ജീവിതശൈലീരോഗങ്ങളുടെ വർധനയ്ക്ക് കാരണമാകുന്നുവെന്നും പഠനം To advertise here, മുംബൈ : ഇന്ത്യക്കാർ കുറഞ്ഞ അളവിൽമാത്രം ചെറുധാന്യങ്ങൾ ഉപയോഗിക്കുന്നുവെന്നും പല ജീവിതശൈലീരോഗങ്ങൾക്കും ഇത് കരണമാകുന്നതായും പഠനം. ഭക്ഷണക്രമത്തിൽ ഏകദേശം 10 ശതമാനത്തോളംമാത്രമേ ധാന്യവർഗങ്ങൾ ഇന്ത്യക്കാർ ഉൾപ്പെടുത്തുന്നുള്ളൂ. ഈ ശീലം രാജ്യത്തുടനീളം ജീവിതശൈലീരോഗങ്ങളുടെ കുത്തനെയുള്ള വർധനയ്ക്ക് കാരണമാകുന്നുവെന്നാണ് പഠനം. രാജ്യത്ത് 20-ലധികം ഇനം ചെറുധാന്യങ്ങൾ ലഭ്യമാണെങ്കിലും ആധുനിക ഭക്ഷണരീതികളിലേക്കുള്ള മാറ്റം അവശ്യ വിറ്റാമിനുകളും ധാതുക്കളും ആളുകൾക്ക് ലഭിക്കാത്ത സാഹചര്യം സൃഷ്ടിക്കുന്നു. ഇന്ത്യക്കാരുടെ ശരാശരി ദൈനംദിന ധാന്യ ഉപഭോഗം ഏകദേശം 42 ഗ്രാം മാത്രമാണ്. ഇത് ശുപാർശ ചെയ്യപ്പെടുന്ന ദൈനംദിന ധാന്യ ഉപഭോഗമായ 432 ഗ്രാമിന്റെ 10 ശതമാനംമാത്രമാണ്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ കീഴിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷൻ ശുപാർശ ചെയ്യുന്നത് പ്രതിദിനം 125 ഗ്രാം ധാന്യമാണെന്നും ഐ.ടി.സി.യുമായി സഹകരിച്ച് പ്രോട്ടീൻ ഫുഡ്സ് ആൻഡ് ന്യൂട്രീഷൻ ഡിവലപ്മെന്റ് അസോസിയേഷൻ ഓഫ് ഇന്ത്യ (പി.എഫ്.എൻ.ഡി.എ.ഐ.) നടത്തിയ പഠനം വ്യക്തമാക്കുന്നു. 20-ലധികം ഇനം ചെറുധാന്യങ്ങൾ ആഭ്യന്തരമായി ലഭ്യമാണ്. എന്നിരുന്നാലും ചെറുധാന്യങ്ങൾ ഉപയോഗപ്പെടുത്താനുള്ള നയപരമായ ഇച്ഛാശക്തിയോ പൊതുജന അവബോധമോ രാജ്യത്തിനില്ലെന്ന് പഠനത്തിൽ പറയുന്നു. പൊണ്ണത്തടി, രക്താതിമർദം, ടൈപ്പ്-2 പ്രമേഹം, ഹൃദയസംബന്ധമായ അസുഖങ്ങൾ തുടങ്ങിയ രോഗങ്ങളുടെ എണ്ണം ഇന്ത്യയിലുടനീളം വർധിച്ചുകൊണ്ടിരിക്കുകയാണ്. നാരുകൾ അടങ്ങിയതും പോഷകസമൃദ്ധവുമായ ചെറുധാന്യങ്ങൾ മാറ്റി സംസ്‌കരിച്ച ഭക്ഷ്യവസ്തുക്കളിലേക്കുള്ള മാറ്റമാണ് ഇതിന് പ്രധാന കാരണം. ഭക്ഷ്യവസ്തുക്കൾ സംസ്‌കരിക്കുന്നതിലൂടെ തവിട് നീക്കംചെയ്യപ്പെടുന്നു. വിറ്റാമിനുകളായ ബി 1, ബി 6, ഫോളേറ്റ്, സിങ്ക്, ഫോസ്‌ഫറസ്, മഗ്‌നീഷ്യം, നിയാസിൻ, സെലിനിയം, ഇരുമ്പ് എന്നിവയുൾപ്പെടെയുള്ള പ്രധാന പോഷകങ്ങൾ നഷ്ടപ്പെടുന്നതായും പിന്നീട് അത് കലോറി കൂടുതലുള്ളതായി മാറുന്നുവെന്നും പഠനം വെളിപ്പെടുത്തി. പോഷകസമൃദ്ധമായ ധാന്യത്തിന്റെ പൊടികൾ വിപണിയിൽ ലഭ്യമാക്കുക, അത് ഉപയോഗിച്ചുള്ള പാചകരീതി പ്രചരിപ്പിക്കുക, ആളുകൾക്ക് പോഷകാഹാര കൗൺസലിങ് നടത്തുക എന്നീ കാര്യങ്ങൾ പഠനം ശുപാർശ ചെയ്യുന്നു.

ചെറുധാന്യങ്ങൾ കുറഞ്ഞ അളവിൽമാത്രം കഴിക്കുന്നു; പ്രമേഹവും പൊണ്ണത്തടിയും വർധിക്കുന്നു
M
MathrubhumiSource Link
about 1 month ago