BoolokamBoolokam
ചാത്തന്നൂരിലെ അട്ടിമറി, കേരളത്തിൽ വീണ്ടും താമര വിരിഞ്ഞു; ഇത്തവണ രണ്ടെണ്ണം, ഡീലില്ലാത്ത ജയം

ചാത്തന്നൂരിലെ അട്ടിമറി, കേരളത്തിൽ വീണ്ടും താമര വിരിഞ്ഞു; ഇത്തവണ രണ്ടെണ്ണം, ഡീലില്ലാത്ത ജയം

M
MathrubhumiSource Link
ആ റ് സീറ്റ് പ്രതീക്ഷിച്ചിടത്ത് രണ്ട് സീറ്റുകൾ കൊണ്ട് തൃപ്തിപ്പെട്ട് കേരളത്തിലെ ബിജെപി. ബിഡിജെഎസിന് പുറമെ ട്വന്റി ട്വന്റിയെ മുന്നണിയിലെത്തിച്ച് പയറ്റാവുന്ന കളികളൊക്കെ കളിച്ചിട്ടും വലിയ മുന്നേറ്റം നടത്താൻ ബിജെപിക്ക് സാധിച്ചില്ല. എങ്കിലും 2016നെ അപേക്ഷിച്ച് 2026ൽ സീറ്റ് എണ്ണം രണ്ടായി ഉയർത്താനായി എന്നത് വലിയ നേട്ടമാണ്. പ്രത്യേകിച്ച് സർക്കാർ വിരുദ്ധ വികാരം വീശിയടിച്ച ഒരുതിരഞ്ഞെടുപ്പിൽ യുഡിഎഫിനെ മറികടന്ന് രണ്ടിടത്ത് വിജയിക്കാനായി എന്നതാണ് വലിയ നേട്ടം. അതിൽ കേരളത്തിൽ അധികമാരും പ്രതീക്ഷിക്കാതിരുന്ന കൊല്ലം ജില്ലയിലെ ചാത്തന്നൂരിൽ താമര വിരിഞ്ഞുവെന്നതാണ് ശ്രദ്ധേയം. ബിജെപിക്ക് സംഘടനാ സ്വാധീനം കൂടുതലുള്ള പാലക്കാട്, നേമം, കഴക്കൂട്ടം, വട്ടിയൂർകാവ് മണ്ഡലങ്ങളെ അപേക്ഷിച്ച് ചാത്തന്നൂരിലെ വിജയം ബിജെപിയെ സംബന്ധിച്ചിടത്തോളം ഇരട്ടി മധുരമാണ്. അട്ടിമറി വിജയമാണ് ചാത്തന്നൂരിൽ നടന്നത്. എൽഡിഎഫ് സ്ഥാനാർഥിയായ സിപിഐയിലെ ആർ രാജേന്ദ്രനെ 4012 വോട്ടിനാണ് ബി ബി ഗോപകുമാർ പരാജയപ്പെടുത്തിയത്. ഇതിനൊപ്പം നേമം തിരിച്ചുപിടിച്ചതോടെ 2021 ലെ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് മധുര പ്രതികാരവുമായി. നേമത്ത് മന്ത്രി വി ശിവൻ കുട്ടിയെ 2876 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ബിജെപി സംസ്ഥാന അധ്യക്ഷനായ രാജീവ് ചന്ദ്രശേഖർ പരാജയപ്പെടുത്തിയത്.  To advertise here, സംഘപ്രവർത്തനത്തിന്റെ ദീർഘകാല പാരമ്പര്യമുള്ള സംസ്ഥാനം, നിരവധി രക്തസാക്ഷികൾ. ശക്തമായ കേഡർ സംവിധാനമുള്ള പാർട്ടി. പണത്തിനും സംവിധാനങ്ങൾക്കും കൈയും കണക്കുമില്ല. അർപ്പണബോധത്തോടെ പ്രവർത്തിക്കാൻ നിരവധി പ്രവർത്തകരുമുണ്ട്. ഇതൊന്നുമില്ലാതിരുന്ന ഇടങ്ങളിൽ പോലും ഭരണം പിടിച്ച ബിജെപിക്ക് കേരളം എന്നത് തീരാ സമസ്യയാണ്. തടസ്സങ്ങളെ അതിജീവിച്ച് കേരളത്തിൽ വളരാനുള്ള ബിജെപിയുടെ പ്രവർത്തനങ്ങൾക്ക് ശക്തിപകരുന്ന വിജയമാണ് രണ്ട് സീറ്റ്.  