കൂറ്റനാട് : സ്‌കൂൾ പൂട്ടിയാൽ വെള്ളടിക്കുന്നിലെ കൃഷ്ണമന്ദിരത്തിലേക്ക് സന്തോഷത്തോടെ കുട്ടികളെത്തും. വെള്ളടിക്കുന്ന്, ചാത്തനൂർ ഉൾപ്പെടെ അയൽപ്രദേശത്തെ 80-തിലധികം കുടുംബങ്ങൾക്ക് ഈ വീടിന്ന് ഒത്തുകൂടലിന്റെ കേന്ദ്രമാണ്. To advertise here, ഗ്രാമത്തെ ചേർത്തുപിടിച്ച വീട് വീട്ടുടമ സവിത സൈക്കോളജിയിൽ ബിരുദാനന്തരബിരുദധാരിയാണ്. 20 വർഷത്തോളമായി കുടുംബത്തോടൊപ്പം പ്രവാസജീവിതം നയിക്കുകയാണ്. 24-ലധികം വിദേശരാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. അവധിക്കാലമായാൽ ഭർത്താവ് പി.വി. ഉണ്ണിക്കൃഷ്ണനും മക്കളുമായി എത്ര തിരക്കുണ്ടെങ്കിലും നാട്ടിലെത്തും. “നമ്മുടെ ഗ്രാമത്തിലെ കുട്ടികളോടും അമ്മമാരോടും കൂട്ടുചേരാനും അറിയാവുന്ന കാര്യങ്ങൾ പകർന്നുനൽകാനും സ്നേഹബന്ധങ്ങൾ ഊട്ടിയുറപ്പിക്കാനുമാണ് ഈ വരവ്” -അവർ പറഞ്ഞു. 'സർഗജാലകം': മുറ്റവും തട്ടിൻപുറവും ക്ലാസ് മുറികൾ കഴിഞ്ഞവർഷം ഏപ്രിൽ-മേയ് മാസങ്ങളിൽ 20 ദിവസത്തെ ഗ്രാമീണ ക്യാമ്പാണ് വീട്ടിൽ നടത്തിയത്. ഈ വർഷം പൂന്തോട്ടത്തിലും മുറ്റത്തും പറമ്പിലും തട്ടിൻപുറത്തുമായി ഒരാഴ്ച നീണ്ട ക്യാമ്പിന് ‘സർഗജാലകം’ എന്ന് പേരിട്ടു. “നാട്ടിലെ എല്ലാ കുട്ടികളെയും ഒരിടത്ത് ഒന്നിച്ചിരുത്തി നാലു നല്ലവർത്തമാനം പറഞ്ഞാൽത്തന്നെ നമ്മളെല്ലാം നേരെയാകും” എന്നാണ് സവിതയുടെ പക്ഷം. കുട്ടികൾ ഉമ്മറത്തും മുറ്റത്തുമിരുന്ന് ചിത്രംവരയും സംഗീതവും അഭിനയവും പരിശീലിക്കുമ്പോൾ, ഇതേ വീട്ടിലിരുന്ന് ഡിജിറ്റൽ അറിവുനേടിയ അമ്മമാർ അടുക്കളയിൽ ഭക്ഷണമൊരുക്കുന്ന തിരക്കിലാവും. മൊബൈൽമറന്ന കുട്ടികൾ പിരിഞ്ഞത് കണ്ണീരോടെ “ഒഴിവുദിവസങ്ങളിൽ മൊബൈൽ വേണമെന്ന് വാശിപിടിച്ചിരുന്ന എന്റെ മക്കൾ ഒരാഴ്ചയായി മൊബൈൽ എവിടെയെന്ന് അന്വേഷിക്കുകപോലും ചെയ്തില്ല” എന്ന് ചാത്തനൂരിലെ രക്ഷിതാവ് എൻ.സി. നീതു സാക്ഷ്യപ്പെടുത്തുന്നു. ക്യാമ്പ് അവസാനിച്ചപ്പോൾ ആയിഷയ്‌ക്കും രശ്മിക്കും സഞ്ജുവിനും പിരിഞ്ഞുപോകാൻ വിഷമം. 'കളിച്ചുപഠിക്കാനും ലോകംകാണാനും നമുക്കിനിയും കൂടാം' എന്നുപറഞ്ഞാണ് സവിത ടീച്ചർ സമാധാനിപ്പിച്ചത്. പത്രവായനമുതൽ ഓട്ടൻതുള്ളൽവരെ ക്യാമ്പിൽ മിടുക്കരായ അധ്യാപകരെ എത്തിച്ചു. പുസ്തകവായനയോടൊപ്പം പത്രവായനയും ശീലമാക്കി. കഥകളി, ഭരതനാട്യം, ഒപ്പന, ഓട്ടൻതുള്ളൽ എന്നിവയും ചെണ്ട, ഓർഗൺ, വയലിൻ തുടങ്ങിയ വാദ്യോപകരണങ്ങളും കുട്ടികൾ പരിചയപ്പെട്ടു. അവധിക്കാലങ്ങളിൽ അമ്മമാർക്ക് കംപ്യൂട്ടറിന്റെ പ്രാഥമികപാഠങ്ങളും ഇ-മെയിൽ അയക്കാനും സോഫ്റ്റ്‌വേറുകളെപ്പറ്റിയും ക്ലാസെടുത്തു. ക്യാമ്പിന്റെ സമാപനച്ചടങ്ങിൽ ചാത്തനൂർ ജി.എൽ.പി.എസ്. പ്രധാനാധ്യാപിക എം.സി. സുമയ്യ, സി. സച്ചിദാനന്ദൻ എന്നിവർ അതിഥികളായി. പി. രശ്മി, സിദ്ധാർഥ്, ഭവ്യ, പി. ശ്രീദേവി, പി. ഗോപിക, ദേവിക എന്നിവർ ക്യാമ്പിലെ അനുഭവങ്ങൾ പങ്കുവെച്ചു. ചാത്തനൂരിലെ പ്രൈമറി വിദ്യാർഥികൾക്ക് ഇംഗ്ലീഷ്ഭാഷയിൽ പ്രത്യേക കോച്ചിങ്ങും എടുക്കാറുണ്ട് സവിത.

ഗ്രാമ സർവകലാശാലയായി മാറിയ വെള്ളടിക്കുന്നത്തെ ‘അറിവ് ഭവനം’
M
MathrubhumiSource Link
20 days ago