ചെന്നൈ 8.40 കോടി മുടക്കി, ഡൽഹി റാഞ്ചിയത് 95 ലക്ഷത്തിന്; ആദ്യ രണ്ട് കളിയിലും അടിച്ചുതകർത്ത് റിസ്‌വി

ചെന്നൈ 8.40 കോടി മുടക്കി, ഡൽഹി റാഞ്ചിയത് 95 ലക്ഷത്തിന്; ആദ്യ രണ്ട് കളിയിലും അടിച്ചുതകർത്ത് റിസ്‌വി

M
MathrubhumiSource Link
ലഖ്‌നൗ: രണ്ടുവർഷം മുൻപ്‌ ഐ.പി.എൽ. ലേലത്തിൽ എല്ലാവരെയും അമ്പരപ്പിച്ച പേരായിരുന്നു സമീർ റിസ്‌വി. ദേശീയ ടീമിലോ ഐ.പി.എല്ലിലോ കളിച്ചിട്ടില്ലാത്ത ഇരുപതുകാരനെ അന്ന് ചെന്നൈ സൂപ്പർ കിങ്‌സ് 8.40 കോടി രൂപയ്ക്ക് വാങ്ങിയത് വലിയ ചർച്ചയായി. ആ സീസണിൽ ചെന്നൈക്കായി മികച്ച കളി കാഴ്ചവെക്കാൻ താരത്തിന് സാധിച്ചതുമില്ല. എന്നാൽ ചെന്നൈയിൽ നിന്ന് ഡൽഹിയുടെ തട്ടകത്തിലെത്തിയ റിസ്‌വി ഇക്കുറി സ്വപ്നസമാനമായ ഫോമിലാണ്. ഈ സീസണിൽ കളിച്ച ആദ്യ രണ്ട് മത്സരത്തിലും താരം അർധസെഞ്ചുറി തികച്ചു. മാത്രമല്ല, രണ്ടിലും കളിയിലെ താരമായി ഈ ഉത്തർപ്രദേശുകാരൻ മാറി. To advertise here, ഉത്തർപ്രദേശ് ട്വന്റി 20 ലീഗിലെ മിന്നുന്ന പ്രകടനത്തിലൂടെ തിളങ്ങിയ ഓൾറൗണ്ടർ, അന്താരാഷ്ട്ര മത്സരം കളിച്ചിട്ടില്ലാത്ത ഒരാൾക്ക് ലഭിക്കുന്ന റെക്കോഡ് തുകയ്ക്കാണ് ചെന്നൈയിലെത്തിയത്. ആ സീസണിൽ തിളങ്ങാനായില്ല. എട്ട് ഇന്നിങ്സിൽ നേടിയത് 51 റൺസ് മാത്രം. കഴിഞ്ഞ സീസണിൽ 95 ലക്ഷം രൂപയ്ക്ക് ഡൽഹി ക്യാപിറ്റൽസിലെത്തി. ഇക്കുറി അതേ ഡൽഹി നിലനിർത്തി. പിന്നാലെ ആദ്യ മത്സരത്തിൽത്തന്നെ ഡൽഹിയുടെ വിജയശില്പിയായി റിസ്‌വി മാറി. 47 പന്തിൽ 70 റൺസാണ് താരം അടിച്ചെടുത്തത്. രണ്ടാം മത്സരത്തിലും ഡൽഹിയെ റിസ്‌വി ജയത്തിലെത്തിച്ചു. വെറും 20 ലക്ഷം മാത്രം അടിസ്ഥാനവിലയുണ്ടായിരുന്ന താരത്തെ എട്ടുകോടിയിലധികം രൂപയ്ക്ക് ചെന്നൈ വാങ്ങിയപ്പോൾ അമ്പരപ്പോടെ നിന്നവരുണ്ടായിരുന്നു. അവർക്ക് മുന്നിൽ തന്റെ മൂല്യം തെളിയിച്ചിരിക്കുകയാണ് റിസ്‌വി. മുംബൈ ഉയർത്തിയ 163 റൺസ് വിജയലക്ഷ്യവുമായി ഡൽഹി തുടക്കത്തിൽ തന്നെ തകർച്ച നേരിട്ടു. ഏഴ് റൺസിനിടെ തന്നെ ടീമിന് രണ്ട് വിക്കറ്റുകൾ നഷ്ടമായി. കെ.എൽ രാഹുൽ (1), നിതീഷ് റാണ(0) എന്നിവർക്ക് കാര്യമായി ഒന്നുംചെയ്യാനായില്ല. എന്നാൽ മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് ടീമിനെ കരകയറ്റുന്നതാണ് അരുൺ ജയ്റ്റ്‌ലി സ്‌റ്റേഡിയത്തിൽ കണ്ടത്. പതും നിസ്സങ്കയും സമീർ റിസ്‌വിയും മുംബൈ ബൗളർമാരെ ശ്രദ്ധയോടെ നേരിട്ടു. ഇരുവരും ക്രീസിൽ നിലയുറപ്പിച്ച് ബാറ്റേന്തിയതോടെ ഡൽഹി മത്സരത്തിലേക്ക് തിരിച്ചുവന്നു. പതും നിസ്സങ്ക 30 പന്തിൽ നിന്ന് 44 റൺസെടുത്ത് മടങ്ങി. പിന്നീടങ്ങോട്ട് സമീർ റിസ്‌വി വെടിക്കെട്ട് നടത്തുന്നതാണ് കണ്ടത്. കോർബിൻ ബോഷ് എറിഞ്ഞ 11-ാം ഓവറിൽ 20 റൺസാണ് താരം അടിച്ചെടുത്തത്. രണ്ട് വീതം സിക്‌സറും ഫോറും പിറന്നു. 