ശാഖകളുടെ എണ്ണം കൂടിയതുകൊണ്ട് പ്രവർത്തന സൗകര്യത്തിനായി കേരളത്തിലെ ആർഎസ്എസ് ഘടകത്തിനെ രണ്ട് പ്രാന്തങ്ങളായി ( സംസ്ഥാനങ്ങൾ) ആയി വിഭജിച്ചിരുന്നു. കേരളത്തിലെ ബിജെപിയാകട്ടെ മുൻപ് കൈവരിക്കുമെന്ന് പ്രതീക്ഷപോലുമില്ലാത്ത തരത്തിൽ വളരുകയും ചെയ്തു. ഇന്ന് കേരളത്തിലെ ശക്തമായ പാർട്ടി സംവിധാനമുള്ള ചുരുക്കം ചില പാർട്ടികളിലൊന്നാണ് ബിജെപി. എന്നിട്ടും കേരള നിയമസഭയിലേക്ക് സംഘടനാ ബലത്തിൽ ജയിച്ചുകയറി വരാൻ വലിയ ബുദ്ധിമുട്ടാണ് ബിജെപി നേരിടുന്നത്. ശക്തമായ രണ്ടുമുന്നണികളെ മറികടന്നെത്തിയ വിജയം നേടിയെടുക്കുക എന്ന ബാലികേറാ മലയാണ് കേരളത്തിലെ ബിജെപിക്ക് മുന്നിലുള്ളത്. ദുർഘടമായ ഈ പ്രതിസന്ധികളെ അതിജീവിച്ചുള്ള നേമത്തേയും ചാത്തന്നൂരിലേയും വിജയം അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള ചൂണ്ടുപലകയാകുമോയെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. നേമത്തെ ഒ രാജഗോപാലിന്റെ 2016ലെ ജയവും 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽ നിന്നുള്ള സുരേഷ് ഗോപിയുടെ വിജയവും ഒഴിച്ചുനിർത്തിയാൽ കേരളത്തിൽ നിന്ന് നിയമനിർമാണ സഭകളിലേക്കുള്ള ബിജെപിയുടെ സാന്നിധ്യം ഒട്ടുംതന്നെയില്ല. രാജഗോപാലിന്റെയും സുരേഷ് ഗോപിയുടെയും വിജയം ബിജെപിയുടെ മാത്രം മിടുക്കല്ലായിരുന്നു എന്ന് പറയുന്നവർക്കുള്ള മറുപടിയാണ് ചാത്തന്നൂരിലെ വിജയം. കേരളത്തിലെ ബിജെപി നേരിടുന്നത് സംഘടനാ ദൗർബല്യമോ ആശയദാരിദ്ര്യമോ അല്ല. പാർട്ടി അണികൾക്ക് പുറത്തുള്ളവരെ ആകർഷിക്കാൻ കഴിയുന്ന നേതൃത്വ ദാരിദ്ര്യമാണ്. ഈ പ്രശ്‌നം പരിഹരിക്കാനുള്ള നെട്ടോട്ടത്തിലാണ് ക്രിസ്ത്യൻ റീച്ചുമായി ബിജെപി രംഗത്തെത്തിയത്. രാജീവ് ചന്ദ്രശേഖർ സംസ്ഥാന അധ്യക്ഷനായി എത്തിയതിന് ശേഷമാണ് ഈ നീക്കം ശക്തിപ്പെട്ടത്. ക്രിസ്ത്യൻ നേതാക്കളെ പാർട്ടിയിലെത്തിച്ചും സഭാനേതൃത്വത്തോട് അടുക്കാൻ ശ്രമിച്ചും കഴിഞ്ഞ രണ്ടുമൂന്ന് വർഷമായി ബിജെപി നടത്തിയ നീക്കങ്ങളുടെ ഫലമെടുപ്പായിരുന്നു നിയമസഭാ തിരഞ്ഞെടുപ്പ്. ഇത്തവണ ഒന്നിലധികം സീറ്റുകളിൽ വിജയിക്കുമെന്ന് കേരളത്തിലെ ബിജെപി നേതൃത്വം കണക്കുകൂട്ടിയിരുന്നു. വോട്ടെണ്ണൽ തുടങ്ങിയ ആദ്യ മണിക്കൂറുകളിൽ നാല് സീറ്റുകളിൽ ബിജെപി സ്ഥാനാർഥികൾ ലീഡ് പിടിച്ചിരുന്നു. കേരളത്തിലെ ബിജെപിയുടെ ശക്തികേന്ദ്രമായ നേമം, പാലക്കാട്, മഞ്ചേശ്വരം, കാസർകോട് മണ്ഡലങ്ങളിലാണ് ലീഡ് പിടിച്ചത്. എന്നാൽ പിന്നീട് ഇത് നേമത്തും പാലക്കാടും മാത്രമായി ചുരുങ്ങി. അവസാനം നേമത്ത് മാത്രമായി ലീഡ് നിലനിർത്തവേയാണ് ചാത്തന്നൂരിൽ അപ്രതീക്ഷിതമായി ബിജെപി സ്ഥാനാർഥി ബി ബി ഗോപകുമാർ മുന്നിലെത്തിയത്. പിന്നീട് ക്രമാനുഗതമായി ലീഡ് ഉയർത്തിയ ഗോപകുമാർ 4012 വോട്ടിനാണ് ചാത്തന്നൂരിൽ ജയിച്ചത്. ചാത്തന്നൂരിൽ ജയിച്ചെങ്കിലും ബിജെപിക്ക് കേരളത്തിൽ ആദ്യമായി അക്കൗണ്ട് തുറക്കാൻ സാധിച്ച നേമം മണ്ഡലത്തിൽ സസ്‌പെൻസ് തുടരുകയായിരുന്നു. ഇവിടെ ബിജെപി സംസ്ഥാന അധ്യക്ഷൻ തുടക്കം മുതൽ ലീഡ് നിലനിർത്തിയെങ്കിലും അവസാന നിമിഷം വരെ ശക്തമായ പോരാട്ടമുണ്ടായി. ഇതിന് ശേഷമാണ് വിജയം ബിജെപിക്കൊപ്പമെത്തിയത്.  മണ്ഡലത്തിൽ ബിജെപിക്കും എൽഡിഎഫിനും ശക്തമായ വോട്ടുബാങ്കുണ്ട്. ബിജെപിക്ക് കിട്ടുന്ന വോട്ടുകൾ ശക്തനായ കോൺഗ്രസ് സ്ഥാനാർഥിക്ക് കുറയ്ക്കാനാകുമെന്ന് 2021ൽ കെ മുരളീധരൻ തെളിയിച്ചതാണ്. അന്നത്തെ തിരഞ്ഞെടുപ്പിൽ വി ശിവൻകുട്ടിയുടെ വിജയം എളുപ്പമാക്കിയത് മുരളീധരന്റെ സാന്നിധ്യമായിരുന്നു. ഇത്തവണ കോൺഗ്രസിന്റെ സ്ഥാനാർഥി ശബരിനാഥനായിരുന്നു. പരമാവധി വോട്ട് പിടിക്കാനായെങ്കിലും മണ്ഡലത്തിലെ സ്വാധീനം ബിജെപിക്ക് അനുകൂലമായിരുന്നതിനാലും ഭരണ വിരുദ്ധ വികാരം നിലനിൽക്കുന്നതും രാജീവ് ചന്ദ്രശേഖറിന് ഗുണമായി. നേമത്ത് സ്വയം സ്ഥാനാർഥി പ്രഖ്യാപനം നടത്തി രാജീവ് ചന്ദ്രശേഖർ ആദ്യം തന്നെ കളം പിടിച്ചിരുന്നു. ഇതിന് പുറമെ ബിജെപി സാധ്യത കൽപ്പിച്ചിരുന്ന കഴക്കൂട്ടം, വട്ടിയൂർകാവ്, പാലക്കാട്, മഞ്ചേശ്വരം മണ്ഡലങ്ങളിൽ ബിജെപി രണ്ടാമതെത്തുകയൊ അതിശക്തമായ ത്രികോണ മത്സരം കാഴ്ചവയ്ക്കുകയോ ചെയ്ത മണ്ഡലങ്ങളാണ്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ഈ ആറ് നിയമസഭാ മണ്ഡലങ്ങളിലാണ് ബിജെപി വലിയ മുന്നേറ്റം കാഴ്ചവച്ചത്. ഈ കണക്കുകളിലായിരുന്നു അവരുടെ പ്രതീക്ഷയത്രയും. എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് എത്തിയപ്പോൾ ഭരണ വിരുദ്ധവികാരത്തിന്റെ നല്ലൊരുപങ്ക് നേടിയെടുക്കുന്നതിൽ ബിജെപി പരാജയപ്പെട്ടുവെന്ന് വേണം കരുതാൻ. ഇത്തവണ നിയമസഭാ പ്രവേശനം മരീചികയായില്ലെങ്കിലും നിർണായകമായ പങ്കുവഹിക്കാനാകുന്ന തരത്തിലുള്ള പങ്കാളിത്തം നേടിയെടുക്കാൻ ബിജെപിക്ക് സാധിച്ചില്ല. എങ്കിലും ഈ രണ്ട് വിജയം ബിജെപിയെ സംബന്ധിച്ചിടത്തോളം വലിയ പ്രതീക്ഷയാണ്. കേരളത്തിൽ ആഞ്ഞുപിടിച്ചാൽ കൂടെപ്പോരാവുന്ന ഒരുഡസനിലധികം മണ്ഡലങ്ങൾ ഇപ്പോൾ ബിജെപിക്കുണ്ട്. യുഡിഎഫ് അനുകൂല തരംഗമായിരുന്നില്ലാ എങ്കിൽ രണ്ട് സീറ്റിന് പകരം കുറഞ്ഞത് ആറ് സീറ്റെങ്കിലും ലഭിക്കുമായിരുന്നുവെന്ന് ബിജെപി കണക്കുകൂട്ടുന്നു. ശബരിമല പ്രക്ഷോഭകാലത്തെ സുവർണാവസരം വിനിയോഗിക്കാൻ സമരവും പ്രക്ഷോഭവുമായി ബിജെപി കളത്തിലിറങ്ങിയിരുന്നു. ഇതിന്റെ പേരിൽ നേടിയെടുത്ത കുറെ പോലീസ് കേസുകളല്ലാതെ തൊട്ടടുത്ത് നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വലിയ നേട്ടമുണ്ടാക്കാനായില്ല. പകരം സർക്കാർ വിരുദ്ധ ഹിന്ദു വോട്ടുകൾ ബിജെപിക്ക് പകരം യുഡിഎഫിലേക്ക് കേന്ദ്രീകരിക്കുകയാണ് ചെയ്തത്. ഇത്തവണയും സമാനമായ സാഹചര്യമാണ് ബിജെപി നേരിട്ടിരിക്കുന്നത് എന്ന് വേണം മനസിലാക്കാൻ. പിണറായി സർക്കാരിനെ പുറത്താക്കാൻ ജനം തീരുമാനിച്ചു. അതിന് ഉതകുന്നത് യുഡിഎഫ് ആണെന്ന് അവർ വിശ്വസിച്ചു. ബിജെപിക്ക് വോട്ട് ചെയ്താൽ എൽഡിഎഫ് ഭരണം വീണ്ടുമുണ്ടാകുമെന്ന് ജനം വിശ്വസിച്ചാൽ അവരെ തെറ്റുപറയാനാകില്ല. തിരഞ്ഞെടുപ്പ് കാലത്തുയർന്ന ഡീൽ വിവാദങ്ങളും ബിജെപിക്ക് തിരിച്ചടിയുണ്ടാക്കിയിട്ടുണ്ട്. സ്വാധീനമുള്ള മണ്ഡലങ്ങൾ പോലും ഘടകക്ഷിയായ ട്വന്റി ട്വന്റിക്ക് വിട്ടുകൊടുത്തതുൾപ്പെടെയുള്ള നീക്കങ്ങൾ ജനങ്ങളിൽ ഈ സംശയം വേരുറപ്പിച്ചു. ബിജെപി വിജയപ്രതീക്ഷ പുലർത്തിയ മറ്റൊരു മണ്ഡലമായിരുന്നു കഴക്കൂട്ടം. മുൻ കേന്ദ്രമന്ത്രിയും സംസ്ഥാന