ഗതാഗത നിയന്ത്രണത്തിൽ വട്ടംകറങ്ങി യാത്രക്കാർ

ഗതാഗത നിയന്ത്രണത്തിൽ വട്ടംകറങ്ങി യാത്രക്കാർ

പിലാത്തറ : ദേശീയപാത പ്രവൃത്തിയുടെ ഭാഗമായി പിലാത്തറ ടൗണിൽ ഏർപ്പെടുത്തിയ ഗതാഗത ക്രമീകരണം യാത്രക്കാരെയും ജനങ്ങളെയും വാഹനങ്ങളെയും വട്ടംകറക്കുന്നതായി പരാതി. തലങ്ങും വിലങ്ങുമായി വാഹനങ്ങളുടെ നിരയും പാർക്കിങ് സൗകര്യമില്ലാത്തതും ദൈനംദിന ആവശ്യങ്ങൾക്ക് എത്തുന്ന ജനങ്ങൾക്ക് നടന്നുനീങ്ങാൻ പോലും പറ്റാത്ത സ്ഥിതിയാണ്. ടൗണിന്റെ അവസ്ഥയിൽ വ്യാപാരമേഖലയും സ്തംഭനാവസ്ഥയിലാണ്. സർവീസ് റോഡ് ഓവുചാൽ നിർമാണപ്രവൃത്തിയുടെ പേരിൽ അടച്ചിട്ടതാണ് യാത്രാപ്രശ്നം രൂക്ഷമായത്. To advertise here, സർവീസ് റോഡ് പത്തുദിവസം മാത്രം അടച്ചിടുന്നു എന്നാണ് കരാറുകാർ അറിയിച്ചിരുന്നതെങ്കിലും ആഴ്ചകളായി തുറക്കാത്ത സ്ഥിതിയാണ്. പയ്യന്നൂർ ഭാഗത്തുനിന്ന് കണ്ണൂർ, പഴയങ്ങാടി, മാതമംഗലം ഭാഗത്തേക്കുള്ള വാഹനങ്ങൾ പീരക്കാംതടത്തിൽനിന്ന് മേൽപ്പാലം വഴി പിലാത്തറ കഴിഞ്ഞ് മേരിമാതാ സ്കൂളിന് മുൻവശത്തുനിന്ന് പ്രധാന പാത മുറിച്ചുകടന്ന് പയ്യന്നൂർ ഭാഗത്തേക്കുള്ള സർവീസ് റോഡ് വഴി പിലാത്തറ ടൗണിലെത്തണം എന്ന നിലയാണ്. നട്ടംതിരിഞ്ഞ് യാത്രക്കാർ ഗതാഗതക്രമീകരണം പിലാത്തറയിൽ യാത്രക്കാരെയാണ് ഏറെ വലയ്ക്കുന്നത്. പയ്യന്നൂരിൽനിന്ന് വരുന്ന ബസുകൾ പീരക്കാംതടത്തിൽനിന്ന് മേൽപ്പാലത്തിൽ കയറി ഒന്നര കിലോമീറ്റർ ഓടി റോഡ് നിയമങ്ങൾക്ക് വിരുദ്ധമായി ദേശീയപാത മുറിച്ചുകടന്ന് സർവീസ് റോഡ് വഴി പിലാത്തറ സ്റ്റാൻഡിൽ എത്തുകയാണ് ചെയ്യുന്നത്. കണ്ണൂർ ഭാഗത്തേക്കുള്ള ചില ബസുകൾ ഈ വട്ടം കറങ്ങുന്നത് ഒഴിവാക്കാൻ ദേശീയപാതയിൽ തന്നെ നിർത്തി യാത്രക്കാരെ ഇറക്കി പോകുന്നു. ദേശീയപാതയിൽ ഇറങ്ങേണ്ടിവരുന്ന യാത്രക്കാർ അരക്കിലോ മീറ്റർ ചുട്ടുപൊള്ളുന്ന ചൂടിൽ നടന്നാണ് സ്റ്റാൻഡിൽ എത്തുന്നത്. പതിവായി ഗതാഗതസ്തംഭനം പയ്യന്നൂർ ഭാഗത്തുനിന്നും കെ.എസ്.ടി.പി. റോഡിലൂടെ കണ്ണൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾ പീരക്കാംതടത്തിൽനിന്ന് അടിപ്പാത വഴി പോകേണ്ടിയിരുന്നത് ഇപ്പോൾ ദേശീയപാത വഴി പിലാത്തറയും കടന്ന് സർവീസ് റോഡിലിറങ്ങി ടൗൺ കറങ്ങി ചുമടുതാങ്ങിയിലൂടെയാണ് ചുറ്റിത്തിരിഞ്ഞ് പോകുന്നത്. ഇത് ടൗണിൽ വാഹനഗതാഗത സ്തംഭനം ഉണ്ടാക്കുന്നു. മാത്രമല്ല, താവം, പാപ്പിനിശ്ശേരി പാലങ്ങൾ ഗതാഗതയോഗ്യമാക്കി തുറന്നുകൊടുത്ത ശേഷം ഇതുവഴി കണ്ണൂരിലേക്ക് പോകേണ്ടുന്ന വാഹനങ്ങൾ പിലാത്തറയിലെ ഗതാഗതക്രമീകരണങ്ങൾ കാരണം ദേശീയപാത വഴി തന്നെ കടന്നുപോകുന്നു. ഇത് പ്രവൃത്തി നടക്കുന്ന ദേശീയ പാതയിലും തളിപ്പറമ്പ് ടൗണിലുമടക്കം ഗതാഗതക്കുരുക്കിന് കാരണമാകുന്നു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!