BoolokamBoolokam
ചെങ്കോട്ടകൾ തകർന്നടിഞ്ഞു,അടിപതറി മന്ത്രിമാർ;യുഡിഎഫിന് ഐതിഹാസിക വിജയം

ചെങ്കോട്ടകൾ തകർന്നടിഞ്ഞു,അടിപതറി മന്ത്രിമാർ;യുഡിഎഫിന് ഐതിഹാസിക വിജയം

M
MathrubhumiSource Link
തിരുവനനന്തപുരം: കേരളത്തിന്റെ തെക്ക് മുതൽ വടക്ക് വരെ ആഞ്ഞടിച്ചൊരു കൊടുങ്കാറ്റ്, അഞ്ച് ദശകത്തോളം ഇളക്കം തട്ടാതിരുന്ന തളിപ്പറമ്പും ഉരുക്കിൽ തീർത്ത പയ്യന്നൂരും ഉദുമയും തൃക്കരിപ്പൂരും അടക്കമുള്ള ചെങ്കോട്ടകൾ തകർന്ന് തരിപ്പണമായി. ആർത്തിരമ്പിയെത്തിയ ഭരണവിരുദ്ധ വികാരത്തിൽ മുഖ്യമന്ത്രി പിണറായി വിജയനടക്കം ആടിയുലഞ്ഞു. മന്ത്രിമാർ തോറ്റ്തുന്നംപാടി. തുടർച്ചയായ പത്തു വർഷത്തെ ഇടതുഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് 103 സീറ്റോടെ യുഡിഎഫ് അധികാരത്തിലേക്ക്. 2021ൽ 99 സീറ്റുമായി അധികാരത്തുടർച്ച നേടിയ എൽഡിഎഫ് 35-ലേക്ക് കൂപ്പുക്കുത്തി. യുഡിഎഫ് തരംഗത്തിനിടയിലും മൂന്ന് സീറ്റ് പിടിച്ച് ബിജെപി കരുത്തറിയിച്ചു. നേമം തിരിച്ച് പിടിച്ച ബിജെപി ചരിത്രത്തിലാദ്യമായി ചാത്തന്നൂരിലും കഴക്കൂട്ടത്തും കാവിക്കൊടി പാറിച്ചു. To advertise here, സെഞ്ചുറിയടിച്ച് ഭരണത്തിലേറുമെന്ന വി.ഡി.സതീശന്റെ വാക്കുകളെ കേരളം അപ്പാടെ നെഞ്ചേറ്റിയ കാഴ്ചയാണ് ജനഹിതം പുറത്ത് വന്നപ്പോൾ ദൃശ്യമായത്. ഇടുക്കി,കോട്ടയം,എറണാകുളം, മലപ്പുറം,വയനാട് ജില്ലകളിൽനിന്ന് എൽഡിഎഫ് അപ്രത്യക്ഷമായി. മന്ത്രിമാരായ വി.ശിവൻകുട്ടി, പി.രാജീവ്, എം.ബി.രാജേഷ്, വീണാ ജോർജ്, കടന്നപ്പള്ളി രാമചന്ദ്രൻ, വി.എൻ.വാസവൻ,ആർ.ബിന്ദു, റോഷി അഗസ്റ്റിൻ, ചിഞ്ചുറാണി, എ.കെ.ശശീന്ദ്രൻ, വി.അബ്ദുറഹിമാൻ, കെ.ബി.ഗണേഷ് കുമാർ എന്നിവർ തോറ്റു. പേരാവൂരിൽ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിനോട് മത്സരിച്ച സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കെ.കെ.ശൈലജയും പരാജയപ്പെട്ടു. എൽഡിഎഫ് കൺവീനർ ടി.പി.രാമകൃഷ്ണൻ പേരാമ്പ്രയിൽ മുസ്‌ലിംലീഗിന്റെ ഫാത്തിമ തഹിലിയയ്ക്ക് മുന്നിൽ കീഴടങ്ങി. ഇതോടെ ചരിത്രത്തിലാദ്യമായി ലീഗിന് നിയമസഭയിൽ വനിതാപ്രാധിനിധ്യമായി. ധർമടത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ആദ്യത്തെ ആറ് റൗണ്ട് വരെ പിന്നിലായിരുന്നു. 2021-ൽ 50123 വോട്ടുകൾക്ക് പിണറായി വിജയൻ വിജയിച്ച മണ്ഡലമാണ് ധർടം. മുഖ്യമന്ത്രി പിണറായി വിജയൻ, കെ.