ലോ കത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതി, സംഭരണ കേന്ദ്രങ്ങളിൽ ഒന്നാണ് ഫുജൈറ തുറമുഖം. ഇന്ധന കയറ്റുമതിയും ചരക്കുനീക്കവും അടക്കം ആഗോള വ്യാപാരത്തിലെ പ്രധാന കണ്ണിയായി ഫുജൈറ പ്രവർത്തിക്കുന്നു. ഹോർമുസ് കടലിടുക്ക് അടച്ചിട്ടുകൊണ്ടുള്ള ഇറാന്റെ പ്രതികാരത്തിന്റെ തീവ്രത ലോകം അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. ഫുജൈറ തുറമുഖത്തേയും ഇറാൻ ലക്ഷ്യമിട്ടു കഴിഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ മൂന്നോ നാലോ തവണ ഫുജൈറ ഇറാന്റെ ആക്രമണത്തിനിരയായിരുന്നു. പ്രധാന എണ്ണ ടെർമിനലുകൾ ലക്ഷ്യമിട്ട് മാർച്ച് 14-ന് ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ നാശനഷ്ടങ്ങളുണ്ടായി. യുഎഇ പ്രതിരോധ സേന ഡ്രോൺ തകർത്തുവെങ്കിലും ഡ്രോൺ അവശിഷ്ടങ്ങൾ വീണ് തീപ്പിടിത്തമുണ്ടായി. ഇതോടെ, എണ്ണ കയറ്റുമതി ഭാഗികമായി തടസ്സപ്പെട്ടു. എന്തിനാണ് ഇറാൻ ഫുജൈറ ആക്രമിച്ചത്? ഈ തുറമുഖം അടച്ചാൽ അത് ആഗോള വ്യാപാരത്തെ ബാധിക്കുമോ? ഫുജൈറ തന്ത്രപ്രധാനമാവുന്നത് എങ്ങനെ? To advertise here, ഫുജൈറ തുറമുഖം ലോകത്തിലെ ഏറ്റവും തന്ത്രപ്രധാനമായ നാവിക സൗകര്യങ്ങളിൽ ഒന്നായ ഫുജൈറ തുറമുഖത്തിന് ആഗോള വ്യാപാരത്തിൽ തന്ത്രപ്രധാനമായ സ്ഥാനമാണുള്ളത്. ഇത് 1978-ലാണ് തുറമുഖ നിർമാണം ആരംഭിച്ചത്. 1983 മുതൽ പൂർണ പ്രവർത്തനവും ആരംഭിച്ചു. യുഎഇയിലെ ഫുജൈറ എമിറേറ്റിൽ, ഒമാൻ ഉൾക്കടലിനോട് ചേർന്നുള്ള കിഴക്കൻ തീരത്താണ് തുറമുഖം സ്ഥിതി ചെയ്യുന്നത്. ഹോർമുസ് കടലിടുക്കിന് പുറത്തുള്ള യുഎഇയുടെ ഏക പ്രധാന എണ്ണ കയറ്റുമതി റൂട്ടാണ് ഫുജൈറ തുറമുഖം വഴിയുള്ളത്. ലോകത്തിലെ ഏറ്റവും വലിയ ആങ്കറേജ് പോയിന്റ് കൂടിയായ ഫുജൈറയിൽ ഏകദേശം 14,000 കപ്പലുകൾ വർഷംതോറും നങ്കൂരമിടുന്നുണ്ട്. ഓയിൽ ടാങ്കറുകളാണ് പ്രധാനമായും ഫുജൈറയിലേക്കെത്തുക. ഈ തുറമുഖത്തിന് നേരെയുള്ള ആക്രമണങ്ങൾ തുടർന്നാൽ ആഗോള ഊർജ്ജശൃംഖലയിൽ വലിയ പ്രതിസന്ധി ഉണ്ടാകാം. ലോകത്തിലെ നാലാമത്തെ വലിയ ബങ്കറിങ് ഹബ് കൂടിയാണ് ഫുജൈറ. അതായത് കപ്പലുകൾക്ക് ഇന്ധനം നിറയ്ക്കാൻ കഴിയുന്ന കേന്ദ്രം. സിംഗപ്പൂർ, റോഡാം, ഷൗഷാൻ എന്നിവയാണ് ആദ്യ മൂന്ന് സ്ഥാനത്തുള്ളത്. മൾട്ടി പർപ്പസ് പോർട്ട് ആയാണ് ഫുജൈറ പ്രവർത്തിക്കുന്നത്. കണ്ടെയ്‌നറുകളേയും സാധാരണ ചരക്കുകപ്പലുകളേയും ക്രൂയിസ് കപ്പലുകളേയും ഈ തുറമുഖം കൈകാര്യം ചെയ്യുന്നുണ്ട്. ഏകദേശം 18 മില്യൺ ക്യൂബിക് മീറ്റർ വരെയാണ് തുറമുഖത്തിന്റെ ശേഷി. പ്രതിദിനം ശരാശരി 1.7 മില്യൺ ബാരൽ അസംസ്‌കൃത എണ്ണയും ശുദ്ധീകരിച്ച ഇന്ധനവും ഫുജൈറയിൽ നിന്ന് കയറ്റുമതി ചെയ്യുന്നു. തന്ത്രപ്രധാന തുറമുഖം ഇടുങ്ങിയ ഹോർമുസ് കടലിടുക്കിന് പുറത്താണ് ഫുജൈറ തുറമുഖം. ലോകത്തിലെ കടൽ വഴിയുള്ള എണ്ണയുടെ ഏകദേശം 20-30% സാധാരണയായി കടന്നുപോകുന്നത് ഫുജൈറയിലൂടെയാണ്. പലപ്പോഴായി ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങൾ, ഉപരോധങ്ങൾ, സംഘർഷങ്ങൾ എന്നിവയ്ക്ക് ഫുജൈറ തുറമുഖം ഇരയായിട്ടുണ്ട്. അബുദാബിയിലെ എണ്ണപ്പാടങ്ങളിൽനിന്ന് നേരിട്ട് ഫുജൈറയിലേക്ക് അസംസ്‌കൃത എണ്ണ എത്തിക്കുന്ന ഹബ്ഷൻ-ഫുജൈറ പൈപ്പ്‌ലൈൻ 2012 മുതൽ സജീവമായി പ്രവർത്തിക്കുന്നുണ്ട്. ഫുജൈറയുള്ളതിനാൽ യുഎഇക്ക് ഹോർമുസ് കടലിടുക്കിനെ ആശ്രയിക്കാതെ അതിന്റെ ഉത്പാദനത്തിന്റെ വലിയൊരു ഭാഗം കയറ്റുമതി ചെയ്യാൻ സാധിക്കും. അതായത് ഹോർമുസിലെ തടസ്സങ്ങളൊന്നും യുഎഇ എണ്ണ വിപണിയെ തീർത്തും ബാധിക്കില്ല. 2025-ൽ, ഫുജൈറ തുറമുഖത്തിലൂടെ പ്രതിദിനം ഏകദേശം 1.7 ദശലക്ഷം ബാരൽ അസംസ്‌കൃത എണ്ണയും ഇന്ധനവും കയറ്റുമതി ചെയ്തിട്ടുണ്ട്. അടുത്തിടെയുള്ള വർഷങ്ങളിൽ ദൈനംദിന എണ്ണ ഉത്പാദനത്തിന്റെ ഏകദേശം പകുതിയോളം ഫുജൈറയിൽനിന്ന് കയറ്റി അയച്ചിട്ടുണ്ട്. 2025ൽ 7.4 ദശലക്ഷം ക്യുബിക് മീറ്റർ ഇന്ധനം വിറ്റഴിച്ചതോടെ ലോകത്തിലെ നാലാമത്തെ ഇന്ധനവിതരണ കേന്ദ്രമായി ഫുജൈറ മാറി. പശ്ചിമേഷ്യയിൽ സംഘർഷം തുടങ്ങുന്നതിന് മുൻപ് പ്രതിദിനം 3.4 ദശലക്ഷം വീപ്പയിലധികം അസംസ്‌കൃത എണ്ണ ഉത്പാദിപ്പിച്ചിരുന്നു. നിലവിൽ ഹോർമുസ് കടലിടുക്കിലൂടെയല്ലാതെ പ്രതിദിനം 1.5 ദശലക്ഷം വീപ്പ എണ്ണ എത്തിക്കാവുക്കുന്ന ഒരു പൈപ്പ്‌ലൈൻ ഫുജൈറ തുറമുഖത്ത് പ്രവർത്തിക്കുന്നുണ്ട്. ഹബ്ഷാൻ-ഫുജൈറ പൈപ്പ്‌ലൈൻ വഴി അബുദാബിയിലെ എണ്ണപ്പാടങ്ങളിൽനിന്ന് ഫുജൈറയിലേക്ക് എണ്ണ എത്തിക്കാം. യുഎഇ ഉൽപാദിപ്പിക്കുന്ന പ്രധാന അസംസ്കൃത എണ്ണയായ മർബൻ ഈ തുറമുഖം വഴിയാണ് കയറ്റി അയക്കുന്നത്. ഇതിന്റെ പ്രധാന ഉപഭോക്താക്കൾ ഏഷ്യൻ രാജ്യങ്ങളാണ്. വമ്പൻ സംഭരണശേഷിയും ബ്ലെൻഡിംഗ് കഴിവും ഫുജൈറയ്ക്കുണ്ട്. അസംസ്‌കൃത എണ്ണ, സംസ്‌കരിച്ച ഉൽപ്പന്നങ്ങൾ, ഇന്ധനങ്ങൾ എന്നിവ സംഭരിക്കാനായി ഏകദേശം 18 ദശലക്ഷം ക്യുബിക് മീറ്ററാണ് ഫുജൈറയുടെ സംഭരണശേഷി. പെട്രോളിയം ചരക്കുകൾ സംഭരിക്കുന്നതിനും വിവിധ ഗ്രേഡുകൾ കലർത്തി ഗ്യാസോലിൻ അല്ലെങ്കിൽ ലോ-സൾഫർ ബങ്കറുകൾ പോലുള്ള ഇഷ്ടമുള്ള ഇന്ധനങ്ങളോ ഉത്പന്നങ്ങൾ ഉണ്ടാക്കുന്ന ബ്ലെൻഡിംഗ് ചെയ്യുന്നതിനുമുള്ള പ്രധാന നാവികകേന്ദ്രം കൂടിയാണ് ഫുജൈറ. ഒപെക് രാജ്യങ്ങളിൽ മൂന്നാമത്തെ വലിയ ഉത്പാദകരാണ് യു.എ.ഇ. സമുദ്ര വ്യാപാര തടസ്സങ്ങൾക്കിടയിൽ നിർണായക ബദൽ മാർഗമായി കൂടി ഫുജൈറ പ്രവർത്തിക്കുന്നു. ഹോർമുസ് കടലിടുക്കിലോ അതിന് ചുറ്റുമോ പിരിമുറുക്കങ്ങളോ സംഘർഷങ്ങളോ ഉണ്ടാകുന്ന സമയങ്ങളിൽ ഫുജൈറ യു.എ.ഇയുടെ ബദൽ കയറ്റുമതി, വിതരണ കേന്ദ്രമെന്ന നിലയിലും തടസ്സമില്ലാത്ത ആഗോള എണ്ണ കൈമാറ്റത്തെ പിന്തുണയ്ക്കാനും നിർണായകമാണ്. ചുരുക്കത്തിൽ, ഫുജൈറ യു.എ.ഇയുടെ എണ്ണ വ്യവസായത്തിന്റെ ജീവനാഡിയായാണ് നിലകൊള്ളുന്നത്. ആഗോള എണ്ണ വിപണിയിൽ ഷോക്ക് അബ്‌സോർബറായി ഫുജൈറ പ്രവർത്തിക്കുന്നുവെന്ന വിശേഷണങ്ങളുണ്ട്. ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്കുനീക്കം തടസ്സപ്പെടുമ്പോൾ ലോകവ്യാപാരത്തിലുണ്ടാവുന്ന ആഘാതത്തെ പരിഹരിക്കാൻ ഫുജൈറയെ പ്രയോജനപ്പെടുത്താം. ഭൗമശാസ്ത്രപരമായ സ്ഥാനം, അടിസ്ഥാന സൗകര്യങ്ങൾ, സമുദ്ര വ്യാപ്തി എന്നിവ അന്താരാഷ്ട്ര ഊർജ്ജ സുരക്ഷ, സമുദ്രവ്യാപാരം എന്നിവയെ പിന്തുണയ്ക്കുന്നുണ്ട്. എണ്ണ വിപണിയിൽ ആശങ്ക ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന സംഘർഷത്തിന്റെ ഭാഗമായി ഫുജൈറ തുറമുഖത്തിന്റെ എണ്ണ ടെർമിനലിന് നേരെ ഡ്രോൺ ആക്രമണം ഉണ്ടായി. യു.എ.ഇയുടെ എയർ ഡിഫൻസ് സിസ്റ്റം ഇന്റർസെപ്റ്റ് ചെയ്ത ഡ്രോണിന്റെ അവശിഷ്ടങ്ങൾ കാരണം തീപിടുത്തമുണ്ടായതോടെ എണ്ണ ലോഡിങ് പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചിരുന്നു. ഇത് ആഗോള എണ്ണവിപണിയിൽ വലിയ ആശങ്കയ്ക്കാണ് വഴി തുറന്നത്. കാരണം ഫുജൈറ ഹോർമുസ് കടലിടുക്കിന് പുറത്തുള്ള പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമാണ്. യു.എഇ.