ബെംഗളൂരു : സംസ്ഥാനത്തും ചൂട് കഠിനമാകുന്നു. ഞായറാഴ്ച അഞ്ച് ജില്ലകളിൽ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ കടന്നു. എറ്റവും കൂടിയ ചൂട് കലബുറഗിയിലാണ് അനുഭവപ്പെട്ടത്. 40.2 മുതൽ 41.7 ഡിഗ്രി ചൂടായിരുന്നു ഇവിടെ. To advertise here, റായ്ച്ചൂർ, വിജയപുര, ബെല്ലാരി, ബാഗൽക്കോട്ട് ജില്ലകളിലും താപനില 40 ഡിഗ്രിയ്ക്ക് മുകളിലായിരുന്നു. സംസ്ഥാനത്ത് ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിദഗ്‌ധരുടെ മുന്നറിയിപ്പ്. കഴിഞ്ഞവർഷം തീരദേശ ജില്ലകളിൽ ഉഷ്ണതരംഗം അനുഭവപ്പെട്ടിരുന്നു. സാധാരണ പരമാവധി താപനിലയിൽനിന്ന് നാലു മുതൽ അഞ്ചു ഡിഗ്രി സെൽഷ്യസ് വരെ വർധനയുണ്ടാകുന്ന സാഹചര്യമാണ് ഉഷ്ണതരംഗം. സമതലങ്ങളിൽ 40 ഡിഗ്രി, കുന്നിൻ പ്രദേശങ്ങളിൽ -30, തീരദേശ മേഖലയിൽ 37 ഡിഗ്രി എന്നിങ്ങനെയാണ് പരമാവധി താപനില. ഉഷ്ണതരംഗം മനുഷ്യശരീരത്തിലും പ്രകൃതിയിലും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന പ്രതിഭാസമാണ്. മനുഷ്യരിലും മൃഗങ്ങളിലും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾക്കും ജീവഹാനിക്കും വരെ കാരണമായേക്കാം. തിങ്കളാഴ്ച ബെളഗാവി, ചിത്രദുർഗ, ഗദഗ്, കലബുഗറി, ബെംഗളൂരു സിറ്റി എന്നിവിടങ്ങളിലായിരുന്നു കൂടിയ ചൂട്. മലയാളികളുടെ ഇഷ്ട നഗരമായ ബെംഗളൂരുവിലും കനത്ത ചൂടാണ്. നഗരത്തിൽ കഴിഞ്ഞ ദിവസങ്ങളിലായി 33-നും 35 ഡ്രിഗ്രിക്കും ഇടയിലാണ് ചൂട്. തീരദേശ മേഖലകളായ മംഗളൂരു, കർവാർ, ഉഡുപ്പി എന്നിവിടങ്ങളിലും ഉയർന്ന താപനിലയാണ്. സംസ്ഥാനത്ത് ഇത്തവണ വേനൽമഴയുടെ ലഭ്യതയും വളരെ കുറവാണ്. കുടകിൽ വേനൽ മഴ ലഭിക്കാത്തതിനാൽ മെസൂരുവിലെ പ്രധാന കുടിവെള്ള സ്രോതസായ കൃഷ്ണ രാജ സാഗർ അണക്കെട്ടിലെ (കെ.ആർ.എസ.്) ജലനിരപ്പ് 100 അടിയിലേക്ക് താഴ്ന്നിരിക്കുകയാണ്. 100.47 അടിയിൽനിന്നാണ് ജലനിരപ്പ് താഴ്ന്നത്. മൺസൂൺ ആരംഭിക്കാത്തതിനാൽ വരും ദിവസങ്ങളിൽ ജലനിരപ്പ് കുറയാനാണ് സാധ്യതയെന്ന് അധികൃതർ അറിയിച്ചു. കൂടാതെ സംസ്ഥാനത്ത് അൾട്രാവയലറ്റ് വികിരണത്തിന്റെ അളവിൽ കുത്തനെയുള്ള വർധനയും കാലാവസ്ഥാ, ആരോഗ്യ വിദഗ്ധരെ ഒരുപോലെ ആശങ്കപ്പെടുത്തുന്നുണ്ട്. വരും ദിവസങ്ങളിലും ചൂട് കൂടുമെന്നാണ് മുന്നറിയിപ്പ്. അതിനാൽ പൊതുനജങ്ങൾക്ക് ജാഗ്രതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഉച്ചയ്ക്ക് 12 മണി മുതൽ വൈകീട്ട് നാലു വരെയുള്ള വെയിൽ നേരിട്ട് കൊള്ളരുതെന്നാണ് നിർദേശം. സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തിൽ സൂര്യഘാതം, അകാലചർമ വാർധക്യം, കണ്ണിന് കേടുപാടുകൾ, ചർമ സംബന്ധമായ രോഗങ്ങൾ എന്നിവയ്ക്കുള്ള സാധ്യതയേറെയാണ്. ട്രാഫിക് പോലീസ്, തെരുവ് കച്ചവടക്കാർ, നിർമാണ തൊഴിലാളികൾ തുടങ്ങിയ പുറം ജോലിക്കാരുടെ ആരോഗ്യനിലയെ ചൂട് ഗുരുതരമായി ബാധിക്കാൻ സാധ്യതയുണ്ട്. സൂര്യാഘാതം: ബീദറിൽ യുവാവ് മരിച്ചു ബെംഗളൂരു : വേനൽച്ചൂട് കഠിനമായ കർണാടകത്തിലെ ബീദറിൽ സൂര്യാഘാതമേറ്റ് യുവാവ് മരിച്ചു. ഉത്തർപ്രദേശ് മിർസാപുർ സ്വദേശി മുഹമ്മദ് സമീർ (20) ആണ് മരിച്ചത്. കമലനഗർ-ഡിഗ്ഗി ദേശീയപാതയിലൂടെ സഞ്ചരിക്കവേ കുഴഞ്ഞുവീഴുകയായിരുന്നു. ബീദറിലെ കമലനഗറിൽ സലൂൺ ജീവനക്കാരനായ ഇയാൾ ഡിഗ്ഗിയിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. ചൂട് സഹിക്കാനാവാതെ വന്നതോടെ മുഹമ്മദ് സമീർ ഒരു മെക്കാനിക്ക് ഷോപ്പിന് സമീപത്തുനിന്നു വെള്ളംകുടിച്ചു. തലകറക്കം അനുഭവപ്പെട്ടതിനാൽ കുറച്ചുനേരം വിശ്രമിച്ചെങ്കിലും പിന്നീട്, നടന്നുപോകുമ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു. നാട്ടുകാർ സഹായത്തിനായി ഓടിയെത്തിയെങ്കിലും സംഭവസ്ഥലത്തുതന്നെ മരിച്ചു. സൂര്യാഘാതമാണ് മരണകാരണമെന്ന് കരുതുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചശേഷമേ മരണകാരണം സ്ഥിരീകരിക്കാനാവൂവെന്ന് പോലീസ് പറഞ്ഞു.
