ചെർക്കളയിൽ മുസ്‌ലിം ലീഗ് പ്രവർത്തകന്റെ വീടിനുനേരേ ആക്രമണം

ചെർക്കളയിൽ മുസ്‌ലിം ലീഗ് പ്രവർത്തകന്റെ വീടിനുനേരേ ആക്രമണം

ചെർക്കള : വീടിനുമുന്നിൽ നിർത്തിയിട്ടിരുന്ന മുസ്‌ലിം യൂത്ത് ലീഗ് പ്രവർത്തകന്റെ ബൈക്ക് പെട്രോൾ ഒഴിച്ച് കത്തിച്ചു. വീടിന്റെ മുൻഭാഗത്തെ വാതിൽ പൂർണമായും കത്തി. ചെർക്കള അളക്കയിൽ ചൊവ്വാഴ്ച പുലർച്ചെയാണ് തീവെപ്പ് നടന്നത്. യൂത്ത് ലീഗ് പ്രവർത്തകൻ സി.എ.സൈഫുദ്ദീന്റെ ബൈക്കാണ് പൂർണമായും കത്തിനശിച്ചത്. വീടിന്റെ മുൻഭാഗം പൂർണമായും കരിപടർന്നനിലയിലാണ്. ചെർക്കള-മയങ്കര സുബ്രഹ്മണ്യസ്വാമിക്ഷേത്രം റോഡിൽനിന്ന് 40 മീറ്ററോളം മാറിയുള്ള വീടിനുനേരെയാണ് അക്രമം നടന്നത്. To advertise here, ചെർക്കള ടൗണിൽനിന്ന് അരക്കിലോമീറ്ററോളം അകലെയുള്ള വീടിനുനേരേയാണ് തീവെപ്പ് നടന്നത്. ചൊവ്വാഴ്ച രാവിലെ ഏഴുമണിയോടെ അടുത്ത ബന്ധുവായ ചെർക്കള ബാലടുക്കയിലെ ബഷീർ മകന്റെ വിവാഹം ക്ഷണിക്കാനായി വീട്ടിലെത്തിയപ്പോഴാണ് ബൈക്കും വാതിലും കത്തിയമരുന്നത്‌ കണ്ടത്. വീട്ടിൽ ആളുകളുണ്ടാവില്ലെന്ന് കരുതി സമീപ വീട്ടുകാരെ വിളിച്ച്‌ പറഞ്ഞു. സമീപ വീട്ടുകാരാണ് വീടിനകത്ത് കിടന്നുറങ്ങുകയായിരുന്ന സൈഫുദ്ദീനെ ഫോണിൽ വിവരം അറിയിച്ചത്. വീടിന്റെ കാർപോർച്ചിലാണ് ബൈക്ക് നിർത്തിയിട്ടിരുന്നത്. വീടിനടുത്തുനിന്ന് പെട്രോൾ നിറച്ച് കൊണ്ടുവന്നതാണെന്ന് കരുതുന്ന രണ്ടുലിറ്ററിന്റെ പ്ലാസ്റ്റിക്ക് ബോട്ടിലും കണ്ടെത്തിയിട്ടുണ്ട്. സംഭവം നടക്കുമ്പോൾ വീട്ടിൽ സൈഫുദ്ദീൻ, ഭാര്യ ഫസീല, മകൾ ഖദീജ, വിദേശത്തുള്ള സഹോദരൻ ജലീലിന്റെ ഭാര്യ നാസിറ, മകൻ അബ്ദുള്ള എന്നിവരുണ്ടായിരുന്നു. ചെർക്കള കണ്ടത്തിൽ ക്രിക്കറ്റ് ടൂർണമെന്റ് കാണാൻ പോയതിനാൽ സൈഫുദ്ദീനും ഭാര്യയും മകനും പുലർച്ചെ ഒന്നരയോടെയാണ് വീട്ടിലെത്തിയത്. രണ്ടുമണിയോടെ ഉറങ്ങിയിട്ടുണ്ടാകുമെന്നാണ് വീട്ടുകാർ പറയുന്നത്. ഉറങ്ങുകയായിരുന്ന വീട്ടുകാർ പുറത്ത് ബൈക്കും വാതിലും കത്തിയതറിഞ്ഞില്ല. അഡീഷണൽ എസ്.പി. ദേവദാസ്, എ.എസ്‌.പി. അച്യുത് അശോക്, വിദ്യാനഗർ ഇൻസ്പെക്ടർ എം.പി.വിനീഷ്‌കുമാർ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്ത് എത്തിയിരുന്നു. വിരലടയാള വിദഗ്‌ധരും ഫോറൻസിക് വിദഗ്‌ധരും സ്ഥലത്തെത്തി പരിശോധന നടത്തി. പോലീസ് നായയും സ്ഥലത്ത് എത്തിയിരുന്നു. സമീപപ്രദേശത്തെ സി.സി.ടി.വികൾ പോലീസ് പരിശോധിച്ചുവരുന്നു. എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ, ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് വസന്തൻ അജക്കോട്, മുസ്‌ലിം ലീഗ് നേതാക്കളായ കല്ലട്ര അബ്ദുൽ ഖാദർ, മൂസ ബി. ചെർക്കള, മാഹിൻ കേളോട്ട്, ജലീൽ എരുതുംകടവ്, എ.അബൂബക്കർ, ഇക്ബാൽ ചേരൂർ തുടങ്ങിയവർ വീട്ടിലെത്തിയിരുന്നു. വീട് കത്തിക്കാനുള്ള ശ്രമം; നടപടി സ്വീകരിക്കണം -ലീഗ് : ചെങ്കളയിലെ സജീവ ലീഗ് പ്രവർത്തകരുടെ വീട് തീയിട്ട് നശിപ്പിക്കാൻ ശ്രമിച്ചവരെ ഉടൻ കണ്ടെത്തി കർശന നടപടി സ്വീകരിക്കണമെന്ന് മുസ്‌ലിം ലീഗ് ചെങ്കള പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. ലീഗ് പ്രവർത്തകരായ സലാഹുദ്ദീൻ, സൈഫുദ്ധീൻ എന്നിവരുടെ ചെർക്കളയിലെ അളക്കയിലുള്ള തറവാട് വീടാണ് ചൊവ്വാഴ്ച പുലർച്ചെ പെട്രോളൊഴിച്ച് തീയിട്ട് നശിപ്പിച്ചത്. ഇരുട്ടിന്റെ മറവിൽ അക്രമം നടത്തി നാട്ടിന്റെ സമാധാനം തകർക്കാനുള്ള ശ്രമമാണ് നടത്തിയതെന്നും യോഗം ചൂണ്ടിക്കാട്ടി. പ്രസിഡന്റ് ജലീൽ എരുതുംകടവ് അധ്യക്ഷനായി.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ചെർക്കളയിൽ മുസ്‌ലിം ലീഗ് പ്രവർത്തകന്റെ വീടിനുനേരേ ആക്രമണം —… | Boolokam