ഖാർഗ് അധിനിവേശം; കാത്തിരിക്കുന്നത് ‘പേർഷ്യൻ ഗല്ലിപ്പോളി’യോ? ട്രംപിന്റെ നീക്കം മരണക്കെണിയോ?

ഖാർഗ് അധിനിവേശം; കാത്തിരിക്കുന്നത് ‘പേർഷ്യൻ ഗല്ലിപ്പോളി’യോ? ട്രംപിന്റെ നീക്കം മരണക്കെണിയോ?

M
MathrubhumiSource Link
വാഷിങ്ടൺ: പശ്ചിമേഷ്യ യുദ്ധത്തിൽ ഇറാനെ മുട്ടുകുത്തിക്കാനുള്ള സുപ്രധാന ലക്ഷ്യമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കാണുന്ന ഇടമാണ് ഖാർഗ് ദ്വീപ്. എന്നാൽ, ഇറാനിലെ ഈ തന്ത്രപ്രധാനമായ ദ്വീപ് ലക്ഷ്യമാക്കി ട്രംപ് ആസൂത്രണം ചെയ്യുന്ന കരസേന അധിനിവേശം ഒരു വലിയ സൈനിക ദുരന്തത്തിന് വഴിവെച്ചേക്കാമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. അതിനായി അവർ ചൂണ്ടിക്കാട്ടുന്നത് ഗല്ലിപ്പോളി യുദ്ധത്തെയാണ്. To advertise here, ഏകദേശം നൂറു വർഷങ്ങൾക്ക് മുമ്പ് ഒന്നാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടന് സംഭവിച്ച ഗല്ലിപ്പോളി ദൗത്യത്തിന്റെ പരാജയത്തിന്റെ ആവർത്തനമായിരിക്കും ട്രംപിന്റെ ഈ പുതിയ നീക്കത്തിനും സംഭവിക്കുക എന്നാണ് സൈനിക വിദഗ്ധരുടെ മുന്നറിയിപ്പ്. ദാർഡനെല്ലെസ് കടലിടുക്ക് പിടിച്ചടക്കി ഓട്ടോമൻ സാമ്രാജ്യത്തെ തകർക്കുക എന്നതായിരുന്നു ബ്രിട്ടന്റെ ലക്ഷ്യം. എന്നാൽ, വലിയ തോതിലുള്ള സൈനികനഷ്ടവും ദയനീയമായ പിൻവാങ്ങലുമാണ് ബ്രിട്ടനായി ചരിത്രം കാത്തുവെച്ചിരുന്നത്. 1915-16 കാലഘട്ടത്തിലാണ് ഓട്ടോമൻ സാമ്രാജ്യത്തെ തകർക്കാൻ ബ്രിട്ടൻ ഗല്ലിപ്പോളി യുദ്ധം ആരംഭിച്ചത്. ചരിത്രത്തിൽ ആദ്യമായി ആംഫിബിയസ് ഓപ്പറേഷൻ (Amphibious Operation)- കരയിലും വെള്ളത്തിലും ഒരേസമയം സൈനിക നടപടി- ആയിരുന്നു ഇത്. യൂറോപ്പിൽനിന്ന് റഷ്യയിലേക്കുള്ള സമുദ്രപാതയുടെ നിയന്ത്രണം ഏറ്റെടുക്കുക, തന്ത്രപ്രധാനമായ ദാർഡനെല്ലെസ് കടലിടുക്ക് (Dardanelles Strait) പിടിച്ചെടുക്കുക, അന്നത്തെ ഓട്ടോമൻ സാമ്രാജ്യത്തിന്റെ തലസ്ഥാനമായ കോൺസ്റ്റാന്റിനോപ്പിൾ (ഇന്നത്തെ ഇസ്താംബുൾ) കീഴടക്കി അവരെ പരാജയപ്പെടുത്തുക എന്നതായിരുന്നു ബ്രിട്ടന്റെ ലക്ഷ്യം. അന്ന് വിൻസ്റ്റൺ ചർച്ചിലും ബ്രിട്ടീഷ് ജനറലുകളും ശത്രുസാമ്രാജ്യം ദുർബലവും കാലഹരണപ്പെട്ടതുമാണെന്ന്‌ വിലകുറച്ചുകണ്ടു. ഈ തെറ്റായ ധാരണയും അമിത ആത്മവിശ്വാസവുമാണ് പരാജയത്തിന് പ്രധാന കാരണമായത്. 1915 ഫെബ്രുവരി 19-ന് ബ്രിട്ടീഷ്, ഫ്രഞ്ച് യുദ്ധക്കപ്പലുകൾ ദാർഡനെല്ലെസിൽ ബോംബാക്രമണം നടത്തിക്കൊണ്ടാണ് യുദ്ധം ആരംഭിച്ചത്. നാവികസേനയെ ഉപയോഗിച്ച് മുന്നേറാൻ ശ്രമിച്ച ബ്രിട്ടന് പക്ഷേ, കടലിടുക്കിലെ തിരിച്ചറിയപ്പെടാത്ത മൈനുകൾ വലിയ വിനയായി. ഈ മൈനുകൾ ബ്രിട്ടന്റെ മൂന്ന് കപ്പലുകളെ മുക്കുകയും മൂന്നെണ്ണത്തിന് കനത്ത നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്തു. നാവിക നീക്കം പരാജയപ്പെട്ടതോടെ 1915 ഏപ്രിൽ 25-ന് കരസേനാ അധിനിവേശം ആരംഭിച്ചു. ബ്രിട്ടൻ, ഫ്രാൻസ്, ഓസ്ട്രേലിയ, ന്യൂസിലാൻഡ് (ANZAC) എന്നിവിടങ്ങളിൽ നിന്നുള്ള സൈനികർ ഇതിൽ പങ്കെടുത്തു. തങ്ങളുടെ മുന്നിലെ ഭൂപ്രകൃതിയെ തിരിച്ചറിയാതെ പോയതാണ് അവർ ഈ ഘട്ടത്തിൽ നേരിട്ട മറ്റൊരു വെല്ലുവിളി. കരസേനാ അധിനിവേശത്തിന്റെ തുടക്കത്തിൽതന്നെ വലിയ തിരിച്ചടി നേരിട്ടു. കടൽതീരത്തെ ഇടുങ്ങിയ മണൽപ്പരപ്പുകളിൽ ബ്രിട്ടീഷ് സൈന്യം കുടുങ്ങിപ്പോയി. മാത്രമല്ല, കുത്തനെയുള്ള ഉയർന്ന മലനിരകളിൽ നിലയുറപ്പിച്ച ഓട്ടോമൻ സൈന്യത്തിന് താഴെയുള്ള ബ്രിട്ടീഷ് സൈനികരെ എളുപ്പത്തിൽ ലക്ഷ്യംവെക്കാനും സാധിച്ചു. ശത്രുവിന്റെ തുടർച്ചയായ വെടിവെപ്പിനിടയിൽ സൈനികർക്ക് ആവശ്യമായ ഭക്ഷണവും മറ്റ് സാമഗ്രികളും കൃത്യമായി എത്തിക്കാൻ അവർക്ക് സാധിക്കാത്തതും ബ്രിട്ടീഷ് സൈന്യത്തിന് തിരിച്ചടിയായി. ആദ്യഘട്ടത്തിൽ അയച്ച 200 സൈനികരിൽ 21 പേർക്ക് മാത്രമാണ് കരയ്ക്കടിയാൻ സാധിച്ചത്. യുദ്ധം കടുപ്പമേറിയപ്പോൾ ബ്രിട്ടീഷ് കമാൻഡർ ജനറൽ ഇയാൻ ഹാമിൽട്ടൺ 95,000 അധിക സൈനികരെ ആവശ്യപ്പെട്ടെങ്കിലും, അതിന്റെ നാലിലൊന്ന് മാത്രമേ ബ്രിട്ടീഷ് അധികൃതർ അനുവദിച്ചുള്ളൂ. ഏകദേശം 4,80,000 സഖ്യകക്ഷി സൈനികർ യുദ്ധത്തിൽ പങ്കെടുത്തു. സഖ്യകക്ഷികൾക്ക് 2,50,000-ഓളം സൈനികനഷ്ടം സംഭവിച്ചു. ഏകദേശം 46,000 പേർ കൊല്ലപ്പെട്ടു, ബാക്കിയുള്ളവർ പരിക്കേറ്റ് മൃതപ്രായരായി. തുർക്കി പക്ഷത്ത് ഏകദേശം 65,000 സൈനികർ കൊല്ലപ്പെട്ടു ചുരുക്കത്തിൽ, ഭൂപ്രകൃതിയെയും ശത്രുവിന്റെ പ്രതിരോധ ശേഷിയെയും കൃത്യമായി വിലയിരുത്തുന്നതിൽ പരാജയപ്പെട്ടത് ഒരു വലിയ പാഠമാണ് ബ്രിട്ടന് ബാക്കിവെച്ചത്. സ്വന്തം