യുടെ എണ്ണ വ്യാപാരത്തിനും ആഗോള എനർജി സപ്ലൈയ്ക്കും വളരെ നിർണായകമായ കേന്ദ്രമാണ്. പശ്ചിമേഷ്യയിൽനിന്നുള്ള എണ്ണ ഉത്പാദനം ഇതിനകം തന്നെ കുറയ്‌ക്കേണ്ടി വന്നിട്ടുണ്ട്. യു.എ.ഇയുടെ അവസാന പ്രധാന തുറന്ന കയറ്റുമതി മാർഗ്ഗമായിരുന്നു ഫുജൈറ. അതിനെ ആക്രമിക്കുന്നത് നിലവിലുള്ള ഉത്പാദനം കുറയ്ക്കുന്നതിനുള്ള സമ്മർദ്ദം വർധിപ്പിക്കുകയും ചെയ്യുന്നു. ഹോർമുസ് കടലിടുക്ക് പൂർണമായി അടച്ചിടുകയും ഫുജൈറ തുറമുഖം ഇറാന്റെ ആക്രമണത്തിന് ഇരയാവുകയും ചെയ്താൽ അത് ആഗോള എണ്ണ വിതരണത്തിനും സമ്പദ് വ്യവസ്ഥയിലും വളരെ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാകും. 1. എണ്ണ വിതരണത്തിലെ തകർച്ച ഹോർമുസ് കടലിടുക്കിലൂടെ ലോകത്തിന്റെ ആകെ ആവശ്യത്തിന്റെ ഏകദേശം 20% ക്രൂഡ് ഓയിലുംവലിയ അളവിൽ LNG (ദ്രവീകൃത പ്രകൃതി വാതകം)യും കടന്നുപോകുന്നുണ്ട്. ഇത് അടച്ചാൽ പേർഷ്യൻ ഗൾഫിലെ (സൗദി, UAE, ഇറാഖ്, കുവൈത്ത്, ഖത്തർ എന്നിവ) എണ്ണ ഉത്പാദനത്തിന്റെ ഭൂരിഭാഗവും കയറ്റുമതി ചെയ്യാൻ കഴിയില്ല. ഇപ്പോൾ തന്നെ ടാങ്കർ ട്രാഫിക് 70-90 ശതമാനം കുറഞ്ഞു. ഫുജൈറയാണ് ഈ തടസ്സത്തെ അതിജീവിക്കാനുള്ള ബൈപ്പാസ് റൂട്ട്. ഫുജൈറ അടച്ചാൽ യുഎഇയുടെ പ്രധാന ബൈപാസ് റൂട്ട് (Habshan-Fujairah pipeline വഴിയുള്ള ഇന്ധനനീക്കം നഷ്ടപ്പെടും. ഇത് ഉത്പാദനം കുറയ്ക്കാൻ യുഎഇ നിർബന്ധിതമാവും. ഇതിനകം തന്നെ ചില യൂണിറ്റുകൾ നിന്നുളള ഉത്പാദനം താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്. അങ്ങനെ വന്നാൽ ഗൾഫ് മേഖലയിൽ നിന്നുള്ള എണ്ണ വിതരണത്തിൽ പ്രതിദിനം 14-17 മില്യൺ ബാരൽ തടസ്സപ്പെടാം. അതായത് ലോകത്തിന്റെ ആകെ വിതരണത്തിൽ പ്രതിദിനം 15 മുതൽ 20 ശതമാനം കുറയും. 2. എണ്ണ വിലയിലെ കുതിച്ചുചാട്ടം നിലവിലെ പ്രതിസന്ധി മൂലം ബ്രെന്റ് ക്രൂഡ് (Brent Crude) വിലയിൽ 100-120 ഡോളറിലധികം ഉയർന്നിട്ടുണ്ട്. ഹോർമുസിനൊപ്പം ഫുജൈറയും തടസ്സം നേരിട്ടാൽ വില ബാരലിന് 130-200 ഡോളർ വരെ എത്തിയേക്കാം. 