ക്യൂ ബ മുകുന്ദൻ എന്ന ശ്രീനിവാസൻ കഥാപാത്രം മതവിശ്വാസിയാണ്. മിക്കവാറും എല്ലാ മതങ്ങളിലുമുള്ള അതീന്ദ്രിയകഥകളിൽ വിശ്വസിക്കുന്നതുപോലെ കമ്മ്യൂണിസം എന്ന പ്രത്യയശാസ്ത്രം ഒരിക്കലും തെറ്റുപറ്റാത്ത ഒന്നാണെന്ന് ക്യൂബാ മുകുന്ദൻ വിശ്വസിച്ചു. വിശ്വാസമല്ലേ എല്ലാം എന്ന പരസ്യവാചകം കമ്പോളത്തിൽ പ്രചുരപ്രചാരം നേടാനുള്ള കാരണം ഇത്തരം വിശ്വാസദാർഢ്യങ്ങളാണ്. പരസ്യക്കമ്പനികൾ അവിശ്വാസികളെ മനസ്സിൽ കരുതി ഒരു വാചകം പോലും ഇതുവരെ എഴുതിയിട്ടില്ല. സോവിയറ്റ് യൂണിയൻ ചെയ്ത ഏറ്റവും വലിയ തെറ്റ് എഴുപതു വർഷങ്ങൾ കൊണ്ട് അവർ മാർക്‌സിനെ ദൈവമാക്കിയില്ല എന്നതാണ്. ആക്കിയിരുന്നെങ്കിൽ ആ വിശ്വാസരാജ്യം ഇങ്ങനെ തകർന്നുപോകില്ലായിരുന്നു. സ്വന്തമായി ഒരു ദൈവമില്ലെങ്കിൽ വിശ്വാസങ്ങൾ തകർന്നുപോകും. To advertise here, ഞാൻ വിഷയത്തിലേക്ക് വരാം. കേരളത്തിൽ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് ഏപ്രിൽ ഒൻപതാം തീയതിയാണ്. ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരത്തിലുള്ള ഒരേയൊരു സംസ്ഥാനത്ത് നടക്കുന്ന ഈ തിരഞ്ഞെടുപ്പുകാലത്ത് ക്യൂബ ഒരഗ്‌നിപരീക്ഷണത്തിലൂടെ കടന്നുപോകുകയാണ്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടികൾക്കും ഇത് ഒരഗ്‌നിപരീക്ഷയുടെ കാലമാണ്. അതേസമയം കുറച്ചെങ്കിലും സിപിഎം അനുഭാവികൾ വിശ്വസിക്കുന്നത് കേരളത്തിലെ ഇടതുരാഷ്ട്രീയബോധത്തിന്റെ ഭാവിയ്ക്ക് നല്ലത് ഇത്തവണ മുന്നണി തോൽക്കുന്നതാണെന്നാണ്. എന്നാൽ, മറ്റൊരു വിഭാഗം പറയുന്നത് തുടർഭരണം എന്നത് ഒരു ഇടതുപക്ഷ ആശയം തന്നെയാണെന്നാണ്. ഒരിക്കൽ അധികാരത്തിൽ നിന്ന് പുറത്തുപോയ പാർട്ടിക്ക് ബംഗാളിലും ത്രിപുരയിലും തിരിച്ച് അധികാരത്തിൽ വരാനേ കഴിഞ്ഞില്ലല്ലോ എന്നും അവർ പറയുന്നു. എന്നാൽ, മറുവാദക്കാർ പറയുന്നത് ഇടയ്‌ക്കൊക്കെ അധികാരത്തിൽ നിന്ന് മാറി നിന്നതുകൊണ്ടാണ് ഇന്നും കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് കേരളത്തിൽ സ്വാധീനം തുടരുന്നത് എന്നാണ്. സോവിയറ്റ് യൂണിയനിലുണ്ടായിരുന്ന, ക്യൂബയിലും ചൈനയിലും വിയറ്റ്‌നാമിലും ഉത്തര കൊറിയയിലുമുള്ള ഭരണസംവിധാനത്തെ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകാർ വിളിക്കുന്നത് ജനകീയ ജനാധിപത്യമെന്നാണ്. ഏതു തിരഞ്ഞെടുപ്പുവന്നാലും കമ്മ്യൂണിസ്റ്റുകാർ മാത്രം ജയിക്കുന്ന സംവിധാനമാണത്. പാർട്ടിക്കുള്ളിൽ മാത്രമാണ് ജനാധിപത്യപ്രക്രിയ നടക്കുന്നത്. എന്നാൽ, പല യൂറോപ്യൻ രാജ്യങ്ങളിലുമെന്നപോലെ ഇന്ത്യയിലും കമ്മ്യൂണിസ്റ്റുകാർ പങ്കെടുക്കുന്ന തിരഞ്ഞെടുപ്പുപ്രക്രിയയിൽ അവർ ജയിക്കാനും തോൽക്കാനും സാധ്യതയുണ്ട്. പാർലമെന്ററി ജനാധിപത്യത്തിൽ വിശ്വസിക്കുന്നവർ അതിനെ ഒരു ശക്തിയായി കരുതും. എന്നാൽ, ജനകീയ ജനാധിപത്യത്തിൽ വിശ്വസിക്കുന്നവർ അതിനെ താത്ക്കാലികമായ ഒരു രാഷ്ട്രീയ ഇടപെടലായും കരുതും. യഥാർഥ ജനാധിപത്യത്തിൽ ഏകപാർട്ടി ഭരണമായിരിക്കും. അത് കമ്മ്യൂണിസ്റ്റ് പാർട്ടി ആയിരിക്കുകയും വേണം. യാ ഇലാഹ ഇല്ലള്ളാ എന്നു പറഞ്ഞാൽ അള്ളാ അല്ലാതെ വേറേ ദൈവം സാധ്യമല്ല എന്നാണ്. 'ഞാൻ ഒന്നാമൻ, ഞാൻ അവസാനത്തവൻ; ഞാനല്ലാതെ ഒരു ദൈവവുമില്ല' എന്ന് ബൈബിളിൽ ഇശയ്യ 44:6 പറയുന്നു. ഭഗവദ് ഗീത 10:8 പറയുന്നു अहं सर्वस्य प्रभवो मत्तः सर्वं प्रवर्तते | इति मत्वा भजन्ते मां बुधा भावसमन्विताः || എല്ലാത്തിനും കാരണം ഞാൻ എല്ലാം എന്നാൽ നടപ്പതേ... എന്ന് വൈദ്യഭൂഷണം രാഘവൻ തിരുമുൽപ്പാടിന്റെ തർജമ. ഇത്രയും എഴുതിക്കഴിഞ്ഞപ്പോൾ എന്നിലെ പാതി എന്നോട് ചോദിച്ചു, കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടികൾ അവരുടെ ഭരണഘടനപ്രകാരം കമ്മ്യൂണിസ്റ്റുകളാണെങ്കിലും ഇപ്പോൾ അവർ സോഷ്യൽ ഡെമോക്രാറ്റുകളല്ലേ? അപ്പോൾ ഈ വലിയ മുഖവുര വൃഥാവിലാകില്ലേ? ശരിയായിരിക്കാം. അതെന്തുതന്നെയായാലും കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടികളെ സംബന്ധിച്ചിടത്തോളം നിർണായകമായ ഒരു തിരഞ്ഞെടുപ്പ് നടക്കുമ്പോൾ ക്യൂബാ മുകുന്ദന്റെ സ്വർഗരാജ്യം അതീവഗുരുതരമായ സ്വത്വപ്രതിസന്ധിയെ നേരിട്ടുകൊണ്ടിരിക്കുകയാണ്. പണ്ടത്തെപ്പോലെ സ്വയംപര്യാപ്തമായ സമൂഹസൃഷ്ടിയാൽ ജനങ്ങളെ സന്തുഷ്ടരാക്കാനോ പണ്ടത്തെപ്പോലെ പേശിബലത്തോടെ അമേരിക്കയെ ചെറുക്കാനോ ക്യൂബയ്ക്ക് കഴിയാതെ വന്നിരിക്കുന്നു. അതിനാൽ വെനസ്വേലയ്ക്കും ഇറാനുംശേഷം ഡൊണാൾഡ് ട്രംപിന്റെ കഴുകക്കണ്ണ് ആ ചെറിയ ദ്വീപിനുമേലാണ്. ട്രമ്പിന് ഇറാനിൽ തൊട്ട് കൈ പൊള്ളിയിരിക്കുന്നതിനാൽ ഉടനേ ക്യൂബയെ തൊടുമെന്ന് കരുതുക വയ്യെങ്കിലും. ക്യൂബയുടെ തളർച്ചയിൽ സന്തോഷിച്ചുകൊണ്ടല്ല ഞാനിതെഴുതുന്നത്, സങ്കടപ്പെട്ടുകൊണ്ടുമല്ല. 1997ൽ ഇറങ്ങിയ Che Guevara: A Revolutionary Life ചെ ഗുവേരയുടെ ആധികാരിക ജീവചരിത്രമാണ്. അതെഴുതിയ Jon Lee Anderson ന്യൂയോർക്കർ മാസികയുടെ പുതിയ ലക്കത്തിൽ എഴുതിയ ലേഖനമാണ് Is Cuba next?, അടുത്തത് ക്യൂബയോ? എന്നത്. കല്പനാലോകത്ത് വ്യാപാരിച്ച് അമേരിക്കയുടെ ശത്രുക്കളെ ഊഹിച്ച് കണ്ടെത്തുന്നത് ഒരു മാനസികാവസ്ഥയായി കൊണ്ടുനടക്കുന്ന പ്രസിഡണ്ട് ഡൊണാൾഡ് ട്രമ്പ് ഒരു പുതിയ കല്പന പുറപ്പെടുവിച്ചു-'ക്യൂബ അമേരിക്കയെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നു, മേഖലയിൽ ഹിംസാത്മകമായ പ്രവൃത്തികളിൽ ഏർപ്പെടുന്നു'വെന്ന് . സ്വന്തം അതിജീവനം തന്നെ പ്രയാസകരമായി മാറിയിരിക്കുന്ന കരീബിയൻ ദ്വീപിനെയാണ് ഇറാനുശേഷം ശത്രുവായി ട്രമ്പ് ഊഹിച്ചെടുത്തിരിക്കുന്നത്. വെനസ്വേലയിൽ നിന്നും ക്യൂബയിലേക്ക് വന്നിരുന്ന എണ്ണ പൂർണമായും നിലച്ചതോടെ മാസങ്ങളായി വൈദ്യുതിവിതരണം തടസ്സപ്പെട്ടിരിക്കുകയാണവിടെ. ആശുപത്രികളും പ്രശ്‌നങ്ങൾ നേരിടുന്നു. ഒരുകാലത്ത്, കോവിഡ്കാലത്തുപോലും, ലോകത്തിന് മാതൃകയായിരുന്നു ആ വൈദ്യരംഗം. ഇപ്പോൾ ആഹാരത്തിനും ദൗർലഭ്യമുണ്ട്. കഴിഞ്ഞ പതിനെട്ടു മാസങ്ങളിൽ മൂന്ന് ചുഴലിക്കാറ്റുകൾ തീരദേശജീവിതത്തെ താറുമാറാക്കിയിരിക്കുന്നു. പ്രധാനമായും വെനസ്വെലയുടേയും മെക്‌സിക്കോയുടേയും സഹായമായിരുന്നു ക്യൂബ ആശ്രയിച്ചുപോന്നിരുന്നത്. ആ പ്രാണവായുക്കുഴലിന്റെ മേലാണ് ട്രമ്പ് ഇപ്പോൾ കത്തിവെച്ചിരിക്കുന്നത്. ക്യൂബൻ ജനത അമേരിക്കയ്ക്കെതിരേ നടത്തിയ ചെറുത്തുനിൽപ്പ് ഐതിഹാസികമാണെന്ന് നമുക്കറിയാവുന്നതാണ്. എന്നാൽ, ഇപ്പോൾ ക്യൂബ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി ഫിദൽ കാസ്‌ട്രോയെപ്പോലെയുള്ള ഒരു നേതാവിന്റെ അഭാവമാണ്. ഇപ്പോൾ ക്യൂബയിലുള്ളത് ഒരു മഹാസമരപരമ്പര്യത്തിന്റെ പ്രക്ഷീണമായ തുടർച്ച മാത്രമാണ്. 