എൻ ബാലഗോപാൽ, സജി ചെറിയാൻ, മുഹമ്മദ് റിയാസ്, പി.പ്രസാദ്,ജി.ആർ.അനിൽ,കെ.രാജൻ എന്നിവർക്ക് മാത്രമാണ് മന്ത്രിമാരിൽ ജയിക്കാനായത്. 64 സീറ്റുകളോടെ കോൺഗ്രസ് സമീപകാലത്തെ മികച്ച പ്രകടനവും 22 സീറ്റുകളോടെ മുസ്‌ലിംലീഗും അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടവും സ്വന്തമാക്കി. പാലായിലടക്കം തോറ്റ് കേരള കോൺഗ്രസ് മാണി വിഭാഗം വട്ടപൂജ്യമായപ്പോൾ ജോസഫിന്റെ കേരള കോൺഗ്രസ് എട്ടിടത്ത് മത്സരിച്ച് ഏഴിടത്തും ജയിച്ച് ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച പാർട്ടിയായി. സിപിഐ 17-ൽനിന്ന് ഒമ്പതായി ചുരുങ്ങി. മൂന്ന് സീറ്റുകളോടെ ആർഎസ്പിയും ഓരോ വീതം സീറ്റുകൾനേടി കേരള കോൺഗ്രസ് ജേക്കബ്, സിഎംപി എന്നീ പാർട്ടികൾ വീണ്ടും സംസ്ഥാന രാഷ്ട്രീയത്തിൽ സാന്നിധ്യമറിയിച്ചു. ആർജെഡി കൂത്തുപറമ്പും കെ.കെ.രമ വടകരയും പാലാ മാണി സി.കാപ്പനും നിലനിർത്തി. കനത്ത പരാജയത്തിനടയിൽ ജി.സുധാകരനടക്കമുള്ള വിമതർ നേടിയ വിജയം സിപിഎമ്മിന് കനത്ത തിരിച്ചടിയായി. പാർട്ടി കോട്ടകളിലായിരുന്നു വിമതരുടെ വിജയം. അമ്പലപ്പുഴയിൽ ജി.സുധാകരനും പയ്യന്നൂരിൽ വി.കുഞ്ഞികൃഷ്ണും തളിപ്പറമ്പിൽ ടി.കെ.ഗോവിന്ദൻ മാസ്റ്ററുമാണ് യുഡിഎഫ് സ്വതന്ത്രരായി മത്സരിച്ച് ജയിച്ചത്. ബേപ്പൂരിൽ പി.വി.അൻവറിന് ജയിക്കാനായില്ലെങ്കിലും റിയാസിന്റെ ഭൂരിപക്ഷം കുറയ്ക്കാനായി. അതേസമയം സിപിഎം ബന്ധം വിട്ട് കോൺഗ്രസിനൊപ്പം ചേർന്ന് മത്സരിച്ച പി.കെ.ശശിക്കും എ.സുരേഷിനും കനത്ത തോൽവി ഏറ്റുവാങ്ങേണ്ടി വന്നു. മലമ്പുഴയിൽ എ.സുരേഷ് മൂന്നാം സ്ഥാനത്തായി. ഒറ്റപ്പാലത്ത് ശശി 25000 ത്തോളം വോട്ടുകൾക്കാണ് പരാജയപ്പെട്ടത്. അര നൂറ്റാണ്ടിന് ശേഷം കാസർകോടും 20 വർഷത്തിന് കോഴിക്കോടും വിജയിക്കാനായെന്നതും കോൺഗ്രസിന് ഇരട്ടിമധുരമാണ്. ബിജെപി വിട്ടെത്തിയ സന്ദീപ് വാര്യർ തൃക്കരിപ്പൂരിലും ഉദുമയിൽ കെ.നീലകണ്ഠനും ജയിച്ചുകയറി. കോഴിക്കോട്ട് അഞ്ച് സീറ്റുകളാണ് കോൺഗ്രസിന് നേടാനായത്. ഇതടക്കം ജില്ലയിലെ 13-ൽ 12 സീറ്റുകളും യുഡിഎഫിന് നേടാനായി. 2021-ൽ 13-ൽ 11 ഉം എൽഡിഎഫിനായിരുന്നു. നേമത്ത് രാജീവ് ചന്ദ്രശേഖർ 2876 വോട്ടുകൾക്കും ചാത്തന്നൂരിൽ ബി.ബി.ഗോപകുമാർ 4012 വോട്ടുകൾക്കും കഴക്കൂട്ടത്ത് 265 വോട്ടുകൾക്കുമാണ് വിജയിച്ചത്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!