:രാജ്യത്തെ പ്രതികൂല കാലാവസ്ഥമൂലമുള്ള പ്രതിസന്ധികൾ തരണംചെയ്യാൻ മികച്ച ഇടപെടലുകളാണ് ഷാർജ മുനിസിപ്പാലിറ്റി നടത്തുന്നത്. പ്രത്യാഘാതങ്ങൾ നേരിടാനായി ഫീൽഡ് സംഘങ്ങളും ഉപകരണങ്ങളും പൂർണ സജ്ജമാണെന്ന് മെലീഹ മുനിസിപ്പാലിറ്റിയിലെ സപ്പോർട്ട് സർവീസസ് ആൻഡ് ഫോളോ അപ്പ് മേധാവി അവാദ് സഈദ് ഹരീബ് അൽ-കെത്ബി പറഞ്ഞു. പൊതുജനങ്ങളെ സുരക്ഷിതരാക്കാനും ഗതാഗതം സുഗമമാക്കാനും ആവശ്യമായ മുൻകരുതൽ നടപടികൾ എടുത്തിട്ടുണ്ട്. To advertise here, പ്രതികൂല കാലാവസ്ഥയിൽ പ്രതികരണം വേഗത്തിലാക്കുന്നതിന് യു.എ.ഇ. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി മികച്ച പിന്തുണ നൽകുന്നുണ്ട്. ദ്രുതപ്രതികരണ സംവിധാനങ്ങളുടെ സന്നദ്ധത ഉറപ്പാക്കുന്നതിന് മെലീഹ മുനിസിപ്പാലിറ്റി മേധാവി മുസാബ്ഹ് സൈഫ് അവാദ് അൽ കെൽബിയുടെ നിർദേശപ്രകാരമാണ് മുന്നോട്ടുപോകുന്നത്. മഴയുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ നൽകുന്നതിന് 993-ൽ ബന്ധപ്പെടണമെന്നും അൽ കെത്ബി പറഞ്ഞു. മഴകാരണം നേരിട്ട പ്രതിസന്ധികൾ മറികടക്കാൻ ഖോർഫക്കാൻ മുനിസിപ്പാലിറ്റി 24 മണിക്കൂറും ഫലപ്രദമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഖോർഫക്കാൻ മുനിസിപ്പാലിറ്റിയിലെ ക്രൈസിസ്, എമർജൻസി ആൻഡ് റെയിൻ കമ്മിറ്റി മേധാവി ഖാലിദ് അലി അൽ നൗർ അൽ നഖ്‌ബി പറഞ്ഞു. വെള്ളക്കെട്ടുകൾ പരിഹരിക്കാനായി 19 വാട്ടർ പമ്പുകളും 10 ടാങ്കറുകളും വിന്യസിച്ചിട്ടുണ്ട്. സ്ഥിതിഗതികൾ തുടർച്ചയായി നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. റോഡ് വൃത്തിയാക്കാനും വെള്ളക്കെട്ടുകൾ ഒഴിവാക്കാനും പ്രത്യേക സുരക്ഷാപദ്ധതികൾ നടപ്പാക്കുന്നുണ്ടെന്ന് ദിബ്ബ അൽ ഹിസ്ൻ മുനിസിപ്പാലിറ്റി മേധാവി താലിബ് അബ്ദുല്ല അൽ യഹ്യയ വ്യക്തമാക്കി. താഴ്ന്നപ്രദേശങ്ങൾ ഉൾപ്പടെ വിവിധഇടങ്ങളിൽ വാട്ടർ പമ്പുകളും ടാങ്കറുകളും അത്യാധുനിക ഉപകരണങ്ങളും ഉപയോഗിക്കുന്നുണ്ട്. മലിനജല ശൃംഖലയുടെ പ്രവർത്തനങ്ങൾ തടസ്സപ്പെടാതിരിക്കാനും ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്താനും പ്രത്യേകസംഘങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വെള്ളക്കെട്ട് ഉൾപ്പടെയുള്ള റിപ്പോർട്ടുകൾ 993-ൽ അറിയിക്കണമെന്നും അദ്ദേഹം നിർദേശിച്ചു. പോലീസ് പട്രോളിങ് വർധിപ്പിച്ചു മഴ ശക്തമായതോടെ എമിറേറ്റിലെ പോലീസ് പട്രോളിങ്ങും വർധിപ്പിച്ചിട്ടുണ്ട്. പ്രധാന റോഡുകൾ, തിരക്കേറിയ ജങ്ഷനുകൾ എന്നിവിടങ്ങളിൽ കൂടുതൽ ഉദ്യോഗസ്ഥരെ വിന്യസിച്ചു. ഗതാഗതം നിരീക്ഷിക്കാനും അടിയന്തര സാഹചര്യങ്ങളോടുള്ള പ്രതികരണം ഏകോപിപ്പിക്കാനുമാണ് ഇതുവഴി ലക്ഷ്യമിടുന്നതെന്ന് പട്രോൾസ് വകുപ്പ് മേധാവി ലെഫ്റ്റനന്റ് കേണൽ ഡോ. മസ്‌റൂഖ് ഖൽഫാൻ അൽ നഖ്‌ബി പറഞ്ഞു. വെള്ളക്കെട്ടുകൾക്ക് സാധ്യതയുള്ള പ്രദേശങ്ങളിലായി 80 പട്രോൾ കാറുകൾ വിന്യസിച്ചു. അടിയന്തര സാഹചര്യങ്ങളിൽ റോഡുകൾ അടയ്ക്കുകയും ഗതാഗതം വഴിതിരിച്ച് വിടുകയും ചെയ്യുന്നുണ്ട്. ഗതാഗത സാഹചര്യങ്ങളെക്കുറിച്ച് ഡ്രൈവർമാർക്ക് ഉദ്യോഗസ്ഥർ നിർദേശങ്ങൾ നൽകുന്നുണ്ടെന്നും അൽ നഖ്‌ബി വ്യക്തമാക്കി.