2026 ഫിദൽ കാസ്‌ട്രോയുടെ ജന്മശതാബ്ദിയാണ്. വെനസ്വേലയുടെ പ്രസിഡണ്ടിനെ അമേരിക്ക തടവിലാക്കിയതിൽ പ്രതിഷേധിച്ച് ക്യൂബൻ തലസ്ഥാനത്തു നടന്ന കൂറ്റൻ പ്രകടനത്തിൽ യുവജനങ്ങൾ കാസ്‌ട്രോയുടെ ചിത്രങ്ങൾ പേറിയിരുന്നു. അവർ അമേരിക്കയ്ക്കെതിരേ മുദ്രാവാക്യങ്ങൾ വിളിച്ചു. പക്ഷേ, അവരെ തളർത്തുന്ന എന്തോ ഒന്ന് അന്തരീക്ഷത്തിലുണ്ടായിരുന്നു. ക്യൂബ തളർന്നിരിക്കുന്നു എന്നാണ് വാർത്ത. എത്രനാൾ സോഷ്യലിസം എന്ന ആശയത്തെ ആ ജനത ആശ്ലേഷിച്ചു നിൽക്കുമെന്നത് കാലം തെളിയിക്കും. അവർ താമസിക്കുന്ന വീടുകൾ സോവിയറ്റ് വാസ്തുമാതൃകയിൽ ഉണ്ടായതാണെങ്കിലും വ്ലാദിമിർ പുതിൻ വളരെ കരുതലോടെയാണ് ക്യൂബയെ കാണുന്നത്, കരുണയോടെയല്ല. ട്രമ്പിനെ പിണക്കാൻ പുതിനും താൽപര്യമില്ല. എസ്.ഗോപാലകൃഷ്ണൻ രചിച്ച പുസ്തകങ്ങൾ വാങ്ങാം ട്രമ്പ് ക്യൂബയിലും വെനസ്വേലയിലും മെക്‌സിക്കോയിലുമെല്ലാം കുറുക്കൻ കോഴിക്കൂട്ടിലെന്ന പോലെ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ ഒരു കാര്യം, ആ മേഖലകളിൽ ചൈന ചെലുത്തിക്കൊണ്ടിരിക്കുന്ന സ്വാധീനമാണ്. ഹഡ്സൺ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചൈന സെന്ററിൽ നിന്നുള്ള ഒരു പ്രതിവാര പോഡ്കാസ്റ്റാണ് ചൈന ഇൻസൈഡർ. ചൈന സെന്റർ ഡയറക്ടറും സീനിയർ ഫെലോയുമായ ഡോ. മൈൽസ് യു ആണ് ഇത് അവതരിപ്പിക്കുന്നത്. മുഖ്യധാരാ അമേരിക്കൻ മാധ്യമങ്ങൾ പലപ്പോഴും കാണാതെപോകുന്നതോ കണ്ടിട്ടും പറയാതെ പോകുന്നതോ ആയ വാർത്തകളും ചൈന അമേരിക്കയ്ക്കു മുന്നിൽ വെയ്ക്കുന്ന വെല്ലുവിളിയെയും സ്വതന്ത്ര ലോകത്തിന്റെ ഭാവിയെയും കുറിച്ചുള്ള ആഴത്തിലുള്ള വ്യാഖ്യാനവും വിശകലനവും ആഴ്ചതോറും അദ്ദേഹം നൽകുന്നു. ഞാൻ പുതിയ ലക്കം പോഡ്കാസ്റ്റ് കേൾക്കുകയായിരുന്നു. ക്യൂബ സോവിയറ്റ് പക്ഷത്തു നിന്ന കാലത്തുപോലും ചൈനയ്ക്ക് ക്യൂബയുമായി നല്ല ബന്ധമായിരുന്നു എന്നാണ് മൈൽസ് യു പറയുന്നത്. സോവിയറ്റ് യൂണിയൻ തകർന്നുകഴിഞ്ഞപ്പോൾ ചൈന ക്യൂബയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചു. അമേരിക്കക്കെതിരേയുള്ള സൈനികനിരീക്ഷണത്തിന് ക്യൂബൻ മണ്ണ് ചൈന ഉപയോഗിക്കുന്നുണ്ട്. ക്യൂബയ്ക്ക് അടിസ്ഥാനസൗകര്യവികസനത്തിന് വലിയ സഹായവും നൽകുന്നുണ്ട്. വെനസ്വേലയിൽ അമേരിക്ക നടത്തിയ കയ്യേറ്റത്തിനുശേഷം 