ആധുനികകാലത്തെ ബഹിരാകാശ പര്യവേക്ഷണത്തിലെ നിർണായകമായ ഒരു അധ്യായം കുറിച്ചിരിക്കുകയാണ് നാസയുടെ ആർട്ടെമിസ് II ദൗത്യം. ചന്ദ്രനെ ചുറ്റിയുള്ള സങ്കീർണമായ യാത്രാദൗത്യത്തിനിടെ ആർട്ടെമിസ് 2 പേടകത്തിലെ നാല് ബഹിരാകാശ സഞ്ചാരികൾ ചരിത്രത്തിൽ ഇന്നുവരെ ഒരു മനുഷ്യനും സഞ്ചരിച്ചിട്ടില്ലാത്തത്ര ദൂരേക്ക് ഭൂമിയിൽനിന്ന് യാത്രചെയ്തു. ആറാംദിനമായ തിങ്കളാഴ്ചയാണ് (2026 ഏപ്രിൽ 6) യാത്രികർ ഈ നേട്ടം കൈവരിച്ചത്. അതിനിടെ ഭൂമിയിൽനിന്നു കാണുന്ന ചന്ദ്രന്റെ വശവും അതിന്റെ മറുവശവും അടുത്തുകാണാനും പഠിക്കാനും സഞ്ചാരികൾക്ക് അവസരം ലഭിച്ചു. To advertise here, നമ്മുടെ സ്വന്തം ഉപഗ്രഹത്തിലേക്ക് ഒരു മടങ്ങിപ്പോക്ക് 1972-ൽ അപ്പോളോ ദൗത്യങ്ങൾ അവസാനിച്ചതിനുശേഷം ആദ്യമായാണ് മനുഷ്യർ ചന്ദ്രനരികിലേക്ക് യാത്ര ചെയ്യുന്നത്. 1969 മുതൽ 72 വരെ നടന്ന വിവിധ അപ്പോളോ ദൗത്യങ്ങളിലായി 12 മനുഷ്യർ ചന്ദ്രനിൽ ഇറങ്ങിയിട്ടുണ്ട്. ഭാവിയിൽ ചന്ദ്രനിൽ മനുഷ്യരെ ഇറക്കാനുള്ള ആർട്ടെമിസ് ദൗത്യങ്ങൾക്ക് മുന്നോടിയായുള്ള പരീക്ഷണദൗത്യം മാത്രമായാണ് ആർട്ടെമിസ് II ദൗത്യം ഒരുക്കിയത്. നാസയുടെ എസ്.എൽ.എസ്. റോക്കറ്റിൽ ഘടിപ്പിച്ച ഓറിയോൺ പേടകത്തിൽ റീഡ് വൈസ്മാൻ, വിക്ടർ ഗ്ലോവർ, ക്രിസ്റ്റീന കോച്ച്, ജെറെമി ഹാൻസെൻ എന്നീ നാല് സഞ്ചാരികളാണുള്ളത്. ഒരു എസ്.യു.വി.യുടെ (SUV) വലുപ്പമുള്ള പേടകമാണിത്. റെക്കോർഡുകൾ ഭേദിച്ചൊരു യാത്ര അപ്പോളോ 13 ദൗത്യം കുറിച്ച റെക്കോർഡ് ദൂരം ഭേദിച്ചാണ് ഇത്തവണ ആർട്ടെമിസ് II ദൗത്യം യാത്ര ചെയ്യുന്നത്. 1970 ഏപ്രിൽ 11-ന് വിക്ഷേപിച്ച അപ്പോളോ 13 ദൗത്യസംഘത്തിന് യാത്രയ്ക്കിടെ ഉണ്ടായ അടിയന്തര സാഹചര്യത്തെത്തുടർന്ന് യാത്ര പൂർത്തിയാക്കാതെ ഭൂമിയിലേക്ക് തിരിച്ചിറങ്ങേണ്ടിവന്നു. അന്ന് 2,48,655 മൈൽ (4,00,171 കിലോ മീറ്റർ) ആണ് അപ്പോളോ 13 പേടകം യാത്ര ചെയ്തത്. ഈ റെക്കോർഡാണ് ഓറിയോൺ പേടകം ഭേദിച്ചത്. ഭൂമിയിൽനിന്ന് ഏകദേശം 2,52,756 മൈൽ (4,06,600 കിലോ മീറ്റർ) ദൂരത്തേക്ക് ആർട്ടെമിസ് II ദൗത്യസംഘം യാത്ര ചെയ്തു. അന്ന് പേടകത്തിലെ സാങ്കേതികപ്രശ്നങ്ങൾക്കിടയിലാണ് അപ്പോളോ 13 ദൗത്യസംഘം യാത്ര ചെയ്തതെങ്കിൽ ഇപ്പോൾ മനുഷ്യരുടെ സമ്പൂർണനിയന്ത്രണത്തിൽ ഏറെ മികവുറ്റ രീതിയിൽ ഇത്രയും ദൂരം യാത്ര ചെയ്യാനാവുമെന്ന് ആർട്ടെമിസ് II ദൗത്യസംഘം തെളിയിച്ചു. Photo by Handout / NASA / AFP) ലൂണാർ ഫ്ലൈബൈ ഏകദേശം ഏഴ് മണിക്കൂർ നീണ്ടുനിന്ന അതിസൂക്ഷ്മമായി ആസൂത്രണം ചെയ്ത ദൗത്യമായിരുന്നു ലൂണാർ ഫ്ലൈബൈ. ചന്ദ്രനരികിലൂടെയുള്ള ഈ സഞ്ചാരത്തിലൂടെ ഏകദേശം അഞ്ച് മണിക്കൂർനേരം ചാന്ദ്രനിരീക്ഷണം നടത്താൻ ദൗത്യസംഘത്തിനായി. പേടകത്തിലെ വിളക്കുകൾ അണച്ചും ക്യാമറകളും നിരീക്ഷണ ഉപകരണങ്ങളും സജ്ജമാക്കിയും മികച്ചരീതിയിൽ ചന്ദ്രനെ നിരീക്ഷിക്കുന്നതിനായുള്ള ഒരുക്കങ്ങൾ സഞ്ചാരികൾ നേരത്തേതന്നെ ചെയ്തിരുന്നു. ഈ സമയത്ത് എന്തെല്ലാം ചെയ്യണമെന്നതിൽ ദൗത്യം വിക്ഷേപിക്കുന്നതിനുമുമ്പ് തന്നെ നാസ വ്യക്തമായ പദ്ധതി തയ്യാറാക്കിയിരുന്നു. തത്സമയ സംപ്രേഷണം ആരംഭിക്കുന്നതും പേടകത്തിനുള്ളിൽനിന്നുള്ള ദൃശ്യങ്ങളും ചന്ദ്രനിലെ വിവിധങ്ങളായ ലക്ഷ്യസ്ഥാനങ്ങൾ വിശദമായി പഠിക്കുന്നതിനുമുള്ള പദ്ധതികൾ അക്കൂട്ടത്തിലുണ്ടായിരുന്നു. ചന്ദ്രന്റെ മറുവശം നേരിൽ കാണാനുള്ള അവസരം ചന്ദ്രന്റെ ഭ്രമണവും പരിക്രമണവും ഒരേ വേഗത്തിലായതിനാൽ ഭൂമിയിൽനിന്ന് എപ്പോഴും ചന്ദ്രന്റെ ഒരു വശം മാത്രമാണ് കാണുക. ചന്ദ്രന്റെ മറുവശത്തേക്ക് ബഹിരാകാശ പേടകങ്ങൾ പോയിട്ടുണ്ടെങ്കിലും രഹസ്യങ്ങളുടെ കലവറയായ ആ ഭാഗം നേരിൽ കാണാനും അറിയാനുമുള്ള അവസരമായിരുന്നു ഇത്. അപ്പോളോ ദൗത്യത്തിനിടെ വളരെ കുറച്ചുപേർ മാത്രമേ ചന്ദ്രന്റെ ഈ അർധഗോളം നേരിട്ട് കണ്ടിട്ടുള്ളൂ. എന്നാൽ മുമ്പ് പഠിക്കാൻ പ്രയാസകരമോ അസാധ്യമോ ആയിരുന്ന