മംഗലപുരം : മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ മംഗലപുരം പഞ്ചായത്ത് സ്ഥാപിച്ച സി.സി.ടി.വി. ക്യാമറകൾ മോഷ്ടിച്ച പ്രതി പിടിയിൽ. ചിറയിൻകീഴ് ശാസ്തവട്ടം സ്വദേശി സജനാണ് (30) മംഗലപുരം പോലീസിന്റെ പിടിയിലായത്. ക്യാമറകൾ കവരുന്ന ദൃശ്യം സി.സി.ടി.വിയിൽ പതിഞ്ഞിരുന്നു. ഇതിൽനിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഈ മാസം 11-നാണ് ഏഴ് സി.സി.ടി.വി. ക്യാമറകൾ മോഷണം പോയത്. തോന്നയ്ക്കൽ ലൈഫ് സയൻസ് പാർക്ക് മുതൽ ശാസ്തവട്ടം തോപ്പുമുക്ക് വരെ രാത്രികാലങ്ങളിൽ മാലിന്യനിക്ഷേപം വ്യാപകമാണ്. ഹോട്ടലുകളിൽനിന്നും അറവുശാലകളിൽനിന്നുമുള്ള മാലിന്യം ഈ റോഡിൽ നിക്ഷേപിക്കുമായിരുന്നു. അതിനാൽ തന്നെ തെരുവുനായ്ക്കളും കാട്ടുപന്നികളും പ്രദേശം കൈയടക്കി. തുടർന്നാണ് മംഗലപുരം പഞ്ചായത്ത് ഭരണസമിതി സി.സി.ടി.വി. ക്യാമറകൾ സ്ഥാപിക്കാൻ തീരുമാനിച്ചത്. 10 ലക്ഷത്തോളം രൂപ ചെലവിൽ എ.ഐ. ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകൾ ഉപയോഗിച്ച് കെൽട്രോൺ ആണ് ക്യാമറകൾ സ്ഥാപിച്ചത്. അവസാനവട്ട ജോലികൾ നടക്കുന്നതിനിടെയാണ് ക്യാമറകൾ മോഷ്ടിക്കപ്പെട്ടത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഈ റോഡിൽ മാലിന്യം തള്ളിയവർക്ക് ഒരു ലക്ഷത്തോളം രൂപ ചുമത്തിയിട്ടുണ്ട്. മാലിന്യലോബിയാണോ ഇവ കവർന്നതെന്നും പഞ്ചായത്ത് അധികൃതർ സംശയിച്ചിരുന്നു. പഞ്ചായത്തിന്റെ പരാതിയിൽ അന്വേഷണം നടത്തിയ മംഗലപുരം പോലീസാണ് പ്രതിയെ പിടികൂടിയത്. ധരിച്ചിരുന്ന വസ്ത്രത്തിൽനിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ചിറയിൻകീഴ് ചിലമ്പിൽ പുരയിടത്തിൽ ചാക്കിൽ കെട്ടി കുഴിച്ചിട്ടിരുന്ന ക്യാമറകൾ പോലീസ് കണ്ടെടുത്തു. To advertise here, Published: 19 Apr 2026, 01:42 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
