കണ്ണൂർ: പാർട്ടിയെ അടിമുടി പിടിച്ചുകുലുക്കുന്ന വെളിപ്പെടുത്തലുകളും വിമതസ്ഥാനാർഥി പ്രഖ്യാപനവുമായി ജില്ലാ സെക്രട്ടേറിയറ്റംഗം രംഗത്ത് വന്നതിന്റെ ഞെട്ടലിൽ സി.പി.എം. നേതൃത്വം. സ്ഥാനാർഥി പ്രഖ്യാപനത്തിനുശേഷം പ്രചാരണരംഗത്തേക്ക് കുതിക്കേണ്ടതിന് പകരം സ്വന്തം പക്ഷത്തുനിന്ന് വേർപിരിഞ്ഞ് മുന്നിൽനിന്ന് തിരിച്ചടിക്കുന്ന നേതാക്കൾക്ക് പ്രതിരോധം തീർക്കേണ്ട സ്ഥിതിയിലായി പാർട്ടി. ഉള്ളിൽ പുകഞ്ഞുതീരുമെന്ന് കരുതിയ പ്രശ്നങ്ങൾ പലതും ബുമറാങ്ങായി തിരിച്ചുകുത്തുന്നത് അപൂർവമല്ലെങ്കിലും കണ്ണൂർ പോലുള്ള ഉരുക്കുകോട്ടയിൽ, അതും സംസ്ഥാന സെക്രട്ടറിയുടെയും മുഖ്യമന്ത്രിയുടെയും നാട്ടിൽ, ഉണ്ടായതിന്റെ ഞെട്ടൽ വിട്ടുമാറാൻ സമയമെടുത്തേക്കും. To advertise here, ടി.ഐ.മധുസൂദനൻ എന്ന ജില്ലാ സെക്രട്ടേറിയറ്റംഗത്തെയാണ് പയ്യന്നൂരിൽ വി.കുഞ്ഞികൃഷ്ണൻ ലക്ഷ്യംവെച്ചതെങ്കിൽ ടി.കെ.ഗോവിന്ദൻ ലക്ഷ്യമിട്ടത് സംസ്ഥാന സെക്രട്ടറിയും പൊളിറ്റ് ബ്യൂറോ അംഗവുമായ എം.വി.ഗോവിന്ദനെയാണ് -അതും സ്വജനപക്ഷപാതത്തിന്റെ പേരിൽ. പി.ജയരാജൻ, കെ.കെ.ശൈലജ തുടങ്ങിയവരും പാർട്ടിയിൽ അവഗണന നേരിടുന്നുവെന്ന് ഏറെക്കാലമായി അണികൾ ചർച്ചചെയ്യുന്ന കാര്യമാണ്. ദീർഘകാലമായി പാർട്ടി ജില്ലാ നേതൃത്വത്തിലുണ്ടായിരുന്ന ടി.കെ.ഗോവിന്ദൻ ഇത് ശരിവെച്ചത് അണികളിൽ ചില്ലറ പ്രശ്നങ്ങളല്ല സൃഷ്ടിക്കുക. പാർട്ടിയുടെ എല്ലാതലത്തിലുമുള്ളവരെ അടിമുടി പിടിച്ചുകുലുക്കിയുള്ള ഗോവിന്ദന്റെ ആരോപണങ്ങൾക്ക് 'വർഗവഞ്ചകൻ' എന്ന പ്രയോഗം കൊണ്ടുമാത്രം പരിചയൊരുക്കാൻ ബുദ്ധിമുട്ടായിരിക്കും. ഈ പ്രയോഗം മുന്നിൽക്കണ്ടുള്ള മറുപടി ടി.കെ.ഗോവിന്ദൻ ഒരുമുഴംമുന്നേ എറിഞ്ഞു -മൂന്നുതവണ ഇരുന്ന കസേരയിൽ തനിക്കുശേഷം ഭാര്യയെ ഇരുത്താനുള്ള ശ്രമമാണ് യഥാർഥ വർഗവഞ്ചനയെന്ന്. കണ്ണൂരിന്റെ ചുവന്ന മണ്ണിൽ 60 വർഷം പാർട്ടിക്കൊപ്പം നടക്കുകയും 25 കൊല്ലം ഏരിയാ സെക്രട്ടറിയായി പ്രവർത്തിക്കുകയും ചെയ്ത നേതാവാണ് ടി.കെ.ഗോവിന്ദൻ. പാർലമെന്ററി വ്യാമോഹമല്ല തന്റെ നിലപാടിന് പിന്നിലെന്നും ഇത്തരം അനീതികൾക്കെതിരെ പ്രതികരിക്കാതിരിക്കാനാകില്ലെന്നുമുള്ള അദ്ദേഹത്തിന്റെ വാക്കുകളിൽ എല്ലാം അടങ്ങിയിട്ടുണ്ട്. പാർട്ടി ഔദ്യോഗികമായി സ്ഥാനാർഥിപ്രഖ്യാപനം നടത്തുന്നതിന് ദിവസങ്ങൾമുൻപുതന്നെ തളിപ്പറമ്പിൽ പി.കെ.ശ്യാമള പ്രചാരണവുമായി രംഗത്തിറങ്ങിയിരുന്നു. ടി.കെ.ഗോവിന്ദൻ കടുത്ത ആരോപണങ്ങൾ ഉന്നയിക്കുമ്പോഴും താൻ പ്രചാരണത്തിലായിരുന്നുവെന്നാണ് അവർ പറയുന്നത്. മൂന്നാം പിണറായി സർക്കാറിലേക്കുള്ള പ്രയാണത്തിൽ ഉറപ്പായ മണ്ഡലത്തിലൊന്നായാണ് സി.പി.എം. തളിപ്പറമ്പിനെ കണ്ടിരുന്നത്. എന്നാൽ, പാർട്ടി സെക്രട്ടറിയുടെ തറവാട്ടിൽ തിരിച്ചടി കൊടുക്കാൻ അപ്രതീക്ഷിതമായി കിട്ടിയ അവസരം മുതലാക്കാനുള്ള ഒരുക്കത്തിലാണ് എതിരാളികൾ. ആന്തൂരിലെ പ്രവാസി സംരംഭകൻ സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട വിവാദം തിരഞ്ഞെടുപ്പ് കാലത്ത് വീണ്ടും ഉയരുന്നത് സ്ഥാനാർഥി ശ്യാമളയ്ക്കും സി.പി.എമ്മിനും തിരിച്ചടിയാകും. ആ വിവാദത്തിൽനിന്ന് തലയൂരാൻ പ്രതിരോധവുമായി പാർട്ടിയുടെ മുൻനിരയിലുണ്ടായിരുന്ന നേതാവാണ് പുറത്തേക്കുപോയി ആരോപണമുയർത്തുന്നത്. മലപ്പട്ടത്ത് ടി.കെ.ഗോവിന്ദനെതിരെ പ്രകടനം പാർട്ടിവിട്ട ജില്ലാ സെക്രട്ടേറിയറ്റഗവും മുതിർന്ന നേതാവുമായ ടി.കെ.ഗോവിന്ദനെതിരെ സ്വന്തം നാടായ മലപ്പട്ടത്ത് സി.പി.എമ്മിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. എ.കുഞ്ഞിക്കണ്ണൻ വളർത്തിയ വിപ്ലവമണ്ണിൽ വിള്ളൽ വീഴ്ത്താൻ അനുവദിക്കില്ല, വഞ്ചന ഞങ്ങൾ സഹിക്കില്ല, മലപ്പട്ടത്തെ വിപ്ലവമണ്ണിന്റെ പാരമ്പര്യം കോൺഗ്രസിന് അടിയറവെക്കാൻ അനുവദിക്കില്ല തുടങ്ങിയ മുദ്രാവാക്യങ്ങൾ വിളിച്ചാണ് പ്രകടനം നടത്തിയത്. ടി.കെ.ഗോവിന്ദന്റെ മരുമകളും ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറുമായ ടി.കെ.സുലേഖ, ലോക്കൽ സെക്രട്ടറി എ.പുരുഷോത്തമൻ, ഏരിയ കമ്മിറ്റിയംഗം റോബർട്ട് ജോർജ്, പി.പുഷ്പജൻ, സി.വി.ജിതേഷ്, മലപ്പട്ടം പ്രഭാകരൻ, പി.വാസന്തി തുടങ്ങിയവർ നേതൃത്വം നൽകി. മലപ്പട്ടം സെന്ററിൽ നടന്ന പ്രകടനത്തിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു. വർഗവഞ്ചകരെ ജനങ്ങൾ ഒറ്റപ്പെടുത്തും - എം.വി.ജയരാജൻ വർഗവഞ്ചകരെ ജനങ്ങൾ ഒറ്റപ്പെടുത്തുമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.വി.ജയരാജൻ പറഞ്ഞു. ടി.കെ.ഗോവിന്ദന്റെ ആരോപണങ്ങൾ സംബന്ധിച്ച് മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മത്സരിക്കാൻ വേണ്ടി പച്ചനുണ പറഞ്ഞ് ടി.കെ.ഗോവിന്ദൻ രംഗത്തുവരികയാണ്. പാർട്ടിയിൽ മത്സരിക്കാനുള്ള നിരവധി പേരുണ്ട്. അത്തരക്കാരുള്ളപ്പോഴാണ് ടി.കെ.ഗോവിന്ദൻ സ്വയം സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്. കമ്യൂണിസ്റ്റുകാർക്ക് ഭാര്യ എന്നത് പദവിയല്ല. പാർട്ടിയെ വഞ്ചിക്കരുതെന്ന് പലതവണ ആവശ്യപ്പെട്ടു. എം.എൽ.എ. ഫണ്ട് വിനിയോഗവും ഹാപ്പിനസ് ഫെസ്റ്റിവലിന്റെ ചെലവും കൃത്യമായി ഓഡിറ്റ് ചെയ്തിട്ടുണ്ട് -ജയരാജൻ പറഞ്ഞു. Content Highlights: Senior CPM leader T.K. Govindan publicly challenges state secretary M.V. Govindan., Allegations of nepotism and favoritism within the Kannur district leadership., Impact of the Sajan suicide controversy on the upcoming election campaign., Internal dissatisfaction regarding candidate selection in Taliparamba. Published: 17 Mar 2026, 07:33 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ചുവന്ന മണ്ണിൽ ഭൂകമ്പം; ഞെട്ടി സി.പി.എം., അവസരം മുതലാക്കാൻ എതിരാളികൾ
M
MathrubhumiSource Link
about 2 months ago