വിധാൻ സൗധയ്ക്കുമുൻപിൽ അംഗങ്ങളുടെ ഫോട്ടോ ഷൂട്ട് To advertise here, ബെംഗളൂരു : കർണാടകത്തിൽ കോൺഗ്രസ് സർക്കാരിന്റെ കാലാവധി പൂർത്തിയാകാൻ രണ്ടുവർഷം ബാക്കിനിൽക്കെ, നിയമസഭാ മന്ദിരമായ വിധാൻ സൗധയ്ക്കുമുൻപിൽ അംഗങ്ങളുടെ ഫോട്ടോഷൂട്ട്. സർക്കാരിന്റെ കാലാവധി പൂർത്തിയാകുന്ന വേളയിൽ നിയമസഭാംഗങ്ങളുടെ ഗ്രൂപ്പ് ഫോട്ടോ എടുക്കുന്നതിനു സമാനമായ രീതിയിലായിരുന്നു ബുധനാഴ്ച നടന്ന ഈ ഫോട്ടോ ഷൂട്ട്. അധികാരമാറ്റം ആസന്നമാണെന്ന അഭ്യൂഹം ശക്തമായിരിക്കെയാണ് ഇതിനെ ശരിവെക്കുന്ന രീതിയിൽ അംഗങ്ങളുടെ ഗ്രൂപ്പ് ഫോട്ടോ എടുക്കാനുള്ള തീരുമാനം സ്പീക്കർ യു.ടി. ഖാദർ പ്രഖ്യാപിച്ചത്. നിയമസഭയുടെ ബജറ്റ് സമ്മേളനം വ്യാഴാഴ്ച അവസാനിക്കുന്നതിന്റെ മുന്നോടിയായായിരുന്നു നീക്കം. സർക്കാരിന്റെ അവസാന നിയമസഭാ സമ്മേളനത്തിന്റെ അവസാനദിവസങ്ങളിലാണ് സാധാരണയായി അംഗങ്ങളുടെ ഗ്രൂപ്പ് ഫോട്ടോ എടുക്കാറ്. വിധാൻസൗധയുടെ കവാടത്തിനുമുൻപിൽ വിരിച്ച ചുവപ്പുപരവതാനിക്കുമേൽ നിരത്തിയ കസേരകളിലിരുന്നാണ് അംഗങ്ങൾ ഫോട്ടോക്ക് പോസ് ചെയ്തത്. മുൻനിരയിൽ സ്പീക്കർ യു.ടി. ഖാദറിന്റെ ഇരുവശവുമായി മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും ഇരുന്നു. സിദ്ധരാമയ്യക്കടുത്ത് പ്രതിപക്ഷനേതാവ് ആർ. അശോക ഇരിപ്പുറപ്പിച്ചു. ഒപ്പം ഇരുവശങ്ങളിലുമായി മന്ത്രിമാർ. പുറകിൽ എം.എൽ.എ.മാർ നിന്നു. ബജറ്റ് സമ്മേളനം അവസാനിക്കുന്നതോടെ കർണാടക കോൺഗ്രസിലെ നേതൃതർക്ക വിഷയത്തിൽ പാർട്ടി ഹൈക്കമാൻഡ് തീരുമാനമെടുത്തേക്കുമെന്നാണ് കരുതുന്നത്. സിദ്ധരാമയ്യയുടെ 17-ാം ബജറ്റാണ് ഇത്തവണ അവതരിപ്പിച്ചത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിച്ചതിനുള്ള റെക്കോഡ് സിദ്ധരാമയ്യക്ക് സ്വന്തമായിരുന്നു. ഇതിനുവേണ്ടിയാണ് പാർട്ടിനേതൃത്വം സിദ്ധരാമയ്യയെ മുഖ്യമന്ത്രിസ്ഥാനത്ത് തുടരാൻ അനുവദിച്ചതെന്നാണ് സൂചന. സർക്കാരിന്റെ കാലാവധി രണ്ടരവർഷം പിന്നിടുമ്പോൾ സിദ്ധരാമയ്യ മുഖ്യമന്ത്രിസ്ഥാനമൊഴിയുമെന്നായിരുന്നു നേരത്തേ പ്രതീക്ഷിച്ചിരുന്നത്. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ മുഖ്യമന്ത്രിയായേക്കുമെന്നും കരുതിയിരുന്നു. ഡി.കെ. ശിവകുമാറിന് ഇതിനുള്ള ഉറപ്പ് ഹൈക്കമാൻഡ് നൽകിയിരുന്നെന്നും പറയുന്നു. ഈ കാലാവധി കഴിഞ്ഞ നവംബറിൽ പിന്നിട്ടു. ഹൈക്കമാൻഡ് അനുവദിച്ചാൽ രണ്ടു ബജറ്റ് കൂടി; ആവർത്തിച്ച് സിദ്ധരാമയ്യ ബെംഗളൂരു : പാർട്ടി ഹൈക്കമാൻഡ് അനുവദിച്ചാൽ രണ്ടു ബജറ്റുകൂടി താൻ അവതരിപ്പിക്കുമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. നിയമസഭയിൽ ബുധനാഴ്ച ബജറ്റ് ചർച്ചയ്ക്ക് മറുപടി പറയുന്നതിനിടെ പ്രതിപക്ഷനേതാവ് ആർ. അശോകയുടെ ചോദ്യത്തിന് മറുപടിയായാണ് സിദ്ധരാമയ്യ ഇക്കാര്യം വ്യക്തമാക്കിയത്. ഡി.കെ. ശിവകുമാറുമായുള്ള അധികാരപ്പോരിനെപ്പറ്റി ആർ. അശോക പരാമർശിച്ചപ്പോഴാണ് സിദ്ധരാമയ്യ വിശദീകരിച്ചത്. കോൺഗ്രസ് സർക്കാർ 2028-ൽ വീണ്ടും അധികാരത്തിലെത്തുമെന്നും സിദ്ധരാമയ്യ പറഞ്ഞു. ഇത്തവണത്തെ ബജറ്റ് അവതരിപ്പിക്കുമ്പോൾ രാഹുകാലം കഴിയാൻ കാത്തുനിന്നതിനെ പ്രതിപക്ഷനേതാവ് വിമർശിച്ചു. തനിക്ക് രാഹുകാലത്തിലും ഗുളിക കാലത്തിലും വിശ്വാസമില്ലെന്നും ഒരു ജനാധിപത്യവാദിയായതിനാൽ മറ്റുള്ളവർ പറയുന്നതിനെ ബഹുമാനിക്കുന്നെന്നേയുള്ളൂവെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. ഇത്തവണ ബജറ്റ് ചർച്ചയിൽ 50 പേർ പങ്കെടുത്തുവെന്നും ഇതിൽ 21 പേർ പ്രതിപക്ഷത്തുനിന്നുമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. താൻ 17 ബജറ്റുകൾ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ഇത്തവണത്തെപോലെ ഇത്രയധികം പേർ ചർച്ചയിൽ പങ്കെടുത്തത് ആദ്യമായാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
