ചെന്നിത്തല മഴവെള്ളം ഇറ്റിച്ച് കൊടുത്തു; ഇലക്ഷൻ പര്യടനത്തിനിടെ മരണദൂതൻ കവർന്നെടുത്ത യുവനേതാവ്

ചെന്നിത്തല മഴവെള്ളം ഇറ്റിച്ച് കൊടുത്തു; ഇലക്ഷൻ പര്യടനത്തിനിടെ മരണദൂതൻ കവർന്നെടുത്ത യുവനേതാവ്

M
MathrubhumiSource Link
കോട്ടയം: തിരഞ്ഞെടുപ്പ്‌ ഓർമ്മകളിൽ കണ്ണീരിന്റെ നനവ് വീണൊരധ്യായം. രാഷ്ട്രീയത്തിന്റെ ആകാശത്ത് ഉദിച്ചുയർന്നു തുടങ്ങിയിരുന്ന ഒരു ചെറുപ്പക്കാരൻ ഒരു ഇടിത്തീയിൽ വീണുപോവുകയായിരുന്നു. ബാബു ചാഴികാടൻ. അതായിരുന്നു ആ ചെറുപ്പക്കാരന്റെ പേര്. To advertise here, 1991 മേയ് 15-ന്റെ സായാഹ്നത്തിൽ കോട്ടയത്തെ പത്രമോഫീസുകളിലേക്ക് ഒരു വിളി വന്നു. ആർപ്പൂക്കര വാരിമുട്ടത്ത് എന്തോ ഒരു അപകടമുണ്ടായിട്ടുണ്ട്. സ്ഥാനാർഥി പര്യടനം പോകുന്നതിനിടെ ഇടിവെട്ടി എന്നാണ് കേൾക്കുന്നത്. ഇതായിരുന്നു സന്ദേശം. മൊബൈൽഫോണുകൾ ഇല്ലാത്തൊരു കാലം. മാധ്യമപ്രവർത്തകർ കിട്ടിയ വണ്ടികളുമായി ആർപ്പൂക്കരയിലേക്ക് കുതിച്ചു. വഴിമധ്യേ നാട്ടുകാർ വണ്ടി തടുത്ത് പറഞ്ഞു. “അങ്ങോട്ട് പോകേണ്ട. എല്ലാം കഴിഞ്ഞു.” കോട്ടയം മെഡിക്കൽ കോളേജിലെത്തിയപ്പോൾ ബാബു ചാഴികാടന്റെ മരണം സ്ഥിരീകരിച്ചിരുന്നു. ഒപ്പമുണ്ടായിരുന്ന രമേശ് ചെന്നിത്തലയെ ചികിത്സയ്‌ക്കായി പ്രവേശിപ്പിച്ചതായി സൂപ്രണ്ട് ഡോ.പി.ജി.ആർ.പിള്ള എല്ലാവരെയും അറിയിച്ചു. ഏറ്റുമാനൂർ അസംബ്ലി മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാർഥിയായിരുന്നു ബാബു. രമേശ് ചെന്നിത്തല പാർലമെന്റിലേക്കും മത്സരിച്ചു. രണ്ട് തിരഞ്ഞെടുപ്പും ഒന്നിച്ചുവന്നതിന് ഒരു കാരണമുണ്ട്. 1991-ലെ ജില്ലാ കൗൺസിൽ തിരഞ്ഞെടുപ്പിൽ ഇടത് മുന്നണിക്ക് മിന്നുന്ന വിജയമായിരുന്നു. അക്ഷരാർഥത്തിൽ ഇടത് തരംഗം. മുഖ്യമന്ത്രിയായിരുന്ന ഇ.കെ.നായനാർക്ക് മറ്റൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല. ഒരു വർഷംകൂടി കാലാവധി ബാക്കിയുണ്ടായിരുന്ന നിയമസഭാ പിരിച്ചുവിടാൻ ശുപാർശചെയ്തു. നേരേ നിയമസഭാ തിരഞ്ഞെടുപ്പിലേക്കിറങ്ങി. അഖിലേന്ത്യാ യൂത്ത് കോൺഗ്രസ് അധ്യക്ഷനായിരുന്നു രമേശ് ചെന്നിത്തല. പാർലമെന്റിലേക്ക് അദ്ദേഹത്തിനിത് രണ്ടാമൂഴമായിരുന്നു. ദേവമാതാ കോളേജിൽ കെ.എസ്.സി.യുടെയും പിന്നെ യൂത്ത് ഫ്രണ്ടിന്റെയും സാരഥിയായി മാറിയ ബാബുവിനെ കെ.എം. മാണി കണ്ടുവെച്ചിരുന്നു. ഏറ്റുമാനൂർ സീറ്റും നൽകി. മേയ് 14-ന് പ്രചാരണം പുതുപ്പള്ളിയിലായിരുന്നുവെന്ന് ചെന്നിത്തലയുടെ പി.എ.ആയിരുന്ന ഷിബു ജി.കല്ലറയ്ക്കൽ ഓർമ്മിക്കുന്നു. രമേശിന്റെ കെ.എൽ.8-എ900 എന്ന അംബാസഡർ കാർ കല്ലിലോ മറ്റോ അടിതട്ടി കേടായിരുന്നു. 