പാറശ്ശാല : തലസ്ഥാന ജില്ലയുടെ കാർഷികകേന്ദ്രമെന്ന് അറിയപ്പെടുന്ന ചെങ്കൽ ഗ്രാമപ്പഞ്ചായത്തിൽ കൃഷി ഓഫീസർ തസ്തിക കഴിഞ്ഞ ഒരുമാസക്കാലമായി ഒഴിഞ്ഞുകിടക്കുന്നു. കൃഷി ഓഫീസറില്ലാതെ വന്നതോടെ കർഷകർക്ക് കൃഷിഭവനിൽനിന്നു ലഭിച്ചിരുന്ന ആനുകൂല്യങ്ങൾ നിലച്ചതായി ആരോപണം ഉയരുന്നു. To advertise here, വേനൽക്കാലത്ത് കൂടുതൽ പണം നൽകിയ കർഷകർ പുറത്തുനിന്നുവാങ്ങി വിതച്ച പയർവർഗങ്ങൾ പൂത്തുതുടങ്ങിയിട്ടും കൃഷിഭവനിൽനിന്നു ലഭിക്കേണ്ട പയർവിത്ത് ഇതേവരെ കർഷകർക്കു ലഭ്യമായിട്ടില്ല. കഴിഞ്ഞ 15 വർഷങ്ങൾക്കിടയിൽ കാർഷിക മേഖലയിൽ വലിയ വിപ്ലവംതന്നെ സൃഷ്ടിച്ച ചെങ്കൽ ഗ്രാമപ്പഞ്ചായത്തിൽ അധികൃതരുടെ അവഗണനമൂലം കാർഷികമേഖല വീണ്ടും തകർച്ചയുടെ വക്കിൽ. കഴിഞ്ഞ രണ്ടുവർഷക്കാലമായി കൃഷിഭവനിൽനിന്നുള്ള സേവനങ്ങളിൽ വലിയതോതിലുള്ള കുറവുണ്ടായതായി കർഷകർ ചൂണ്ടിക്കാണിക്കുന്നു. ആറുമാസത്തിലധികം കൃഷി ഓഫീസറുടെ തസ്തിക ചെങ്കൽ ഗ്രാമപ്പഞ്ചായത്തിൽ തുടർച്ചയായി ഒഴിഞ്ഞുകിടന്നതിനെത്തുടർന്ന് കർഷകപ്രതിഷേധം ശക്തമായപ്പോൾ കൃഷി ഓഫീസറെ നിയമിച്ചിരുന്നു. ഒരു മാസം മുൻപെ ഈ കൃഷി ഓഫീസറും സ്ഥലംമാറ്റപ്പെട്ടതോടെ ചെങ്കൽ കൃഷിഭവൻ വീണ്ടും നാഥനില്ലാത്ത സ്ഥിതിയായി. സ്ഥലംമാറ്റപ്പെട്ട കൃഷി ഓഫീസർക്കുപകരം മറ്റൊരാളെ നിയമിച്ചെങ്കിലും അദ്ദേഹവും അവധിയിൽ പ്രവേശിക്കുകയായിരുന്നു. കൃഷി ഓഫീസറുടെ ചുമതല നിലവിൽ പൂവാർ കൃഷി ഓഫീസർക്കാണ് കൈമാറിയിട്ടുള്ളത്. കൃഷി ഓഫീസറില്ലാതെ വന്നതോടെ കർഷകർക്കു ലഭിക്കേണ്ട ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുകയാണ്. ചെങ്കൽ പഞ്ചായത്തിൽ രണ്ട് പൂ നെൽക്കൃഷിയും വേനൽക്കാലത്ത് പയർ ഇനങ്ങളുമാണ് കൃഷിചെയ്തുവരുന്നത്. ചെങ്കൽ പഞ്ചായത്തിലെ കീഴമ്മാകം പാടശേഖരത്തിലാണ് അന്യംനിന്നുപോയ അരിക്കൊഴിഞ്ഞി പയർ ഇപ്പോഴും കൃഷിചെയ്തു സംരക്ഷിച്ചുവരുന്നത്. അരിക്കൊഴിഞ്ഞിക്കു പുറമേ, ചെറുപയർ, വൻപയർ, ഉഴുന്ന് തുടങ്ങിയ നിരവധി പയർവർഗങ്ങൾ ഇവിടെ വേനൽക്കാലത്ത് വിളവെടുക്കുന്നുണ്ട്. വേനൽക്കാല കൃഷിക്ക് ആവശ്യമായ പയർവിത്തുകൾ മുൻകാലങ്ങളിൽ കൃഷിവകുപ്പ് മുഖേനയായിരുന്നു കർഷകർക്കു വിതരണം ചെയ്തിരുന്നത്. എന്നാൽ, ഇക്കൊല്ലം പയർവിത്തുകളുടെ വിതരണം നടത്തുന്നതിൽ കൃഷിവകുപ്പ് പരാജയപ്പെട്ടു. വിത്തു വിതയ്ക്കേണ്ട ദിനങ്ങൾ കഴിഞ്ഞിട്ടും കൃഷിഭവനിൽനിന്നുള്ള വിത്തുകൾ ലഭിക്കാതെവന്നതോടെ നല്ലൊരു ശതമാനം കർഷകരും പൊതു വിപണിയിൽനിന്നു കൂടുതൽ വില നൽകി വിത്തുകൾ വാങ്ങി വിതയ്ക്കുകയാണുണ്ടായത്. പൊതുവിപണിയിൽ വിത്തുകൾക്ക് ആവശ്യക്കാർ കൂടിയതോടെ വിത്തിന്റെ വില വലിയതോതിൽ വർധിപ്പിച്ചതും കർഷകർക്കു തിരിച്ചടിയായി. കൂടുതൽ വിലകൊടുത്ത് വിത്തുവാങ്ങാൻ സാധിക്കാത്ത കർഷകർ ഇപ്പോഴും കൃഷിവകുപ്പിൽനിന്നുള്ള വിത്തു കാത്തിരിക്കുകയാണ്. കൃഷി ഓഫീസറുടെ തസ്തിക ഒഴിഞ്ഞുകിടക്കുന്നതാണ് വിത്തുവിതരണത്തെപ്പോലും ബാധിച്ചതെന്നാണ് കർഷകർ പറയുന്നത്. ഇതു സംബന്ധിച്ച് അന്വേഷിക്കുന്നതിനായി കൃഷി ഓഫീസിലെത്തിയാൽ ഉദ്യോഗസ്ഥരെപ്പോലും കാണാൻ സാധിക്കുന്നില്ലായെന്നു കർഷകർ ആരോപിക്കുന്നു. വേനൽക്കാല കൃഷിവിളവെടുക്കുന്നതിനു പിന്നാലെ ഒന്നാംവിള നെൽക്കൃഷി ആരംഭിക്കുന്നതിനുള്ള ഒരുക്കങ്ങൾ നടത്തേണ്ടതുണ്ട്. നെൽക്കൃഷിക്കു വേണ്ടിവരുന്ന നെൽവിത്തുകൾ കൃഷിഭവൻ മുഖേനയാണു കർഷകർക്കു വിതരണം ചെയ്യുന്നത്. പയർ വിത്തുപോലും ഇതേവരെ ലഭിക്കാത്ത സാഹചര്യത്തിൽ നെൽവിത്തുവിതരണവും തടസ്സപ്പെടുമെന്ന ഭീതിയിലാണ് ചെങ്കലിലെ കർഷകസമൂഹം.

ചെങ്കൽ കൃഷിഭവനിൽ കൃഷി ഓഫീസറില്ലാതായിട്ട് ഒരു മാസം
M
MathrubhumiSource Link
19 days ago