ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്ത് ഓപ്പൺ എ.ഐ., ആന്ത്രോപിക് പോലുള്ള കമ്പനികളിൽനിന്ന് വലിയ മത്സരസമ്മർദമാണ് ഇലോൺ മസ്കിന്റെ എക്സ് എ.ഐ. നേരിടുന്നത്. അതിനിടെ സ്ഥാപനത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെ നിരന്തരമായ കൊഴിഞ്ഞുപോക്കു കൂടിയായതോടെ വീണ്ടും ഒന്നിൽനിന്ന് തുടങ്ങാനുള്ള ശ്രമത്തിലാണ് കമ്പനി. എക്സ്.എ.ഐ. ആദ്യം ശരിയായ രീതിയിലല്ല നിർമിക്കപ്പെട്ടതെന്നും അതിനാൽ അടിത്തറ പുനർനിർമിക്കുകയാണെന്നും വ്യാഴാഴ്ച ‘എക്സി’ൽ പങ്കുവെച്ച പോസ്റ്റിൽ മസ്ക് പറഞ്ഞു. To advertise here, 2026 പകുതിയോടെ എങ്ങനെ മുന്നിലെത്താം എന്ന് ചർച്ച ചെയ്യാൻ മസ്ക് കഴിഞ്ഞയാഴ്ച എക്സ്.എ.ഐ. ഉദ്യോഗസ്ഥരുടെ ഒരു യോഗം വിളിച്ചതായാണ് റിപ്പോർട്ട്. ഏകദേശം മൂന്നു വർഷം മുമ്പ് മസ്കും 11 എ.ഐ. ഗവേഷകരും ചേർന്നാണ് എക്സ്.എ.ഐ. സ്ഥാപിച്ചത്. സ്ഥാപകരിൽ രണ്ടുപേർ മാത്രമാണ് ഇപ്പോൾ കമ്പനിയിൽ അവശേഷിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം നിലവിൽ എക്സ്.എ.ഐ.യിൽ 5000-ത്തിലധികം ജീവനക്കാരുണ്ട്. ഏതാനും ആഴ്ചകൾക്ക് മുമ്പാണ് സഹസ്ഥാപകരായ സിഹാങ് അദായിയും ഗുവാഡോങ് ഷാങ്ങും കമ്പനി വിട്ടത്. എക്സ്.എ.ഐ.യുടെ കോഡിങ് ടൂളുകൾക്ക് ആന്ത്രോപിക്കിന്റേയും ഓപ്പൺ എ.ഐ.യുടെയും ടൂളുകളുമായി താരതമ്യം ചെയ്യുമ്പോൾ ഫലപ്രാപ്തിയില്ലെന്ന് മസ്ക് പരാതിപ്പെട്ടതിനെ തുടർന്നാണ് ഇവർ കമ്പനി വിട്ടതെന്നും റിപ്പോർട്ടുകൾ പറയുന്നു. ഫെബ്രുവരിയിലും രണ്ട് സഹസ്ഥാപകർ ഉൾപ്പെടെ ഏതാനും മുതിർന്ന എക്സ്.എ.ഐ. എൻജിനീയർമാർ കമ്പനി വിട്ടിരുന്നു. എന്താണ് എക്സ്.എ.ഐ. നേരിടുന്ന വെല്ലുവിളി? എക്സ്.എ.ഐ.യുടെ ചാറ്റ്ബോട്ടായ ഗ്രോക്കിന്റെ കഴിവുകളിൽ കാര്യമായ നിയന്ത്രണം ഏർപ്പെടുത്താതിരുന്നതിനെ തുടർന്ന് ഈ വർഷം ആദ്യം എക്സ്.എ.ഐ.യിൽ ഉപഭോക്താക്കളുടെ എണ്ണത്തിൽ വലിയ വർധനവുണ്ടായിരുന്നു. എന്നാൽ, പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെയുള്ള വ്യക്തികളുടെ നഗ്നചിത്രങ്ങൾ സമ്മതമില്ലാതെ നിർമിക്കാൻ ഈ എ.ഐ. ചാറ്റ്ബോട്ട് ഉപയോഗിക്കപ്പെട്ടത് ആഗോളതലത്തിൽ റെഗുലേറ്റർമാരുടെ കടുത്ത അമർഷത്തിന് ഇടയാക്കി. അതേസമയം, എ.ഐ. കോഡിങ് ടൂളുകൾ, പ്രോഗ്രാമിങ് അസിസ്റ്റന്റുകൾ, ഓട്ടോമേഷൻ പ്ലഗ്-ഇന്നുകൾ തുടങ്ങിയവയ്ക്കായുള്ള വൻകിട സംരംഭങ്ങളെ ആകർഷിക്കുന്നതിൽ ഗ്രോക്ക് പരാജയപ്പെട്ടു. ഇത് പ്ലാറ്റ്‌ഫോമിൽനിന്നുള്ള സ്ഥിരവരുമാനത്തെ തടസ്സപ്പെടുത്തി. എക്സ്.എ.ഐ. ഇപ്പോൾ സ്പേസ് എക്സിന്റെ (SpaceX) ഭാഗമായതിനാൽ നിക്ഷേപകർക്കു മുന്നിൽ ഈ സംരംഭത്തിന്റെ നേട്ടങ്ങൾ ഉയർത്തിക്കാണിക്കാനുള്ള സമ്മർദവുമുണ്ട്. സ്പേസ് എക്സ് ഓഹരികളുടെ പൊതുവിൽപ്പന (ഐ.പി.ഒ.) പ്രതീക്ഷിക്കപ്പെടുന്ന സാഹചര്യത്തിൽ, നഷ്ടം നേരിടുന്ന ഒരു വിഭാഗത്തോട് നിക്ഷേപകർ അനുകൂലമായിരിക്കാൻ സാധ്യതയില്ലെന്ന വിലയിരുത്തലുമുണ്ട്. ആത്മവിശ്വാസം വിടാതെ മസ്ക് പ്രതിസന്ധികളിൽ നിൽക്കെ, ഇലോൺ മസ്ക് ആത്മവിശ്വാസത്തിൽ തന്നെയാണ്. എക്സ്.എ.ഐ. ഈ വർഷം മറ്റുള്ളവർക്കൊപ്പമെത്തുമെന്നാണ് അദ്ദേഹം പങ്കുവെച്ച ഒരു പോസ്റ്റിൽ പറയുന്നത്. മൂന്നു വർഷത്തിനുള്ളിൽ എല്ലാവരെയും ബഹുദൂരം പിന്നിലാക്കുമെന്നും രണ്ടാം സ്ഥാനത്ത് ആരാണെന്ന് കാണാൻ ജെയിംസ് വെബ് ദൂരദർശിനി ഉപയോഗിക്കേണ്ടി വരുമെന്നും മസ്ക് കുറിച്ചു. Content Highlights: Elon Musk has announced a complete rebuilding of xAI's foundation following the mass resignation of co-founders and technical challenges in competing with OpenAI and Anthropic. Published: 16 Mar 2026, 05:51 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഗ്രോക്ക് വിവാദച്ചുഴിയിൽ, ഉന്നത ഉദ്യോഗസ്ഥർ കമ്പനി വിടുന്നു; ‘എക്സ്.എ.ഐ.’ പുനർനിർമിക്കുമെന്ന് മസ്ക്
M
MathrubhumiSource Link
about 2 months ago