ഖാർഗ് പിടിക്കാൻ ട്രംപിന് മോഹം; വിയറ്റ്‌നാം 2.0 ലോഡിങ്? ഇറാൻ അതിജീവിക്കുമെന്ന ഭയത്തിൽ ഇസ്രയേലും ഗൾഫും

ഖാർഗ് പിടിക്കാൻ ട്രംപിന് മോഹം; വിയറ്റ്‌നാം 2.0 ലോഡിങ്? ഇറാൻ അതിജീവിക്കുമെന്ന ഭയത്തിൽ ഇസ്രയേലും ഗൾഫും

M
MathrubhumiSource Link
അമേരിക്കയും ഇസ്രയേലും ഒരുവശത്തും ഇറാൻ മറുവശത്തുമായുള്ള യുദ്ധം രണ്ടാം മാസത്തിലേക്ക് കടന്നിരിക്കുന്നു. ആദ്യ ദിവസങ്ങളിലെ പ്രതീക്ഷകൾക്ക് വിപരീതമായി, യുദ്ധം വേഗത്തിൽ അവസാനിക്കുന്നതിന് പകരം ആരും ജയിക്കാത്ത ഒരു സ്തംഭനാവസ്ഥയിലേക്ക് വഴുതുന്നതായി തോന്നുന്നു. ചില സൈനിക വിദഗ്ധർ ഇറാനെ അമേരിക്കയുടെ 'അടുത്ത വിയറ്റ്നാം' എന്ന് വിശേഷിപ്പിക്കാൻ തുടങ്ങിയിരിക്കുന്നു. വെനസ്വേല പോലെ ചെവിക്കു പിടിച്ച് തൂക്കിയെടുത്ത് വലിച്ചെറിയാൻ പറ്റുന്ന ശത്രുവല്ല ഇറാനെന്ന് യുഎസ് മനസ്സിലാക്കിയപ്പോൾ ആഴ്ചകൾ വൈകിയിരിക്കണം. To advertise here, ഒറ്റ ദിവസത്തെ ബോംബിങ് കൊണ്ട് ഇറാനിൽ ഭരണകൂടമാറ്റം വരുത്താനാവുമെന്ന തരത്തിലെ കണക്കുകൂട്ടലുകൾ തെറ്റിയെന്നത് വ്യക്തമാണ്. മാസങ്ങളോളം, ആവശ്യമെങ്കിൽ വർഷങ്ങളോളം ചെറുത്തുനിൽക്കാൻ കഴിവുള്ള രാജ്യമാണ് ഇറാനെന്നാണ് സൈനിക വിദഗ്ധർ പറയുന്നത്. താരതമ്യേന വളരെ ചെറിയ ചെലവിൽ ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളും നിർമിക്കാൻ ശേഷിയുള്ള ഇറാൻ തങ്ങളുടെ പരമോന്നത നേതാവുൾപ്പെടെ അമ്പതിലധികം ഉന്നതനേതാക്കൾ കൊല്ലപ്പെട്ടിട്ടും ആയുധംവെച്ച് കീഴടങ്ങിയില്ല. ഒരുപക്ഷേ, ഇസ്ലാമിക ഭരണകൂടം 47 വർഷം മുമ്പ് അധികാരത്തിൽ വന്ന കാലം മുതൽ അവർ ഇത്തരം ഒരു സാഹചര്യത്തിനായി തയ്യാറെടുക്കുകയായിരുന്നിരിക്കാം. ഒരു മാസത്തെ തുടർച്ചയായ ബോംബിങ്ങിനു ശേഷവും ഇറാനിയൻ മിസൈലുകൾ വേട്ട തുടരുകയാണ്, ഗൾഫ് രാജ്യങ്ങളിലും ഇസ്രയേലിലും കനത്ത നാശനഷ്ടമുണ്ടാക്കുന്നത് തുടരുകയാണ്. ഇറാന്റെ ക്രൂഡ് ഓയിൽ കയറ്റുമതിയുടെ 90 ശതമാനത്തോളം കൈകാര്യം ചെയ്യുന്ന ഖാർഗ് എന്ന ചെറിയ ഇറാൻ ദ്വീപ് നിയന്ത്രണത്തിലാക്കിയാൽ ആ രാജ്യത്തിനുമേൽ വലിയ സമ്മർദ്ദം ചെലുത്താമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കണക്കുകൂട്ടുന്നു. വെനസ്വേലയിലെപ്പോലെ, എണ്ണയുടെ നിയന്ത്രണം കൈവശപ്പെടുത്തുക എന്നതാണ് തനിക്കു പ്രിയപ്പെട്ടതെന്ന് ട്രംപ് തുറന്നടിക്കുന്നു. 'പക്ഷേ, നാട്ടിലെ ചില മഠയൻമാർ എന്തിനാണതു ചെയ്യുന്നതെന്ന് ചോദിക്കും... ഒരുപക്ഷേ, ഞങ്ങൾ ഖാർഗ് ദ്വീപ് പിടിച്ചെടുക്കും. ചിലപ്പോൾ ചെയ്യില്ല. നമുക്കു മുന്നിൽ കുറച്ചധികം ഓപ്ഷനുകളുണ്ട്... പിടിച്ചെടുത്താൽ കുറച്ചുകാലം അവിടെ തുടരേണ്ടിവരും.' അതാണ് അമേരിക്കയുടെ മനസ്സിലെന്ന് പൊതുവേ കരുതപ്പെടുന്നു. കരയുദ്ധത്തിനായി പതിനായിരം സൈനികരെ ഇറാനിലെത്തിക്കാനാണത്രെ ഉദ്ദേശ്യം. കഴിഞ്ഞയാഴ്ച 2,200 മറീനുകളടക്കം 3,500 സൈനികർ എത്തിയിരുന്നു. 82-ാം എയർബോൺ ഡിവിഷനിൽനിന്നും ആയിരങ്ങൾ അങ്ങോട്ടേയ്ക്ക് എത്തിക്കൊണ്ടിരിക്കുന്നു. ഹോർമുസ് കടലിടുക്കിന്റെ 483 കിലോമീറ്റർ വടക്കുപടിഞ്ഞാറായി കിടക്കുന്ന ഖാർഗ് ദ്വീപ് ഇറാനിൽനിന്നു 26 കിലോമീറ്റർ മാത്രം അകലെയാണ്. ദ്വീപ് പിടിച്ചെടുക്കാനുള്ള ശ്രമം ഒട്ടേറെ അമേരിക്കൻ സൈനികർ കൊല്ലപ്പെടുന്നതിന് വഴിവെച്ചേക്കാമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഖാർഗ് പിടിക്കാൻ കരയുദ്ധം കഠിനം നേരത്തേ, മേഖലയിൽ നിലയുറപ്പിച്ചിരുന്ന പടുകൂറ്റൻ വിമാനവാഹിനി കപ്പലുകളായ യുഎസ്എസ് ഫോർഡും ലിങ്കണും സാരമായ കേടുപാടുകൾ സംഭവിച്ചിരുന്നു. (കാരണം തങ്ങളുടെ ബാലിസ്റ്റിക്, കപ്പൽവേധ മിസൈലുകളുടെ ആക്രമണമെന്ന് ഇറാൻ, അല്ലെന്ന് അമേരിക്ക.) ഗ്രീസിലെ ക്രീറ്റിൽ അറ്റകുറ്റപ്പണികൾ നടത്തുന്ന ഫോർഡ് വീണ്ടും പടക്കളത്തിലിറങ്ങാൻ ഒരു വർഷമെടുക്കുമെന്നാണ്‌ ഊഹം. ലിങ്കൺ, ഇറാനിൽനിന്ന്‌ ആയിരം കിലോമീറ്റർ പിൻവലിഞ്ഞു. ഇവരുടെ പകുതി മാത്രം വലിപ്പമുള്ള യുഎസ്എസ് ട്രിപ്പൊളിക്കും ബോക്സറിനും ഇറാനിയൻ മിസൈലുകളെ എത്രത്തോളം ചെറുത്തുനിൽക്കാനാവുമെന്ന് കണ്ടറിയണം. കഴിവതും മിസൈൽ പരിധിക്കു പുറത്തു നിൽക്കാതെ തൽക്കാലം നിർവാഹമില്ല. ബോക്സർ മധ്യപൂർവേഷ്യയിലെത്താൻ പത്തുദിവസം കഴിയും. അതുകൊണ്ടാണ് കരയുദ്ധം