ചിറയിൻകീഴ് : ചിറയിൻകീഴിൽ തിരഞ്ഞെടുപ്പ് പ്രചാരണം ഉച്ചസ്ഥായിയിലായി. To advertise here, എൻ.ഡി.എ.യുടെ ചിറയിൻകീഴ് നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കാര്യാലയത്തിന്റെ ഉദ്ഘാടനം ജില്ലാപ്രസിഡന്റ് റജികുമാറിന്റെ അധ്യക്ഷതയിൽ മുൻ മുംബൈ എം.പി. മനോജ് നിർവഹിച്ചു. സ്ഥാനാർഥി ബി.എസ്. അനൂപിന്റെ സാന്നിധ്യത്തിൽ മണ്ഡലം പ്രസിഡന്റ് വിജീഷ് കുടവൂർ, മുംബൈ കോർപ്പറേഷൻ കൗൺസിലംഗം സുശാന്ത് സാമന്ത്, സംസ്ഥാനസമിതി അംഗം മധു മുല്ലശ്ശേരി, സംസ്ഥാനകൗൺസിൽ അംഗം ഹരി ജി. ശാർക്കര എന്നിവർ സംസാരിച്ചു. മുദാക്കൽ പഞ്ചായത്തിലെ ചെമ്പൂര്, വാളക്കാട്, അയിലം, ഇളമ്പ, പൂവണത്തുംമൂട്, അഴൂർ പഞ്ചായത്തുകളിലെ വിവിധയിടങ്ങൾ, മുരുക്കുംപുഴ എന്നിവിടങ്ങളിൽ ബി.എസ്. അനൂപ് പര്യടനം നടത്തി. എൽ.ഡി.എഫ്. സ്ഥാനാർഥി മനോജ് ഇടമന മംഗലപുരം പഞ്ചായത്തിലെ മങ്കാട്ടുമൂല, മുട്ടുക്കോണം, അസംബ്ലിമുക്ക്, സൊസൈറ്റി ജങ്ഷൻ, പുകയിലത്തോപ്പ്, പുളുന്തുരുത്തി, കടകം, ആൽത്തറമൂട്, മുരിക്കുംപുഴ, പുത്തൻതോപ്പ്, പുതുക്കരി, പണ്ടകശാല എന്നിവിടങ്ങളിൽ പര്യടനം നടത്തി വോട്ടർമാരെ കണ്ട് അഭ്യർഥന നടത്തി. തുടർന്ന് ശാർക്കരമുതൽ എൻ.ഇ.എസ്. ബ്ലോക്ക് ജങ്ഷൻ വരെ റോഡ് ഷോയും നടത്തി. യു.ഡി.എഫ്. സ്ഥാനാർഥി രമ്യ ഹരിദാസിന്റെ മണ്ഡലം പര്യടനം മേനംകുളം ജങ്ഷനിൽ കൊടിക്കുന്നിൽ സുരേഷ് എം.പി. ഉദ്ഘാടനം ചെയ്തു. കഴക്കൂട്ടത്തിനടുത്ത് വിളയിൽക്കുളം ജങ്ഷനിൽ എഫ്.സി.ഐ. ജീവനക്കാരും മഹിളാകോൺഗ്രസ് പ്രവർത്തകരും നിറപറയൊരുക്കിയാണ് സ്ഥാനാർഥിയെ സ്വീകരിച്ചത്. മഹിളാകോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി പ്രതിഭ ജയകുമാറിന്റെ നേതൃത്വത്തിലാണ് സ്വീകരണം ഒരുക്കിയത്. യു.ഡി.എഫ്. ചിറയിൻകീഴ് ചെയർമാൻ ജെഫേഴ്‌സൺ, നൗഷാദ്, കഠിനംകുളം പഞ്ചായത്ത് പ്രസിഡന്റ് ജോസ് നിക്കോളാസ്, ജില്ലാപഞ്ചായത്തംഗം മാഹാണി ജസീം, എച്ച്.പി. ഹാരിസൺ, കഠിനംകുളം ജോയി, ജയകുമാർ, ഉദയകുമാർ, അംബിക എന്നിവർ നേതൃത്വം നൽകി. സ്ഥാനാർഥിയുടെ വാഹനപര്യടനവും ഞായറാഴ്ച ആരംഭിച്ചു.
