കൊല്ലം: കേരളമെങ്ങും ആഞ്ഞുവീശിയ യുഡിഎഫ് തരംഗത്തിൽ കൊല്ലത്തും ആടിയുലഞ്ഞ് നിലംപൊത്തി എൽഡിഎഫ് കോട്ടകൾ. നിലനിർത്താനായത് രണ്ടേരണ്ട് മണ്ഡലങ്ങൾ മാത്രം. കാലങ്ങളായി ചെങ്കോട്ടയായിരുന്ന ചാത്തന്നൂരിൽ ബിജെപി അക്കൗണ്ട് തുറക്കുകയും ചെയ്തു. To advertise here, കൊട്ടാരക്കര, പത്തനാപുരം, കൊല്ലം, ചവറ, കുന്നത്തൂർ, കരുനാഗപ്പള്ളി, പുനലൂർ, ചടയമംഗലം, ചാത്തന്നൂർ, ഇരവിപുരം, കുണ്ടറ എന്നിങ്ങനെ 11 മണ്ഡലങ്ങളാണ് കൊല്ലം ജില്ലയിലുള്ളത്. 2021-ൽ 11 മണ്ഡലങ്ങളിൽ ഒൻപതിടത്തും എൽഡിഎഫിന് വിജയിക്കാൻ കഴിഞ്ഞിരുന്നു. കുണ്ടറയും കരുനാഗപ്പള്ളിയും മാത്രമായിരുന്നു അന്ന് യുഡിഎഫിന് ജയിക്കാൻ കഴിഞ്ഞ മണ്ഡലങ്ങൾ. എന്നാൽ ഇത്തവണ കഥമാറി. കുണ്ടറയും കരുനാഗപ്പള്ളിയും നിലനിർത്തുകയും ഇരവിപുരം, ചടയമംഗലം, ചവറ, കൊല്ലം, കുന്നത്തൂർ, പത്തനാപുരം എന്നീ മണ്ഡലങ്ങൾ യുഡിഎഫ് പിടിച്ചെടുക്കുകയും ചെയ്തു. സിറ്റിങ് മന്ത്രിയും സിപിഐയുടെ മുതിർന്ന നേതാവുമായ ജെ. ചിഞ്ചുറാണിയുടെ പരാജയവും ശ്രദ്ധേയമാണ്. സിപിഐയുടെ മന്ത്രിമാരിൽ തോറ്റ ഒരേയൊരാൾ ചിഞ്ചുറാണി മാത്രമാണ്. ചടയമംഗലത്ത് എം.എം. നസീറിനോടാണ് അവർ പരാജയപ്പെട്ടത്. 1, കൊട്ടാരക്കര സിറ്റിങ് മന്ത്രിയും സിപിഎമ്മിന്റെ കരുത്തനായ നേതാവുമായ കെ.എൻ. ബാലഗോപാൽ കഷ്ടിച്ച് കടന്നുകൂടുന്ന കാഴ്ചയാണ് കൊട്ടാരക്കരയിൽ കണ്ടത്. ഭൂരിപക്ഷം- 1012. 2021-ലെ 10,814 ഭൂരിപക്ഷത്തിൽനിന്നാണ് ഈ വീഴ്ച. എതിരാളി ചില്ലറക്കാരി ആയിരുന്നില്ല. മുൻസഖാവായിരുന്ന പി. ആയിഷാ പോറ്റി. കനത്ത പോരാട്ടത്തിനൊടുവിലാണ് ബാലഗോപാലിന്റെ ജയം. ആർ. രശ്മി ആയിരുന്നു എൻഡിഎ സ്ഥാനാർഥി. 2006-ൽ ആർ. ബാലകൃഷ്ണപിള്ളയെ വീഴ്ത്തി അന്ന് സിപിഎമ്മിലായിരുന്ന ആയിഷാ പോറ്റിയാണ് മണ്ഡലം പിടിച്ചെടുത്തത്. രണ്ടുവട്ടം എംഎൽഎ ആയ അവർ 2025-ൽ പാർട്ടിവിട്ട് കോൺഗ്രസിലെത്തുകയായിരുന്നു. കെ.എൻ. ബാലഗോപാൽ - 63,926 ആയിഷാ പോറ്റി - 62,914 ആർ. രശ്മി - 20,664 2, പത്തനാപുരം കേരളാ കോൺഗ്രസ് ബിയുടെ കെ.