വർഗീയതയെ തീക്കൊള്ളിയോട് ഉപമിച്ചത് എഴുത്തുകാരി അരുന്ധതി റോയിയാണ്. 2023 മെയിൽ കൊച്ചിയിൽ നടന്ന ഒരു സാഹിത്യോത്സവത്തിൽ പ്രസംഗിക്കവെയാണ് തീക്കൊള്ളി വിറകിനോട് അവസരം ചോദിക്കുകയാണെന്നും അവസരം കൊടുത്താൽ കേരളം കത്തിച്ചാമ്പലാവുമെന്നും അരുന്ധതി പറഞ്ഞത്. തീക്കൊള്ളി - വിറക് സമാഗമത്തിന് അരങ്ങൊരുക്കാനുള്ള ശ്രമം കേരളത്തിൽ നേരത്തെയുമുണ്ടായിരുന്നു. പ്രണയത്തിലും മയക്ക് മരുന്നിലും വരെ വർഗ്ഗീയത പുകയുന്നത് കേരളം കണ്ടു. ലൗ ജിഹാദ്, നാർകോട്ടിക് ജിഹാദ് എന്നൊക്കെയുള്ള പദങ്ങൾ മലയാളിയുടെ ദൈനംദിന ജീവിതത്തിന് മേൽ വിഷം തീണ്ടാനെത്തിയത് അങ്ങനെയാണ്. To advertise here, ഇന്ത്യൻ റിപ്പബ്ലിക്കിന് ഔദ്യോഗിക മതമില്ല, വിശുദ്ധ ഗ്രന്ഥവും ആത്മീയ നേതാവുമില്ല. സമൂഹം മുന്നോട്ട് പോകുമ്പോൾ ഭരണഘടനപോലും കാലത്തിനനുസരിച്ച് ഭേദഗതി ചെയ്യപ്പെടും. മതവിരുദ്ധതയല്ല മതനിരപേക്ഷതയാണ് ഇന്ത്യയെ ഇന്ത്യയാക്കുന്നത്. മതസൗഹാർദമാണ് യഥാർഥത്തിലുള്ള കേരള സ്റ്റോറി എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നതും അതുകൊണ്ടാണ്. ബിജെപി നേതാവും ഗുരുവായൂർ നിയമസഭ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിയുമായ ബി. ഗോപാലകൃഷ്ണൻ കഴിഞ്ഞ ദിവസം നടത്തിയ പരാമർശങ്ങൾ ജനാധിപത്യ വിരുദ്ധമാണെന്ന് പറയേണ്ടി വരുന്നത് ഈ പരിസരത്തിലാണ്. സംഗതി ഗൗരവമേറിയതാണെന്ന് കേരള ഹൈക്കോടതി വെള്ളിയാഴ്ച തിരഞ്ഞെടുപ്പ് കമ്മിഷനെ ഓർമ്മിപ്പിച്ചിട്ടുണ്ട്. എന്ത് നടപടിയാണ് ഇക്കാര്യത്തിൽ സ്വീകരിച്ചിട്ടുള്ളതെന്ന ഹൈക്കോടതിയുടെ ചോദ്യം കേരളീയ മനഃസാക്ഷി ഉയർത്തുന്ന ചോദ്യമാണ്. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകളായി ഗുരുവായൂരിൽ ഒരു ഹിന്ദു എംഎൽഎ തിരഞ്ഞെടുക്കപ്പെട്ടിട്ടില്ലെന്നും ഗുരുവായൂരപ്പന്റെ ഭൂമി ക്ഷേത്ര കവർച്ചക്കാരുടെ കൈയിലാണെന്നുമാണ് ഗോപാലകൃഷ്ണൻ പറഞ്ഞത്. ജില്ലാ കളക്റ്ററുടെ നിർദ്ദേശപ്രകാരം ഈ പരാമർശങ്ങൾ അടങ്ങിയ വീഡിയോ സമൂഹ മാധ്യമങ്ങളിൽനിന്ന് നീക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫീസർ രത്തൻ യു. ഖേൽക്കറുടെ നിർദ്ദേശപ്രകാരം തൃശ്ശൂർ ജില്ലാ കളക്ടർ ഗോപാലകൃഷ്ണനെതിരെ നടപടി തുടങ്ങിവെച്ചിട്ടുമുണ്ട്. ഭാരതീയ ന്യായ സംഹിത 192 വകുപ്പനുസരിച്ചും ജനപ്രാതിനിധ്യ നിയമം 125 ചട്ടപ്രകാരവുമാണ് ഗോപാലകൃഷ്ണനെതിരെ പോലീസ് എഫ്‌ഐആർ രേഖപ്പെടുത്തിയിട്ടുള്ളത്. കലാപത്തിന് പ്രകോപിപ്പിക്കുന്നതും വിവിധ വിഭാഗങ്ങൾക്കിടയിൽ സ്പർധയുണ്ടാക്കുന്നതും ഈ വകുപ്പുകൾ പ്രകാരം കുറ്റകരമാണ്. സബ്കാ സാത്, സബ്കാ വികാസ് നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ. പക്ഷേ, രാജ്യം ഭരിക്കുന്ന, ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിയെന്ന് സ്വയം വിശേഷിപ്പിക്കുന്ന ബിജെപിയുടെ സംസ്ഥാന തല നേതാവ് ഇത്തരത്തിലൊരു പ്രസ്താവന നടത്തി എന്നത് അതീവ ഗൗരവതരമായ വിഷയമാണ്. ജനങ്ങളുടെ തിരഞ്ഞെടുപ്പാണ് ഗോപാലകൃഷ്ണൻ ചോദ്യം ചെയ്തിരിക്കുന്നത്. ഡെൽഹിയിൽ ജുമ മസ്ജിദ് ഇരിക്കുന്നിടത്ത് മുസ്ലിം എംഎൽഎയാണോ നാഗപട്ടണത്ത് വേളാങ്കണ്ണി പള്ളി ഇരിക്കുന്നിടത്ത് ക്രിസ്ത്യൻ എംഎൽഎയാണോ എന്നാക്കെ ചോദിച്ചാൽ ഗോപാലകൃഷ്ണന് എന്ത് മറുപടിയാണുണ്ടാവുക? പ്രസ്താവനയിൽ ഉറച്ചുനിൽക്കുകയാണെന്നാണ് ഗോപാലകൃഷ്ണൻ പറയുന്നത്. ഗോപാലകൃഷ്ണൻ പറഞ്ഞതിൽ എന്താണ് തെറ്റെന്നാണ് ബിജെപിയുടെ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ചോദിക്കുന്നത്. പാർട്ടി സംസ്ഥാന അധ്യക്ഷസ്ഥാനം ഏറ്റെടുത്ത ശേഷം മാധ്യമപ്രവർത്തകരുമായി നടത്തിയ സംഭാഷണത്തിൽ രാജീവ് ചന്ദ്രശേഖർ പറഞ്ഞത് വികസനം മാത്രമാണ് തങ്ങളുടെ അജണ്ടയെന്നാണ്. സമാനമായൊരു മുദ്രാവാക്യം 2014-ലെ പൊതുതിരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിയും ബിജെപിയും മുന്നോട്ടുവെച്ചിരുന്നു. രാജ്യത്തിന്റെ വികസനത്തിനായി എല്ലാവരും, പ്രതിപക്ഷമടക്കം ഒന്നിച്ച് പ്രവർത്തിക്കണം എന്ന സമ്മോഹനമായ സമീപനം. സബ്കാ സാത് സബ്കാ വികാസ് എന്ന ഈ മുദ്രാവാക്യം ഇന്ത്യൻ ജനത ഏറ്റെടുത്തതിന്റെ ഫലമായിരുന്നു മോദിയുടെ പ്രധാനമന്ത്രി