15-ന് ആർപ്പൂക്കര പഞ്ചായത്ത് പരിസരത്ത് പ്രചാരണം നിശ്ചയിച്ചപ്പോൾ താൻ കാർ നന്നാക്കി വരാമെന്നായി ഷിബു. 15-ന് നാലുമണിയോടെ മെഡിക്കൽ കോളേജ് പരിസരത്തായിരുന്നു ഉച്ചഭക്ഷണം. സ്ഥാനാർഥികൾ രണ്ടുപേരും മുഷിഞ്ഞവസ്ത്രം മാറി. ബാബു താഴെയുള്ള കടയിലെ കണ്ണാടിയിൽ മുഖംനോക്കിയപ്പോൾ ചെന്നിത്തല പറഞ്ഞു. “ബാബു കൂടുതൽ സുന്ദരനായി”. എല്ലാവരും അത് ശരിവെച്ച് ചിരിച്ചു. തുറന്ന ജീപ്പ് മുന്നോട്ട് പോകവേ ആള് കുറഞ്ഞ പാടശേഖര പരിസരങ്ങളിലെത്തി. സ്ഥാനാർഥികൾ രണ്ടുപേരും ഇരുന്നു. ജീപ്പിൽ നേതാക്കളായ എം.യു.നാരായണനും പി.എൽ.ജേക്കബും പര്യടനചുമതലക്കാർ. ഏറ്റുമാനൂർ ഗോപകുമാർ മൈക്കുമായി. ശിവദാസ് ഡ്രൈവറും. ഷിബുവും മറ്റുള്ളവരും രമേശിന്റെ കാറിൽ തൊട്ടുപിന്നാലെയും. വാര്യമുട്ടം ഷാപ്പിനുസമീപം വണ്ടികൾ എത്തിയതോടെ സ്ഥാനാർഥികൾ എഴുന്നേറ്റു. അവിടെ 25 പേർ നിൽപ്പുണ്ടായിരുന്നു. ജീപ്പ് അവിടേക്ക് എത്തുന്നതിന് തൊട്ടുമുമ്പ് വൈദ്യുതി കമ്പിയിൽനിന്നൊരു തീഗോളം ജീപ്പിലേക്ക് പറന്നുവരുന്നതുകണ്ടു. സ്ഥാനാർഥികൾ രണ്ടുപേരും നെഞ്ചുപൊത്തി ഇരുന്നു. രമേശിനെ പിടിച്ച് നടത്തി കാറിലേക്ക് കൊണ്ടുവന്നു. ബാബു മയങ്ങിയിരുന്നു. കാറിന്റെ സീറ്റിൽ കിടത്തി ഷിബു സി.പി.ആർ. കൊടുത്തു. കണ്ണ് ചെറുതായി ചലിച്ചു. പക്ഷേ മിടിപ്പില്ല. പുറത്ത് കൊടുംമഴ. രമേശ് പെട്ടെന്ന് മഴവെള്ളം കൈക്കുമ്പിളിൽ എടുത്തു. അൽപ്പം ബാബുവിന് കുടിക്കാൻ നൽകി. ഒരിറക്ക് ചെന്നുകാണും, പിന്നെ അനക്കമുണ്ടായില്ലെന്ന് ഷിബു. ബാബു മരിച്ചതോടെ ഏറ്റുമാനൂരിൽ തിരഞ്ഞെടുപ്പ് അനിശ്ചിതകാലത്തേക്ക് മാറ്റി. പക്ഷേ രാജ്യം വലിയൊരു ആഘാതത്തിലേക്ക് അധികം താമസിയാതെ പോയി. 1991 മേയ് 21-ന് ശ്രീപെരുംപുത്തൂരിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാജീവ് ഗാന്ധി കൊലചെയ്യപ്പെട്ടു. മുഴുവൻ തിരഞ്ഞെടുപ്പുകളും മാറ്റിവെച്ചു. രാജീവ് ഗാന്ധി ബാബു ചാഴികാടന്റെ അമ്മയ്ക്ക്‌ അയച്ച കത്ത് ബാബു ചാഴികാടന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് രാജീവ് ഗാന്ധി അദ്ദേഹത്തിന്റെ അമ്മ ഏലിയാമ്മയ്ക്ക്‌ ഒരു കത്തയച്ചിരുന്നു. അത് കിട്ടിയത് മേയ് 21-ന് ആയിരുന്നുവെന്ന് ബാബുവിന്റെ സഹോദരനും പിന്നീട് ജനപ്രതിനിധിയുമായ തോമസ് ചാഴികാടൻ ഓർക്കുന്നു. Content Highlights: Tragic story of Babu Chazhikkadan, the promising leader who lost his life during the 1991 election campaign. Published: 19 Mar 2026, 01:41 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ചെന്നിത്തല മഴവെള്ളം ഇറ്റിച്ച് കൊടുത്തു; ഇലക്ഷൻ പര്യടനത്തിനി… | Boolokam