മാതൃരാജ്യത്തിന് വേണ്ടി പോരാടുന്ന സൈന്യത്തെ പരാജയപ്പെടുത്തുന്നത് എളുപ്പമല്ലെന്ന തിരിച്ചറിവാണ് ഗല്ലിപ്പോളി നൽകിയത്. ഒടുവിൽ പരാജയം സമ്മതിച്ച ബ്രിട്ടൻ 1915 ഡിസംബറിൽ പിന്മാറാൻ തീരുമാനിക്കുകയും 1916 ജനുവരി ഒമ്പതോടെ അവസാന സൈനികനും അവിടെനിന്ന് മടങ്ങുകയും ചെയ്തു. ബ്രിട്ടീഷ് രാഷ്ട്രീയത്തിലും സൈനിക ചരിത്രത്തിലും വലിയ ആഘാതമുണ്ടാക്കിയ ഒരു സംഭവം കൂടിയായിരുന്നു ഗല്ലിപ്പോളി യുദ്ധം. ബ്രിട്ടന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പിഴവായാണ് ഈ യുദ്ധം വിശേഷിപ്പിക്കപ്പെടുന്നത്. ഒന്നാം ലോകമഹായുദ്ധകാലത്ത് സൈനികവും തന്ത്രപരവുമായ പ്രാധാന്യമുള്ള ഒരു ജലപാതയായിരുന്നു ഡാർഡനെല്ലെസ് കടലിടുക്ക് (Dardanelles Strait). എഗിയൻ കടലിനെ (Aegean Sea) മർമാര കടലുമായി (Sea of Marmara) ബന്ധിപ്പിക്കുന്ന 61 കിലോമീറ്റർ നീളമുള്ള ഇടുങ്ങിയ പാതയാണിത്. കരിങ്കടലിലേക്കുള്ള (Black Sea) ഒരു പ്രധാന കണ്ണിയായാണ് ഇത് പ്രവർത്തിക്കുന്നത്. യൂറോപ്പിൽ നിന്ന് റഷ്യയിലേക്കുള്ള സമുദ്രപാതയുടെ നിയന്ത്രണം ഏറ്റെടുക്കുക എന്നതായിരുന്നു ഗല്ലിപ്പോളി യുദ്ധത്തിലൂടെയുള്ള ബ്രിട്ടന്റെയും സഖ്യകക്ഷികളുടെയും പ്രധാന ലക്ഷ്യം. കോക്കസസ് (Caucasus) മേഖലയിലെ തുർക്കി അധിനിവേശത്തെത്തുടർന്ന് റഷ്യയെ സഹായിക്കുക എന്നതായിരുന്നു ഈ ദൗത്യത്തിന്റെ പ്രധാന ഉദ്ദേശ്യം. ഏറെക്കുറെ സമാനമായ സാഹചര്യമാണ് ട്രംപ് ഇറാനിലെ ഖാർഗ് ദ്വീപ് ലക്ഷ്യമിട്ട് നടത്തുന്നത്. ട്രംപ് ആസൂത്രണംചെയ്യുന്ന ഈ സൈനിക നീക്കം ചരിത്രപരമായ ഗല്ലിപ്പോളി യുദ്ധത്തിന് സമാനമായ ഒരു വലിയ തന്ത്രപരമായ പിഴവായി മാറിയേക്കാം എന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഇറാന്റെ ആകെ എണ്ണക്കയറ്റുമതിയുടെ ഏകദേശം 90 ശതമാനവും നടക്കുന്നത് ഖാർഗ് ദ്വീപ് വഴിയാണ്. ഈ ദ്വീപ് പിടിച്ചെടുക്കുന്നതിലൂടെ ഇറാന്റെ സാമ്പത്തിക ജീവനാഡി തകർക്കാനും ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാൻ ഇറാനെ നിർബന്ധിക്കാനും ആകുമെന്നാണ് ട്രംപ് ലക്ഷ്യമിടുന്നത്. ഇതിനായി ഏകദേശം 2,200 മറീനുകളെ വഹിക്കുന്ന യുഎസ്എസ് ട്രിപ്പോളി (USS Tripoli) എന്ന അത്യാധുനിക യുദ്ധക്കപ്പൽ 