തൃശ്ശൂർ : കഴിഞ്ഞതവണ 1057 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നത് 23,202 ആക്കി ഉയർത്തിയാണ് ചാലക്കുടിയിൽ സനീഷ്‌കുമാർ ജോസഫ് യു.ഡി.എഫ്. തരംഗത്തിനൊപ്പം നിന്നത്. കോൺഗ്രസ് പശ്ചാത്തലമുള്ള അഡ്വ. ബിജു എസ്. ചിറയത്തിനെ എതിർസ്ഥാനാർഥിയായി കൊണ്ടുവന്നിട്ടും എൽ.ഡി.എഫിന് രക്ഷയുണ്ടായില്ല. To advertise here, എൻ.ഡി.എ.ക്ക് വോട്ട് കുറയുകയും ചെയ്തു. 2021-ലെ തിരഞ്ഞെടുപ്പിൽ ജില്ലയിൽ എൽ.ഡി.എഫ്. കാറ്റുവീശിയപ്പോൾ പിടിച്ചുനിന്ന ഏകമണ്ഡലമായിരുന്നു ചാലക്കുടി. ഇതുകൊണ്ടുതന്നെ ജില്ലയിലെ ഏറ്റവുമധികം വിജയപ്രതീക്ഷയുള്ള മണ്ഡലങ്ങളുടെ കോൺഗ്രസ് പട്ടികയിൽ ആദ്യത്തേത് ചാലക്കുടിയായിരുന്നുതാനും. ഭൂരിപക്ഷംകൂട്ടിക്കൊണ്ട് ഈ പ്രതീക്ഷ കാത്തുസൂക്ഷിക്കാൻ സനീഷിനായി. ന്യൂനപക്ഷ ഏകീകരണവും ഭരണവിരുദ്ധവികാരവും ഇവിടെയും യു.ഡി.എഫിനെ പിന്തുണച്ചു എന്നാണ് വിലയിരുത്തൽ. സനീഷിന്റെ സൗമ്യമായ പെരുമാറ്റവും ചിറക് എന്ന പേരിൽ എം.എൽ.എ. നടത്തിയ സഹായ പദ്ധതികളും വിജയത്തിന് സഹായിച്ചു. എൽ.ഡി.എഫിനുവേണ്ടി കേരള കോൺഗ്രസി (എം) ൽ നിന്നുള്ള ബിജു എസ്. ചിറയത്താണ് ഇവിടെ മത്സരിച്ചത്. കോൺഗ്രസ് ടിക്കറ്റിൽ വിജയിച്ച നഗരസഭാ കൗൺസിലറായിരുന്ന ബിജു ഇത് രാജിവെച്ചാണ് എൽ.ഡി.എഫ്. സ്ഥാനാർഥിയാകുന്നത്. കഴിഞ്ഞതവണത്തേതു വെച്ചു നോക്കുമ്പോൾ എൽ.ഡി.എഫിന് വൻതോതിൽ വോട്ടുചോർച്ചയുണ്ടായി. കഴിഞ്ഞതവണ ഡെന്നിസ് കെ. ആന്റണിയിലൂടെ എൽ.ഡി.എഫ്. 60831 വോട്ടാണ് നേടിയത്. ഇത്തവണ അത് 48046 ആയി ചുരുങ്ങി. അതേസമയം എൻ.ഡി.എ.യ്ക്ക് ആ രീതിയിലുള്ള വോട്ടുചോർച്ച ഉണ്ടായില്ല. എൻ.ഡി.എ.യ്ക്കുവേണ്ടി മത്സരിച്ച അഡ്വ. ചാർലി പോൾ 16030 വോട്ടാണ് നേടിയത്. 2021-ലെ എൻ.ഡി.എ. സ്ഥാനാർഥി കെ.എ. ഉണ്ണികൃഷ്ണൻ 17301 വോട്ടാണ് നേടിയത്. 1271 വോട്ടിന്റെ കുറവ് എൻ.ഡി.എ.യ്ക്ക് ഉണ്ടായപ്പോൾ 12785 വോട്ടിന്റെ കുറവാണ് എൽ.ഡി.എഫിനുണ്ടായത്. പരമ്പരാഗതമായി കോൺഗ്രസ് പക്ഷത്തുനിൽക്കുന്ന മണ്ഡലമാണ് ചാലക്കുടി. പക്ഷേ 2006 മുതൽ 2016 വരെ സി.പി.എമ്മിലെ ബി.ഡി. ദേവസി തുടർച്ചയായി ജയിച്ചു. കഴിഞ്ഞ തവണ സനീഷ്‌കുമാർ ഈ മണ്ഡലം തിരിച്ചുപിടിക്കുകയാണ് ചെയ്തതെങ്കിൽ ഇത്തവണത്തെ വിജയത്തോടെ ആധിപത്യം ഉറപ്പാക്കി. Published: 05 May 2026, 03:26 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