പ്രദേശങ്ങളിലെ ദീർഘവും വിശദവുമായ നിരീക്ഷണങ്ങൾ സാധ്യമാക്കിക്കൊണ്ട് ആർട്ടെമിസ് II മുന്നേറുകയാണ്. ശതകോടിക്കണക്കിന് വർഷങ്ങൾക്കുമുമ്പ് രൂപപ്പെട്ട ധാരാളം ഗർത്തങ്ങൾ നിറഞ്ഞതാണ് ചന്ദ്രന്റെ മറുവശം. സൂര്യപ്രകാശം പതിക്കാത്ത ഇവിടം ഇരുട്ടാണ്. ഏകദേശം 380 കോടി വർഷം പഴക്കമുള്ളതും ഏകദേശം 600 മൈൽ വിസ്തൃതിയുള്ളതുമായ ഓറിയന്റേൽ ബേസിൻ, ഏകദേശം 400 മൈൽ വീതിയുള്ള മറ്റൊരു കൂറ്റൻ ഗർത്തമായ ഹെർട്സ്പ്രംഗ് ബേസിൻ എന്നിവ അക്കൂട്ടത്തിലുണ്ട്. ചന്ദ്രോപരിതലത്തിൽ ഉൽക്കാശകലങ്ങൾ പതിക്കുന്നതുമൂലമുണ്ടാകുന്ന ചെറിയ സ്ഫോടനപ്രകാശങ്ങൾക്ക് സാക്ഷ്യം വഹിച്ചതായും ബഹിരാകാശ സഞ്ചാരികൾ റിപ്പോർട്ട് ചെയ്തു. ചന്ദ്രന്റെ പരിതസ്ഥിതിയെക്കുറിച്ചുള്ള വ്യക്തമായ ധാരണ നൽകാൻ ഈ നിരീക്ഷണങ്ങളിലൂടെ സാധിക്കും. ഭാവിദൗത്യങ്ങൾക്ക് ഇത് ഗുണകരമാവും. പ്രൊഫഷണൽ ക്യാമറകൾ ഉപയോഗിച്ച് പകർത്തിയ പുതിയ ചിത്രങ്ങൾ അപ്പോളോ ദൗത്യകാലത്തേക്കാൾ ഗുണമേന്മയുള്ള ചിത്രങ്ങൾ ഇത്തവണ ലോകത്തിന് സമ്മാനിക്കും. പേടകവുമായി ആശയവിനിമയബന്ധം നഷ്ടപ്പെട്ട നിമിഷങ്ങൾ ഓറിയോൺ പേടകം ചന്ദ്രനു പിന്നിലേക്ക് നീങ്ങിയപ്പോൾ ഭൂമിയുമായുള്ള ആശയവിനിമയം താല്ക്കാലികമായി വിച്ഛേദിക്കപ്പെട്ടു. ഭൂമിക്കും പേടകത്തിനും ഇടയിൽ ചന്ദ്രൻ എത്തിയതോടെ ആശയവിനിമയ സിഗ്നലുകളുടെ സഞ്ചാരം 40 മിനിറ്റോളം തടസ്സപ്പെട്ടു. ഇങ്ങനെയൊരു സാഹചര്യം നേരത്തേതന്നെ പ്രതീക്ഷിച്ചിരുന്നതാണ്. "മറുഭാഗത്തുവെച്ച് കാണാം" എന്ന് മിഷൻ കൺട്രോളിനെ അറിയിച്ചാണ് ദൗത്യസംഘം മിനിറ്റുകൾ നീണ്ട നിശബ്ദതയിലേക്ക് പോയത്. ഈ സമയത്ത് സഞ്ചാരികൾ സ്വതന്ത്രമായി നിരീക്ഷണങ്ങൾ തുടർന്നു. പേടകം ചന്ദ്രോപരിതലത്തോട് ഏകദേശം 4,070 മൈൽ (6,550 കിലോ മീറ്റർ) വരെ അടുത്തെത്തി. മികവുറ്റ രീതിയിൽ വിവരങ്ങൾ ശേഖരിക്കാനും നിരീക്ഷണം നടത്താനും ദൃശ്യങ്ങൾ പകർത്താനും ഇത് അവസരം നൽകി. പിന്നീട് ആശയവിനിമയബന്ധം