ബി. ഗണേഷ്‌കുമാറിന് കോൺഗ്രസിന്റെ ജ്യോതികുമാർ ചാമക്കാല ഫുൾസ്റ്റോപ്പിടുന്ന ദൃശ്യമായിരുന്നു പത്തനാപുരത്തേത്. ഇരുവരും 2021-ൽ ഏറ്റുമുട്ടിയതുകൊണ്ടുതന്നെ സംസ്ഥാനത്തെ ഗ്ലാമർ പോരാട്ടങ്ങൾ നടക്കുന്ന മണ്ഡലങ്ങളിലൊന്നായി ഇത് വിലയിരുത്തപ്പെട്ടിരുന്നു. മത്സരിച്ച തിരഞ്ഞെടുപ്പിലൊന്നും പരാജയപ്പെടാത്ത സിറ്റിങ് എംഎൽഎയും ഗതാഗതമന്ത്രിയുമായ ഗണേഷിനെ, 8310 വോട്ടിനാണ് ചാമക്കാല പരാജയപ്പെടുത്തിയത്. അനിൽകുമാറായിരുന്നു എൻഡിഎ സ്ഥാനാർഥി. ട്വന്റി 20-യുടെ സ്ഥാനാർഥിയായിരുന്നു ഇദ്ദേഹം. ജ്യോതികുമാർ ചാമക്കാല - 68,275 കെ.ബി. ഗണേഷ് കുമാർ - 59,965 അനിൽകുമാർ - 7,031 3, കൊല്ലം കൊല്ലത്ത് 16,830 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യുഡിഎഫിന്റെ ബിന്ദുകൃഷ്ണ വിജയിച്ചത്. എൽഡിഎഫിന്റെ എസ്. ജയമോഹനും എൻഡിഎയുടെ എൻ. പ്രതാപ് കുമാറുമായിരുന്നു മുഖ്യ എതിരാളികൾ. 2016-ലും 2021-ലും നടൻ കൂടിയായ എം. മുകേഷ് മത്സരിച്ച് ജയിച്ച മണ്ഡലമായിരുന്നു കൊല്ലം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മുകേഷിനോട് ഇഞ്ചോടിഞ്ച് മത്സരിച്ച്, ഭൂരിപക്ഷത്തിൽ വൻ ഇടിവുണ്ടാക്കാൻ ബിന്ദുകൃഷ്ണയ്ക്ക് കഴിഞ്ഞിരുന്നു. 2016-ൽ 63,103 വോട്ടുനേടി, 17,611 വോട്ടിന്റെ ഭൂരിപക്ഷം നേടി വിജയിച്ച മുകേഷ്, 2021 ആയപ്പോൾ, 58,524 വോട്ടിലെത്തി. ഭൂരിപക്ഷം 2072 ആയി ചുരുങ്ങി. ആ തിരഞ്ഞെടുപ്പിൽ 56,452 വോട്ടുകളാണ് ബിന്ദു കൃഷ്ണ നേടിയത്. ഇക്കുറി മികച്ച ഭൂരിപക്ഷത്തോടെ ജയിക്കാൻ ബിന്ദുവിന് കഴിഞ്ഞു. ബിന്ദുകൃഷ്ണ - 63,416 എസ്. ജയമോഹൻ - 46,586 എൻ. പ്രതാപ് കുമാർ - 18,537 4, ചവറ ജീവൻമരണ പോരാട്ടത്തിൽ ജയിച്ചുകേറിയതിന്റെ ആത്മവിശ്വാസമാണ് ഷിബു ബേബി ജോണിനും ആർഎസ്പിക്കും. 18,573 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എൽഡിഎഫ് സ്ഥാനാർഥിയും സിറ്റിങ് എംഎൽഎയുമായ സുജിത്ത് വിജയൻ പിള്ളയെ ചവറ മണ്ഡലത്തിൽ ഷിബു പരാജയപ്പെടുത്തിയത്. ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് കെ.ആർ. രാജേഷായിരുന്നു എൻഡിഎ സ്ഥാനാർഥി. മുൻ ആർഎസ്പിക്കാരനായിരുന്നു ഇദ്ദേഹം. കഴിഞ്ഞ തവണ സുജിത്തിനോട് 1096 വോട്ടിന് തോറ്റതിന്റെ ക്ഷീണവും ഷിബുവിന് ഇത്തവണ തീർക്കാൻ സാധിച്ചു. ഷിബു ബേബി ജോൺ - 74,308 സുജിത്ത് വിജയൻ പിള്ള - 55,735 കെ.ആർ. രാജേഷ് - 11,012 5, കുന്നത്തൂർ സംസ്ഥാനത്ത് ഏത് തരംഗം ആഞ്ഞുവീശിയാലും ഇടതിനെ കൈവിടാത്ത മണ്ഡലമായിരുന്നു കുന്നത്തൂർ. എന്നാൽ ഇക്കുറി കഥയാകെ മാറി. 25,314 വോട്ടിനാണ് സിറ്റിങ് എംഎൽഎ കോവൂർ കുഞ്ഞുമോനെ യുഡിഎഫിന്റെ ഉല്ലാസ് കോവൂർ പരാജയപ്പെടുത്തിയത്. രാജി പ്രസാദ് ആയിരുന്നു എൻഡിഎ സ്ഥാനാർഥി. ഇത് മൂന്നാംവട്ടമായിരുന്നു ഉല്ലാസ് കോവൂർ-കോവൂർ കുഞ്ഞുമോൻ പോരാട്ടം നടന്നത്. 2016-ൽ 75,725 വോട്ടുകൾ നേടി, 20,529 വോട്ടുകളുടെ ഭൂരിപക്ഷമാണ് കോവൂർ കുഞ്ഞുമോന് ഉണ്ടായിരുന്നത്. 2021-ആയപ്പോഴേക്കും ഭൂരിപക്ഷം 2790 ആയി കുറയ്ക്കാനായി ഉല്ലാസ് കോവൂരിന്. 69,436 വോട്ടാണ് കഴിഞ്ഞ തവണ കോവൂർ കുഞ്ഞുമോന് ലഭിച്ചത്. ഉല്ലാസ് കോവൂരിന് 66,646 വോട്ടുകളും ലഭിച്ചു. ഉല്ലാസ് കോവൂർ-81,488 കോവൂർ കുഞ്ഞുമോൻ-56,174 രാജി പ്രസാദ്-24,841 6, കരുനാഗപ്പള്ളി കരുനാഗപ്പള്ളി യുഡിഎഫിനായി നിലനിർത്തി സി.ആർ. മഹേഷ്. എൽഡിഎഫിന്റെ എം.എസ്. താരയെ 26,618 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. വി.എസ്. ജിതിൻദേവായിരുന്നു എൻഡിഎ സ്ഥാനാർഥി. 94,225 വോട്ടുനേടി, 29,208 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മഹേഷ് 2021-ൽ കരുനാഗപ്പള്ളി പിടിച്ചെടുത്തത്. അന്ന് എൽഡിഎഫിന്റെ ആർ. രാമചന്ദ്രന് 65,017 വോട്ടുകളാണ് ലഭിച്ചത്. 2016-ൽ 69,902 വോട്ടുകളോടെ 1759 വോട്ടിന്റെ ഭൂരിപക്ഷത്തിന് ആർ. രാമചന്ദ്രനായിരുന്നു വിജയിച്ചത്. സി.ആർ. മഹേഷ് - 82,593 എം.എസ്. താര - 55, 975 വി.എസ്. ജിതിൻ ദേവ് - 32,121 7, പുനലൂർ ജില്ലയിൽ എൽഡിഎഫിന് നിലനിർത്താനായ മണ്ഡലങ്ങളിലൊന്നാണ് പുനലൂർ. സിപിഐയുടെ സി. അജയപ്രസാദ്, 21,529 വോട്ടിന്റെ ഭൂരിപക്ഷത്തിൽ യുഡിഎഫിന്റെ നൗഷാദ് യൂനുസിനെ പരാജയപ്പെടുത്തി. രഘുനാഥ് കമുകുംചേരി ആയിരുന്നു എൻഡിഎ സ്ഥാനാർഥി. കഴിഞ്ഞ 30 വർഷമായി ഇടതുമുന്നണിയാണ് മണ്ഡലത്തിൽ ജയിക്കുന്നത്. സിപിഐ നേതാക്കളായ പി.