12-ാം ഓവറിലും തകർത്തടിച്ച റിസ്‌വി അർധസെഞ്ചുറി തികച്ചു. ഓവറിലും രണ്ട് സിക്‌സറുകളടക്കം 14 റൺസാണ് പിറന്നത്. റിസ്‌വി പിന്നെയും മുംബൈ ബൗളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ചു. അതോടെ ഡൽഹി സ്‌കോർ കുതിച്ചു. മുംബൈ പരാജയം മണത്തു. 16 ഓവർ അവസാനിക്കുമ്പോൾ 149-3 എന്ന നിലയിലായിരുന്നു ഡൽഹി. 17-ാം ഓവറിൽ റിസ്‌വി പുറത്തായെങ്കിലും മില്ലറും ട്രിസ്റ്റൺ സ്റ്റബ്‌സും ചേർന്ന് ടീമിനെ ജയത്തിലെത്തിച്ചു. റിസ്‌വി 51 പന്തിൽ നിന്ന് 90 റൺസെടുത്താണ് പുറത്തായത്. ബുധനാഴ്ച ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരേയാണ് റിസ്‌വി വെടിക്കെട്ട് നടത്തി തുടങ്ങിയത്. 142 റൺസ് എന്ന ലക്ഷ്യം പിന്തുടർന്ന ഡൽഹിക്ക് 26 റൺസ് എടുക്കുന്നതിനിടെ നാലുവിക്കറ്റ് നഷ്ടമായിരുന്നു. കെ.എൽ. രാഹുൽ (0), നിതീഷ് റാണ (15), പാത്തും നിസങ്ക (1), ക്യാപ്റ്റൻ അക്‌സർ പട്ടേൽ (0) എന്നിവർ പുറത്തായതോടെ തോൽവിയിലേക്ക് നീങ്ങുകയായിരുന്ന ഡൽഹിയെ സമീർ റിസ്‌വി (47 പന്തിൽ 70*) ഏറക്കുറെ ഒറ്റയ്ക്കുതന്നെ തിരിച്ചുകൊണ്ടുവന്നു. ഇംപാക്റ്റ് പ്ലെയറായി നാലാം നമ്പറിലിറങ്ങിയ താരം ഒൻപതാം പന്തിലാണ് ആദ്യ റൺ എടുക്കുന്നത്. ഇന്നിങ്‌സിൽ അഞ്ചു ഫോറും നാലു സിക്‌സുമുണ്ട്. ട്രിസ്റ്റ്യൻ സ്റ്റബ്‌സിനെ (32 പന്തിൽ 39*) കൂട്ടുപിടിച്ച് 17.1 ഓവറിൽ നാലുവിക്കറ്റ് നഷ്ടത്തിൽ ജയം കുറിച്ചതോടെ കളിയിലെ താരവുമായി. മധ്യനിരയിൽ യുപിക്കായി വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെക്കുന്നയാളാണ് സമീർ. നാല് മുതൽ ഏഴ് വരെ ബാറ്റിങ് സ്ഥാനങ്ങളിൽ എവിടെ ഇറങ്ങിയും തകർപ്പൻ ബാറ്റിങ് പുറത്തെടുക്കുന്ന താരം. 2019-2020 സീസണിലാണ് സമീർ എന്ന പേര് ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ ഉയർന്നു കേൾക്കുന്നത്. യുപി പരിശീലകനായിരുന്ന മുൻ ഇന്ത്യൻ താരം സുനിൽ ജോഷി, സമീർ എന്ന 16-കാരന് രഞ്ജി ട്രോഫി അരങ്ങേറ്റം സാധ്യമാക്കിയപ്പോഴായിരുന്നു അത്. അന്ന് അരങ്ങേറ്റ മത്സരം നൽകുമ്പോൾ സമീറിന് പ്രായമായിട്ടില്ലെന്നാണ് ആളുകൾ പറഞ്ഞിരുന്നത്. അരങ്ങേറ്റ മത്സരത്തിന് ഒട്ടും തന്നെ തയ്യാറല്ലെന്നും പറഞ്ഞു. എന്നാൽ അന്ന് തൊട്ടിങ്ങോട്ട് സമീർ തന്റെ കളിയിൽ മെച്ചപ്പെടുക മാത്രമല്ല അതിനെ മറ്റൊരു തലത്തിലേക്കു തന്നെ കൊണ്ടുപോയെന്നാണ് സുനിൽ ജോഷിയുടെ പക്ഷം. അവന്റെ കഴിവുകൾ നേരിട്ടറിയാവുന്ന തനിക്ക് അതിൽ ഒട്ടും തന്നെ അദ്ഭുതമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇപ്പോഴിതാ മിന്നും പ്രകടനത്തിലൂടെ അത് അടിവരയിടുക കൂടിയാണ് റിസ്‌വി. Content Highlights: Sameer Rizvi delivers back-to-back match-winning performances for Delhi Capitals in 2026., Transition from high-price auction expectations to consistent match-winner. Published: 04 Apr 2026, 08:25 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ചെന്നൈ 8.40 കോടി മുടക്കി, ഡൽഹി റാഞ്ചിയത് 95 ലക്ഷത്തിന്; ആദ്… | Boolokam