പുനഃസ്ഥാപിക്കപ്പെട്ടതോടെ സഞ്ചാരികൾ തങ്ങളുടെ അനുഭവങ്ങൾ മിഷൻ കൺട്രോളുമായി പങ്കുവെച്ചുതുടങ്ങി. അപൂർവക്കാഴ്ചകൾക്ക് സാക്ഷിയായി സഞ്ചാരികൾ ലൂണാർ ഫ്ലൈബൈ ബഹിരാകാശ സഞ്ചാരികൾക്ക് അത്യപൂർവ ദൃശ്യാനുഭവങ്ങൾ സമ്മാനിക്കുന്നതായിരുന്നു. ചന്ദ്രനു മറുവശത്തുവെച്ചുള്ള 53 മിനിറ്റ് നീണ്ടുനിന്ന പൂർണ സൂര്യഗ്രഹണവും അതിൽ ഉൾപ്പെടുന്നു. ഈ സമയത്തെ സൂര്യന്റെ കൊറോണ നേരിൽ കാണാനും സഞ്ചാരികൾക്ക് സാധിച്ചു. ചൊവ്വ, ബുധൻ, ശുക്രൻ, ശനി എന്നിങ്ങനെ നിരവധി ഗ്രഹങ്ങളെ സാധാരണ മനുഷ്യർക്ക് സാധിക്കാത്ത വീക്ഷണകോണിൽനിന്ന് നോക്കിക്കാണാനും അവർക്ക് സാധിച്ചു. ഇതിനുപുറമെ ചന്ദ്രന്റെ ഭ്രമണപഥത്തിൽനിന്ന് ഭൂമിയുടെ ഉദയവും അസ്തമയവും കാണാൻ സഞ്ചാരികൾക്ക് സാധിച്ചു. നാസ പുറത്തുവിട്ട ചിത്രങ്ങളിൽ പലതിലും വിദൂരതയിൽ ഭൂമി സ്ഥിതിചെയ്യുന്നതായി കാണാം. ഭാവിയെന്ത്? ചന്ദ്രനിൽ മനുഷ്യനെ ഇറക്കുകയാണ് ആർട്ടെമിസ് ദൗത്യങ്ങളുടെ ആത്യന്തിക ലക്ഷ്യം. അപ്പോളോ ദൗത്യത്തിൽനിന്ന് വ്യത്യസ്തമായി ചന്ദ്രനിൽ മനുഷ്യരുടെ സ്ഥിരവാസം സാധ്യമാക്കാനും മനുഷ്യർക്ക് താമസിക്കാനും ഗവേഷണപ്രവർത്തനങ്ങളിലേർപ്പെടാനും സാധിക്കുന്ന ഒരു കേന്ദ്രം സ്ഥാപിക്കാനുമുള്ള ദീർഘകാല ലക്ഷ്യവും ദൗത്യത്തിനു പിന്നിലുണ്ട്. ഈ ദൗത്യങ്ങൾക്കെല്ലാമുള്ള ആദ്യ ചവിട്ടുപടിയാണ് ആർട്ടെമിസ് II ദൗത്യം. ചാന്ദ്രയാത്ര നടത്താനുള്ള ഓറിയോൺ പേടകത്തിന്റെ സാങ്കേതികശേഷി പരീക്ഷിക്കുകയായിരുന്നു ഇതുവഴി. ഈ ദൗത്യത്തിലൂടെ ശേഖരിച്ച വിവരങ്ങൾ ഭാവിദൗത്യങ്ങൾ ആസൂത്രണം ചെയ്യാനും മുന്നൊരുക്കങ്ങൾ നടത്താനും നാസയെ സഹായിക്കും. പേടകം പസഫിക് സമുദ്രത്തിൽ വന്നിറങ്ങുന്നതോടെ ആർട്ടെമിസ് II ദൗത്യം സമ്പൂർണ വിജയമാവും.

ചന്ദ്രന്റെ മറുവശത്ത് ആർട്ടെമിസ് 2 സഞ്ചാരികളെ അമ്പരപ്പിച്ച കാഴ്ചകൾ; ദൗത്യസംഘം ഇതുവരെ എന്തുനേടി?
M
MathrubhumiSource Link
about 1 month ago