2026 ന്റെ തുടക്കത്തിൽ ചൈന ക്യൂബയ്ക്ക് 60,000 ടൺ അരി സംഭാവന ചെയ്തു. ഏകദേശം ഒരു മാസത്തേക്ക് മുഴുവൻ ക്യൂബൻ ജനതയ്ക്കും ഭക്ഷണം നൽകാൻ ഇത് മതിയാകും. ക്യൂബ ഹെഡ്ലൈൻസിന്റെ റിപ്പോർട്ട് പ്രകാരം, വഷളാകുന്ന ഭക്ഷ്യ പ്രതിസന്ധിയെ നേരിടാൻ ക്യൂബയെ സഹായിക്കുന്നതിന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് അംഗീകരിച്ച വിശാലമായ സഹായ പാക്കേജിന്റെ ഭാഗമായിരുന്നു ഈ സംഭാവന. ഐക്യദാർഢ്യത്തിന്റെ പ്രകടനമായി ഇതിനെ വിശേഷിപ്പിച്ചുകൊണ്ട് ചൈനയിലെ ക്യൂബൻ എംബസി സംഭാവന സ്ഥിരീകരിച്ചു. അരിക്ക് പുറമേ, ക്യൂബയ്ക്ക് വൈദ്യുത ഉപകരണങ്ങൾ വാങ്ങുന്നതിനും മറ്റ് അടിയന്തര ആവശ്യങ്ങൾ പരിഹരിക്കുന്നതിനും സഹായിക്കുന്നതിനായി 80 മില്യൺ ഡോളർ സാമ്പത്തിക സഹായവും ചൈന കഴിഞ്ഞ ആഴ്ചയിൽ വാഗ്ദാനം ചെയ്തു. ലാറ്റിനമേരിക്കയിൽ ചൈനയുടെ വർധിച്ചുവരുന്ന സ്വാധീനത്തെയും സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്ന സമയത്ത് ക്യൂബയെ പിന്തുണയ്ക്കുന്നതിനുള്ള പ്രതിബദ്ധതയെയും ഈ സഹായം പ്രതിഫലിപ്പിക്കുന്നു. അമേരിക്കയുടെ, കൂടുതൽ വ്യക്തമായി പറഞ്ഞാൽ ട്രമ്പിന്റെ വെനസ്വേലൻ-ഇറാൻ-ക്യൂബ നയങ്ങളുടെ സമയത്ത് ചൈനയുടെ നീക്കങ്ങൾ ലോകം സശ്രദ്ധമാണ് വീക്ഷിക്കുന്നത്. ഇതെല്ലം പറയുമ്പോഴും ഈ വലിയ ലോകത്തിലെ ഭീമൻ സംഘർഷങ്ങൾക്കും സങ്കീർണതകൾക്കും ആശയക്കുഴപ്പങ്ങൾക്കുമിടയിൽ ക്യൂബ എന്ന സോഷ്യലിസ്റ്റ് രാഷ്ട്രത്തിന്റെ പ്രത്യയശാസ്ത്രപരമായ അതിജീവനം സ്വയംപര്യാപ്തമായിരിക്കില്ല എന്നത് നമുക്ക് തിരിച്ചറിയാം. കേരളത്തിലെ തിരഞ്ഞെടുപ്പിൽ ഇന്ത്യയിലെ ഏറ്റവും വലിയ കമ്മ്യൂണിസ്റ്റ് പാർട്ടികൾ അതിജീവനത്തിന്റെ തുരുത്ത് സംരക്ഷിക്കുവാനുള്ള സജീവ ശ്രമങ്ങൾ നടത്തുന്ന ഈ അവസരത്തിലാണ് ക്യൂബാ മുകുന്ദന്റെ സ്വപ്നരാജ്യത്തിന് അതിജീവനസമരത്തിൽ ശ്വാസംമുട്ടിക്കൊണ്ടിരിക്കുന്നത്. ക്യൂബൻ കമ്മ്യൂണിസത്തേക്കാൾ ഏതായാലും അതിജീവിക്കാനിട കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ ജനാധിപത്യ ഇടപെടലുകളായിരിക്കും.

ക്യൂബയും കേരളത്തിലെ തിരഞ്ഞെടുപ്പും ക്യൂബാ മുകുന്ദനും: സമകാലചിത്രം
M
MathrubhumiSource Link
about 1 month ago