കുമരംപുത്തൂർ : പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ താഴെചുങ്കം ജങ്ഷനിൽ വഴിവിളക്കുകളും ഡിവൈഡറിൽ മുന്നറിയിപ്പ് സംവിധാനങ്ങളുമില്ലാത്തത് വാഹനയാത്ര അപകടഭീഷണിയിലാക്കുന്നു. തിരക്കേറിയ ജങ്ഷനിൽ രാത്രിയായാൽ വാഹനങ്ങളിലെ വെളിച്ചം മാത്രമാണ് ആശ്രയം. കാൽനടയാത്രക്കാരും റോഡ് മുറിച്ചുകടക്കുന്നത് പേടിയോടെയാണ്. To advertise here, പെരിന്തൽമണ്ണ ഭാഗത്തുനിന്ന് മണ്ണാർക്കാട്ടേക്ക് വരുമ്പോഴും മണ്ണാർക്കാട് ഭാഗത്തുനിന്ന് പെരിന്തൽമണ്ണ, അലനല്ലൂർ ഭാഗങ്ങളിലേക്ക് പോകുമ്പോഴും ഇറക്കമിറങ്ങിവരുന്ന വളവിലാണ് ജങ്ഷനുള്ളത്. എന്നാൽ, വെളിച്ചക്കുറവുമൂലം പരിചയമില്ലാത്ത ഡ്രൈവർമാർക്ക് റോഡിന് നടുവിലുള്ള ഡിവൈഡർ ശ്രദ്ധയിൽപ്പെടില്ല. റോഡുനിരപ്പിൽനിന്ന് ചെറിയ ഉയരത്തിലാണ് ഡിവൈഡർ നിർമിച്ചിട്ടുള്ളതെന്നതും കാഴ്ചയിൽപ്പെടാതിരിക്കാൻ കാരണമാണ്. ഇത്തരത്തിൽ പത്തിലധികം വാഹനാപകടങ്ങൾ ഇവിടെ നടന്നിട്ടുണ്ട്. ഭൂരിപക്ഷം വാഹനങ്ങളും ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടങ്ങൾ പതിവായപ്പോൾ സാമൂഹികകൂട്ടായ്മകളുടെ നേതൃത്വത്തിൽ ഡിവൈഡറിന്റെ രണ്ടറ്റത്തും ചെറിയ മുന്നറിയിപ്പ് സംവിധാനം സ്ഥാപിച്ചതുമാത്രമാണ് താത്കാലിക ആശ്വാസം. ഡിവൈഡർ ഉയർത്തി നിർമിക്കയും നടുവിലായി സിഗ്നൽസംവിധാനവും വെളിച്ചവുമുണ്ടായാൽ അപകടങ്ങൾ കുറയ്ക്കാനാകും. ഡ്രൈവർമാർക്കും ഉപകാരപ്രദമാകും. ചെറിയ വാഹനങ്ങൾ മുതൽ വലിയ ഭാരവാഹനങ്ങൾവരെ അപകടത്തിൽപ്പെട്ട കവലകൂടിയാണിത്. ഡിവൈഡറിൽ ദേശീയപാതാ അതോറിറ്റി മുന്നറിയിപ്പ് സംവിധാനങ്ങൾ സ്ഥാപിക്കണമെന്ന ആവശ്യം താലൂക്ക് വികസനസമിതി യോഗങ്ങളിലും ഉന്നയിക്കപ്പെട്ടിരുന്നു. എന്നാൽ, ഇതുവരെയും നടപ്പായിട്ടില്ല. വൈദ്യുതത്തൂണുകളിലെ വഴിവിളക്കുകൾ പ്രവർത്തിക്കാത്തതിനാലും ജങ്ഷൻ ഇരുട്ടിലാണ്. വ്യാപാരസ്ഥാപനങ്ങൾക്ക് മുൻപിലെ വെളിച്ചത്തിൽ വാഹനത്തിനായി കാത്തുനിൽക്കേണ്ട ഗതികേടിലാണ് യാത്രക്കാരും. Published: 19 Apr 2026, 02:54 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ചുങ്കം ജങ്ഷനിൽ വഴിവിളക്കില്ല, ഡിവൈഡറിന് മുന്നറിയിപ്പുമില്ല
M
MathrubhumiSource Link
21 days ago