1970-കളിലുണ്ടായ എണ്ണ പ്രതിസന്ധിയേക്കാൾ മൂന്ന് മടങ്ങ് കൂടുതലാണിത്. ബങ്കറിങ് (കപ്പൽ ഇന്ധനം) വിലകളും കുത്തനെ ഉയരും. സിംഗപ്പൂരിൽ 1000 ഡോളർ/ടൺ വരെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 3. ആഗോള സമ്പദ് വ്യവസ്ഥയിലെ ആഘാതം ഫുജൈറയിലെ പ്രതിസന്ധി ആഗോള സമ്പദ് വ്യവസ്ഥയിലുണ്ടാക്കുന്ന ആഘാതം നിസ്സാരമായിരിക്കില്ല. പണപ്പെരുപ്പം വർധിക്കാനുള്ള സാധ്യതകൾ ഇതിനകംതന്നെ മുന്നിലെത്തിക്കഴിഞ്ഞു. ഗൽഫ് മേഖലയിൽ നിന്നുള്ള ഇന്ധനത്തെ ആശ്രയിക്കുന്ന ഇന്ത്യ, ചൈന, ജപ്പാൻ, കൊറിയ തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളെ ഇത് കൂടുതലായി ബാധിക്കും. ഇന്ധനവില, ഫാക്ടറി ചെലവ്, ഭക്ഷ്യ വില എന്നിവ കുതിക്കും. ഇറക്കുമതി ബില്ലും പണപ്പെരുപ്പവും വർധിക്കും, പെട്രോൾ-ഡീസൽ, LPG, വില കുത്തനെ ഉയരും തുടങ്ങിയ പ്രത്യാഘാതങ്ങൾ സാമ്പത്തിക വളർച്ചയെ ഒന്നായി ബാധിക്കാം. അലുമിനിയം, രാസവളം, റബ്ബർ, ഇലക്ട്രോണിക്‌സ്, ഭക്ഷ്യവസ്തുക്കളുടെ ഇറക്കുമതി എന്നിവയിലും ഈ പ്രതിസന്ധികൾ പ്രതിഫലിക്കും. ചുരുക്കത്തിൽ, ഹോർമുസ് അടച്ചിട്ടതും പുജൈറയിലെ താൽക്കാലിക തടസ്സവും 1970-കളിലെ ഇന്ധനക്ഷാമത്തേക്കാൾ വലിയ പ്രതിസന്ധിയിലായിരിക്കും ലോകത്തെ എത്തിക്കുക. ആഗോള പണപ്പെരുപ്പം, സാമ്പത്തികമാന്ദ്യം, ഭക്ഷ്യപ്രതിസന്ധി എന്നിവ സമീപഭാവിയിലുണ്ടായേക്കാവുന്ന പ്രശ്‌നങ്ങളാണ്. പ്രത്യേകിച്ച് ഏഷ്യൻ രാജ്യങ്ങളാവും ഇതിന്റെ പ്രത്യാഘാതങ്ങൾ കൂടുതലായും നേരിടുക. Content Highlights: Fujairah serves as a critical bypass for the Strait of Hormuz, securing UAE oil exports., The port is the world's second-largest bunkering hub, handling 1.7 million barrels of oil daily., Disruptions at Fujairah threaten global energy supply, potentially spiking oil prices to $200/barrel., The Habshan-Fujairah pipeline is the backbone of UAE's energy independence from Hormuz., Impacts of port closure include global inflation, economic recession, and severe energy shortages for Asian markets. Published: 19 Mar 2026, 12:30 pm IST ABOUT THE AUTHOR മാതൃഭൂമി ഡോട്ട് കോമിൽ സീനിയർ കണ്ടന്‍റ് റൈറ്റർ. വിദേശം,സാമൂഹികം, പരിസ്ഥിതി, ബിസിനസ് വിഷയങ്ങളിൽ താല്‍പര്യം. Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഗൾഫ് ഇന്ധന മാർക്കറ്റിന്റെ ജീവനാഡി; ഫുജൈറ തുറമുഖത്തിന് എന്ത് സംഭവിക്കും?
M
MathrubhumiSource Link
about 2 months ago