പഞ്ചായത്ത് ഡി.ആർ.എമ്മിന് നിവേദനം നൽകി To advertise here, ചെറുവത്തൂർ : കോവിഡ് ലോക്ഡൗണിൽ നിർത്തലാക്കിയ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിന്റെ ചെറുവത്തൂരിലെ സ്റ്റോപ്പ് പുനഃസ്ഥാപിക്കണമെന്നും കെ.എസ്.ആർ. ബെംഗളൂരു-കോഴിക്കോട് എക്സ്‌പ്രസ് ട്രേയിനിന് ചെറുവത്തൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്നുമാവശ്യപ്പെട്ട് റെയിൽവേ ഡിവിഷണൽ മാനേജർ മധുകർ റോട്ടിന് നിവേദനം നൽകി. ചെറുവത്തൂർ ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി, സ്പാർക് ചെറുവത്തൂർ, തിരുകൊച്ചി റെയിൽവേ കമ്യൂട്ടേഴ്സ് വെൽഫെയർ അസോസിയേഷൻ, ചെറുവത്തൂർ മർച്ചന്റ് അസോസിയേഷൻ ഭാരവാഹികൾ എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്. ശനിയാഴ്ച ഉച്ചയ്ക്ക് സ്റ്റേഷൻ സന്ദർശനത്തിന് എത്തിയതായിരുന്നു ഡി.ആർ.എം. സ്റ്റേഷന്റെ അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്തുക, പാർക്കിങ് സൗകര്യം, ഇരിപ്പിടം, ഷെൽട്ടർ വിപുലീകരണം, പുതിയ തീവണ്ടികൾ അനുവദിക്കുമ്പോൾ ചെറുവത്തൂരിൽ സ്റ്റോപ്പ് പരിഗണിക്കുക തുടങ്ങിയവ നിവേദനത്തിൽ ആവശ്യപ്പെട്ടു. സ്റ്റേഷന്റെ വികസനത്തിന് എം.എൽ.എ., ഗ്രാമപ്പഞ്ചായത്ത്, സന്നദ്ധസംഘടനകൾ എന്നിവരുടെ സഹായം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി. നാരായണൻ വാഗ്ദാനം ചെയ്തു. നേരത്തേ വാട്ടറിങ് സ്റ്റേഷനായിരുന്ന ചെറുവത്തൂരിൽ നിലവിൽ ഉപയോഗശൂന്യമായി കിടക്കുന്ന റെയിൽവേക്കുളം ഗ്രാമപ്പഞ്ചായത്തിന് ലീസിന് നൽകാമെന്നും ചെറുവത്തൂർ സ്റ്റേഷൻവികസനത്തിന് അനുഭാവപൂർവമായ പരിഗണന നൽകുമെന്നും ഡി.ആർ.എം. നിവേദകസംഘത്തിന് ഉറപ്പുനൽകി. ചെറുവത്തൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.നാരായണൻ, വൈസ് പ്രസിഡന്റ് പി.മിനിമോൾ, അംഗങ്ങളായ എം.രാമചന്ദ്രൻ, എം.വി.ഷിജു, ആസൂത്രണസമിതി ഉപാധ്യക്ഷൻ പി.സുകുമാരൻ എന്നിവരും ഒപ്പമുണ്ടായിരുന്നു. അമൃത് ഭാരത് സ്റ്റേഷനായി ഉയർത്തണം -സ്പാർക് ചെറുവത്തൂർ : മികച്ച വരുമാനം ലഭിക്കുന്ന ചെറുവത്തൂർ റെയിൽവേ സ്റ്റേഷനെ അമൃത് ഭാരത് യോജനാ പദ്ധതിയിൽ ഉൾപ്പെടുത്തി അമൃത് ഭാരത് സ്റ്റേഷനായി ഉയർത്തണമെന്ന് ആവശ്യപ്പെട്ട് സ്പാർക്ക് ചെറുവത്തൂർ ഭാരവാഹികൾ റെയിൽവേ ഡി.ആർ.എം. മധുകർ റോട്ടിന് നിവേദനം നൽകി. പാർക്കിങ് സൗകര്യം മെച്ചപ്പെടുത്തുക, പ്ലാറ്റ്‌ഫോമിൽ മുഴുവനായും ഷെൽട്ടർ പണിയുക തുടങ്ങിയ ആവശ്യങ്ങളും നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. സ്പാർക് ചെറുവത്തൂർ ഭാരവാഹികളായ പ്രവീൺ പ്രകാശ്, സജീവൻ വെങ്ങാട്ട്, ടി.രാജൻ, വീരമണി ചെറുവത്തൂർ എന്നിവർ ചെറുവത്തൂർ റെയിൽവേ സ്റ്റേഷന്റെ വികസനസാധ്യതകൾ വിവരിച്ചു. ചെറുവത്തൂർ റെയിൽവേ സ്റ്റേഷനിൽ പുതിയ തീവണ്ടികൾക്ക് സ്റ്റോപ്പ് അനുവദിക്കണം തുടങ്ങിയ ആവശ്യങ്ങൾ അടങ്ങിയ നിവേദനം വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രവർത്തകസമിതി അംഗം പി.പി.മുസ്തഫ, സംസ്ഥാന കൗൺസിൽ അംഗം സി.ചന്ദ്രൻ, ചെറുവത്തൂർ യൂണിറ്റ് സെക്രട്ടറി കെ.സി.സതീശൻ, ടി.ആർ.സി.ഡബ്ല്യു.എ. വൈസ് പ്രസിഡന്റ് ടി.വി.ശരത്ത് എന്നിവരും ഡി.ആർ.എമ്മിന് സമർപ്പിച്ചു.

ചെറുവത്തൂരിൽ വെസ്റ്റ് കോസ്റ്റിന്റെ സ്റ്റോപ്പ് പുനഃസ്ഥാപിക്കണം
M
MathrubhumiSource Link
21 days ago