ചിത്രം തെളിയാതെ കൽപറ്റ, ബത്തേരിയിൽ ഇടതിനും വലതിനും തനിയാവർത്തനം

ചിത്രം തെളിയാതെ കൽപറ്റ, ബത്തേരിയിൽ ഇടതിനും വലതിനും തനിയാവർത്തനം

M
MathrubhumiSource Link
കൽപറ്റ: തിരഞ്ഞെടുപ്പിന് 24 ദിവസങ്ങൾമാത്രം അവശേഷിക്കെ സ്ഥാനാർഥികളുടെ കാര്യത്തിൽ കൽപറ്റയിൽ സർപ്രൈസ് തുടരുകയാണ്. സിറ്റിങ് എം.എൽ.എ. കോൺഗ്രസിന്റെ ടി. സിദ്ദിഖ് തന്നെയാകും ഇത്തവണയും യു.ഡി.എഫിനായി കൽപറ്റയിൽ മത്സരത്തിനിറങ്ങുക എന്ന കാര്യത്തിൽ മാത്രമാണ് ധാരണയായിട്ടുള്ളത്. തുടക്കംമുതൽതന്നെ കോൺഗ്രസ് ക്യാമ്പുകളിൽനിന്ന് സിദ്ദിഖിന്റെ പേരാണ് ഉയർന്നത്. അഞ്ചുവർഷത്തെ അനുഭവങ്ങളുടെ കരുത്തിലാണ് സിദ്ദിഖ് തിരഞ്ഞെടുപ്പ് ഗോദയിൽ ഇറങ്ങുന്നത്. അടുത്ത ദിവസങ്ങളിൽ ഔദ്യോഗിക സ്ഥാനാർഥി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എൽ.ഡി.എഫിലെ ഘടകകക്ഷിയായ ആർ.ജെ.ഡി.യാണ് കൽപറ്റയിൽ മത്സരിക്കുക. ആർ.ജെ.ഡി.യുടെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല. To advertise here, എൻ.ഡി.എ.യിൽ സ്ഥാനാർഥിയെ സംബന്ധിച്ച് അന്തിമരൂപമായിട്ടില്ല. കേന്ദ്രനേതൃത്വം പ്രഖ്യാപിക്കുമെന്നാണ് പ്രാദേശിക നേതാക്കൾ പറയുന്നത്. സ്ഥാനാർഥിനിർണയം അന്തിമഘട്ടത്തിലാണെന്നും വരുംദിവസങ്ങളിൽത്തന്നെ ഏറ്റവും മികച്ച സ്ഥാനാർഥികൾ എൻ.ഡി.എ.ക്കായി മത്സരത്തിനിറക്കുമെന്നും നേതാക്കൾ പറയുന്നു. ആം ആദ്മി പാർട്ടി നേരത്തേതന്നെ കല്പറ്റയിൽ സ്ഥാനാർഥിയെ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പിൽ സജീവമായിട്ടുണ്ട്. ആം ആദ്മിക്കായി സി.എ. റഫീക്കാണ് കല്പറ്റയിൽ ജനവിധി തേടുന്നത്. ബത്തേരിയിൽ ഇടതിനും വലതിനും തനിയാവർത്തനം സുൽത്താൻബത്തേരി: ഇടതു-വലതു മുന്നണികൾ സ്ഥാനാർഥികളെ തീരുമാനിച്ചതോടെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആവർത്തനത്തിലേക്കാണ് ബത്തേരിയിലെ തിരഞ്ഞെടുപ്പ് പോരാട്ടം എത്തുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്. സ്ഥാനാർഥിയായിരുന്ന എം.എസ്. വിശ്വനാഥൻതന്നെയാണ് ബത്തേരിയിൽ ഇത്തവണയും ഇടതുമുന്നണി സ്ഥാനാർഥി. യു.ഡി.എഫ്. സ്ഥാനാർഥിയായി എത്തുന്നത് മൂന്നുതവണ തുടർച്ചയായി എം.എൽ.എ. ആയിരിക്കുന്ന ഐ.സി. ബാലകൃഷ്ണനും. പരിചയസമ്പത്തിന്റെ കരുത്തിൽ ഐ.സി. ജനവിധി തേടുമ്പോൾ മുഴുവൻ സമയ ഇടതുപക്ഷ പ്രവർത്തകനായി മാറിക്കഴിഞ്ഞ എം.എസ്. വിശ്വനാഥനിൽ പൂർണപ്രതീക്ഷയർപ്പിച്ചാണ് ഇടതുമുന്നണി തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ഐ.സി. ബാലകൃഷ്ണന്റെ സ്ഥാനാർഥിത്വം അടുത്തദിവസം പ്രഖ്യാപിക്കുമെന്നാണ് കോൺഗ്രസ് നേതൃത്വം പറയുന്നത്. കഴിഞ്ഞദിവസം ഉന്നതാധികാരസമിതി യോഗം ചേർന്നിരുന്നു. എൻ.ഡി.എ.യിൽ സ്ഥാനാർഥിയെ സംബന്ധിച്ച് അന്തിമരൂപമായിട്ടില്ല. കേന്ദ്രനേതൃത്വം പ്രഖ്യാപിക്കുമെന്നാണ് പ്രാദേശിക നേതാക്കൾ പറയുന്നത്. എസ്.ടി. മോർച്ച സംസ്ഥാന പ്രസിഡന്റ് മുകുന്ദൻ പള്ളിയറ, ബത്തേരി മണ്ഡലം ബി.ജെ.പി. പ്രസിഡന്റ് എ.എസ്. കവിത, സംസ്ഥാന സെക്രട്ടറി ശ്യാംരാജ് തുടങ്ങിയവരുടെ പേരുകളാണ് മണ്ഡലം കമ്മിറ്റി നിർദേശിച്ചിരിക്കുന്നതെന്നാണ് വിവരം. എം.എസ്. വിശ്വനാഥൻ (54) സി.പി.എം. ബത്തേരി ഏരിയാകമ്മിറ്റിയംഗവും ബത്തേരി നഗരസഭാംഗവുമായ എം.എസ്. വിശ്വനാഥൻ രണ്ടാംതവണയാണ് ബത്തേരിയിൽനിന്ന് ജനവിധി തേടുന്നത്. വ്യാപാരിയും ജീവകാരുണ്യപ്രവർത്തകനുമാണ്. വ്യാപാരി-വ്യവസായി സമിതി ജില്ലാപ്രസിഡന്റ്, എ.കെ.എസ്. ബത്തേരി ഏരിയാസെക്രട്ടറി, താലൂക്ക് സർക്കിൾ സഹകരണയൂണിയൻ ചെയർമാൻ, ബത്തേരി കാർഷിക ഗ്രാമവികസന ബാങ്ക് ഡയറക്ടർ തുടങ്ങിയ നിലകളിൽ പ്രവർത്തിക്കുന്നു. കേന്ദ്ര കയർ ബോർഡിൽ പത്തുവർഷം ഉദ്യോഗസ്ഥനായിരുന്നു. കെ.പി.സി.സി. സെക്രട്ടറിയായിരിക്കേ കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പിനു മുൻപായി രാജിവെച്ച് സി.പി.എമ്മിൽ ചേരുകയായിരുന്നു. ആദിവാസികോൺഗ്രസിന്റെ സംസ്ഥാനസെക്രട്ടറിയും കേരള കുറുമൻ സമാജം ഭാരവാഹിയുമായിരുന്നു. ബത്തേരി നഗരസഭയിലെ മന്തംകൊല്ലി ഗായത്രി നിവാസിലാണ് താമസം. മീനങ്ങാടി മൂതിമൂല ഗോത്രവർഗ ഉന്നതിയിൽ പരേതരായ ശംഭുവിന്റെയും നാണിയുടെയും മകനാണ്. ഭാര്യ: ഗീത. മക്കൾ: ഗായത്രി, നന്ദഗോപാലൻ, ബാലഗോപാലൻ.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ചിത്രം തെളിയാതെ കൽപറ്റ, ബത്തേരിയിൽ ഇടതിനും വലതിനും തനിയാവർത… | Boolokam