To advertise here, കേരളം അസഹ്യമായ ചൂടിൽ ഉരുകുകയാണ്. പകൽസമയത്തുമാത്രമല്ല, രാത്രിയിലും പുലർവേളകളിലുമൊക്കെ നാട് ഉഷ്ണിക്കുന്നു. പാലക്കാട് ജില്ലയിൽ ഇന്നലെ 40.1 ഡിഗ്രി സെൽഷ്യസാണ് ശരാശരി താപനില. സംസ്ഥാനത്ത് ഉയർന്ന ചൂട് അനുഭവപ്പെടുന്ന മറ്റൊരിടം പുനലൂരാണ്; അവിടെ 38.6 ഡിഗ്രി സെൽഷ്യസാണ് ഇന്നലത്തെ താപനില. സംസ്ഥാനത്തെ ഉയർന്ന അന്തരീക്ഷ താപനില ശരാശരി 38 ഡിഗ്രി സെൽഷ്യസാണെങ്കിലും ശരീരത്തിൽ അനുഭവപ്പെടുന്ന ചൂട് അൻപത് ഡിഗ്രി സെൽഷ്യസിലേറെയാണ്. അന്തരീക്ഷത്തിലെ ഈർപ്പംകാരണമാണ്, അനുഭവപ്പെടുന്ന ചൂട്(ഹീറ്റ് ഇൻഡെക്സ്) വളരെ കൂടുതലാകുന്നത്. ഉച്ചസ്ഥനായി സൂര്യൻ നിൽക്കുന്നതിനാൽ അൾട്രാവയലറ്റ് രശ്മികൾ കൂടുതലാണ്. മഴമേഘങ്ങളുടെ സാന്നിധ്യമില്ലാത്തതും ചൂടുകൂടാൻ കാരണമാണ്. പോരാത്തതിന്, വടക്കൻ അറബിക്കടലിൽനിന്നുള്ള എതിർചക്രവാതവും ചൂടുകൂടിയ വായുസഞ്ചാരവും. മലയോരജില്ലകളായ വയനാടും ഇടുക്കിയുംവരെ ചൂടിൽ വിങ്ങുകയാണ്. ഇടുക്കി അണക്കെട്ട് ഉൾപ്പെടെ കെ.എസ്.ഇ.ബി.യുടെ എല്ലാ അണക്കെട്ടുകളിലും ജലനിരപ്പ് കാര്യമായി താഴ്ന്നു. മുപ്പത്തിയഞ്ചുശതമാനം വെള്ളംമാത്രമാണ് അവശേഷിക്കുന്നത്. സംസ്ഥാനത്ത് വൈദ്യുതോപഭോഗമാകട്ടെ, റെക്കോഡ് തിരുത്തി മുന്നേറുകയാണ്. കനത്ത ചൂട് കണക്കിലെടുത്ത്, ഇടുക്കിയും വയനാടും ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. അടുത്തദിവസങ്ങളിൽ വേനൽമഴയ്ക്കുള്ള സാധ്യത കമ്മിയാണെന്നും റിപ്പോർട്ടുണ്ട്. പലേടത്തും ആളുകൾക്ക് സൂര്യതാപമേൽക്കുന്നുണ്ട്. പകൽ പത്തിനും നാലിനുമിടയിൽ നേരിട്ടു വെയിലേൽക്കുന്നത് എല്ലാവരും ഒഴിവാക്കണം. ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. തുറസ്സായ സ്ഥലങ്ങളിലുംമറ്റും ജോലിചെയ്യുന്നവരുടെ ജോലിസമയം ക്രമീകരിക്കണം. അടുക്കളയിൽ പാചകംചെയ്യുന്നവരും ശ്രദ്ധിക്കണം. അന്തരീക്ഷത്തിലെ ചൂടിനുപുറമേ തീയുടെ ചൂടുകൂടിയാകുന്നതോടെ നിർജലീകരണത്തെത്തുടർന്ന് കുഴഞ്ഞുവീഴാൻ സാധ്യതയുണ്ട്. വിഷു കഴിഞ്ഞതോടെ പലഭാഗത്തും അവധിക്കാലക്ലാസുകളും ട്യൂഷൻ ക്ലാസുകളുമൊക്കെ ആരംഭിച്ചിട്ടുണ്ട്. ഇത് കർശനമായി വിലക്കാൻ സർക്കാർ മുൻകൈയെടുത്തേതീരൂ. വേനൽച്ചൂടിൽ അഗ്നിബാധയ്ക്കെതിരേ കരുതലുണ്ടാകണം. വെയിലത്തു നിർത്തിയിടുന്ന കാറിൽ കുട്ടികളെയും പ്രായമായവരെയും ഒറ്റയ്ക്കിരുത്തരുതെന്നും ജാഗ്രതാനിർദേശമുണ്ട്. അതേസമയം, ചൂടുമായി ബന്ധപ്പെട്ട വ്യാജപ്രചാരണങ്ങൾ വിശ്വസിക്കരുതെന്ന് അധികൃതർ മുന്നറിയിപ്പുനൽകുന്നു. ചൂടിൽ മൊബൈൽഫോണുകൾ പൊട്ടിത്തെറിക്കാമെന്നും കാറുകളിൽ ഇന്ധനടാങ്ക് മുഴുവനായി നിറയ്ക്കരുതെന്നും ഏപ്രിൽ 29 മുതൽ മേയ് 12 വരെ താപനില 45 ഡിഗ്രി മുതൽ 55 ഡിഗ്രിവരെ ഉയരുമെന്നുംമറ്റും സാമൂഹികമാധ്യമങ്ങളിലൂടെ ചിലർ വ്യാജപ്രചാരണം നടത്തുന്നുണ്ട്. ഇത്തവണ എടവപ്പാതി വൈകുമെന്നാണ് കാലാവസ്ഥാപ്രവചനം. ഈ ചൂട് നമ്മെ എത്രനാൾ ഇനിയുമിങ്ങനെ പൊള്ളിക്കുമെന്ന് അറിയില്ല. ഭൂപ്രകൃതിയെ ചൂഷണംചെയ്തു നശിപ്പിച്ചതിനുള്ള വിലകൂടിയാണു നാം നൽകുന്നതെന്ന് ഈയവസരത്തിൽ പറയാതെപറ്റില്ല. പാറഖനനം, വനനശീകരണം, ജലാശയങ്ങൾ കൈയേറൽ, ലക്കുംലഗാനുമില്ലാത്ത നിർമാണപ്രവർത്തനങ്ങൾ എന്നിവയൊക്കെ കൊടുംചൂടിനു കാരണമാകുന്നുണ്ട്. വരുംവർഷങ്ങളിലും ചൂട് കൂടുകയേയുള്ളൂ. ആഗോളതാപനംമൂലം താപതരംഗങ്ങളുടെ എണ്ണവും തീവ്രതയും വർധിക്കുമെന്നാണു ശാസ്ത്രജ്ഞർ പറയുന്നത്. അതിനാൽ ചൂടിനെ പ്രതിരോധിക്കാൻ കർമപദ്ധതികൾ ആസൂത്രണംചെയ്യുകതന്നെവേണം.