എസ്. സുപാൽ, കെ. രാജു എന്നിവർ മൂന്നുതവണ വീതം നിയമസഭയിൽ മണ്ഡലത്തെ പ്രതിനിധാനം ചെയ്തു. 2016-ലെ തിരഞ്ഞെടുപ്പിൽ നേടിയതിനേക്കാൾ ഭൂരിപക്ഷത്തിലാണ് 2021-ലെ തിരഞ്ഞെടുപ്പിൽ പാർട്ടി മണ്ഡലത്തിൽ വിജയക്കൊടി നാട്ടിയത്. ഭൂരിപക്ഷത്തിൽ വർധനവുണ്ടായെങ്കിലും വോട്ടുകളുടെ എണ്ണത്തിൽ കുറവ് സംഭവിച്ചു. 2016-ൽ 82,136 വോട്ടുനേടി, 33,582 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കെ. രാജു വിജയിച്ചത്. 2021 ആയപ്പോഴേക്കും ഭൂരിപക്ഷം 37,057 ആയി വർധിപ്പിച്ചു പി.എസ്. സുപാൽ. ആകെ ലഭിച്ച വോട്ടുകളുടെ എണ്ണം 80,428 ആയിരുന്നു. സി. അജയപ്രസാദ് - 71,944 നൗഷാദ് യൂനുസ് - 50,415 രഘുനാഥ് കമുകുംചേരി - 15,393 8, ചടയമംഗലം മുതിർന്ന സിപിഐ നേതാവും മന്ത്രിയുമായ ജെ. ചിഞ്ചുറാണിയെ യുഡിഎഫിന്റെ എം.എം. നസീർ 7,486 വോട്ടിനാണ് പരാജയപ്പെടുത്തിയത്. ആർ.എസ്. അരുൺരാജ് ആയിരുന്നു എൻഡിഎ സ്ഥാനാർഥി. തദ്ദേശ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ ഒമ്പത് പഞ്ചായത്തുകളിൽ അഞ്ചിലും യുഡിഎഫിന് വിജയം നേടാൻ കഴിഞ്ഞിരുന്നു എന്നതും ശ്രദ്ധേയമാണ്. 2021-ൽ 67,252 വോട്ടുകൾ നേടി, 13,678 വോട്ടുകളുടെ ഭൂരിപക്ഷം നേടിയായിരുന്നു ചിഞ്ചുറാണിയുടെ വിജയം. കഴിഞ്ഞ തവണയും ചിഞ്ചുറാണിയെ നേരിട്ടത് എം.എം. നസീർ ആയിരുന്നു. അന്ന് 53,573 വോട്ടുകളാണ് അദ്ദേഹത്തിന് നേടാനായത്. എം.എം. നസീർ - 68,281 ജെ. ചിഞ്ചുറാണി - 60,795 ആർ.എസ്. അരുൺരാജ് - 20,971 9, ചാത്തന്നൂർ കൊല്ലം ജില്ലയിൽ താമര വിരിഞ്ഞ മണ്ഡലം. എൽഡിഎഫിന് വേണ്ടി ആർ. രാജേന്ദ്രനും യുഡിഎഫിന് വേണ്ടി സൂരജ് രവിയും എൻഡിഎയ്ക്കു വേണ്ടി ബി.ബി. ഗോപകുമാറുമായിരുന്നു മത്സരരംഗത്ത്. 4,398 വോട്ടിനാണ് ഗോപകുമാർ വിജയിച്ചത്. 2016,21 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബിജെപി രണ്ടാമതെത്തിയ മണ്ഡലമായിരുന്നു ചാത്തന്നൂർ. ഗോപകുമാർ തന്നെയായിരുന്നു ആ രണ്ടുതവണയും സ്ഥാനാർഥി. അതുകൊണ്ടുതന്നെ ഏറെ പ്രതീക്ഷയോടെയാണ് ബിജെപി ക്യാമ്പ് മത്സരത്തെ കണ്ടിരുന്നത്. പ്രതീക്ഷകളെ വിഫലമാക്കാത്ത ഫലമാണ് വന്നതും. സിപിഐയുടെ ജി.