ചുട്ടുപൊള്ളുന്നു; പുഴകളും അരുവികളും വരണ്ടുണങ്ങി

ചുട്ടുപൊള്ളുന്നു; പുഴകളും അരുവികളും വരണ്ടുണങ്ങി

കർഷകർ പ്രതിസന്ധിയിൽ To advertise here, കുളത്തൂപ്പുഴ : ഏപ്രിൽ അവസാനിക്കാറായിട്ടും കിഴക്കൻ മലയോരമേഖലയിൽ വേനൽമഴ ലഭിക്കാതായതോടെ വേനൽച്ചൂട് കൂടുകയാണ്. പകലും രാത്രിയും ഒരുപോലെ ശക്തമായ ചൂടും വരണ്ട കാലാവസ്ഥയുമാണ് അനുഭവപ്പെടുന്നത്. കുളത്തൂപ്പുഴയിലും പരിസരപ്രദേശങ്ങളിലും അന്തരീക്ഷതാപനില ക്രമാതീതമായി ഉയർന്നിട്ടുണ്ട്. ഇതോടെ വനമേഖലയിലെ അരുവികളും നീർച്ചാലുകളുമെല്ലാം നീരൊഴുക്കുനിലച്ച് വരണ്ടുണങ്ങി. വരൾച്ചബാധിച്ച് വെള്ളം കിട്ടാതെവന്നതോടെ കാർഷികവിളകൾ കരിഞ്ഞുണങ്ങുമെന്ന ഭീതിയിലാണ് കർഷകർ. കിഴക്കൻ മലയോരമേഖലയിലെ പ്രധാന ജലസ്രോതസ്സായ കുളത്തൂപ്പുഴയാറിലേക്ക് ജലമെത്തിക്കുന്ന കൈവഴികളായിരുന്ന തോടുകളിലും അരുവികളിലും നീരൊഴുക്ക് നിലച്ചു. പലയിടത്തും അരുവികൾ ഒഴുകിയിരുന്നതുപോലും തിരിച്ചറിയാനാകാത്തവിധം വറ്റിവരണ്ടു. ചിലയിടത്ത് താഴ്ന്ന പ്രദേശങ്ങളിലെ കുഴികളിൽ കെട്ടിക്കിടക്കുന്ന വെള്ളമാണ് മുൻപ്‌ ഇതുവഴി തോട് ഒഴുകിയിരുന്നതിന് തെളിവായി അവശേഷിക്കുന്നത്. സമീപ പ്രദേശങ്ങളിലെല്ലാം കുറഞ്ഞ തോതിലെങ്കിലും വേനൽമഴ ലഭിച്ചെങ്കിലും കുളത്തൂപ്പുഴയിലും കുളത്തൂപ്പുഴയാറിന്റെ വൃഷ്ടിപ്രദേശങ്ങളിലുമൊന്നുംതന്നെ മഴ കിട്ടിയിട്ടില്ല. മുൻവർഷങ്ങളിൽ വിഷുവിനോടനുബന്ധിച്ച് കുളത്തൂപ്പുഴ മേഖലയിൽ ശക്തമായ വേനൽമഴ ലഭിക്കുമായിരുന്നു. എന്നാൽ ഇക്കുറി ഈ പ്രദേശങ്ങളിലൊന്നും ഒരു മഴപോലും ലഭിച്ചില്ല. മലയോരമേഖലയിൽ മുൻപൊന്നുമില്ലാത്തവിധം ദിനംപ്രതി അന്തരീക്ഷതാപനില ഉയരുന്ന സ്ഥിതിയുമാണുള്ളത്. വനത്തിനുള്ളിലെ നീർച്ചാലുകളെല്ലാം വരണ്ടതോടെ കുടിവെള്ളംതേടി കാട്ടുമൃഗങ്ങൾ ജനവാസമേഖലയിലേക്ക്‌ എത്തുന്നതും പതിവാകുന്നു. വേനലിന്റെ ആരംഭത്തിൽ കൃഷിയിടങ്ങളിലെ ചാലുകളുടെ ഓരത്ത് കുഴിച്ച കുളങ്ങളിൽനിന്ന്‌ വെള്ളം കോരിക്കൊണ്ടുവന്നാണ് കർഷകർ പച്ചക്കറികളടക്കമുള്ള കൃഷികൾ നനച്ചിരുന്നത്. എന്നാൽ ഉറവകളും കുളങ്ങളും വറ്റിയതോടെ വേനലിൽ കൃഷിയെല്ലാം കരിഞ്ഞുണങ്ങുന്നത് കർഷകരെ ഏറെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഇനിയും വേനൽമഴ ലഭിച്ചില്ലെങ്കിൽ വരൾച്ച കൂടുതൽ കഠിനമാകുമെന്ന് കർഷകർ പറയുന്നു. കുളത്തൂപ്പുഴ കുടിവെള്ളപദ്ധതിയിലൂടെ വല്ലപ്പോഴുമെത്തുന്ന വെള്ളമാണ് നാട്ടുകാർക്ക് കുറച്ചെങ്കിലും ആശ്വാസം. കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശത്ത് ജലവിതരണം കാര്യക്ഷമമാക്കുന്നതിനുള്ള ഒരു പ്രവൃത്തിയും അധികൃതരുടെ ഭാഗത്തുനിന്ന്‌ ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ചുട്ടുപൊള്ളുന്നു; പുഴകളും അരുവികളും വരണ്ടുണങ്ങി — Mathrubhu… | Boolokam