നീളുന്നത്. നാറ്റോ രാജ്യങ്ങൾ നാവികസഹായവുമായി മുന്നോട്ടു വരാൻ മടിക്കുന്നതിന് കാരണവും ഈ മിസൈൽ ഭീഷണിയാകാം. കുറച്ചുകാലം കൂടി ബോംബിടൽ തുടർന്ന് ഇറാനെ നിലംപരിശാക്കിയ ശേഷം മറീനുകളെ ഖാർഗ് പിടിക്കാൻ രംഗത്തിറക്കാമെന്നാവും അമേരിക്ക കരുതുന്നത്. പക്ഷേ, അമേരിക്കൻ സൈനികർക്കു സുരക്ഷിതമായി തീരത്തിറങ്ങാൻ പറ്റിയ സാഹചര്യം സൃഷ്ടിക്കാൻ അതുമാത്രം പോര. ഇറാനികൾ അമേരിക്കൻ പട്ടാളക്കാരെ കാത്തിരിക്കുകയാണ്. ഖാർഗ് ദ്വീപിന് ചുറ്റും വലിയ സന്നാഹങ്ങളാണ് ഇറാൻ ഒരുക്കിയിട്ടുള്ളത്. ഹോർമുസ് കടലിടുക്ക് കഴിഞ്ഞ് നൂറുകണക്കിന് മൈലുകൾ താണ്ടിയാലേ ലക്ഷ്യസ്ഥാനത്ത് എത്താനാവൂ. അവിടെയെത്തുന്നത് ഒട്ടും എളുപ്പമാവില്ല. മിസൈലുകൾ, കപ്പൽവേധ മിസൈലുകൾ, സ്പീഡ് ബോട്ടുകൾ, ചുമലിൽവച്ച് നിറയൊഴിക്കാവുന്ന വിമാനനവേധത്തോക്കുകൾ (മാൻപാഡ്സ്), കുഴിബോംബുകൾ. ആയിരക്കണക്കിന് അധിക സൈനികരെയും വിന്യസിച്ചിട്ടുണ്ട്. ആകാശത്തും സമുദ്രത്തിലുമുള്ള വലിയ മേൽക്കൈ കാരണം ദ്വീപ് പിടിച്ചെടുത്താൻ തന്നെ നിലനിർത്തുക യു.എസ്സിന് എളുപ്പമാവില്ല. ഇറാനിൽ ഇപ്പോൾ നടക്കുന്ന ബോംബാക്രമണം മേഖലയിൽ യു.എസ്. നേതൃത്വത്തിൽ ഇതുവരെ നടന്നതിൽ ഏറ്റവും വലിയവയിൽ പെടും. കഴിഞ്ഞ 30 ദിവസം നടത്തിയ ആക്രമണങ്ങളിൽ 11,000 ലക്ഷ്യങ്ങൾ തകർത്തെന്നാണ് അമേരിക്ക പറയുന്നത്. ഇസ്രയേൽ നടത്തിയ ആയിരക്കണക്കിന് ആക്രമണങ്ങൾ വേറെയും. ആകെ നോക്കിയാൽ പതിനയ്യായിരത്തിൽ കുറയില്ല. ഇറാന്റെ മിസൈൽ, ഡ്രോൺ ഉത്പാദനകേന്ദ്രങ്ങളുടെയും ഷിപ്പ് യാർഡുകളുടെയും മിസൈൽ വിക്ഷേപിണികളുടെയും മൂന്നിൽ രണ്ടും തകർത്തെന്നാണ് അവകാശവാദം. ഇറാന്റെ നാവികസേനയെ തുടച്ചുനീക്കിയെന്നാണ് ട്രംപ് അവകാശപ്പെട്ടത്. വ്യോമസേനയുടെയും വ്യോമപ്രതിരോധ സംവിധാനങ്ങളുടെയും കാര്യവും വ്യത്യസ്തമല്ല. ഇതിനകം ഇറാന്റെ 90 ശതമാനം മിസൈൽ ശേഷിയെയും തകർത്തെന്ന് യു.എസ്സും ഇസ്രയേലും അവകാശപ്പെടുന്നുവെങ്കിലും ഗൾഫ് രാജ്യങ്ങളിലും അമേരിക്കൻ തവളങ്ങളും ഇപ്പോഴും ഭീതി പടർത്തുകയാണ് അവരുടെ ബാലിസ്റ്റിക് മിസൈലുകൾ. (ആക്രമണങ്ങളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്.) ഇത്തരം ആക്രമണം മുൻകൂട്ടിക്കണ്ട ഇറാൻ മിസൈലുകളും ആണവസാമഗ്രികളുമൊക്കെ ഭൂമിക്കടിയിൽ വളരെ ആഴത്തിൽ സംരക്ഷിച്ചിട്ടുണ്ടാവണം. കനത്ത ബോംബാക്രമണത്തിൽ ഈ കേന്ദ്രങ്ങളുടെ പ്രവേശനകവാടങ്ങൾ തകർന്നിരിക്കാമെങ്കിലും അവ ഭാഗികമായെങ്കിലും പ്രവർത്തനക്ഷമമായിരിക്കാമെന്നാണ് കണക്കുകൂട്ടൽ. ഇതിനു പുറമേയാണ് റഷ്യ, ചൈന എന്നിവിടങ്ങളിൽനിന്നു കിട്ടിക്കൊണ്ടിരിക്കുന്നതായി കരുതുന്ന സാങ്കേതിക, ഉപഗ്രഹ ഇന്റലിജൻസ് പിന്തുണ. ഇറാന്റെ ആരോഗ്യമന്ത്രാലയത്തിന്റെ കണക്കു പ്രകാരം ആക്രമണങ്ങളിൽ രാജ്യത്ത് രണ്ടായിരത്തിലേറെപ്പേർ കൊല്ലപ്പെട്ടു, 26,500 പേർക്ക് പരിക്കേറ്റു. പക്ഷേ, കുറഞ്ഞത് ആറായിരം ഇറാനിയൻ പട്ടാളക്കാർ കൊല്ലപ്പെട്ടതായി മറ്റു ചില സംഘടനകൾ പറയുന്നു. 15 അമേരിക്കൻ സൈനികർ യുദ്ധത്തിൽ കൊല്ലപ്പെട്ടു. ഇസ്രയേലിൽ അഞ്ചു സൈനികരുൾപ്പെടെ 25-ലധികം പേരും ലെബനോനിൽ 1,100 പേരും. ഇതിനു പുറമേ, ജിസിസി രാജ്യങ്ങളിലുമാണ്‌ മരണങ്ങളും പരിക്കേറ്റവരും. നിറം മാറുന്ന യുദ്ധവും ഗൾഫിന്റെ വേവലാതിയും 48 മണിക്കൂറിനകം ഹോർമുസ് കടലിടുക്ക് തുറന്നില്ലെങ്കിൽ വൈദ്യുത നിലയങ്ങളടക്കമുള്ള സിവിലിയൻ അവശ്യസേവനങ്ങളെ ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ട്രംപ് അന്ത്യശാസനം ആദ്യം അഞ്ചു ദിവസവും പിന്നീട് പത്തു ദിവസവും നീട്ടുകയുണ്ടായി. (ഇപ്പോഴത്തെ സമയപരിധി ഏപ്രിൽ ആറിന് അവസാനിക്കും.) മധ്യസ്ഥശ്രമങ്ങളും നടക്കുന്നുണ്ട്. പക്ഷേ, കഴിഞ്ഞ ദിവസം ടെഹ്‌റാനിലെ വൈദ്യുത വിതരണ ശൃംഖലയെ അമേരിക്ക- ഇസ്രയേൽ സഖ്യം ആക്രമിച്ചു, പിറ്റേന്നുതന്നെ അവർക്കത് പുനസ്ഥാപിക്കാനായെങ്കിലും. തുടക്കത്തിൽ ഊർജ്ജമേഖല കേന്ദ്രീകരിച്ചായിരുന്നു മിക്കവാറും ആക്രമണങ്ങൾ. ഇപ്പോഴത് ജലവിതരണ മേഖല അടക്കമുള്ള മറ്റ് അടിസ്ഥാന സൗകര്യങ്ങളിലേക്കു വ്യാപിക്കുകയാണ്. കുവൈറ്റിലെ ദോഹ വെസ്റ്റ് പവർ ആന്റ് വാട്ടർ ഡീസലിനേഷൻ സ്റ്റേഷനിലുണ്ടായ ഇറാനിയൻ ആക്രമണത്തിൽ ഒരു ഇന്ത്യൻ തൊഴിലാളി കൊല്ലപ്പെട്ടു. 