എസ്. ജയലാൽ ആയിരുന്നു 2011 മുതൽ 21 വരെ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നത്. 17206 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് 2021-ൽ ഇദ്ദേഹം സഭയിലെത്തിയത്. നേടിയ വോട്ടുകൾ 59296. ബിജെപിക്കു വേണ്ടി ഗോപകുമാറിന് സമാഹരിക്കാനായത് 42090 വോട്ടായിരുന്നു. ബി.ബി. ഗോപകുമാർ - 51,923 ആർ. രാജേന്ദ്രൻ - 47,525 സൂരജ് രവി - 35,276 10, ഇരവിപുരം ആർഎസ്പിയിലെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് ചർച്ചകളിൽ നിറഞ്ഞമണ്ഡലമായിരുന്നു ഇത്. ഒടുവിൽ കളത്തിലിറങ്ങിയത് ആർവൈഎഫ് യുവനേതാവായ വിഷ്ണുമോഹൻ ആയിരുന്നു. സിറ്റിങ് എംഎൽഎയായ എം. നൗഷാദിനെ കന്നിയങ്കത്തിൽ 8,803 വോട്ടിന് വിഷ്ണുമോഹൻ പരാജയപ്പെടുത്തി. സജി ഡി. ആനന്ദ് (ബിഡിജെഎസ്) ആയിരുന്നു എൻഡിഎ സ്ഥാനാർഥി. 2021-ൽ 28121 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു നൗഷാദ് വിജയിച്ചത്. അന്ന് യുഡിഎഫിന്റെ ബാബു ദിവാകരന് നേടാനായത് 43452 വോട്ടായിരുന്നു. വിഷ്ണു മോഹൻ - 64,383 എം. നൗഷാദ് - 55,580 സജി ഡി. ആനന്ദ് - 10,469 11, കുണ്ടറ കുണ്ടറ മണ്ഡലം നിലനിർത്തി പി.സി. വിഷ്ണുനാഥ്. 32,564 വോട്ടിന്റെ വമ്പൻ ഭൂരിപക്ഷത്തിലാണ് എൽഡിഎഫിന്റെ എസ്.എൽ. സജികുമാറിനെ വീഴ്ത്തിയത്. റോബിൻ രാധാകൃഷ്ണനായിരുന്നു എൻഡിഎ സ്ഥാനാർഥി. 2021-ൽ അന്ന് മന്ത്രിയായിരുന്ന ജെ. മേഴ്‌സിക്കുട്ടിയമ്മയെ പരാജയപ്പെടുത്തിയാണ് പി.സി. വിഷ്ണുനാഥ് കുണ്ടറ മണ്ഡലം പിടിച്ചെടുത്തത്. 76341 വോട്ടുകൾ നേടി 4454 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു. പി.സി. വിഷ്ണുനാഥ് - 87,862 എസ്.എൽ. സജികുമാർ - 55,298 റോബിൻ രാധാകൃഷ്ണൻ - 18,996

ചെങ്കോട്ടയിൽ വിള്ളൽ; കുതിച്ച് യുഡിഎഫ്, കൊല്ലത്ത് ഇത്തവണ താമരയും വിരിഞ്ഞു
M
MathrubhumiSource Link
about 6 hours ago