെ പ്രതിരോധിക്കാൻ ഇതിന് പ്രത്യേക കഴിവുണ്ട്. വിത്തുകൾ നേരിട്ട് വിതറുകയോ ഞാറു പാകി നടുകയോ ചെയ്യാം. ഇനമനുസരിച്ച് 80 മുതൽ 100 ദിവസത്തിനുള്ളിൽ വിളവെടുക്കാം. ഉത്തരേന്ത്യയിൽ വേനൽക്കാലത്ത് കമ്പ് കഴിക്കുന്നത് ശരീരത്തെ തണുപ്പിക്കാൻ സഹായിക്കുമെന്ന് കരുതപ്പെടുന്നു. അതുകൊണ്ട് തന്നെ ചൂട് കാലത്ത് കമ്പിന്റെ പാനീയങ്ങൾ അവിടെ പ്രചാരത്തിലുണ്ട്. ശരത് നാരായണൻ: 98714 62312

കോർപ്പറേറ്റ് ജോലിവിട്ട് മണ്ണിലേക്ക്, വിത്തുപുരകളിൽ ഉണർവ്; അട്ടപ്പാടിയുടെ മണ്ണിലെ ‘മില്ലറ്റ് മിഷൻ’
M
MathrubhumiSource Link
17 days ago