തൃശ്ശൂർ : ചേലക്കരയുടെ ചങ്കാണ് യു.ആർ. പ്രദീപെന്ന് ഒരിക്കൽക്കൂടി തെളിഞ്ഞു. എല്ലാ ട്രെൻഡുകളെയും മറികടന്ന വിജയം. ഒരു പക്ഷേ, കേരളത്തിൽത്തന്നെ മുൻ ഭൂരിപക്ഷം ഉയർത്തിയ എൽ.ഡി.എഫ്. സ്ഥാനാർഥിയെന്ന ഖ്യാതിയും പ്രദീപിനാകാം. To advertise here, 1996-മുതൽ ചേലക്കര, എൽ.ഡി.എഫിനൊപ്പമാണ്. ഉപതിരഞ്ഞെടുപ്പിലെ വിജയത്തെ കവച്ചുവെക്കുന്നതാണ് പ്രദീപിന്റെ ഭൂരിപക്ഷം. സൗമ്യതയും വികസനനേട്ടവുമാണ് വിജയഘടകമെന്നാണ് വിലയിരുത്തൽ. 2016-ൽ കെ. രാധാകൃഷ്ണന്റെ പിൻഗാമിയായെത്തിയ യു.ആർ. പ്രദീപിന് മികച്ച ജനപ്രതിനിധിയെന്ന മുൻതൂക്കം തുടക്കംമുതലേ ഉണ്ടായിരുന്നു. ഉപതിരഞ്ഞെടുപ്പിൽ കിട്ടിയ 64,827 വോട്ടുകളുടെ സ്ഥാനത്ത് ഇത്തവണ പ്രദീപ് നേടിയത് 76,073 വോട്ടാണ്. 2021-ൽ കെ. രാധാകൃഷ്ണൻ നേടിയത് 83,415 വോട്ടായിരുന്നു. യു.ഡി.എഫാകട്ടെ ആദ്യംമുതൽത്തന്നെ മത്സരം കൈവിട്ട നിലയിലായിരുന്നു. ശിവൻ വീട്ടിക്കുന്നടക്കമുള്ള നേതാക്കളുണ്ടായിട്ടും സീറ്റ് ലീഗിന് വിട്ടുകൊടുക്കുകയായിരുന്നു. അപ്രതീക്ഷിതമായി കിട്ടിയ സീറ്റിൽ സ്ഥാനാർഥികളെ കണ്ടെത്താൻ ലീഗിനായില്ല. അറ്റകൈ എന്ന നിലയിലാണ് കോൺഗ്രസ് നേതാവിനെ സ്വതന്ത്രനാക്കിയത്. അപ്പോഴേക്കും പ്രചാരണത്തിലും മറ്റും ഇടതുമുന്നണിക്ക് ഏറെ മുന്നേറാനായി. ചിഹ്നമില്ലാത്തതും പ്രതിസന്ധിയായി. നേതാക്കളിൽ പലരും ആദ്യഘട്ടത്തിൽ സജീവമല്ലാതിരുന്നതും സാമ്പത്തിക പരിമിതിയും യു.ഡി.എഫ്. പ്രവർത്തനത്തെ ബാധിച്ചു. ഉപതിരഞ്ഞെടുപ്പിൽ രമ്യാ ഹരിദാസ് നേടിയ 52,626 വോട്ടിന്റെ സ്ഥാനത്ത് ശിവൻ വീട്ടിക്കുന്നിന് കിട്ടിയത് 46,687 വോട്ടാണ്. പ്രാദേശികനേതാവിനെ രംഗത്തിറക്കി ഉപതിരഞ്ഞെടുപ്പിൽ ശക്തമായ പോരാട്ടം നടത്തിയ ബി.ജെ.പി. വീണ്ടും കെ. ബാലകൃഷ്ണനെത്തന്നെ രംഗത്തിറക്കിയപ്പോൾ വോട്ടുനില 33,609-ൽ നിന്ന് 37,286-ലേക്ക് വളർന്നു.
