ശ്രീകണ്ഠപുരം : വേനൽ കടുത്തതോടെ തീപ്പിടിത്ത ഭീതിയിലാണ് മലയോര ഗ്രാമങ്ങൾ. കഴിഞ്ഞദിവസം കുട്ടുംമുഖത്ത് നിരവധി ഏക്കർ സ്ഥലം അഗ്നിക്കിരയായി. തളിപ്പറമ്പിൽനിന്നെത്തിയ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്നാണ് തീയണച്ചത്. കഴിഞ്ഞമാസം നിലാമുറ്റം പള്ളിക്ക് സമീപവും തീപ്പിടിത്തമുണ്ടായി. നിരവധി ഏക്കർ സ്ഥലം കത്തിനശിച്ചു. To advertise here, കഴിഞ്ഞവർഷങ്ങളിൽ ജില്ലയിൽ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്നതും ശ്രീകണ്ഠപുരം, ചെമ്പേരി മേഖലയിലാണ്. വേനൽചൂടിന്റെ തീവ്രത വർധിക്കുമ്പോൾ കാട്ടുതീ കൂടുമോയെന്ന ഭീതിയിലാണ് ജനങ്ങൾ. മുൻവർഷങ്ങളിൽ മലയോരഗ്രാമങ്ങളിലെ ഹെക്ടറുകണക്കിന് പ്രദേശങ്ങൾ വേനലിൽ അഗ്നിക്കിരയായിട്ടുണ്ട്. തീ പടരുമ്പോൾ വിവിധ കാർഷികവിളകളും പക്ഷിമൃഗാദികളുമെല്ലാം വെന്തുവെണ്ണീരാവുന്നസ്ഥിതിയാണ്. വിനോദസഞ്ചാരകേന്ദ്രങ്ങളായ പൈതൽമലയിലും പാലക്കയംതട്ടിലും കാഞ്ഞിരക്കൊല്ലിയിലുമെല്ലാം കാട്ടുതീ പതിവാണ്. പൈതൽമലഞ്ചെരുവിൽ മുൻവർഷങ്ങളിലെല്ലാം അത്യപൂർവ ഔഷധസസ്യങ്ങളും വന്യജീവികളുമെല്ലാം അഗ്നിക്കിരയായിരുന്നു. മലമടക്കുകളിലെ തോട്ടങ്ങളിൽ അഗ്നിബാധയെത്തുടർന്ന് ഏക്കറുകണക്കിന് സ്ഥലത്തെ കശുമാവും റബ്ബറും ഉൾപ്പെടെ നശിച്ചിട്ടുണ്ട്. കഴിഞ്ഞവർഷം കൊട്ടൂർവയൽ അങ്ങാടിക്കുന്നിലെ പറമ്പിൽ തീയണയ്ക്കാൻ ശ്രമിക്കുന്നതിനിടെ കർഷകൻ പൊള്ളലേറ്റ് മരിച്ചിരുന്നു. കഴിഞ്ഞവർഷത്തെ വേനൽക്കാലത്ത് ശ്രീകണ്ഠപുരം, ആലക്കോട്, നടുവിൽ ഭാഗങ്ങളിൽ നാൽപ്പതോളം സ്ഥലങ്ങളിലും തീപ്പിടിത്തമുണ്ടായി. വനാതിർത്തിയോട് ചേർന്നുള്ള സ്ഥലങ്ങളിലെയും തീപ്പിടിത്ത സാധ്യതയുള്ള സ്ഥലങ്ങളിലെയും കാടുവെട്ടിതെളിക്കാത്തതും തീപ്പിടിത്തത്തിന്റെ വ്യാപ്തി വർധിപ്പിക്കുന്നുണ്ട്. മലയോരമേഖലകളിലെ തീപ്പിടിത്തം തടയാൻ അഗ്നിരക്ഷാസേനയ്ക്കും സാധിക്കാറില്ല. തളിപ്പറമ്പിലും മട്ടന്നൂരിലുമാണ് നിലവിൽ മലയോരകേന്ദ്രങ്ങളിലുള്ളവർ ആശ്രയിക്കുന്ന അഗ്നിരക്ഷാനിലയങ്ങൾ പ്രവർത്തിക്കുന്നത്. ഉൾഗ്രാമങ്ങളിൽ തീപിടിത്തമുണ്ടായാൽ തളിപ്പറമ്പ്, മട്ടന്നൂർ, ഇരിട്ടി, കണ്ണൂർ എന്നിവിടങ്ങളിൽനിന്നുള്ള അഗ്നിരക്ഷാസേന എത്തണമെങ്കിൽ ഏറെ സമയമെടുക്കും. ദുരന്തങ്ങൾ കഴിഞ്ഞശേഷമാണ് പലപ്പോഴും അഗ്നിരക്ഷാസേന അതിർത്തിഗ്രാമങ്ങളിലെത്താറുള്ളത്. ശ്രീകണ്ഠപുരത്ത് മലയോരകേന്ദ്രമെന്ന പരിഗണനയിൽ കഴിഞ്ഞ സർക്കാർ അഗ്നിരക്ഷാസേനാ ഓഫീസ് അനുവദിച്ചതായി പ്രഖ്യാപനമുണ്ടായെങ്കിലും യാഥാർഥ്യമായിട്ടില്ല.

ചൂടേറുന്നു; ശ്രീകണ്ഠപുരം മേഖലയിൽ തീപ്പിടിത്തം കൂടുന്നു
M
MathrubhumiSource Link
about 2 months ago