ചാരുംമൂട് : വേനൽ കടുത്തതോടെ പുരയിടങ്ങളിലും പാടശേഖരങ്ങളിലും തീപ്പിടിത്തം വ്യാപകമായി. കണ്ണനാകുഴി ചെല്ലിച്ചിറ പാടശേഖരത്തിൽ കഴിഞ്ഞദിവസം തീപ്പിടിത്തമുണ്ടായി. To advertise here, രാത്രിയുണ്ടായ തീപ്പിടിത്തം കായംകുളത്തുനിന്ന് അഗ്നിരക്ഷാസേനയെത്തി രണ്ടുമണിക്കൂറോളമെടുത്താണ് അണച്ചത്. കെ.പി.റോഡരികിൽ ലെപ്രസി സാനറ്റോറിയത്തിനു സമീപം കൂട്ടിയിട്ടിരുന്ന തടികൾക്ക് മൂന്നാഴ്ച മുൻപ് തീപിടിച്ചിരുന്നു. അഗ്നിരക്ഷാസേനയാണ് തീയണച്ചത്. സാനറ്റോറിയം വളപ്പിലെ ഉണങ്ങിയ പുല്ലിനും തീപിടിച്ചിരുന്നു. പാലമേൽ പഞ്ചായത്തിലെ പുലിക്കുന്ന് മലനിരകളിലും ഒരുമാസം മുൻപ് തീപിടിച്ചു. ചാരുംമൂട്ടിലെ കടകളും തീപ്പിടിത്തത്തിൽ കത്തിനശിച്ചിട്ടുണ്ട്. കെ.പി. റോഡിനോടു ചേർന്നുള്ള വെട്ടിക്കോട് പാടശേഖരത്തിലും തീപ്പിടിത്തം പതിവാണ്. നാട്ടുകാരുടെയും അഗ്നിരക്ഷാസേനയുടെയും അവസരോചിത ഇടപെടൽ കാരണമാണ് ഇത് ദുരന്തമായി മാറാത്തത്. മേഖലയിൽ തീപ്പിടിത്തവും വാഹനാപകടങ്ങളും കൂടിയതോടെ ചാരുംമൂട് കേന്ദ്രമാക്കി അഗ്നിരക്ഷാനിലയം സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ കെ.പി.റോഡിൽ നൂറനാട് പാറ ജങ്ഷനു സമീപവും ചാരുംമൂട്ടിലുമുണ്ടായ വാഹനാപകടങ്ങളിൽ ബൈക്കുയാത്രികരായ രണ്ടു യുവാക്കളാണ് മരിച്ചത്. കായംകുളം-പുനലൂർ (കെ.പി.) റോഡും കൊല്ലം-തേനി ദേശീയപാതയും സംഗമിക്കുന്ന പ്രധാന പട്ടണമാണ് ചാരുംമൂട്. ചാരുംമൂട്ടിൽ അഗ്നിരക്ഷാനിലയം സ്ഥാപിക്കാനുള്ള തീരുമാനമെടുത്തിട്ടു വർഷങ്ങളായി. അപകടവും തീപ്പിടിത്തവുമുണ്ടാകുമ്പോൾ കായംകുളം, അടൂർ, മാവേലിക്കര എന്നിവിടങ്ങളിൽനിന്നാണ് അഗ്നിരക്ഷാ യൂണിറ്റെത്തുന്നത്. ഈ അഗ്നിരക്ഷാകേന്ദ്രങ്ങളിൽനിന്ന് ചാരുംമൂട്ടിലേക്ക് 15 മുതൽ 20 വരെ കിലോമീറ്റർ ദൂരമുണ്ട്. സംഭവമുണ്ടായി അരമണിക്കൂർ മുതൽ ഒരുമണിക്കൂർ വരെയെടുക്കും സേനയ്ക്ക് ഇവിടേക്കെത്താൻ. കെ.പി. റോഡിലും കൊല്ലം-തേനി ദേശീയപാതയിലും അപകടമുണ്ടാകുമ്പോഴും മഴക്കാലത്ത് മരങ്ങളും മറ്റും റോഡിലൊടിഞ്ഞു വീണ് ഗതാഗതസ്തംഭനമുണ്ടാകുമ്പോഴും ഇതുതന്നെയാണ് സ്ഥിതി. രണ്ടുവർഷങ്ങൾക്കുള്ളിൽ ഒട്ടേറെ കടകൾ അഗ്നിക്കിരയായി. ലക്ഷങ്ങളുടെ നഷ്ടമാണ് വ്യാപാരികൾക്കുണ്ടായത്. ചാരുംമൂട്ടിൽ അഗ്നിരക്ഷാനിലയം സ്ഥാപിച്ചാൽ നൂറനാട്, പാലമേൽ, ചുനക്കര, ഭരണിക്കാവ്, വള്ളികുന്നം, താമരക്കുളം പഞ്ചായത്ത് പ്രദേശത്തുള്ളവർക്ക് പ്രയോജനപ്പെടും. ചാരുംമൂട് ജങ്ഷനുസമീപം ഒഴിഞ്ഞുകിടക്കുന്ന കല്ലട ജലസേചനപദ്ധതി (കെ.ഐ.പി.) ഓഫീസ് പ്രവർത്തിച്ചിരുന്ന കെട്ടിടം അഗ്നിരക്ഷാനിലയത്തിനായി ഉപയോഗിക്കാം. മുൻപ് ചാരുംമൂട് കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഓഫീസായി ഉപയോഗിച്ചിരുന്ന കെട്ടിടം നശിക്കുകയാണിപ്പോൾ. കെ.ഐ.പി. ഓഫീസ് വളപ്പിൽ അഗ്നിരക്ഷാവാഹനങ്ങൾക്കു പാർക്കുചെയ്യാനുള്ള സൗകര്യവുമുണ്ട്. ഭാവിയിൽ നൂറനാട് ലെപ്രസി സാനറ്റോറിയത്തിന്റെ സ്ഥലം സ്ഥിരം അഗ്നിരക്ഷാനിലയത്തിനായി ഉപയോഗിക്കാം.