90 ശതമാനം കുടിവെള്ളത്തിനും കടൽവെള്ളം ശുദ്ധീകരിക്കുന്നതിനെ ആശ്രയിക്കുന്ന കുവൈറ്റിന് കനത്ത ആഘാതമാണ് ഈ സംഭവം. മിക്കവാറും ജിസിസി രാജ്യങ്ങൾ ഇത്തരം പ്ലാന്റുകളെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. വല്ലാത്ത പ്രതിസന്ധിയും ഭീതിയുമാണ് ഈ ആക്രമണം സൃഷ്ടിക്കുന്നത്. തങ്ങളുടെ ഊർജശൃംഖലയെ ആക്രമിച്ചാൽ ഗൾഫിലെ കടൽവെള്ള ശുദ്ധീകരണശാലകൾ ആക്രമിച്ച് തിരിച്ചടിക്കുമെന്ന് ഇറാൻ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. യുദ്ധം നീളുന്തോറും അമേരിക്കയുടെയും സഖ്യകക്ഷികളുടെയും നാശനഷ്ടങ്ങൾ വർധിക്കുകയാണ്. സൗദിയിലെ പ്രിൻസ് സുൽത്താൻ എയർബേസിൽ നടന്ന ഇറാനിയൻ മിസൈൽ, ഡ്രോൺ ആക്രമണത്തിൽ ഏകദേശം 500 മില്യൺ ഡോളർ വിലമതിക്കുന്ന ഇ3 സെൻട്രി അവാക്സ് ('പറക്കുന്ന റഡാർ') നശിച്ചു. യുദ്ധത്തിന്റെ ആദ്യത്തെ മൂന്നാഴ്ചകളിൽ തന്നെ അമേരിക്കക്ക് 1.4 മുതൽ 2.9 ബില്യൺ ഡോളർ വരെ ഉപകരണ നഷ്ടമുണ്ടായിരിക്കാമെന്നാണ് കണക്ക്. അമേരിക്കയുടെ പതിനഞ്ചോളം പോർവിമാനങ്ങൾ തകരുകയോ അവയ്ക്ക് കനത്ത കേടുപാടുകൾ സംഭവിക്കുകയോ ചെയ്തു. സൗദി അറേബ്യയും ഖത്തറും ബഹറിനും യുഎഇയുമൊക്കെ ഇറാന്റെ മിസൈലുകളുടെ പ്രഹരശേഷി അറിഞ്ഞവരാണ്. ഈ ആക്രമണങ്ങളെ തുടർന്ന് പലയിടത്തും എണ്ണ, എൽഎൻജി എന്നിവയുടെ ഉൽപ്പാദനം ഗണ്യമായി കുറഞ്ഞു. പഴയ തോതിൽ ഉൽപ്പാദനം പുനരാരംഭിക്കാൻ വർഷങ്ങൾ വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. ഇറാനെ ശരിക്കും നിർവീര്യമാക്കുംവരെ യുദ്ധം തുടരണമെന്നത് ഇസ്രയേലിന്റെ മാത്രമല്ല, സൗദി അറേബ്യയും യുഎഇയും അടക്കമുള്ള ഗൾഫ് രാജ്യങ്ങളുടെ കൂടി ആവശ്യമാണത്രെ. ആണവശേഷിയുള്ള ഇറാൻ തങ്ങളുടെ സുരക്ഷയ്ക്കും ആധുനികീകരണ സ്വപ്നങ്ങൾക്കും വലിയ ഭീഷണിയാണെന്ന് അവർ ഭയക്കുന്നു. ഈ ഭീതി ട്രംപിനു നന്നായി അറിയാം. അതുകൊണ്ടാണ് കഴിഞ്ഞ ദിവസം മയാമിയിൽ സൗദി അറേബ്യയുടെ നേതൃത്വത്തിൽ നടന്ന ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് ഇനിഷ്യേറ്റീവ് പ്രയോറിറ്റി സമ്മിറ്റിൽ സൗദി കിരീടാവകാശി സൽമാൻ രാജകുമാരനെ പറ്റി ഇങ്ങനെ തുറന്നടിച്ചത്: 'ഇങ്ങനെ സംഭവിക്കുമെന്ന് അദ്ദേഹം(എംബിഎസ്) കരുതിയില്ല. എന്റെ കാലു നക്കേണ്ടി വരുമെന്ന് (ഉപയോഗിച്ച വാക്ക് അതല്ല!) അദ്ദേഹം ചിന്തിച്ചില്ല. ശരിക്കും... ഇനി അദ്ദേഹം എന്നോട് നല്ല രീതിയിൽ പെരുമാറണം... എന്നോട് മര്യാദയോടെ പെരുമാറുന്നതാണ് അദ്ദേഹത്തിന് നല്ലത്.' ഏതാണ്ട് അപമാനത്തോളമെത്തുന്ന വാക്പ്രയോഗം. പക്ഷേ, സഹിക്കുകയല്ലാതെ മാർഗമില്ല. ജിസിസി രാജ്യങ്ങൾക്ക് ട്രംപ് ഈ യുദ്ധം ജയിക്കേണ്ടത് അത്യാവശ്യമാണ്! മിസൈൽ ശേഖരത്തിനും പ്രോക്സികൾക്കും വലിയ കേടുപാടില്ലാതെ ആക്രമണത്തെ അതിജീവിക്കാനായാൽ, ഇറാൻ കൂടുതൽ അപകടകാരികളാവും. പിന്നെ, ഇസ്രയേലിനു മാത്രമല്ല, ഗൾഫിലെ സുന്നി രാഷ്ട്രങ്ങൾക്കും രക്ഷയുണ്ടാവില്ലെന്നും അത് ദീർഘകാലം മേഖലയെ അസ്ഥിരമാക്കുമെന്നും അവർ ഭയക്കുന്നു. ഹോർമുസ് കടലിടുക്ക് ഈ യുദ്ധത്തോടെ വരുതിയിലാക്കാൻ ഇറാനായാൽ ഗൾഫ് രാജ്യങ്ങൾ എണ്ണയും ഗ്യാസും വിൽക്കാൻ അവർക്കു മുന്നിൽ കൈകൂപ്പി നിൽക്കേണ്ടി വരും. ഇപ്പോൾതന്നെ, ഹോർമുസ് വഴി പോവുന്ന കപ്പലുകൾക്ക് ടോൾ പിരിക്കാൻ ഇറാന് പരിപാടിയുണ്ട്. ഇറാന്റെ മിസൈലുകളിൽനിന്നു രക്ഷ നേടാൻ ജിസിസി രാജ്യങ്ങൾ പുതിയ വഴികൾ തേടിയേക്കാം. (ഇപ്പോൾതന്നെ അവർ യുക്രൈനുമായി കരാറുകളിൽ ഏർപ്പെടുകയാണ്. ഇറാന് നിർണായകമായ സാമ്പത്തിക കവാടമായ ദുബായ് മുഖേനയുള്ള സാമ്പത്തിക ഇടപാടുകൾക്ക് പൂട്ടിടാൻ ആലോചന). പരിക്കുകളോടെയെങ്കിലും അതിജീവിച്ചാൽ ഇസ്രയേലിന്റെ അതിജീവനത്തിനുമേൽ വലിയ നിഴലാവും ഇറാൻ. ഭൗമരാഷ്ട്രീയമാകെ മാറിമറിയും. അതിജീവനത്തിന് പുതിയ സഖ്യങ്ങളും കൂട്ടായ്മകളും അത്യാവശ്യമാകും. പെട്രോഡോളർ യുഗത്തിന് തിരശ്ശീല വീഴുന്നതോടെ അമേരിക്കയുടെ നേതൃത്വത്തിലെ ഏകധ്രുവലോകത്തിന് അന്ത്യമാവും. അപ്പോൾ ഉദയം ചെയ്യുക അമേരിക്കൻ യുദ്ധത്തെ വളരെ സൂക്ഷ്മമായി പഠിക്കുന്ന ചൈനയുടെ താരകമായിക്കൂടെന്നില്ല!

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഖാർഗ് പിടിക്കാൻ ട്രംപിന് മോഹം; വിയറ്റ്‌നാം 2.0 ലോഡിങ്? ഇറാൻ… | Boolokam