2026 മാർച്ച് 28-ഓടെ മിഡിൽ ഈസ്റ്റിൽ എത്തിയേക്കും എന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ സൂചിപ്പിക്കുന്നു. ശത്രുസൈന്യത്തെ ദുർബലരായി കണ്ട ബ്രിട്ടനെപ്പോലെ, ഇന്ന് ഇറാനെ 'പേപ്പർ ടൈഗർ' എന്നും ഈ സൈനിക നീക്കത്തെ ഒരു 'ചെറിയ ഉല്ലാസയാത്ര' (little excursion) എന്നുമാണ് നെതന്യാഹുവും ട്രംപും വിശേഷിപ്പിക്കുന്നത്. അന്ന് ദാർഡനെല്ലെസ് കടലിടുക്കിൽ തിരിച്ചറിയപ്പെടാത്ത മൈനുകൾ ബ്രിട്ടീഷ് കപ്പലുകളെ തകർത്തതുപോലെ, വെറും 22 കിലോമീറ്റർ വീതിയുള്ള ഹോർമുസ് കടലിടുക്കും അമേരിക്കൻ സേനയ്ക്ക് ഒരു മരണക്കെണിയായി മാറിയേക്കാം എന്ന് സൈനിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. മാത്രമല്ല, അമേരിക്കയുടെ അധിനിവേശത്തെ നേരിടാൻ ഇറാൻ ഖാർഗ് ദ്വീപിനെ ഒരു കോട്ടയായി മാറ്റിയിട്ടുണ്ട് എന്നാണ് വിവരം. ദ്വീപിൽ മൈനുകൾ, വിമാനഭേദക മിസൈലുകൾ (MANPADS), അത്യാധുനിക മിസൈലുകൾ എന്നിവ ഇതിനോടകം വിന്യസിച്ചിട്ടുണ്ട്. ആയിരക്കണക്കിന് ഡ്രോണുകളും വേഗതയേറിയ അറ്റാക്ക് ബോട്ടുകളും ഉപയോഗിച്ച് എല്ലാ വശങ്ങളിൽ നിന്നും ഒരേസമയം ആക്രമണം നടത്തുന്ന 'സാച്ചുറേഷൻ വാർഫെയർ' (saturation warfare) രീതിയാണ് ഇറാൻ ഇവിടെ ആസൂത്രണം ചെയ്യുന്നത് എന്നാണ് വിവരം. മാത്രമല്ല, ദ്വീപിന് ചുറ്റുമുള്ള കുത്തനെയുള്ള മലനിരകൾ അമേരിക്കൻ സൈനികരെ എളുപ്പത്തിൽ നിരീക്ഷിക്കാനും ലക്ഷ്യം വെക്കാനും ഇറാൻ സൈന്യത്തിന് മേൽക്കൈ നൽകുന്നു. ഗല്ലിപ്പോളി യുദ്ധത്തിൽ കരയിലെത്തിയ ബ്രിട്ടീഷ് സൈനികരെ നേരിടുന്നതിൽ ഓട്ടോമൻ സൈന്യത്തിനും സമാനമായ മേൽക്കൈ ഉണ്ടായിരുന്നു. മൊത്തത്തിൽ അമേരിക്കൻ സൈനികരെ അവിടെ കാത്തിരിക്കുന്നത് ഒരു മരണക്കെണി തന്നെയാണ്.  സ്വന്തം മണ്ണിൽ പ്രത്യയശാസ്ത്രപരമായ ആവേശത്തോടെ പൊരുതുന്ന ഒരു സൈന്യത്തെ പരാജയപ്പെടുത്തുന്നത് എളുപ്പമല്ലെന്ന് ചരിത്രം പഠിപ്പിക്കുന്നു. ഗല്ലിപ്പോളിയിൽ ബ്രിട്ടന് 2,50,000 സൈനികരെ നഷ്ടപ്പെട്ടതുപോലെ, ഈ നീക്കം അമേരിക്കയ്ക്ക് ഒരു 'പേർഷ്യൻ ഗല്ലിപ്പോളി' ആയി മാറിയേക്കാമെന്നാണ് വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഖാർഗ് അധിനിവേശം; കാത്തിരിക്കുന്നത് ‘പേർഷ്യൻ ഗല്ലിപ്പോളി’യോ?… | Boolokam