കോൽക്കളിയെ തിരിച്ചുപിടിച്ച് കുറ്റ്യാടിക്കാർ

കോൽക്കളിയെ തിരിച്ചുപിടിച്ച് കുറ്റ്യാടിക്കാർ

M
MathrubhumiSource Link
കുറ്റ്യാടി : കളരി ആയോധനമുറകളും കോൽക്കളിയും ഇഴചേരുന്ന ഒറ്റയും ചുഴിച്ചിലും കോൽക്കളിയെ തിരിച്ചുപിടിക്കാൻ കുറ്റ്യാടിക്കാരുടെ കൂട്ടായ്മ. കായക്കൊടിയിലെ കോൽക്കളി ആശാൻ ഗോവിന്ദൻ ഗുരുക്കളുടെ ശിക്ഷണത്തിൽ ഒറ്റയും ചുഴിച്ചിലും പഠിച്ച കുറ്റ്യാടിക്ക് സമീപത്തെ ആറ്് പഞ്ചായത്തുകളിലുള്ള 18 പേരാണ് ഇതിനായി പ്രത്യേകസംഘംതന്നെ രൂപവത്കരിച്ചത്. ലക്ഷ്യം ഒന്നുമാത്രം... അന്യംനിന്നുപോകുന്ന ഒറ്റയും ചുഴിച്ചിലും കോൽക്കളിയെ ജനകീയമാക്കുക. To advertise here, മാസത്തിൽ രണ്ടുപ്രാവശ്യം 18 അംഗങ്ങളിൽ ഓരോരുത്തരുടെ വീട്ടിൽ ഒത്തുചേർന്ന് ഭാവിപരിപാടികൾ തീരുമാനിക്കുകയും കോൽക്കളി അവതരിപ്പിക്കുകയും ചെയ്യും. രാമായണത്തിലെ 12 സന്ദർഭങ്ങൾ പശ്ചാത്തലമാക്കി ഒന്നുമുതൽ 12 കളികളാണ് ഒറ്റയും ചുഴിച്ചിലും. 12 കളികൾക്കും പാട്ടും ചുവടുകളും വേറെ ആയിരിക്കും. ഇതുകൂടാതെ മറ്റു പാട്ടുകളുള്ള തച്ചോളിക്കളി, മാപ്പിളകളി തുടങ്ങിയവയും ഇതിനിടയിൽ കളിക്കും. കാലങ്ങൾക്കിപ്പുറം ഗൃഹാങ്കണങ്ങളിൽ ഒറ്റയും ചുഴിച്ചിലിന്റെയും താളം ഉയർന്നപ്പോൾ ചൂട്ടുതെളിച്ചുപോലും കളി കാണാൻ ജനങ്ങൾ എത്തുന്നുവെന്നത് ഏറെ പ്രതീക്ഷ നൽകുന്നതായി കോൽക്കളി സംഘാടകർ പറഞ്ഞു. ‘വർഷം മുൻപേ കളി പഠിച്ചതാണ്, ഇന്നും അത് ആവേശത്തോടെ കളിക്കാൻ കഴിയുന്നുണ്ട്...’ സംഘാംഗം മജീഷ്യനായ നാണു കുറ്റ്യാടി പറഞ്ഞു. ഒറ്റയും ചുഴിച്ചിലും കോൽക്കളിയും ചരിത്രവും ഐതിഹ്യവും നാടുവാഴിഭരണവുമായി ബന്ധപ്പെട്ടതാണ്. പണ്ട് രാജാവും ജന്മികളും നാടുഭരിച്ച കാലത്ത് കളരിപോലുള്ള ആയോധനമുറകൾ അഭ്യസിക്കാൻ സാധാരണക്കാരന് അവകാശമുണ്ടായിരുന്നില്ല. എന്നാൽ, മറ്റു കലകൾ അഭ്യസിപ്പിക്കാൻ വിലക്കില്ലായിരുന്നു. സാധാരണക്കാർക്കും കലയിലൂടെ ആയോധന മുറകൾ അഭ്യസിപ്പിക്കാൻ കോൽക്കളി കാരണവന്മാർ തിരഞ്ഞെടുത്ത ഒരു മാർഗമായിരുന്നു കോൽക്കളിയിലൂടെ ആയോധനമുറകൾ അഭ്യസിപ്പിക്കുക എന്നത്. അങ്ങനെയാണ് ഒറ്റയും ചുഴിച്ചിലും എന്ന കോൽക്കളിയുടെ പിറവി. പണ്ടുകാലത്ത് കടത്തനാടൻ പ്രദേശങ്ങളിൽ കല്യാണം തുടങ്ങിയ ആഘോഷപരിപാടികളിലെ പ്രധാന ഇനമായിരുന്നു ഒറ്റയും ചുഴിച്ചിലും. ഇന്ന് ഏറക്കുറെ അപ്രത്യക്ഷമായി. ഏറെ അഭ്യാസമുറകൾ ഉള്ളതിനാൽ ഇത് പഠിച്ചെടുക്കുക ശ്രമകരമാണ്. ഒരു പഞ്ചായത്തിൽ ഒറ്റയും ചുഴിച്ചിലും അറിയാവുന്നവർ ഒന്നോ രണ്ടോ പേർ മാത്രമായതോടെ കളി മുന്നോട്ടുകൊണ്ടുപോകാൻ കഴിയാത്ത അവസ്ഥ വന്നു. അങ്ങനെയാണ് കുറ്റ്യാടി മേഖലയിൽ ഒറ്റയും ചുഴിച്ചിലും കോൽക്കളിക്ക് മാത്രമായി ഒരു സംഘം രൂപവത്കരിച്ചത്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കോൽക്കളിയെ തിരിച്ചുപിടിച്ച് കുറ്റ്യാടിക്കാർ — Mathrubhumi |… | Boolokam