പദത്തിലേക്കുള്ള ആരോഹണം. പക്ഷേ, പിന്നീടങ്ങോട്ട് 2019-ലും 2024-ലും തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ബിജെപിയും പ്രധാനമന്ത്രി മോദിയും വർഗീയതയുടെ രാഷ്ട്രീയം പയറ്റുന്ന കാഴ്ചയുണ്ടായി. ഇതേ വഴിയിലൂടെ സഞ്ചരിക്കാനാണ് കേരളത്തിൽ ഈ തിരഞ്ഞെടുപ്പ് കാലത്ത് ബിജെപി ശ്രമിക്കുന്നതെങ്കിൽ നിർഭാഗ്യകരം എന്നേ പറയാനാവുകയുള്ളു. ഇത്തരം എളുപ്പ വഴിക്കുള്ള ക്രിയകളിലൂടെ കേരളത്തിന്റെ മനസ്സും ഭാവനയും പിടിച്ചെടുക്കാൻ ആവില്ലെന്ന് രാജീവ് ചന്ദ്രശേഖറും കൂട്ടരും തിരിച്ചറിയുകതന്നെ വേണം. ഒരു മതവിഭാഗത്തിനും സവിശേഷ പരിഗണന ഇന്ത്യൻ ഭരണഘടന നൽകുന്നില്ല. പൊതു തിരഞ്ഞെടുപ്പിൽ ഒരു മതവിഭാഗത്തിനും സംവരണവുമില്ല. മുസ്ലിം പ്രാതിനിധ്യം സ്വാതന്ത്ര്യത്തിനു മുമ്പ് മുസ്ലിങ്ങൾക്ക് ഇന്ത്യയിൽ പ്രത്യേക ഇലക്ടറേറ്റ് ( ഒരു വിഭാഗത്തിന്റെ സ്ഥാനാർഥികളെ ആ വിഭാഗത്തിൽനിന്നുള്ളവർ മാത്രം തിരഞ്ഞെടുക്കുന്ന സംവിധാനം) നിലവിലുണ്ടായിരുന്നു എന്ന കാര്യം മറക്കരുത്. എന്നാൽ ഇന്ത്യ രണ്ടായി വിഭജിക്കപ്പെട്ടതോടെ ഭരണഘടന അസംബ്ലിക്ക് വീണ്ടുവിചാരമുണ്ടായി. സർദാർ പട്ടേലിന്റെ നേതൃത്വത്തിൽ ഈ വിഷയത്തിന്മേൽ തീരുമാനമെടുക്കുന്നതിന് ഉപസമിതി നിലവിൽ വന്നു. ആ സമിതിയിൽ ഉണ്ടായിരുന്ന മുസ്ലിം അംഗങ്ങൾ ബീഗം ഐസാസ് റസൂലും മൗലാന ഹിഫ്‌സുർ റഹ്‌മാനും തജമുൽ ഹുസൈനുമായിരുന്നെന്ന് റഫീഖ് സക്കറിയ 'സർദാർ പട്ടേലും ഇന്ത്യൻ മുസ്ലിങ്ങളും' എന്ന പുസ്തകത്തിൽ എഴുതുന്നുണ്ട്. പ്രത്യേക ഇലക്ടറേറ്റ് വേണ്ടെന്നും സംയുക്ത ഇലക്ടറേറ്റ് മതിയെന്നും സമിതിയിൽ ആദ്യം പറഞ്ഞത് മുസ്ലിം അംഗങ്ങളാണ്. ആദ്യം ഉടക്കിയെങ്കിലും ഒടുവിൽ സിഖുകാരും ഈ നിലപാടിലേക്ക് വന്നു. ഇത്തേുടർന്നാണ് ദളിതർക്കും ആദിവാസികൾക്കും മാത്രം സംവരണം മതിയെന്ന് ഭരണഘടന അസംബ്ലി തീരുമാനിച്ചത്. മുസ്ലിം സമുദായത്തിന് അനർഹമായ പ്രാതിനിധ്യമുണ്ടെന്ന പ്രചാരണം വസ്തുതകൾക്ക് നിരക്കുന്നതല്ല. കേരളത്തിലെ ജനസംഖ്യയിൽ 28 ശതമാനത്തോളം വരുന്ന മുസ്ലിം സമുദായത്തിൽ നിന്ന് ഒരൊറ്റ മുഖ്യമന്ത്രിയേ ഉണ്ടായിട്ടുള്ളു. 