ചെർക്കള-ചട്ടഞ്ചാൽ ഭാഗത്തെ ദേശീയപാതാ നിർമാണം അവസാനഘട്ടത്തിലേക്ക്

ചെർക്കള-ചട്ടഞ്ചാൽ ഭാഗത്തെ ദേശീയപാതാ നിർമാണം അവസാനഘട്ടത്തിലേക്ക്

M
MathrubhumiSource Link
പൊയിനാച്ചി: കുന്നും വളവുകളുമുള്ള ചട്ടഞ്ചാൽ-ചെർക്കള റൂട്ടിൽ ആറുവരി ദേശീയപാതയുടെ നിർമാണം അവസാനഘട്ടത്തിലേക്ക് കടക്കുന്നു. മാർച്ച് 22 മുതൽ രണ്ടാഴ്ച വാഹനഗതാഗതം നിരോധിച്ചാണ് തെക്കിൽ, ബേവിഞ്ച ഭാഗങ്ങളിൽ കുന്നിടിച്ചും കുഴിയെടുത്തും റോഡുപണി നടത്തുക. ബേവിഞ്ച സ്റ്റാർനഗറിലാണ് കുന്നിടിച്ച് താഴ്ത്തിയുള്ള ദേശീയപാതാ നിർമാണം. To advertise here, കഴിഞ്ഞ കാലവർഷത്തിൽ വലിയതോതിൽ മണ്ണിടിഞ്ഞ മേഖലയാണിത്. ദേശീയപാതയുടെ താഴ്‌വാരത്തെ കൃഷികൾക്കും വീടുകൾക്കും മണ്ണൊലിച്ചിലിൽ നാശവും സംഭവിച്ചിരുന്നു. കുന്നിടിക്കുന്ന ഭാഗത്ത് ചെറുവാഹനങ്ങൾ കടന്നുപോകാൻ ഇവിടെ താത്കാലിക റോഡൊരുക്കിയിട്ടുണ്ട്. മഴക്കാലം തുടങ്ങുംമുൻപ് ഈ ഭാഗത്തെ നിർമാണം പൂർത്തിയാക്കാൻ കരാർ കമ്പനിയായ മേഘയോട് ദേശീയപാതാ അതോറിറ്റി നിർദേശിച്ചിട്ടുണ്ട്. ജില്ലയിൽ ദേശീയപാതയുടെ രണ്ടാമത്തെ റീച്ചായ ചെങ്കള-നീലേശ്വരം റീച്ചിൽ ഏറ്റവും അപകടസാധ്യതയുള്ള മേഖലയാണ് ചെർക്കള-ചട്ടഞ്ചാൽ ഭാഗം. ബേവിഞ്ചയിലും കാനത്തുംകുണ്ടിലും വയഡക്ട് നിർമിച്ചാണ് പുതിയ ദേശീയപാത കടന്നുപോകുന്നത്. ബേവിഞ്ചയിലെ വയഡക്ട് നിർമാണം പൂർത്തിയായെങ്കിലും ഒരുഭാഗം മാത്രമേ തുറന്നുകൊടുത്തിട്ടുള്ളൂ. തെക്കിൽ കാനത്തുംകുണ്ടിൽ പഴയ മുട്ടുകയറ്റം ഉണ്ടായ ഭാഗത്ത് നിർമിക്കുന്ന രണ്ടാമത്തെ വയഡക്ടിന്റെ ഒരുഭാഗം കഴിഞ്ഞ കാലവർഷത്തിനുമുൻപ് തുറന്നുകൊടുത്തിരുന്നെങ്കിലും സമാന്തരഭാഗത്തെ കോൺക്രീറ്റ് ഇപ്പോൾ നടക്കുകയാണ്. കഴിഞ്ഞ മഴക്കാലത്ത് ഗതാഗതത്തിന് ഏറ്റവും ദുരിതവും അപകടഭീഷണിയും ഉണ്ടായ മേഖലയാണ് കാനത്തുംകുണ്ടും തെക്കിലും ബേവിഞ്ചയും. മഴവെള്ളപ്പാച്ചിലിൽ മണ്ണിടിഞ്ഞ് ഈ റൂട്ടിൽ മാസങ്ങളോളം ഗതാഗതം തടസ്സപ്പെട്ടതിനാൽ നാട്ടുകാരും ദീർഘദൂരയാത്രക്കാരും ബുദ്ധിമുട്ടനുഭവിച്ചിരുന്നു. ഇവിടെ കുന്നിടിച്ചിലിന്‌ സാധ്യതയുള്ള ഭൂരിഭാഗവും നിരപ്പാക്കിക്കഴിഞ്ഞു. കുന്നിൽനിന്ന് മഴവെള്ളത്തിന്റെ കുത്തിയൊലിച്ചിൽ തടയാൻ ഓവുചാൽ നിർമാണം പുരോഗമിക്കുന്നു. കാനത്തുംകുണ്ട്, ബേവിഞ്ച ഭാഗങ്ങളിൽ മണ്ണിടിച്ചിൽ സാധ്യത മുന്നിൽക്കണ്ട് ദേശീയപാതയുടെ അരികിൽ കോൺക്രീറ്റ് പാർശ്വഭിത്തി നിർമാണം വേഗത്തിൽ നടക്കുകയാണ്. കുന്നിടിച്ച ഭാഗത്തെ മണ്ണിലേക്ക് നീളത്തിലുള്ള ‘ആങ്കർറോഡു’കൾ ഇറക്കി, അവ പരസ്പരം ബന്ധിപ്പിച്ച് കമ്പിവല കെട്ടി സിമന്റ് മിശ്രിതം പൂശി ഉറപ്പിക്കുന്ന സോയിൽ നെയ്‌ലിങ് ഈ ഭാഗത്ത് നേരത്തേ അശാസ്ത്രീയമായാണ് ഉണ്ടാക്കിയതെന്ന് മഴക്കാലം തെളിയിച്ചിരുന്നു. സ്ഥലലഭ്യതക്കുറവുമൂലം 90 ഡിഗ്രി ചരിവിലാണ് സോയിൽ നെയ്‌ലിങ് ചെയ്തിരുന്നത്. ഇത് തകർച്ചയ്ക്ക് ആക്കം കൂട്ടിയതായാണ് വിലയിരുത്തൽ. ഈ ഭാഗത്ത് ഇപ്പോൾ പുതുതായി കോൺക്രീറ്റ് പാർശ്വഭിത്തി നിർമിക്കുന്നുണ്ട്. തെക്കിൽ കാനത്തുംകുണ്ടിൽ മണ്ണിടിച്ചിൽ സാധ്യത കുറച്ചുഭാഗത്ത് നിലനിൽക്കുന്നുണ്ടെങ്കിലും ഇതിനും കാലവർഷത്തിന് മുൻപ് പരിഹാരം കാണും. ഇവിടെ മലവെള്ളപ്പാച്ചിലിൽ റോഡ് ഒലിച്ചുപോയ ഭാഗത്തെ പാർശ്വഭാഗം കോൺക്രീറ്റ് ചെയ്ത് ഉറപ്പിച്ചു. പഴയ തെക്കിൽപ്പാലത്തിൽ ദേശീയപാത രണ്ടുവരിയാകും 1953-ൽ തുറന്ന പഴയ തെക്കിൽപ്പാലത്തിന്റെ പടിഞ്ഞാറുഭാഗത്ത് സമാന്തരമായി നിർമിച്ച പുതിയപാലത്തിലൂടെയാണ് ഇപ്പോൾ വാഹനങ്ങൾ കടത്തിവിടുന്നത്. ബലപരിശോധനയിൽ പഴയ തെക്കിൽപ്പാലം പൊളിക്കാതെ നിലനിർത്താനാണ് ദേശീയപാതാ അതോറിറ്റിയുടെ തീരുമാനം. പുതിയ പാലത്തിൽ നാലുവരിയും പഴയപാലത്തിൽ രണ്ടുവരിയുമുള്ള ഗതാഗതമാകും ഇവിടെ ഉണ്ടാകുക. പഴയപാലം അറ്റകുറ്റപ്പണിക്ക് അടച്ചിടേണ്ടിവരും. ചെർക്കള മുതൽ അമ്പാട്ടവരെ ഒരുഭാഗം മാത്രമേ സർവീസ് റോഡുള്ളൂ. അമ്പാട്ട മുതൽ ചട്ടഞ്ചാൽ നോർത്ത് വരെ നിലവിൽ സർവീസ് റോഡ് ദേശീയപാതാവികസന പദ്ധതിയിലില്ല.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ചെർക്കള-ചട്ടഞ്ചാൽ ഭാഗത്തെ ദേശീയപാതാ നിർമാണം അവസാനഘട്ടത്തിലേ… | Boolokam