അധ്യക്ഷനുമായിരുന്ന വി മുരളീധരനായിരുന്നു സ്ഥാനാർഥി. എന്നാൽ ഇത്തവണ ശക്തമായ പോരാട്ടം കാഴ്ചവെച്ചാണ് ബിജെപി പരാജയം സമ്മതിച്ചത്. ഇത്തവണ വിജയിക്കാൻ സാധ്യതയുള്ള മണ്ഡലമായിരുന്നു പാലക്കാട്. എന്നാൽ പാലക്കാട് വോട്ടിന് കോഴ വിവാദം ഉയർന്നത് സ്ഥാനാർഥിയായ ശോഭ സുരേന്ദ്രന് ക്ഷീണമായി. കേരളത്തിൽ തിരുവനന്തപുരത്തിനൊപ്പം ബിജെപിക്ക് സംഘടനാ സ്വാധീനം കൂടുതലുള്ള മണ്ഡലമാണ് പാലക്കാട്. ഇവിടെ ബിജെപിക്ക് എതിരെ ഉയർന്ന വോട്ടിന് കോഴ ആരോപണങ്ങളുൾപ്പെടെ ഉയർത്തിയ വിവാദങ്ങളും ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണവുമാണ് തിരിച്ചടിയായത്. ശോഭാ സുരേന്ദ്രനേക്കാൾ ജനം കോൺഗ്രസിന്റെ രമേഷ് പിഷാരടിയിലാണ് വിശ്വാസമർപ്പിച്ചത്. മണ്ഡലത്തിൽ എൽഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ള വ്യവസായി എൻഎംആർ റസാഖിനെ നിർത്തി എൽഡിഎഫ് നടത്തിയ പരീക്ഷണം സത്യത്തിൽ യുഡിഎഫിന്റെ വോട്ടുബാങ്കുകളെ പിളർത്തിയേക്കുമോയെന്ന് ഭയന്നിരുന്നെങ്കിലും അത് സംഭവിച്ചില്ല. അങ്ങനെ ഉണ്ടായിരുന്നുവെങ്കിൽ ഇത്തരമൊരു വിജയം യുഡിഎഫിന് ലഭിക്കുമായിരുന്നില്ല. 2021ൽ ഇ ശ്രീധരനെ രംഗത്തിറക്കി ബിജെപി കരസ്ഥമാക്കിയ വോട്ടിൽ വലിയ കുറവുണ്ടായില്ല എന്നതാണ് ശോഭാ സുരേന്ദ്രനെ മത്സരിപ്പിച്ചതിലൂടെ ബിജെപിക്ക് കിട്ടിയ ആശ്വാസം. ഇത്തവണയും പാലക്കാട് ഇടതുപക്ഷം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 11 നിയമസഭാ മണ്ഡലങ്ങളിലാണ് ബിജെപി സ്ഥാനാർഥികൾ ലീഡ് നേടിയത്. തൃശ്ശൂർ,ഒല്ലൂർ, പുതുക്കാട്,മണലൂർ, നാട്ടിക, ഇരിങ്ങാലക്കുട, വട്ടിയൂർകാവ്, തിരുവനന്തപുരം, നേമം, കാട്ടാക്കട, പാലക്കാട് എന്നീ മണ്ഡലങ്ങളിലാണ് ബിജെപി ലീഡ് നേടിയത്. എന്നാൽ 2025ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ ലീഡ് നേടിയ സീറ്റുകളുടെ എണ്ണം ആറായി കുറഞ്ഞു. നേമം, വട്ടിയൂർകാവ്, തിരുവനന്തപുരം, കാട്ടാക്കട, പാലക്കാട്, തൃശ്ശൂർ എന്നീ നിയമസഭാ മണ്ഡലങ്ങളിൽ മാത്രമേ ബിജെപിക്ക് ലീഡ് നേടാനായുള്ളു. ഈ ആറ് സീറ്റുകളിലാണ് ബിജെപി പ്രതീക്ഷ വെച്ചുപുലർത്തിയിരുന്നത്. അതിനൊപ്പം തിരുവനന്തപുരത്തെ കഴക്കൂട്ടം മണ്ഡലത്തിലും. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ എൻഡിഎയുടെ വോട്ട് വിഹിതം 19.21 ശതമാനമായിരുന്നുവെങ്കിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ അത് 14.76ശതമാനമായി കുറഞ്ഞു. ഈ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ ഇത്തവണ എൻഡിഎ വോട്ടുവിഹിതം വീണ്ടും കുറഞ്ഞിട്ടുണ്ട്. അന്തിമ കണക്കുകൾ പുറത്തുവന്നില്ലെങ്കിലും നിലവിലെ വിവരങ്ങൾ പ്രകാരം അത് 13 ശതമാനത്തിലും താഴെയാകാനാണ് സാധ്യത.  ഇത്തവണ ട്വന്റി ട്വന്റിയെ മുന്നണിയിലെത്തിച്ച് എറണാകുളം ജില്ലയിൽ നേട്ടമുണ്ടാക്കാൻ ബിജെപി കാണിച്ച സാഹസം തിരിച്ചടിയായി എന്ന് വേണം കരുതാൻ. കഴിഞ്ഞ തവണ കുന്നത്തുനാട് മണ്ഡലത്തിൽ ട്വന്റി ട്വന്റി മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. മണ്ഡലത്തിൽ ബിജെപി പിടിച്ച വോട്ടും ട്വന്റി ട്വന്റി പിടിച്ച വോട്ടും കൂട്ടിയാൽ മണ്ഡലത്തിൽ രണ്ടാമതെത്തും. 41890 വോട്ടാണ് ഇവിടെ ട്വന്റി ട്വന്റി 2021ൽ പിടിച്ചത്. ബിജെപി 7056 വോട്ടും നേടി. രണ്ടുംകൂടി കൂട്ടിയാൽ 48,946 വോട്ട്. യുഡിഎഫ് സ്ഥാനാർഥി നേടിയത് 48463 വോട്ടും. 2016ൽ ബിജെപി തുറവൂർ സുരേഷിനെ നിർത്തി 16000 വോട്ടിൽ അധികം നേടിയിരുന്നു. അങ്ങനെ നോക്കിയാൽ ആഞ്ഞ് പരിശ്രമിച്ചാൽ ഈ കൂട്ടുകെട്ട് വിജയിക്കാനുള്ള സാധ്യത തള്ളിക്കളായാൻ പറ്റില്ല. പക്ഷെ ബിജെപി മനസിൽ കണ്ടതല്ല മണ്ഡലത്തിലെ ജനങ്ങൾ ചിന്തിച്ചത്. ട്വന്റി ട്വന്റി എൻഡിഎയുടെ കൂടെപ്പോയതോടെ പാർട്ടിയെ പിന്തുണച്ചിരുന്ന ഒരുവിഭാഗം വോട്ടർമാർ മാറിച്ചിന്തിച്ചു. കോൺഗ്രസിൽ നിന്ന് രാജിവെച്ചെത്തിയ ബാബു ദിവാകരനെ സ്ഥാനാർഥിയാക്കി നടത്തിയ പരീക്ഷണം ഉദ്ദേശിച്ചത്ര വിജയിച്ചുമില്ല. ബിജെപിക്ക് വിജയപ്രതീക്ഷയുള്ള മഞ്ചേശ്വരം, കാസർകോട് മണ്ഡലങ്ങളിൽ രണ്ടാം സ്ഥാനം കൊണ്ട് ഇത്തവണയും തൃപ്തിപ്പെടേണ്ടി വന്നു. കഴിഞ്ഞതവണ നടത്തിയതുപോലെ വിവാദമുണ്ടാക്കുന്ന പരാമർശങ്ങളിൽ നിന്ന് ബിജെപി നേതാക്കൾ മനപൂർവം അകന്നുനിന്നുവെന്നതാണ് ഇത്തവണത്തെ പ്രത്യേകത. എതിർ വോട്ടുകൾ യുഡിഎഫിലേക്കോ എൽഡിഎഫിലേക്കോ ഏകീകരിക്കപ്പെടാതിരിക്കാനും വിജയിക്കുമെന്ന പ്രതീതി മറ്റുള്ളവരിൽ അവരിലെത്തിക്കാതിരിക്കാനും ഈ മണ്ഡലങ്ങളിൽ ശ്രമിച്ചിട്ടുണ്ട്. സർക്കാർ വിരുദ്ധ വോട്ടുകൾ യുഡിഎഫിലേക്ക് മാത്രമായി പോകാതിരിക്കാനുള്ള തന്ത്രം ഏറെക്കുറെ വിജയിച്ചുവെന്ന് വോട്ടുവിഹിതത്തിലെ കണക്കുകൾ പറയുന്നുണ്ട്. എങ്കിലും കേരളത്തിൽ ഏറെക്കുറെ സ്ഥിരതയുള്ള ഒരു മുന്നണി സമവാക്യം കൊണ്ടുവരാൻ ഇതുവരെ ബിജെപിക്ക് സാധിക്കാത്തതാണ് വലിയ വളർച്ച ഉണ്ടാകാത്തതിന് പിന്നിൽ. 20 ശതമാനം എന്ന വോട്ടുവിഹിതം നിലവിൽ എൻഡിഎയ്ക്ക് ലഭിക്കാവുന്നതിന്റെ പരമാവധിയാണ്. ജനത്തെ ആകർഷിക്കുന്ന നേതൃത്വവും ഉത്തരേന്ത്യൻ പാർട്ടിയെന്ന ദുഷ്‌പേരും ഒഴിവാക്കി പുതിയ മോഡൽ തന്ത്രം അവതരിപ്പിക്കാതെ കേരളത്തിൽ ബിജെപിക്ക് നേട്ടമുണ്ടാക്കാനാകില്ല. ബംഗാളി സ്വത്വത്തിനെ ഹിന്ദുത്വയുമായി കൂട്ടിയിണക്കി നടത്തിയ പരീക്ഷണം പശ്ചിമബംഗാളിൽ ബിജെപിക്ക് കൂടുതൽ നേട്ടമുണ്ടാക്കി നൽകിയിട്ടുണ്ട്. ഇനി കേരളത്തിൽ മികച്ച ഭരണ മാതൃക കാഴ്ചവയ്ക്കാൻ സാധിക്കുന്ന ബദൽ അവതരിപ്പിക്കുക എന്നതാണ് ബിജെപിയുടെ മുന്നിലുള്ള വെല്ലുവിളി. യുഡിഎഫ് ഭരണം മുന്നോട്ടുപോകുമ്പോഴുള്ള വരുന്ന അഞ്ചുവർഷം ബിജെപിയെ സംബന്ധിച്ചിടത്തോളം നിർണായകമാണ്. കാരണം ഭരണത്തിലുള്ള ഇടതുപക്ഷത്തിനേക്കാൾ പ്രതിപക്ഷത്തുള്ള ഇടതുപക്ഷത്തിന്റെ സമരതന്ത്രങ്ങളെ മറികടന്നാലെ കേരളത്തിൽ ബിജെപിക്ക് സ്വന്തമായി ഇടം വളർത്തിയെടുക്കാനാകൂ. Content Highlights: BJP secured two seats in the 2026 Kerala assembly elections, marking a growth from 2016., Historic victory in Chathannoor constituency with a margin of 4,012 votes., Regained the Nemom constituency with Rajeev Chandrasekhar defeating V. Sivankutty., Analysis of vote share trends and the impact of the Twenty20 alliance., Challenges remain in converting organizational strength into legislative seats against the two dominant fronts. Published: 04 May 2026, 03:28 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!