1979 ഒക്ടോബർ 12 മുതൽ ഡിസംബർ ഒന്ന് വരെ 50 ദിവസം മാത്രം മുഖ്യമന്ത്രിയായിരുന്ന സിഎച്ച് മുഹമ്മദ് കോയ. മലയാളിയായ ഒരൊറ്റ മുസ്ലിം പോലും കേരളത്തിൽ ഇതുവരെ ചീഫ് സെക്രട്ടറിയായിട്ടില്ല. ഇക്കഴിഞ്ഞ 70 കൊല്ലങ്ങളിൽ മുസ്ലിം സമുദായത്തിൽനിന്ന് രണ്ട് പേർ മാത്രമേ ക്രമസമാധാന ചുമതലയുള്ള ഡിജിപി ആയിട്ടുള്ളൂ. എണ്ണംകൊണ്ട് ഇന്ത്യയിൽ ഏറ്റവും വലിയ ന്യൂനപക്ഷ സമൂഹമാണ് മുസ്ലിങ്ങൾ. മൊത്തം ജനസംഘ്യയുടെ 14 ശതമാനം വരുന്ന വിഭാഗം. തങ്ങളുടേത് വർഗ്ഗീയ സംഘടനയല്ലെന്നും പാർട്ടിയിലുള്ള മുസ്ലിങ്ങളാണ് അതിനുള്ള മറുപടിയെന്നും ശ്യാമ പ്രസാദ് മുഖർജിയും വാജ്പേയിയും ആവർത്തിച്ചു പറയുമായിരുന്നു. എന്നാൽ 2014 മുതൽ ബിജെപിയും മുസ്ലിങ്ങളും തമ്മിലുള്ള സമവാക്യത്തിൽ കാതലായ മാറ്റമുണ്ടായി. ഭരണകക്ഷിയായ ബിജെപിക്ക് നിലവിൽ പാർലമെന്റിൽ ഒരു മുസ്ലിം എംപി പോലുമില്ല. മുസ്ലിം പ്രാതിനിധ്യമില്ലാത്ത മന്ത്രിസഭയാണ് കേന്ദ്രത്തിലുള്ളത്. ഇതെക്കുറിച്ച് ചോദിക്കുമ്പോൾ മുസ്ലിങ്ങളുടെ ക്ഷേമത്തിന് മുസ്ലിം പ്രതിനിധികൾ വേണമെന്നുണ്ടോ എന്ന മറുപടി ഉയർത്തുന്ന നേതാക്കളാണ് ഇപ്പോൾ ഗുരുവായൂരിൽ മതം ഉയർത്തി വോട്ടു ചോദിക്കുന്നത്. ദേശീയ ഗാനവും യഹോവ സാക്ഷികളുമായി ബന്ധപ്പെട്ട കേസിൽ ചരിത്രപ്രധാനമായ വിധിയാണ് 1985-ൽ സുപ്രീംകോടതി പുറപ്പെടുവിച്ചത്. ആ വിധി ജസ്റ്റിസ് ഒ. ചിന്നപ്പ റെഡ്ഡി അവസാനിപ്പിച്ചത് ഈ വാക്കുകളോടെയാണ് : ''നമ്മുടെ പൈതൃകം പഠിപ്പിക്കുന്നത് സഹിഷ്ണുതയാണ്; നമ്മുടെ ദർശനങ്ങൾ പഠിപ്പിക്കുന്നത് സഹിഷ്ണുതയാണ്; നമ്മുടെ ഭരണഘടന പഠിപ്പിക്കുന്നത് സഹിഷ്ണുതയാണ്. ഇതിൽ നമ്മൾ വെള്ളം ചേർക്കരുത്.'' മതസഹിഷണുത ഇന്ത്യൻ ജനാധിപത്യത്തിന്റെ അടിസ്ഥാന പ്രമാണമാണ്. അതിനെതിരെയുള്ള ഒരു നീക്കത്തോടും വിട്ടുവീഴ്ച ചെയ്യാനാവില്ല.

ഗുരുവായൂരിലെ മതംപറച്ചിലും ഭരണഘടനാ വിരുദ്ധതയും; സബ്കാ സാത് സബ്കാ വികാസ് എന്നത് B ഗോപാലകൃഷ്ണൻ മറന്നോ?
M
MathrubhumiSource Link
about 1 month ago